പ്രമുഖ റിസോർട്ടിലെത്തിയ പ്രമുഖ ബ്ലോഗറുടെ അതി പ്രമുഖ ബ്ലോഗിങ്

travel-vlogging
SHARE

പ്രമുഖ വിനോദ സഞ്ചാര കേന്ദ്രത്തിലെ തെല്ലു പ്രമുഖ റിസോർട്ടിന്റെ മാനേജരെ അതിരാവിലെ ഉണർത്തിയത് നിർത്താതെ ചിലയ്ക്കുന്ന കോൾ. മറുതലയ്ക്കൽ കേട്ടിട്ടില്ലാത്ത ഒരാൾ. പരിചയപ്പെടുത്തൽ കേരളത്തിൽ ഏറ്റവും സമൂഹമാധ്യമ സ്വാധീനമുള്ള വ്യക്തിയാണെന്നാണ്. ഒപ്പം ഒരു ഓഫർ. ഇന്നു രാവിലെയാണ് ഞാൻ ഈ റിസോർട്ടിന്റെ വെബ്സൈറ്റ് കണ്ടത്. കഷ്ടം. എവിടെ നിൽക്കേണ്ട പ്രോപ്പർട്ടിയാണിത്. ഇതിലും മോശം റിസോർട്ടുകൾ ഞാൻ സ്വർഗമാക്കിയിട്ടുണ്ട്. വല്ല ഗസ്റ്റും ഉണ്ടോ ഇപ്പോ? ഇല്ലല്ലോ? തൊട്ടപ്പുറത്തെ റിസോർട്ട് നോക്ക്. ഞാൻ കൈ വച്ചപ്പോൾ ഗസ്റ്റുകളുടെ തോരാമഴ. അതിഥികൾ വരരുതേയെന്നു നേർച്ചയിട്ടിട്ടും രക്ഷയില്ലാതെ വിഷമിക്കയാണവർ. പേടിക്കേണ്ട, താങ്കളുടെ റിസോർട്ടിനെ ഞാൻ കേരളത്തിൽ ഒന്നാമതാക്കാം. പണച്ചെലവില്ല. മൂന്നു ദിവസം താമസിക്കും. അത്ര മാത്രം.

കോവിഡും ദുരിതവുമായി ഒഴിഞ്ഞ റൂമുകളും കാലിയായ പോക്കറ്റുകളുമായി വലഞ്ഞു നിൽക്കുന്ന സമയത്ത് രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല. ‘എന്നാൽ പോന്നോളൂ...’ മാനേജർ പറഞ്ഞു. അറിഞ്ഞില്ല, കാളകൂടവിഷമാണ് വിഴുങ്ങുന്നതെന്ന്. തൊണ്ടയിലെങ്കിലും തടഞ്ഞാൽ മതിയായിരുന്നു.

ഇത് പണ്ടു പറഞ്ഞയാളല്ല

അതായത്, ഇതു പഴയ ബ്ലോഗർ അല്ല. വേറൊരു ബ്ലോഗർ. സ്വഭാവം പക്ഷേ അതുതന്നെ. നല്ലൊന്നാന്തരം ബ്ലോഗർമാർക്കു ചീത്തപ്പേരാകാൻ ഇങ്ങനെയുണ്ട് ഒരു കൂട്ടം. ഇദ്ദേഹം ഒരു പ്രമുഖ വിനോദ സഞ്ചാര കേന്ദ്രത്തിലെ പ്രധാനപ്പെട്ട റിസോർട്ടിലേക്കു വിളിച്ച ചെറുകഥയാണിത്. ‘പ്രമുഖ’ എന്നു പറഞ്ഞപ്പോൾ മുഖ്യധാരാ മാധ്യമ വിരുദ്ധർക്കു ചൊറിഞ്ഞു കാണും. പോസ്റ്റിടാൻ വരട്ടെ. ട്രോളും വേണ്ട, മുഴുവൻ വായിച്ചിട്ടു വേണമെങ്കിൽ പോസ്റ്റിക്കോ...

ഇദ്ദേഹം രാവിലെ വിളിച്ചുണർത്തിയ റിസോർട്ട് മാനേജരോട് പരിചയപ്പെടുത്തിക്കൊണ്ടു പറഞ്ഞ ആദ്യ വാചകം ശ്രദ്ധേയമാണ്. ‘ഞാൻ വരാം...’ ആരാണു ഞാൻ? മാനേജർക്കു പിടികിട്ടിയില്ല. മനസ്സിലായില്ല സാർ. വിദേശത്ത് ഹോട്ടൽ മാനേജ്മെൻറ് പഠിച്ച ജിഎം ഭവ്യതയോടെ പറഞ്ഞു. പിന്നെയാണ് വിശദമായ പരിചയപ്പെടുത്തലും ഓഫറും.

പത്രം ശ്രദ്ധിക്കാത്ത, ടി വി കാണാത്ത, വാർത്താ വെബ്സൈറ്റുകൾ തിരിഞ്ഞു നോക്കാത്ത പുതുതലമുറയിൽപ്പെട്ടവർക്ക് പറ്റിയ മാധ്യമം ഇവരായിരിക്കുമെന്ന തെറ്റിദ്ധാരണ മാനേജർക്കും ഉണ്ടായിരുന്നിരിക്കണം. അതുകൊണ്ടാണ് പതിവില്ലാത്തതെങ്കിലും പരീക്ഷണത്തിനു തയാറായത്.

ചോദിച്ചത് ഒന്ന്, വന്നത് 15

ബ്ലോഗർ ബ്രോ വരുമെന്നു പറഞ്ഞ ദിവസത്തിനു രണ്ടു ദിനം മുമ്പ് വീണ്ടും കോൾ. ഞാനും ഭാര്യയുമാണ് വരാനിരുന്നത്. എന്നാൽ കുറച്ചു സുഹൃത്തുക്കളും ബന്ധുക്കളും കൂടിക്കാണും. ഒരു 12 പേർ. താമസം ബുദ്ധിമുട്ടാകില്ലല്ലോ? കോവിഡ് പിടിച്ചു കാലിയടിച്ചിരിക്കുന്ന അവസ്ഥയിൽ വന്നിട്ടു പോകട്ടെയെന്നതു സ്വാഭാവിക വികാരം. വന്നപ്പോഴോ? ഓമ്നിയും ഓൾട്ടൊയും ഒരു എസ്‌യുവിയും നിറയെ കുഞ്ഞുകുട്ടി പരാധീനങ്ങളായി 15 പേർ.

vlogg1

പലരും ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു മുന്തിയ റിസോർട്ടിൽ എത്തുന്നതെന്നു കാഴ്ചയിലും പ്രവൃത്തിയിലുംനിന്നു വ്യക്തം. വരും നാളുകളിലെ അവരുടെ പ്രവൃത്തികളിൽനിന്ന് അതു കൂടുതൽ വിശദമായി. കത്തിയും മുള്ളും സായിപ്പന്മാരല്ലേ ഉപയോഗിക്കൂ എന്നു കരുതിയാണോ ഭക്ഷണത്തിനൊപ്പം ഇതൊക്കെ ഫ്രീയായി കിട്ടുന്നതാണെന്നു തെറ്റിദ്ധരിച്ചാണോ കട്‌ലറി സെറ്റ് മിക്കതും മേശയിലെ വിഭവങ്ങൾ തീരുന്നതിലും വേഗത്തിൽ കാലിയായി. ബഫെ മേശയിലെ പഴങ്ങളും മധുര പലഹാരങ്ങളും എന്തിന്, പുഴുങ്ങിയ മുട്ട പോലും പോക്കറ്റിലാക്കി മുറിയിലേക്ക് ഒളിച്ചു കടത്തി. ഇഴത്തോർത്തും കൈലിമുണ്ടുമുടുത്ത് റിസപ്ഷനിലൂടെ പല്ലു തേച്ചു രസിച്ചു. ചെടിച്ചട്ടികളുടെ മൂട്ടിലേക്ക് തുപ്പി. ബന്ധപ്പെട്ടവർ കണ്ടില്ലെന്നു നടിച്ചു. സംഘത്തിലെ മുതിർന്നവരും കുട്ടികളും പരസ്പരം മത്സരിച്ച് മുറികൾ അലങ്കോലമാക്കുന്നതും സ്വിമ്മിങ് പൂൾ വൃത്തികേടാക്കുന്നതും കണ്ട് ചിരിച്ചു നിന്നു. മൂന്നു ദിവസത്തെ അർമാദം എങ്ങനെയൊക്കെയോ കഴിഞ്ഞു.

ഇനിയാണ്  ട്വിസ്റ്റ്

ചെക്ക് ഔട്ട് ദിനത്തിൽ യാത്ര പറയാൻ മാനേജരുടെ മുറിയിലെത്തിയ ബ്ലോഗർക്ക് ചിരിയില്ല. അത്ര സുന്ദരമൊന്നുമല്ലാത്ത മുഖം സാധാരണ അദ്ദേഹത്തിന്റെ ബ്ലോഗിൽ കാണാറുള്ളതു പോലെ പ്രസന്നമല്ല. പോക്കറ്റിൽനിന്നു ചെറിയൊരു കടലാസു കഷണം ഊരിയെടുത്തു പറഞ്ഞു. ക്ഷമിക്കണം. എനിക്കു കുറേ പരാതികളുണ്ട്.  ആദ്യ ദിവസം ഉച്ചയ്ക്കു കിട്ടിയ പുളിശ്ശേരിയിൽ കറിവേപ്പില കുറവായിരുന്നു. രണ്ടാം ദിനം ബ്രേക്ക് ഫാസ്റ്റിന് പുട്ടിനൊപ്പം കിട്ടിയ പഴം പാതിയേ പഴുത്തുള്ളു. ഉച്ച ഭക്ഷണം വായിൽ വയ്ക്കാൻ കൊള്ളിലായിരുന്നു. മുറിക്കൊന്നും വൃത്തി പോരാ. ഹൗസ് കീപ്പിങ് പരാജയം. എന്നിങ്ങനെ 30 പ്രശ്നങ്ങൾ.

വാ പൊളിച്ചിരുന്നു പോയ മാനേജർ ഒരു ഗ്ലാസ് വെള്ളം കുടിച്ചു തൽസ്ഥിതി വീണ്ടെടുത്തു. ദൈവമേ മൂർഖനെയാണല്ലോ ചവിട്ടിയത്. യൂറോപ്പിൽനിന്നും അമേരിക്കയിൽനിന്നും വരുന്ന സായിപ്പന്മാർ പോലും വാനോളും പുകഴ്തുന്ന, ലോൺലിപ്ലാനറ്റ് അടക്കമുള്ള ഉത്തരവാദിത്തമുള്ള സമൂഹമാധ്യമങ്ങൾ ശരി വച്ചിട്ടുള്ള നമുക്കു പറ്റിയ അമളി.

ബ്ലോഗർ പറയുന്നു: ‘സത്യസന്ധമായി ബ്ലോഗിങ് ചെയ്യുന്ന വ്യക്തിയാണു ഞാൻ. അതുകൊണ്ട് ഇതെല്ലാം ഞാൻ വിഡിയോയിൽ പറയും.’

മാനേജർ അടുത്ത ഗ്ലാസ് വെള്ളം കുടിച്ചു തലയുയർത്തിയപ്പോൾ ആശ്വാസ വചനം: ‘വഴിയുണ്ട്. പെയ്‌ഡ് ബ്ലോഗ്. ഞാൻ അധികം ചെയ്യാറില്ല. എന്നാലും നിങ്ങൾക്കായി ചെയ്യാം.’

എന്താണത്?

‘നിസ്സാരം. നിങ്ങൾ 5 ലക്ഷം രൂപ തരിക. ഇപ്പറഞ്ഞ ഭാഗങ്ങൾ ഒഴിവാക്കി ബ്ലോഗിൽ ഇടാം.’

അഞ്ചു ലക്ഷം? ഇതിനകം 15 പേരുടെ പാർട്ടിക്കായി കള്ളടക്കം 2 ലക്ഷം രൂപയെങ്കിലും മുടക്കി. ഇനിയും പണമോ? വേലിയിൽ കിടന്നത് തലയിൽ കയറിയല്ലോ, ഭഗവാനേ..

മാനേജരുടെ മനസ്സറിഞ്ഞതുപോലെ ബ്ലോഗറുടെ കടാക്ഷം. ഭക്തരോടു കനിവു കാട്ടുന്ന ഈശ്വര ഭാവം. ‘അഞ്ചു വേണ്ട. മൂന്നു മതി. സ്പെഷൽ ഡിസ്കൗണ്ട്. തന്നില്ലെങ്കിൽ ഞാനൊരു വിഡിയോ ചെയ്യും. അതോടെ നിങ്ങളുടെ കട മാത്രമല്ല നിങ്ങളുടെ അയൽപക്കത്തെ കടയും പൂട്ടും.’

ഞെട്ടിയ മാനേജർ പറഞ്ഞു: ‘ബ്രോ ഇപ്പോൾ ഒന്നടങ്ങ്. ഇത്ര പൈസ എനിക്കു റിലീസ് ചെയ്യാൻ പറ്റില്ല. മാനേജ്മെൻറ് അനുമതി വേണം. വിളിക്കാം.’

സംഘത്തെ തൽക്കാലം യാത്രയയച്ചു.

റിസോർട്ട് മാനേജർ പിന്നെ ചെയ്തത്...

ഇതിലും തറക്കളി കണ്ടിട്ടുള്ള മാനേജ്മെന്റ് തെളിച്ച വഴി പിന്തുടർന്നു. മിണ്ടിയില്ല, വിളിച്ചതുമില്ല. ബ്ലോഗർ തിരിച്ചു വിളിച്ചു. ഭീഷണി: ‘എന്താ, ഞാൻ വിഡിയോ റിലീസ് ചെയ്യട്ടേ? നിങ്ങളെയും നിങ്ങളുടെ ട്രാവൽ ഏജന്റുമാരെയും നാറ്റിക്കും. ഞാനൊരു സൈക്കിളും, ഒരു മൈക്കും...’

മാനേജർ: ‘അയ്യോ സാർ വേണ്ട. 3 ലക്ഷം തന്നാൽ എന്തൊക്കെ മാറ്റും.’

ബ്ലോഗർ: ‘നെഗറ്റീവ് എല്ലാം മാറ്റാം. ബോണസായി ഞാൻ ഈ വിഡിയോ യൂട്യൂബിൽ പണം മുടക്കി കുറച്ച് പ്രമോട്ടും ചെയ്യാം.’

‘തന്നില്ലെങ്കിൽ?’

‘ഇല്ലെങ്കിൽ നിങ്ങളുടെ കാര്യം പോക്കാ...’

‘ശരി സർ. ഞാൻ മാനേജ്മെന്റിനോടു സംസാരിക്കാം.’

ഇനിയാണു ശരിക്കുള്ള കളി

രണ്ടു ദിവസത്തേക്ക് മാനേജർ അനങ്ങിയില്ല. കോപിഷ്ഠനായി ബ്ലോഗർ ബ്രോ. വിളിച്ചു. ഭാഷ മാറി. ‘നിന്ന‌െയൊക്കെ ഞാനൊരു പാഠം പഠിപ്പിക്കും. നോക്കിക്കോ.’

‘സാറേ ചതിക്കരുത്.’

‘നിനക്കൊന്നും ഞാനാരാണെന്നറിയില്ല.’ പിന്നെയൊരു മിനി പൂരപ്പാട്ട്...

എല്ലാം കേട്ടിരുന്ന മാനേജരുടെ മറുപടി കേട്ട ബ്ലോഗർ ബ്രോയാണ് ഇത്തവണ ഞെട്ടിയത്.

‘എന്നാൽ താൻ വിഡിയോ ഇട്ടോ. ഞങ്ങൾക്കൊരു പ്രശ്നവുമില്ല. കഴിഞ്ഞ ദിവസം നടത്തിയ ഫോൺ കോളും എന്റെ റൂമിലെ സംഭാഷണവും പൊലീസിൽ എത്തിയിട്ടുണ്ട്. പരാതിയും. പൊലീസ് ഇപ്പോ തന്റെ വീട്ടിൽ എത്തിക്കോളും.’

ബ്ലോഗർ ബ്രോയുടെ വായയാണ് ഇത്തവണ പിളർന്നത്.

കേസ് പക്ഷേ ഒതുക്കിത്തീർത്തു. ബ്രോ മാപ്പു പറഞ്ഞു കാലു പിടിച്ചു രക്ഷ നേടി.

ഗുണപാഠം

പ്രശസ്തിക്കും വളർച്ചയ്ക്കും കുറുക്കു വഴികളില്ല. നന്നായി, ഗുണമേന്മയോടെ ചെയ്താൽ എല്ലാം നിങ്ങളുടെ വഴിക്കു വരും. ലോൺലി പ്ലാനറ്റ് ലിസ്റ്റിങ് ഉദാഹരണം. ആരാണ് ഈ റിവ്യൂ ചെയ്യുന്നത് എന്ന് ആർക്കെങ്കിലും പിടികിട്ടിയിട്ടുണ്ടോ? ആ റിവ്യൂവിൽ എന്തെങ്കിലും അപാകതയുണ്ടോ? അതാണ് ഉത്തരവാദിത്തമുള്ള സമൂഹ മാധ്യമ രീതി.

ബ്ലോഗറാണെന്നു പറയുന്നവരെല്ലാം ദൈവങ്ങളല്ല. വെറുതെ എടുത്ത് തലയിൽ വയ്ക്കരുത്. സത്യസന്ധമായി ബ്ലോഗിങ്ങും മാധ്യമ പ്രവർത്തനവും നടത്തുന്നവർ പണം ചോദിക്കില്ല. അവർക്കുള്ള പ്രതിഫലം യൂട്യൂബും ഫെയ്സ്ബുക്കും മുഖ്യധാരാ പ്രവർത്തകരെങ്കിൽ അവരുടെ സ്ഥാപനവും നൽകും.

മുഖ്യധാരാ മാധ്യമങ്ങളുടെ നൂറിലൊന്നു പ്രചാരം പോലും ഇവർക്കില്ല. ഉള്ളത് വാചകമടിയും ഭൂതഗണങ്ങൾ പോലെ പിന്നിൽ നിൽക്കുന്ന പെയ്‌ഡ് സോഷ്യൽ പിന്തുടർച്ചക്കാരും. ഇലനക്കിയുടെ ചിറി നക്കാനെത്തുന്ന പിന്തുടർച്ചക്കാർ.

യു ട്യൂബിന്റെയും ഫെയ്സ്ബുക്കിന്റെയും മറ്റു സമൂഹ മാധ്യമങ്ങളുടെയും പേരു ചീത്തയാക്കാൻ നടക്കുന്ന ഇത്തരക്കാരെ ഒറ്റപ്പെടുത്തുക, പൊലീസ് കേസടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കുക.

ഇവരുടെ തെറ്റായ പ്രവൃത്തികൾ അവർ പോസ്റ്റ് ചെയ്യുന്ന സമൂഹ മാധ്യമങ്ങളിൽ പരാതിപ്പെടുക.  ഇങ്ങനെയൊരു ഏർപ്പാടുണ്ടെന്ന് ആർക്കും അറിയില്ല. യൂട്യൂബിലും ഫെയ്സ്ബുക്കിലുമൊക്കെ ഇത്തരത്തിൽ പരാതി നൽകാം. നടപടിയുണ്ടാകും. ബന്ധപ്പെട്ട ചാനലിന്റെ പ്രവർത്തനം വരെ എന്നെന്നേക്കുമായി അവസാനിപ്പിച്ചേക്കാം.

നിലവാരമില്ലാത്ത, ഉത്തരവാദിത്തമില്ലാത്ത ബ്ലോഗർമാരുടെ പോസ്റ്റുകൾ കാണാതിരിക്കുക, ഷെയർ ചെയ്യാതിരിക്കുക. യൂട്യൂബിലും മറ്റും സെറ്റിങ്സിൽ പോയി അനായാസം ഇക്കാര്യം ചെയ്യാവുന്നതേയുള്ളൂ. പിന്നീട് സജഷനായി വരില്ല. പകരം സമാന സ്വഭാവമുള്ള നല്ല വിഡിയോകൾ വരും.

നമ്മുടെ ഉത്തരവാദിത്തം സമൂഹത്തിന് ഗുണകരമായ കാര്യങ്ങൾ മാത്രം പിന്തുണയ്ക്കുകയാണ്. അതുകൊണ്ട് നല്ല ബ്ലോഗർമാരെയും വസ്തുനിഷ്ഠമായി റിപ്പോർട്ടു ചെയ്യുന്നവരെയും പിന്തുണയ്ക്കുക...

അവസാനമായി, ഒരിക്കലും ഇത്തരം കള്ളന്മാരെ തുണയ്ക്കരുത്. വലിയ ലാഭം ഉണ്ടാക്കിത്തരാം എന്നു പറഞ്ഞ് കൂട്ടത്തിൽക്കൂടി, വലിയ കഥകൾ പറഞ്ഞ് ഇവർ പണം തട്ടും. ബിസിനസ് പ്രതിയോഗികൾ 10 പൈസ കൂടുതൽ കൊടുത്താൽ മറുകണ്ടം ചാടും. ജാഗ്രതൈ...

English Summary: Unscrupulous Vlogging

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA