അടിപൊളി റൂട്ടും കാടിനുള്ളിലെ താമസവും

wild-travel
SHARE

കോവിഡ് ഭീതി ഇല്ലായിരുന്നു എന്നു കരുതുക.  അങ്ങനെയാണെങ്കിൽ നീ തീർച്ചയായും പോകുമായിരുന്ന സ്ഥലം ഏതാണ്…  ഒരു ചങ്ങാതിയുടെ സംശയമാണ്. രണ്ടാമത് ആലോചിക്കാതെയാണു മറുപടി പറഞ്ഞത്- പറമ്പിക്കുളം. അതെന്തുകൊണ്ടാണ് എന്ന സംശയത്തിന് മറുപടി താഴെ വായിക്കാം. 

പറമ്പിക്കുളത്തിനോട് പ്രേമം തോന്നാൻ  ഈ ഒരൊറ്റ ജലക്കാഴ്ച മതി. കേരളം കാത്തു സൂക്ഷിക്കുന്ന ഒരു രത്നങ്ങളിൽ ഒന്നാണ് പറമ്പിക്കുളം കാട്. പച്ചപ്പുതപ്പിട്ട മലനിരകൾക്കിടയിൽ മൂന്നു തടാകങ്ങളും. തൊട്ടപ്പോൾ ചോരപൊടിഞ്ഞ ഒരു കന്നിമരവും കാണാം. അതിന്റെ കൂടെ എട്ടു ജലാശയങ്ങളും മൂന്ന് വന്യജീവസങ്കേതങ്ങളും കണ്ട് ഒരു ദ്വീപിൽ രാവുറക്കം.ഓർക്കുമ്പോൾ തന്നെ ഒരു സുഖം അല്ലേ. എങ്കിലേ ഈ കൊറോണക്കാലം കഴിഞ്ഞാൽ തീർച്ചയായും ഈ റൂട്ടിലൂടെ ഒന്നു വണ്ടിയോടിക്കണം… 

wild-trip17

അപ്പോ നമ്മുടെ ട്രിപ്പ് തുടങ്ങുവല്ലേ.

എവിടെയാണു പറമ്പിക്കുളം… കേരള തമിഴ്നാട് അതിർത്തിയിലാണ് ഈ കാട്. തമിഴ്നാടിന്റെ ആനമല ടൈഗർ റിസർവ് കടന്നുവേണം നമുക്ക്  പറമ്പിക്കുളത്തെത്താൻ. വളഞ്ഞുമൂക്കു പിടിക്കുന്നതു പോലെ. 

മൂന്നുദിവസത്തെ യാത്രയാണിത്. ഫസ്റ്റ് ഡേ എങ്ങനെ തുടങ്ങുന്നു എന്നുനോക്കാം…

ഞങ്ങൾ പറമ്പിക്കുളത്തേക്കെത്തിയത് പാലക്കാട്-സേത്തുമടവഴിയാണ്. സേത്തുമടയിലെ മാമ്പഴത്തോപ്പുകൾക്കിടയിലൂടെ ഉള്ള  ഗ്രാമീണപാത. മുഖത്തോടു മുഖം നോക്കിയിരിക്കുന്ന വീടുകളുള്ള തമിഴ് ഗ്രാമങ്ങളും ഈ വഴിയിൽ നമുക്ക് കാണാം.തമിഴ്നാടിന്റെ ആനമല ടൈഗർ റിസർവിന്റെ കവാടത്തിൽ കടുത്ത വാഹനപരിശോധന നടത്തിയേ കടത്തിവിടൂ. 34 കിലോമീറ്റർ ദൂരം തമിഴ്നാടിന്റെ കാട്ടിലൂടെയാണ് പോകേണ്ടത്. ആ പാത കഴിഞ്ഞെത്തുന്നത് കേരളത്തിന്റെ കാട്ടിലേക്കും.

വീട്ടിക്കുന്ന്-ദ്വീപ്-ദൂരക്കാഴ്ച

പറമ്പിക്കുളം കടുവാസങ്കേതത്തിന്റെ കവാടത്തിലും കർശന പരിശോധനകളുണ്ട്. ലഹരിപദാർഥങ്ങൾ ഒന്നും കൊണ്ടുപോകാൻ പാടില്ല. 

പരിശോധന നടക്കുന്നതിനിടയിൽ ചുറ്റുമൊന്നു നോക്കിയപ്പോൾ ആദ്യകാഴ്ചതന്നെ വിരുന്നായിരുന്നു. 

wild-trip11

ഒരു മലയണ്ണാൻ ഓഫീസിനടുത്തുള്ള മരത്തിലിരുന്ന് ഏതോ കായ കടിച്ചുപൊട്ടിച്ചുതിന്നുകൊണ്ടിരിക്കുന്നു.

ഇതൊരു തുടക്കം മാത്രമാണ്.ഇനിയങ്ങോട്ട്  അത്യപൂർവമായ കാഴ്ചകളുടെ ഒരു പുരം തന്നെ കാണാം.

ആദ്യദിവസം താമസസൗകര്യം വനംവകുപ്പിന്റെ ക്വാർട്ടേഴ്സിനടുത്തായിരുന്നു . അങ്ങോട്ടുള്ള വഴിയിലാണ് നിരത്തിലിറങ്ങിയ ശലഭക്കൂട്ടത്തെ കാണുന്നത്. കാണാച്ചെടിയിൽനിന്നു പൂക്കൾ പറന്നുപോകുന്നതുപോലെ. വണ്ടി കാട്ടുവഴിയിലൂടെ മുന്നോട്ട്.   

wild-trip8

അടുത്ത കാഴ്ച വനംവകുപ്പ് ഓഫീസിനടുത്ത് നിന്ന്.   ഒരു സുന്ദരൻ ക്യാമറയ്ക്കു മുന്നിൽവന്നുനിന്നു പോസ് ചെയ്തു തന്നു. നന്നായി പരിപാലിക്കപ്പെടുന്ന ചെറിയ ഔഷധത്തോട്ടം അടുത്തുണ്ട്.  പച്ചപ്പുല്ലിനും വൻമരങ്ങൾക്കും ഇടയിലെ ടെന്റുകൾ കാണുമ്പോൾ ആർക്കും കൊതിയാകും അവിടെ രാവുറങ്ങാൻ. വിദേശികൾ ടെന്റിന്റെ പൂമുഖത്ത്  പുസ്തകവായനയുമായി ഇരിപ്പുണ്ടായിരുന്നു. 

ജലാശയങ്ങൾ 

മൂന്നുഡാമുകൾ ആണ് പറമ്പിക്കുളത്തുള്ളത്. ഏറ്റവും ആദ്യം പെരുവാരിപ്പള്ളം. രണ്ടാമത്  തൂണക്കടവ് ഡാം. ഇവ രണ്ടും അടുത്താണ്. പറമ്പിക്കുളം ഡാം ആണ് ഏറ്റവും വലുത്. അവിടെ നമ്മളെ  ഒരു വിസ്മയം കാത്തിരിപ്പുണ്ട്.

wild-trip6

പെരുവാരിപ്പള്ളത്തിലേക്ക് ആദ്യം പോകാം.  തേക്കുതോട്ടത്തിൽ വാഹനം നിർത്തി

മുളഞ്ചങ്ങാടങ്ങൾ ആടിക്കളിക്കുന്ന ആ നീലജലാശയത്തിനടുത്തേയ്ക്ക് നടക്കാം. ഈ ജലപ്പരപ്പിനപ്പുറം അതിഥികൾക്കായി ഒരു വീടുണ്ട്. അതാണ് പെരുവാരി ഐലന്റ് നെസ്റ്റ്. സുരക്ഷിതമായ അകലത്തിൽ കാട്ടിൽ, ജലത്തിനടുത്തു താമസിക്കാം. കാടിനോടു ചേർന്ന് ജലാശയത്തോടു മുഖം നോക്കി താമസിക്കാം. 

wild-trip1

ഇനി  തൂണക്കടവ് തടാകത്തിലേയ്ക്ക് പോകാം.  കാട്ടുവഴി തന്നെയാണിതും. 

വഴിയും ജലവും പലയിടത്തും ഒരേ നിരപ്പിലാണ്. ഇവിടെയും താമസസൗകര്യമുണ്ട്.  സുന്ദരമായ ജലാശയം കണ്ടു രാവുറങ്ങാൻ ട്രീ ടോപ്പ് ഹട്ടിൽ ചേക്കേറിയാൽ മതി. തൂണക്കടവ് ഡാമിനടുത്തുനിന്നു  കന്നിമാരത്തേക്ക് കാണാൻ പോകാം.

wild-trip

പറമ്പിക്കുളത്തെ വഴിക്കാഴ്ച അതിമനോഹരമാണ്.  കാട്ടിലെ  പ്രഭാതക്കാഴ്ച…. പെയിന്റിങ് ചെയ്തതു പോലെയുണ്ട് നിഴലും വെളിച്ചവും പച്ചപ്പും ചേരുമ്പോൾ.  പറമ്പിക്കുളത്തെ ഏതു വഴിയും ഇതുപോലെ മനോഹരമാണ്. ചിലയിടത്തു നിങ്ങൾക്ക് അനുമതി വാങ്ങി ഇറങ്ങിനടക്കാം. 

കന്നിമാരത്തേക്കിനടുത്തേക്കെത്തുമ്പോൾ കാട്ടുപോത്തിൻകൂട്ടമാണ് വരവേറ്റത്. അതിലൊരാൾ റോഡിനടുത്ത് തന്നെയുണ്ടായിരുന്നു.നാനൂറ്റിഅറുപത്തിയൊൻപതു വർഷം പഴക്കമുളള തേക്കാണിത്.  നാൽപ്പതു മീറ്റർ ഉയരം.  ലോകത്തിലെ ഏറ്റവും വലിയ തേക്കുമരങ്ങളിലൊന്ന്. 

wild-trip12

ഈ തേക്കിനെ കന്നിമരം എന്നു വിളിക്കുന്നതെന്തുകൊണ്ടാണ്?

ഒരിക്കൽ മരം വെട്ടുകാർ ഈ തേക്കിനെ വെട്ടി. ആദ്യവെട്ടിൽതന്നെ ചോരപൊടിഞ്ഞു. അതുകൊണ്ടാണു കന്നിമരം എന്നുവിളിക്കുന്നത് എന്നാണു കഥ. തൂണക്കടവിലേക്കു തിരിച്ചെത്തി നമ്മൾ ഇനി ഉച്ചകഴിഞ്ഞു പറമ്പിക്കുളം ഡാം കാണാൻ പോകുന്നു. ഈ വ്യൂ പോയിന്റിൽവച്ചാണ് തൂണക്കടവിന്റെ മനോഹരമായ ദൃശ്യം കാണുക. പച്ചപുതച്ചുനിൽക്കുന്ന മലയുടെ മടിയിൽ ഒരു നീലത്തുടിപ്പ് കാണുന്നുണ്ടോ. അതു നമ്മൾ കണ്ട തൂണക്കടവ് ഡാം ആണ്. പറമ്പിക്കുളത്ത് വാഹനം നിർത്തി നമുക്ക് ഡാമിലേക്കു നടക്കാം. 

wild-trip13

തോണിക്കടവ് എന്നാണ് ഈ സ്ഥലത്തിന്റെ പേര്. അകലെ കരിമലഗോപുരം എന്ന മല.   കാട്ടുപോത്തുകൾ കുടുംബമായി റോഡിൽ ഇറങ്ങിനിൽക്കും വൈകുന്നേരങ്ങളിൽ. 

ഇനി നമുക്ക് വീട്ടിക്കുന്ന് ഐലന്റിലെ വിശേഷങ്ങൾ അറിയാം

പറമ്പിക്കുളം ഡാമിനടുത്തുള്ള കടകളിൽനിന്നു നമുക്കു ചായകുടിക്കാം. ദ്വീപിലെ അത്താഴത്തിനുള്ള  പലചരക്കുകൾ ഇവിടെ നിന്ന് വാങ്ങണം. ചിക്കൻ വരെ അവിടെ കിട്ടും.  ആ കടകളുടെ പേരു ബഹുരസമാണ്. ഓരോരോ മരങ്ങളുടെ പേരാണ് ഓരോ ചെറുകടയ്ക്കുമുള്ളത്. 

wild-trip3

തോണിക്കടവിൽനിന്നാണു നമ്മുടെ  ബോട്ട് ദ്വീപിലേക്കു പോകുന്നത്. മുളകൾക്കിടയിലൂടെ സൂക്ഷിച്ചുനടക്കണം. മുള്ളുകളെയല്ല, മറിച്ച് ഒളിച്ചിരിക്കുന്ന ആനകളെയാണ് പേടിക്കേണ്ടത്. ഏതു നിമിഷവും ഒരു കരിവീരൻ നിങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടാം.

ഒരു ആനക്കൂട്ടം അകലെ പുൽമേടിൽ ഉണ്ടായിരുന്നു.  അവ ഇങ്ങെത്തും മുൻപേ നമുക്കു പോകാമെന്ന് കൂട്ടിനുവന്ന വാച്ചർമാർ പറഞ്ഞു.  

നല്ല വെയിലത്തു ഞങ്ങൾ നടന്നുതുടങ്ങി.  തോണിയിൽ കയറിയിരുന്നു. ചന്ദ്രേട്ടനും സുലൈമാനും മുന്നിലിരുന്നു തുഴഞ്ഞു. ദേ അവിടെനിന്നാണു നമ്മൾ പുറപ്പെട്ടത്.  ആ കുഞ്ഞുദ്വീപിൽ ഒരു ആനയുണ്ട്. അങ്ങകലെയാണെന്നുമാത്രം.ദേ മറ്റൊരു ആന.മൂപ്പത്തി കുറച്ചു കലിപ്പിലായിരുന്നു എന്നുതോന്നി. 

പളുങ്കുജലത്തിൽ പങ്കായം തീർക്കുന്ന നാദം കേട്ടാൽ അങ്ങോട്ട്  എടുത്തുചാടാൻ തോന്നും. പക്ഷേ, ചീങ്കണ്ണികൾ ഉണ്ടത്രേ ഇതിൽ.ദ്വീപുകളിൽ മാൻകൂട്ടങ്ങളെയും കാണാം. 

ഇതാണു നമ്മുടെ ദ്വീപ്.വീട്ടിക്കുന്ന് ഐലന്റ്.  

പേരിൽ മാത്രമേ ഡ്യൂട്ടി ഉള്ളൂ എന്ന് തോന്നുന്നു ഇവിടെ എത്തിയാൽ കാരണം ഇവിടെ കൂടുതൽ മുളകൾ ആണുള്ളത്. ബോട്ടിൽനിന്നു ഞങ്ങളെ ഇറക്കി സുലൈമാൻ കുറച്ചുമാറിയുള്ള മരത്തടിയിൽ ബോട്ട് കെട്ടിയിടാൻ പോയി. അല്ലെങ്കിൽ ആനകൾ വന്നു ചവിട്ടിനാശമാക്കുമത്രേ ബോട്ട്. ഇതാണു നമ്മുടെ സ്വർഗദ്വീപ്.  ആ വലിയ ദ്വീപിന്റെ ഉടമ ഇനി നമ്മളാണ്. മറ്റാരും അവിടെ ഉണ്ടാകില്ല. 

wild-trip5

നേരം സന്ധ്യയാകാനായി.  ആകാശത്തിന്റെ ഇരുളിമ ജലം ഏറ്റുവാങ്ങുന്നു. ഇതാണ് വീട്ടിക്കുന്ന് ഐലന്റ് നെസ്റ്റ് എന്ന വീട്. ചുറ്റിനും കിടങ്ങുള്ളതുകൊണ്ട് വന്യമൃഗങ്ങളെ പേടിക്കേണ്ട. പുമുഖത്തിരുന്നാൽ  സായാഹ്നം കാണാം. ഇനിയൊന്നു നടന്നുവന്നാലോ… നിങ്ങളുടെ ദ്വീപ് ആണിത്. ഒരു ദിവസത്തേയ്ക്കാണെങ്കിലും. കിലോമീറ്ററുകളോളം നടന്നുവരാം. 

തീരത്തുകൂടി സായാഹ്നക്കാഴ്ചകൾ കണ്ടു സൊറപറഞ്ഞുള്ള ഉല്ലാസനടത്തം. ആഹാ…എത്ര നടന്നാലും കാഴ്ചകൾ മടുക്കുകയില്ല.  പുൽമേടുകളും, മുളങ്കാടുകളും  ഹൃദയാകൃതി പൂണ്ട ജലാശയവും എല്ലാം നിങ്ങൾക്കു മാത്രമുള്ള കാഴ്ചകൾ… 

കരിമലഗോപുരം മുഴുവനായും കറുത്തുകഴിഞ്ഞു. അതീവരൂചികരമായി മീൻ കൂട്ടി അത്താഴമുണ്ട് രാവുറക്കം. 

ബാത്ത്റൂം അറ്റാച്ച്ഡ് ആണ്. പുമുഖവും അടുക്കളയും നാലുപേർക്കു കിടക്കാവുന്ന ഒരു ബെഡ്റൂമും ഉള്ളതാണ് വീട്. 

മൂന്നാംദിവസം

തിരികെ പോകാൻ സമയമായി. ബോട്ടിലേറി വീണ്ടും പറമ്പിക്കുളത്തേക്ക്. തിരികെയാത്ര  മറ്റൊരു വഴിയിലൂടെ…  ഈ വഴിയിലാണ് മറ്റു ജലാശയങ്ങൾ ഉള്ളത്.  എട്ടെണ്ണത്തിൽ മൂന്നെണ്ണം പറമ്പിക്കുളം കാണിച്ചുതന്നു. 

പറമ്പിക്കുളത്തുനിന്ന് ആളിയാർ ഡാമിലേക്ക്. ഇതാണു നാലാം ജലാശയം. പറമ്പിക്കുളത്തുനിന്നുള്ള വെള്ളമാണിവിടെയെത്തുന്നത്.  പിന്നെ വാൽപ്പാറചുരം കയറാം.  വരയാടുകളെ റോഡരുകിൽനിന്നു ഭാഗ്യമുണ്ടെങ്കിൽ കാണാം. വീണ്ടും ഭാഗ്യമുണ്ടെങ്കിൽ വാൽപ്പാറ എസ്റ്റേറ്റുകളിൽവച്ചു കാട്ടുപോത്തുകളെയും കാണാം.  

വാൽപ്പാറ ഡാമിന്റെ കാഴ്ചയാണിത് . അഞ്ചാമത്തെ  ജലാശയം. ഡാമിനരുകിലൂടെ താഴേക്കിറങ്ങി വണ്ടിയോടിച്ചു നമ്മൾ പോരുന്നത് കൊടുംകാട്ടിലൂടെ. ആനകളെ കാണാം. 

ആറാമത്തെ ജലാശയമായ ഷോളയാർ ഡാമിന്റെ ഉയരക്കാഴ്ച ആരെയും കൊതിപ്പിക്കും. പെരിങ്ങൽകുത്ത് ജലാശമാണ് ഏഴാമത്തേത്. ഇവിടെ ഇപ്പോൾ ഇറങ്ങാൻ പറ്റില്ല. പക്ഷേ, ഡ്രൈവ് ചെയ്യുമ്പോൾ കണ്ടുപോകാം. 

നമ്മൾ താഴേക്കിറങ്ങുകയാണ്. വാഴച്ചാൽ വെള്ളച്ചാട്ടവും അതിരപ്പിള്ളി വെള്ളച്ചാട്ടവും സമയമുണ്ടെങ്കിൽ ഇറങ്ങിക്കാണാം. അതുകഴിഞ്ഞു ചാലക്കുടിയിലേക്കുള്ള റൂട്ടിൽ എട്ടാമത്തെ ജലാശയമായ തുമ്പൂർമുഴിയും കാണാം. 

കിടുക്കൻ റൂട്ടും യാത്രയും താമസവും അല്ലേ…മറക്കണ്ട,

കൊറോണക്കാലം കഴിഞ്ഞാൽ  അടുത്ത ഫാമിലി ട്രിപ്പ് അങ്ങോട്ടേക്കാക്കാം. പറമ്പിക്കുളത്തെ  കൂടുതൽ വിവരങ്ങൾക്ക്  8903461060 

കുടുംബമൊത്തു പോകാൻ പറ്റുമോ- 

പറ്റും. വീട്ടിക്കുന്ന് ദ്വീപിനെക്കാൾ സകുടുംബം പാർക്കാൻ നല്ലത് ടെന്റുകളും പെരുവാരിപ്പള്ളം ഐലന്റ് നെസ്റ്റുമാണ്. 

സുരക്ഷിതമാണോ…

തമിഴ്നാടിന്റെ കാടുതാണ്ടിയുള്ള യാത്ര കുറച്ച് അപകടകരമാണ്. എന്നാൽ പറമ്പിക്കുളത്ത് നിങ്ങൾക്ക് ഗൈഡിന്റെ സഹായം ലഭ്യമാണ്. അവരുടെ നിർദേശം പാലിച്ചാൽ സുരക്ഷിതമായി യാത്ര ചെയ്യാം. 

നല്ല സമയം ഏതാണ്- 

മഴ കഴിഞ്ഞുള്ള മാസങ്ങളാണു നല്ലത്. വേനൽ ഒഴിവാക്കുക. പലപ്പോഴും ആനമല ടൈഗർ റിസർവ് കാട്ടുതീ പേടിച്ച് അടച്ചിടും. പിന്നെ പറമ്പിക്കുളത്തേക്കു പോകാൻ സാധിക്കില്ല. 

ഭക്ഷണം

പറമ്പിക്കുളത്ത് കാന്റീൻ ഉണ്ട്. ദ്വീപിലേക്കാണെങ്കിൽ ചിക്കനും മറ്റും വാങ്ങാം. പാചകം ചെയ്തു തരാൻ ആളുണ്ടാകും. 

English Summary:Best Routes for a Memorable Road Trip 

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA