പർവതത്തിന്റെ പുളകമാണ് പുത്തുനിൽക്കുന്ന കുറിഞ്ഞിക്കൂട്ടം. പന്ത്രണ്ടുവർഷത്തിൽ ഒരിക്കൽ ദൃശ്യമാകുന്ന അപൂർവ വസന്തം. മൂന്നാറിലെ മലകളിൽ പലയിടങ്ങളിലായി പല കാലങ്ങളിലായി നീലക്കുറിഞ്ഞി പൂക്കാറുണ്ട്. രാജമലയിലാണ് പ്രധാനമായും ഇവ വിസ്മയം വിടർത്താറ്. എന്നാൽ ഇടുക്കിയിൽ ഇത്തവണ കുറിഞ്ഞി പൂത്തത് നെടുങ്കണ്ടത്തിനും മൂന്നാറിനും ഇടയിൽ ശാന്തൻപാറയിലായിരുന്നു.
കിഴക്കൻ മലയിലെ കാമുകൻ
മഹീന്ദ്രയുടെ പുതിയ ഥാർ വാർത്തകളിൽ ഇടം പിടിച്ചയാഴ്ച. അതേ മഹീന്ദ്രയുടെ പഴയൊരു ‘ജീപ്പി’ലാണ് ശാന്തൻപാറയ്ക്കടുത്തുള്ള തോണ്ടിമല കയറിയത്. കിഴക്കൻ മലയിലെ വെണ്ണിലാവിനെ പെണ്ണായിട്ടാണു കവി കണ്ടതെങ്കിൽ അവളുടെ കാമുകൻ മഹീന്ദ്ര ‘ജീപ്പ്’ ആയിരിക്കും, സംശയമില്ല.നെടുങ്കണ്ടത്തെ സുഹൃത്ത് റോബർട്ട് ജോസഫിന്റെ ജീപ്പ് ഫുൾലോഡുമായി തോണ്ടിമല എന്ന മല

മുകളിലേക്കു വലിഞ്ഞു കയറാൻ തുടങ്ങിയപ്പോഴേ നൂൽമഴ പെയ്യാൻ തുടങ്ങി. പണ്ടേ റോഡ് ഇല്ല തോണ്ടിമലയിലേക്ക്. ഇപ്പോഴിതാ ചളിയുമായി എന്ന അവസ്ഥ. പക്ഷേ, ഇരുപതാണ്ട് ചങ്ങാത്തമുള്ള ആ 71മോഡൽ വാഹനത്തെ റോബർട്ടിനു വിശ്വാസമായിരുന്നു.
ഹൈറേഞ്ചുകളിലെ വിശ്വസ്തൻ. ഹനുമാൻ ഗിയറിന്റെ കരുത്തിൽ പിടിച്ചുപിടിച്ചു കുന്നു കയറിയപ്പോൾ മലയ്ക്കപ്പുറത്തെ മതികെട്ടാൻചോല ദേശീയോദ്യാനത്തിൽനിന്നു മഞ്ഞിറങ്ങിക്കൊണ്ടിരുന്നു.
മതികെട്ടുന്ന മഞ്ഞിലേക്ക്

മതികെട്ടാൻ ചോല- മനുഷ്യന്റെ മതി അഥവാ ബുദ്ധി മറയ്ക്കുന്ന വിധത്തിലുള്ള പ്രകൃതിയാണിവിടെ. തോണ്ടിമലയുടെ അറ്റത്തു കയറിയാൽ കാണാം- മരങ്ങളെ ബ്ലാക്ക് ആൻഡ് വൈറ്റ് ആക്കി മാറ്റുന്ന മഞ്ഞിന്റെ മാന്ത്രികത. ആന എപ്പോഴും വരാം. ശ്രദ്ധിച്ചു നിൽക്കണം. കൂടെ വന്ന അരുൺ പി ജോസിന്റെ മുന്നറിയിപ്പ്. ഇടുക്കിയുടെ മായികക്കാഴ്ചകൾ ഡ്രോൺ ക്യാമറയിൽ പകർത്തുന്ന കലാകാരനാണ് അരുൺ. തോണ്ടിമലയിൽ രണ്ടായിരത്തി എട്ടിലായിരുന്നു മുൻപ് കുറിഞ്ഞി പൂത്തിരുന്നത്.
എല്ലാ മലകളിലും ഒന്നിച്ചല്ല പൂക്കുക. അതുകൊണ്ടുതന്നെ രാജമലയിലും ചൊക്രമുടിയിലും തോണ്ടിമലയിലും പലവർഷത്തിൽ ഈ വസന്തം നമുക്ക് അനുഭവിക്കാം. മഞ്ഞിനൊപ്പം മഴയും ചേർന്നു. കാറ്റിന്റെ കുറവുണ്ടായിരുന്നു എന്നാരോ തമാശ പറയുന്നു. കോവിഡ് കാലമായിട്ടും സഞ്ചാരികൾ ഒറ്റയും തെറ്റയുമായി എത്തുന്നുണ്ട്. മഴ മാറിയപ്പോൾ അകലെ ആനയിറങ്കൽ ഡാമിന്റെ വിദൂരദൃശ്യം തെളിഞ്ഞു.
മലയെ പൊതിഞ്ഞ് ഒരു പിങ്ക് പുതപ്പ് എന്നാണ് ദൂരെനിന്നു കാണുമ്പോൾ തോന്നുക. അടുത്തെത്തുമ്പോൾ ഓരോ കുറിഞ്ഞിയും ഓരോ ബൊക്ക പോലെ പൂക്കൾ വിടർത്തി നിൽക്കുന്നതായി കാണാം. ഗന്ധമില്ല. ശരിക്കും നീലനിറത്തെക്കാൾ വെള്ളകലർന്ന പിങ്ക് നിറമാണ് പൂക്കൾക്ക്.

സഹ്യപർവതത്തിനു മാത്രം സ്വന്തമായ ആ അപൂർവ പൂക്കലവറ കണ്ട് തിരിച്ചിറങ്ങുമ്പോഴും ജീപ്പ് ഫോർ വീൽ ഡ്രൈവിൽത്തന്നെയായിരുന്നു. പുതിയ ഥാറിൽ കുന്നിറങ്ങുമ്പോൾ ഓട്ടമാറ്റിക് ആയി ബ്രേക്ക് ചെയ്യപ്പെടുന്ന ഹിൽ ഡിസന്റെ കൺട്രോൾ എന്ന വിദ്യയുണ്ട്. പക്ഷേ, ഈ ഥാറിന് അതൊന്നും ആവശ്യമില്ല. പ്രകൃതിയോടു മല്ലിട്ടു മല്ലിട്ട് ഒട്ടുമിക്ക കയറ്റിറക്കങ്ങളും പുഷ്പം പോലെയായിരുന്നു ജീപ്പിന്.
മൂന്നാറിനിപ്പുറം തണുപ്പറിഞ്ഞ്, എന്നാൽ ബഹളങ്ങളില്ലാതെ താമസിക്കാനുള്ള ഹോംസ്റ്റേകൾ ശാന്തൻപാറയുടെ സവിശേഷതയാണ്. കുറിഞ്ഞിക്കാലം കഴിഞ്ഞാലും മതികെട്ടാൻ ചോലയുടെ കുളിര് ആസ്വദിക്കാൻ ഇവിടെയെത്താം.
English Summary: Off Road Trip to Santhanpara