പച്ചക്കറിത്തോട്ടങ്ങളുടെ നാട്; യാത്ര തിരക്കാം വട്ടവടയിലേക്ക്

Vattavada%2c-Hill-station%2c-Munnar
SHARE

കുളിരണിഞ്ഞ കാഴ്ചകള്‍ നിറഞ്ഞ പ്രകൃതിയുടെ മടിത്തട്ടിലേക്കുള്ള യാത്ര മിക്കവർക്കും പ്രിയമാണ്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് സഞ്ചാരികൾ യാത്ര ആരംഭിച്ചത്. കൊറോണ പിടിച്ചുലച്ച ടൂറിസം മേഖല തിരിച്ചുവരവിന്റെ പാതയിലാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ യാത്ര പ്ലാൻ ചെയ്യുന്നവർ എളുപ്പത്തിൽ എത്തിച്ചേരാവുന്ന സ്ഥലങ്ങളാണ് തെരഞ്ഞെടുക്കുന്നത്. കാലാവസ്ഥ കൊണ്ടും കാഴ്ചകൾ കൊണ്ടും മൂന്നാർ യാത്രപ്രേമികളുടെ ബെസ്റ്റ് ചോയിസാണ്. 

ഇത്തവണത്തെ യാത്ര വട്ടവടയിലേക്കാണ്. മൂന്നാറിൽ നിന്ന് കിഴക്ക്, 45 കിലോമീറ്റർ ദൂരെ തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന ഗ്രാമമാണ് വട്ടവട.തട്ടുകളായുള്ള പച്ചക്കറിത്തോട്ടങ്ങൾ തന്നെയാണ് ഇവിടുത്തെ പ്രധാന ആകർഷണം. വട്ടവടയിലെ മലഞ്ചരിവുകളില്‍ വ്യത്യസ്ത ഇനം പച്ചക്കറികള്‍ കൃഷിചെയ്യുന്നുണ്ട്. പലവർണത്തിലുളള കൃഷിയിടങ്ങൾ ദൂരക്കാഴ്ചയിൽ മനോഹരമായൊരു എണ്ണഛായാചിത്രം പോലെ തോന്നിക്കും. 

സമുദ്രനിരപ്പില്‍ നിന്ന് ആറായിരത്തി അഞ്ഞൂറ് അടി ഉയരത്തിലാണ് സഞ്ചാരികളുടെ ശ്രദ്ധ ഏറെ പതിഞ്ഞിട്ടില്ലാത്ത ഈ ഹില്‍ സ്റ്റേഷന്‍ നില കൊള്ളുന്നത്. വട്ടവടയിലേക്ക് കടക്കാൻ ചെക്ക് പോസ്റ്റുണ്ട്. അവിടെ വാഹനത്തിന്റെ നമ്പറും ഒപ്പും നൽകിയാൽ ചെക്ക് പോസ്റ്റ് കടന്നു അകത്തേക്ക് കടന്നു പോകാം. ഫോറസ്റ്റിന്റെ കീഴിലാണ് വട്ടവടയിലേക്ക് പോകുന്ന ആ വഴി. കാട് തന്നെ. കണ്ണെത്താ ദൂരത്തോളം പച്ചപ്പ്‌ നിറഞ്ഞ സമതലം. അധികം മരങ്ങളും വീടുകളുമൊന്നുമില്ലാത്ത തുറന്ന ഭൂമിയാണ്. ആരെയും ആകർഷിക്കും ഇവിടുത്തെ കാഴ്ച. വട്ടവട തീർത്തും ഒരു തമിഴ് ഗ്രാമമാണ്. മലയാളവും തമിഴും നന്നായി അറിയുന്ന ട്രൈബൽ ഗ്രാമം. കൃഷിയാണ് മുഖ്യ തൊഴിൽ. ഓരോ കാലത്തുമുണ്ടാകുന്ന വിളകൾ ഓരോ തവണയും അവർ കൃഷി ചെയ്യുന്നു.

Vattavada,-Hill-station,-Munnar1

മൂന്നാറിൽ നിന്ന് മാട്ടുപെട്ടി, കുണ്ടള ഡാമുകൾ‌ കടന്നാണ് വട്ടവടയിലേക്ക് എത്തുന്നത്. തേയിലത്തേട്ടങ്ങളും കാടും ഡാമും ഒക്കെ ആസ്വദിച്ച് നേരെ എത്തുന്നത് പാമ്പാടും നാഷനൽ പാർക്കിലേക്കാണ്. കാട്ടുമൃഗങ്ങളെ കണ്ടുള്ള യാത്ര അവസാനിക്കുന്നത് വട്ടവടയിലാണ്. യാത്രയിൽ തന്നെ തട്ടുകളായി ക്രമീകരിച്ചിരിക്കുന്ന കൃഷിയിടം വിദൂരത്തിൽ തന്നെ കാണാം. പച്ചക്കറികളും പഴങ്ങളും വിളഞ്ഞു നിൽക്കുന്ന വട്ടവട ഗ്രാമം കാണേണ്ട കാഴ്ച തന്നെയാണ്. മൂന്നു സീസണുകളിലായാണ്  പച്ചക്കറി കൃഷി നടത്തുന്നത്.

ഇവിടെനിന്ന് കൊടൈക്കനാല്‍, ടോപ്‌സ്റ്റേഷന്‍, മാട്ടുപ്പെട്ടി, കാന്തല്ലൂര്‍, മീശപ്പുലിമല എന്നിവിടങ്ങളിലേക്ക് ചെന്നെത്തുന്ന വഴികളുമുണ്ട്. ട്രെക്കിങ് പ്രിയരുടെ സ്വർഗഭൂമി കൂടിയാണിവിടം.

English Summary: Vattavada, Hill station, Munnar

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA