ഈ പുഴയോരത്തെ ബീച്ച് എന്നാണു വിളിക്കുന്നത്; അവിടെ ഏകാകിയായ തോണിക്കാരനുണ്ട്

Kavalipuzha-Beach-Travel4
SHARE

മീനച്ചിലാർ റ ആകൃതിയിൽ വളഞ്ഞൊഴുകുന്ന ഇടമാണ് കാവാലിപ്പുഴ ബീച്ച്.  ഒരു പുഴയോരത്തിന് എങ്ങനെ ബീച്ച് എന്നു പേരു വന്ന?  അക്കഥ അറിയില്ലെന്ന് കാലങ്ങളായി ഈ കുളിർജലത്തിനു മുകളിലൂടെ ആൾക്കാരെ കടത്തുന്ന ബാലകൃഷ്ണൻ ചേട്ടൻ പറയുന്നു. കടത്ത് ചർച്ചയാകുന്ന കാലമാണല്ലോ ഇത്. സ്വർണം മുതൽ എന്തെല്ലാം കടത്തുന്ന വാർത്തകളാണു വന്നുകൊണ്ടിരിക്കുന്നത്.   അതെല്ലാം ഈ ‘മനുഷ്യക്കടത്തു’ കാരനെ ബാധിക്കുന്നേ ഇല്ല. 

അന്യംനിന്നുകൊണ്ടിരിക്കുന്ന തൊഴിലുകളിലൊന്നാണല്ലോ കടത്ത്.  മുൻപ് എന്തു ഡിമാൻഡ് ആയിരുന്നു കടത്തുകാരന്!  അന്നത്തെ സ്റ്റാർ ജോലിക്കാരൻ ആയിരുന്നു കടത്തുകാരൻ.  ജീവൻ കയ്യിൽപ്പിടിച്ചിരിക്കുന്നവരെ അക്കരെയെത്തിക്കുന്ന ധീരൻ.   

Kavalipuzha-Beach-Travel5

മഹാഭാരതം രചിച്ച സാക്ഷാൽ വേദവ്യാസൻ കടത്തുകാരിയുടെ മകനായിരുന്നുവല്ലോ. പരാശരമുനിയെ തോണിയിൽ  അക്കരെ കടത്തിയത് മത്സ്യഗന്ധിയായ സത്യവതിയായിരുന്നു. അവരുടെ സമാഗമത്തിൽ പിറന്നുവീണ് ഉടൻ തപസ്സനുഷ്ഠിക്കാൻ പോയി, പിന്നീട് മഹാഭാരതകഥ രചിച്ച പണ്ഡിതനാണ് വേദവ്യാസൻ എന്ന് ഐതിഹ്യം പറയുന്നു. ജീവലോകം പ്രളയ ജലത്തിനു മുകളിലൂടെഒരു  ‘തോണി’യിലാണ് രക്ഷപ്പെട്ടത് എന്നു  വിശ്വാസങ്ങളും കഥകളുമുണ്ട്. എന്തായാലും ഈ ‘ മനുഷ്യകടത്തിന് ‘ സംവത്സരങ്ങളുടെ കഥ പറയാനുണ്ടാകും. അതിലെ  അവസാനത്തെ കണ്ണികളിലൊന്നാണ് ഇപ്പോഴുള്ളവർ.  പാലങ്ങൾ പുഴകൾക്കുമേൽ ജീവിതങ്ങളെ ബന്ധിപ്പിച്ചപ്പോൾ ജലംപകുത്ത് ഉപജീവനം നടത്തിയ കടത്തുകാർ മെല്ലെ പങ്കായം കരയ്ക്കു വച്ചു.  ന്യൂ ജെൻ ടീമിന്  കടത്ത് എന്നാൽ അർഥം  മാറി. പക്ഷേ, കാവാലിപ്പുഴ ബീച്ചിൽ ഈ കടത്തുകാരനെ കാണാനെത്തുന്നവർ കൂടുതലും പിള്ളേർ സെറ്റാണ്. 

Kavalipuzha-Beach-Travel3

കിടങ്ങൂർ അമ്പലത്തിന്റെ മുൻവശം കണ്ടുള്ള വഴിയിലൂടെ കാവാലിപ്പുഴ ബീച്ചിലെത്തുക. ഇരുട്ടുപച്ചപ്പിലൂടെ കാണാം പച്ചപ്പളുങ്കുനദിയിലെ ജലം.  ബീച്ചിലേക്കു സ്വാഗതം എന്നോ മറ്റോ അവ്യക്തമായ ബോർഡ് കാണാം. താഴേക്കിറങ്ങുമ്പോൾ മീനച്ചിലാറിന്റെ ഭംഗിയേറിയ കാഴ്ചയാണ്.   ഉറച്ചമണൽത്തിട്ട കൂടുതലുള്ളതുകൊണ്ടാകാം ബീച്ച് എന്നു നാട്ടുകാർ പേരിട്ടത്. തെളിമയുള്ള വെള്ളം. അതിൽ തീരത്തോടു ചേർന്ന് ആ ഒറ്റത്തോണി കാണാം. കരയിൽ മരച്ചാർത്തിനടിയിലെ ഇരിപ്പിടത്തിൽ ബാലകൃഷ്ണൻ ചേട്ടനുണ്ടാകും. 

Kavalipuzha-Beach-Travel1

കാവാലിപ്പുഴയുടെ തീരത്തുകൂടി നടക്കാം. അധികം ആഴമില്ലാത്ത പുഴയിൽ ഒന്നുനീരാടാം. പക്ഷേ, അധികം ദൂരേയ്ക്കു പോകരുത് എന്നു ചൂണ്ടയിടുന്നവർ മുന്നറിയിപ്പു നൽകുന്നുണ്ട്. 

Kavalipuzha-Beach-Travel6

കുറച്ചുനേരം കാത്തിരുന്നപ്പോൾ അക്കരെപ്പോകാനുള്ളവർ എത്തി. റ രൂപത്തിൽ ഒഴുകുന്ന നദിയിൽ ബാലകൃഷ്ണൻ  ചേട്ടൻ റ ആകൃതിയിൽ തുഴഞ്ഞ് അവരെ അക്കരെയെത്തിച്ചു. റ ആകൃതിയോ… അതെ. ആദ്യം തോണി മുകളിലേക്കാണ് തുഴയുക. പിന്നീട് ഒഴുക്കിന് അനുകൂലമായി വളഞ്ഞ്  അക്കരേയ്ക്കു ചെല്ലും. അതൊരു രസമുള്ള കാഴ്ചയാണ്. ചെറിയ പങ്കായം ജലത്തുള്ളികളെ തെറിപ്പിക്കുന്ന ശബ്ദം മാത്രം കേട്ട് ലോകത്തിലെ ആദ്യവാഹനങ്ങളിലൊന്നിൽ സുന്ദരയാത്ര.  കോവിഡ് കാലമായതിനാൽ യാത്രികർ കുറവാണ്. അല്ലെങ്കിൽ വിനോദസഞ്ചാരികളും എത്താറുണ്ട്. 

Kavalipuzha-Beach-Travel7

അക്ഷരങ്ങൾ എന്ന സിനിമയിലെ  ആ പാട്ട് ഓർമവരും തോണിക്കാരെ കാണുമ്പോൾ… ‘’കടത്തുതോണിക്കാരാ… 

മാനമിരുണ്ടു മനസ്സിരുണ്ടു

മറുകരയാരു കണ്ടൂ…’’

മാനമിരുണ്ടാൽ ബാലകൃഷ്ണൻ ചേട്ടന്റെ പിന്നിൽ ഒരു കുടയുണ്ട്. മറുകര എന്നും കാണാറുമുണ്ട്.  കിടങ്ങൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ രണ്ടു കടത്തു സർവീസുകളുണ്ട്. അതിലൊന്നാണ് കാവാലിപ്പുഴ ബീച്ചിലേത്. 

Kavalipuzha-Beach-Travel

കോട്ടയത്തുനിന്ന് അരമണിക്കൂർ യാത്ര ചെയ്താൽ (19 കിലോമീറ്റർ) കാവാലിപ്പുഴ ബീച്ചിലെത്താം. അതിസുന്ദരമായ, തെളിനീരൊഴുകുന്ന നദിയുടെ മാറിലൂടെ ഒരു യാത്രയാകാം. 

English Summary:Kavalipuzha Beach Travel

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA