പത്തനംതിട്ടയുടെ മീശപ്പുലിമലയിലെ മഞ്ഞു പൊഴിയുന്ന പ്രഭാതങ്ങള്‍

ANJUMALAPARA1
SHARE

പത്തനംതിട്ട ജില്ലയിലെ ഏനാടിമംഗലം ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന സുന്ദരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് അഞ്ചുമലപ്പാറ. ഈ പ്രദേശത്തെ ഏറ്റവും ഉയരമുള്ള പർവതങ്ങളിൽ ഒന്നാണ് ഇത്. ഇതിന്‍റെ മുകളില്‍ നിന്നാല്‍ ചുറ്റുമുള്ള മലകളുടെയും മറ്റു പ്രദേശങ്ങളുടെയും സുന്ദരമായ കാഴ്ചകള്‍ കാണാം. ഇടയ്ക്ക് മഞ്ഞു പൊഴിയുന്നതും അതിമനോഹരമായ ഉദയാസ്തമയങ്ങളും ഇവിടത്തെ മറ്റു പ്രത്യേകതകളാണ്. നഗരത്തിരക്കുകളില്‍ നിന്നും മാറി ഒന്നു ഫ്രെഷായി വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ അനുയോജ്യമാണ് ഇവിടം. പ്രകൃതിയുടെ അവാച്യമായ മനോഹാരിത കൊണ്ടുതന്നെ 'പത്തനംതിട്ടയുടെ മീശപ്പുലിമല' എന്നൊരു പേരും അഞ്ചുമലപ്പാറയ്ക്കുണ്ട്.

നെല്ലളവും പുതിയ പേരും

അഞ്ചുമലപ്പാറയെ ചുറ്റിപ്പറ്റി നിരവധി വിശ്വാസങ്ങളും പുരാണ കഥകളുമുണ്ട്, അതിലൊന്നാണ്  താനിക്കൽ കുടുംബവുമായി ബന്ധപ്പെട്ട കഥ. വർഷങ്ങൾക്കുമുമ്പ് ഈ പ്രദേശം സംരക്ഷിച്ചു പോന്നിരുന്നവരായിരുന്നു താനിക്കൽ കുടുംബം. പാറയ്ക്ക് ചുറ്റുമുള്ള സ്ഥലത്ത് അവർ നെൽകൃഷി ആരംഭിച്ചു. പിന്നീട് വിളവെടുപ്പ് സമയത്ത്, കിട്ടിയ നെല്ല് ഉപയോഗശൂന്യമാണെന്ന് ശ്രദ്ധയിൽപ്പെട്ടതിനാൽ അവർ അത് അവിടെ ഉപേക്ഷിച്ചു. മൂന്നു ദിവസത്തിനുശേഷം കന്നുകാലികളെ മേച്ച് അവിടെയെത്തിയ ആളുകള്‍ ഈ നെല്ല് മെച്ചപ്പെട്ടതായി കണ്ടു. നെല്ല് അളന്ന അവര്‍ അത് അയരാംതൂണിയെക്കാൾ (അളക്കുന്ന യൂണിറ്റ്) കൂടുതലാണെന്ന് മനസിലാക്കി. അങ്ങനെ ഈ പ്രദേശത്തിന് 'അയരാംതൂണി മാള' എന്ന് പേരു വന്നു. 

ഇതു കൂടാതെ ചരിത്ര പ്രസിദ്ധമായ മണ്ണടി ദേവി ക്ഷേത്രവുമായും അഞ്ചുമലപ്പാറയ്ക്ക് ബന്ധമുണ്ടെന്നു പറയപ്പെടുന്നു. പാറയുടെ മുകളിൽ ഉള്ള ചെറിയ കുളം എത്ര കടുത്ത വേനലിലും വറ്റാറില്ല എന്നതും എടുത്തു പറയണ്ട കാര്യമാണ്.

ANJUMALAPARA3

അഞ്ചുമലപ്പാറയിലെ കാഴ്ചകള്‍

സമുദ്രനിരപ്പില്‍ നിന്നും ഉയരത്തില്‍ സ്ഥിതിചെയ്യുന്നതിനാല്‍ തണുത്ത കാലാവസ്ഥയാണ് ഇവിടെ പൊതുവേ. മധുവിധു ആഘോഷിക്കുന്ന യുവമിഥുനങ്ങളാണ് ഇവിടെ ഏറ്റവും കൂടുതല്‍ എത്തുന്നത്. 

ഹരിതസമൃദ്ധി വഴിഞ്ഞൊഴുകുന്ന കാട്ടുപ്രദേശത്തു കൂടിയുള്ള കാല്‍നട യാത്രയും സൂര്യോദയം ദര്‍ശിക്കാന്‍ സണ്‍റൈസ് പോയിന്‍റ്, മനം മയക്കുന്ന അസ്തമയക്കാഴ്ച കാണാന്‍ സണ്‍സെറ്റ് പോയിന്‍റ്, ശ്രീ ശങ്കര നാരായണ സ്വാമി ക്ഷേത്രം, നേതാജി മെമ്മോറിയല്‍ ഗ്രന്ഥശാല ലൈബ്രറി എന്നിവയും പ്രാദേശിക ചന്തകളിലൂടെയുള്ള നടത്തവുമെല്ലാം സഞ്ചാരികള്‍ക്ക് ആസ്വദിക്കാം. കൂടാതെ മണ്‍സൂണ്‍ കാലത്ത് സഞ്ചാരികള്‍ക്കായി കിടിലന്‍ ബോട്ടിംഗും ഇവിടെ ഒരുക്കാറുണ്ട്‌. 

ANJUMALAPARA2

എങ്ങനെ എത്താം?

അടുത്തുള്ള പ്രധാനനഗരങ്ങളില്‍ നിന്നും ഇവിടെയെത്താന്‍ ഓട്ടോ, ടാക്സി, പൊതുഗതാഗതം മുതലായ സൗകര്യങ്ങള്‍ ലഭ്യമാണ്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും 90 കിലോമീറ്ററും മൂന്നാറില്‍ നിന്നും 210 കിലോമീറ്ററും അകലെയായാണ് അഞ്ചുമലപ്പാറ.

English Summary: Anjumalapara Enadimangalam Pathanamthitta

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA