ADVERTISEMENT

മൂന്നാർ സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നാണ്. അവധിയായാൽ മിക്കവരും ആദ്യം തെരഞ്ഞെടുക്കുക മൂന്നാർ തന്നെ.  സുന്ദരകാഴ്ചകൾ ആസ്വദിച്ച് കുറഞ്ഞ ചെലവിൽ യാത്ര തിരിക്കാം എന്നതും മൂന്നാറിനെ സഞ്ചാരികളുടെ ഇടയിൽ പ്രിയങ്കരിയാക്കുന്നു. കോടമഞ്ഞും കുളിരണിഞ്ഞ കാഴ്ചകളുമൊക്കെ എത്ര കണ്ടാലും ആർക്കും മതിയാവില്ല. സ്ഥിരം കാഴ്ചകളിൽ നിന്നും മാറി സഞ്ചാരികളുടെ ഇടയിൽ അത്ര പ്രശസ്തമല്ലാത്ത സുന്ദരയിടങ്ങളും മൂന്നാറിലുണ്ട്.

munnar5

കൊറോണയുടെ പിടിയിൽ നിന്നും ടൂറിസം പതിയെ തിരിച്ചുവരവിന്റെ പാതയിലാണ്. അടച്ചുപൂട്ടിയ വിനോദസഞ്ചാരകേന്ദ്രങ്ങളൊക്കെയും സഞ്ചാരികൾക്കായി തുറന്നതോടെ സന്ദർ‌ശകരുടെ യാത്രയും ആരംഭിച്ചു. 

munnar4

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം കുടുംബവും കുട്ടികളുമായി യാത്ര പോകാൻ ഞങ്ങൾ തീരുമാനിച്ചു. കൊറോണ വില്ലനായി ഉണ്ടെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സുരക്ഷിതമായി തന്നെ യാത്രയ്ക്ക് തയാറായി. കോവിഡ് കാലത്തു  രണ്ടും നാലും വയസ്സുള്ള കുഞ്ഞുങ്ങളെയും കൊണ്ട് യാത്ര പോകുന്നു എന്ന് കേട്ടപ്പോൾ തന്നെ വീട്ടുകാർ കണ്ണുരുട്ടാൻ തുടങ്ങി. കോവിഡിനെ പേടിച്ചു എത്ര കാലം ഇങ്ങനെ യാത്രകൾ വേണ്ടാന്നുവയ്ക്കും. കുഞ്ഞിന് 7  മാസം പ്രായമുള്ളപ്പോൾ കുട്ടിയെയും കൊണ്ട് മധുര മീനാക്ഷി ക്ഷേത്രത്തിലും കൊടൈക്കനാലിലും ട്രിപ്പിന് പോയ നമ്മളോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് ആലോചിച്ചിട്ടാവും വീട്ടുകാർ പിന്നീട് എതിർപ്പൊന്നും പറഞ്ഞില്ല.

മൂന്നാറിൽ എവിടെ താമസിക്കും എന്നതായിരുന്നു അടുത്ത ചിന്ത. കുട്ടികളടക്കം എല്ലാവരും ഉള്ളതല്ലേ കോവിഡ് പ്രോട്ടോക്കൾ പാലിക്കുന്ന സുരക്ഷിതമായ താമസസ്ഥലം തന്നെ തെരഞ്ഞെടുക്കണം , അങ്ങനെ സുഹൃത്ത് വഴി അബാദ് കോപ്പർ കാസ്റ്റിൽ ബുക്ക് ചെയ്തു. മുമ്പ് പലതവണ മൂന്നാറിലേക്ക് യാത്ര പോകുമ്പോൾ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള കാടിനുള്ളിലെ വീടുകളാണ് താമസത്തിനായി തെരഞ്ഞെടുത്തിരുന്നത്. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് കാടിനുള്ളിലെ താമസം ഇത്തവണ ഒഴിവാക്കി.

munnar3

തേയിലത്തോട്ടങ്ങളുടെ കാഴ്ചയുമായി പച്ചപ്പ് നിറഞ്ഞ പ്രകൃതിയുടെ മടിത്തട്ടിലാണ് അബാദ് കോപ്പർ കാസ്റ്റിൽ. പ്രകൃതിയോട് ചേർന്നിരിക്കാൻ മികച്ചയിടമാണ് ഇൗ റിസോർട്ട്. അബാദ് കോപ്പർ കാസ്റ്റിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്.

അബാദ് കോപ്പർ കാസ്റ്റിൽ എത്തിയ ശേഷം ഹോട്ടലിന് അടുത്തുള്ള ടൂറിസ്റ്റ് സ്ഥലങ്ങൾ തിരഞ്ഞപ്പോഴാണ് പൊത്തമേട് എന്ന സ്ഥലം ശ്രദ്ധയിൽ പെട്ടത്. ഇതുവരെ അങ്ങനെയൊരിടം കണ്ടിട്ടില്ല, അവിടേക്ക് യാത്ര തിരിച്ചു. കൊത്തിയെടുത്തു ആരോ കൃത്യ സ്ഥലത്തു അടുക്കിവച്ചതുപോലെ പ്രകൃതി ഒരുക്കിയ ഒരു സുന്ദര സ്ഥലമാണ് പൊത്തമേട്. പതിവ് കാഴ്ചകളിൽ നിന്നും മൂന്നാറിന്റെ മറ്റൊരു മുഖം. ആദ്യകാഴ്ചയിൽ തന്നെ ആരെയും ആകർഷിക്കും. ചെറിയ അരുവികളും മിന്നിമറയുന്ന കോടമഞ്ഞും എല്ലാകൂടി ചേർന്നപ്പോൾ ഗംഭീരമായിരുന്നു. അധികമാരും എത്തിപ്പെടാത്ത സ്ഥലമായതിനാൽ ചിത്രങ്ങൾ പകർത്താനും  തിരക്കില്ലാതെ സ്വസ്ഥമായി കാഴ്ചകൾ ആസ്വദിക്കുവാനും സാധിച്ചു. 

munnar-penguin-paara

പൊത്തമേടിൽ നിന്നും റോഡ് ചെന്നെത്തുന്നത് ഒരു ചെറിയ ഗ്രാമത്തിലേക്കാണ്. കാഴ്ചകൾ ആസ്വദിച്ച് പതിയെ കാറു മുന്നോട്ട് പോകുകയായിരുന്നു, ആ വഴിയേ സൈക്കിളിൽ പോയ രണ്ടു കുട്ടികളിൽ ഒരാൾ ചോദിച്ചു പെൻഗ്വിൻ പാറ തിരക്കുകയാണോ? പെൻഗ്വിൻ പാറയോ ? കാറിനുള്ളിലിരുന്ന എല്ലാവരും ഒരേ സ്വരത്തിൽ ആശ്ചര്യത്തോടെ ചോദിച്ചു. ഇവിടുന്നു ഇത്തിരി ദൂരമേയുള്ളൂവെന്നു കുട്ടികൾ പറഞ്ഞു. കേട്ടപാതി നേരെ അങ്ങാട്ടേയ്ക്ക് വാഹനം തിരിച്ചു.  ലക്ഷ്യസ്ഥാനത്ത് എത്തിയതും അദ്ഭുതം തോന്നി. സൂക്ഷിച്ചു നോക്കുകയും പിന്നെ കുറച്ചു ഭാവനയും ഉണ്ടങ്കിൽ ആ പാറ പെൻഗ്വിൻ പാറ തന്നെ. പെൻഗ്വിൻപാറ കാണാനുള്ള തിടുക്കത്തിൽ ആ കുട്ടികളോട് ഈ പേര് എങ്ങനെ വന്നു എന്ന് ചോദിക്കാനും പറ്റിയില്ല. എന്തായാലും ഇത്തവണത്തെ മൂന്നാർ യാത്രയിൽ പൊത്തമേടും പെൻഗ്വിൻപാറയും സമ്മാനിച്ച കാഴ്ചകൾ മറക്കാനാവില്ല. മൂന്നാറിന്റെ സ്ഥിരം കാഴ്ചകളിൽ നിന്നും വ്യത്യസ്തമായ യാത്രയായിരുന്നു.

munnar2

മൂന്നാർ ടൗണിൽ നിന്നും  നാലര കിലോമീറ്റർ താണ്ടി മൂന്നാർ ഹെഡ് വർക്സ് ഡാം കടന്ന് വലത്തേക്ക് തിരിഞ്ഞ് ഒരുകിലോമീറ്റർ യാത്ര ചെയ്താൽ പൊത്തമേട് വ്യൂ പോയിന്റിൽ എത്താം. അവിടുന്ന് റോഡ് രണ്ടായി പിരിയുന്നു. ഈ രണ്ട് റോഡുകളിലേക്ക് പോയാലും പെൻഗ്വിൻപാറയുടെ സൗന്ദര്യം നുകരാം.

 

English Summary: Best Places to Visit in Munnar  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com