ADVERTISEMENT

മൂന്നാറില്‍ അവധിക്കാലം ആഘോഷിക്കുകയാണ് നടി അനുശ്രീ. ഇതിന്‍റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുമുണ്ട്. സാധാരണയായി കാണാറുള്ള നാടന്‍ വേഷങ്ങളില്‍ നിന്നും മാറി മോഡേണ്‍ ആയാണ് ഈ ചിത്രങ്ങളില്‍ അനുശ്രീ പ്രത്യക്ഷപ്പെടുന്നത്. അവധിക്കാല മൂഡ്‌ നല്‍കുന്ന കാഷ്വല്‍ ടോപ്പും ഷോര്‍ട്ട്സുമാണ് അനുശ്രീയുടെ മൂന്നാര്‍ ട്രിപ്പിലെ വേഷം. ഒപ്പം 'സഹോദര തുല്യര്‍' എന്ന് നടി വിളിക്കുന്ന കൂട്ടുകാരും ഉണ്ട്.

 

ഓഫ്റോഡിങ് പോയത് ഒരു സര്‍പ്രൈസ് അനുഭവമായിരുന്നു എന്നും അനുശ്രീ. ഇടയ്ക്ക് ഒരു ബ്രേക്ക് എടുക്കുന്നത് നല്ലതാണെന്നും അനുശ്രീ കുറിക്കുന്നു. താമസസ്ഥലത്തുണ്ടായിരുന്ന കുതിരകള്‍ക്ക് തങ്ങളെക്കാള്‍ നന്നായി പോസ് ചെയ്യാന്‍ അറിയാം എന്നാണ് സ്വയം കളിയാക്കിക്കൊണ്ട് ഈ ചിത്രത്തെപ്പറ്റി അനുശ്രീ പറയുന്നത്!

 

മൂന്നാറിലെ രത്നഗിരിയിലുള്ള ഡ്രീംക്യാച്ചര്‍ റിസോര്‍ട്ടില്‍ നിന്നാണ് അനുശ്രീ ഈ ഫോട്ടോകള്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഇരുപതോളം ഏക്കറില്‍ തേയില, ഏല, ഓറഞ്ചു തോട്ടങ്ങള്‍ക്കിടയിലായി പരന്നുകിടക്കുന്ന സുന്ദരമായ ഈ റിസോര്‍ട്ട് മൂന്നാറില്‍ എത്തുന്ന സെലിബ്രിറ്റികള്‍ അടക്കമുള്ളവരുടെ പ്രിയപ്പെട്ട താമസസ്ഥലമാണ്. മരങ്ങള്‍ക്ക് മുകളില്‍ എല്ലാ വിധ ആധുനിക സൗകര്യങ്ങളും അടക്കം സജ്ജീകരിച്ചിരിക്കുന്ന ഏറുമാടങ്ങളുടെ മാതൃകയില്‍ നിര്‍മ്മിച്ച താമസസ്ഥലങ്ങളാണ് ഇവിടത്തെ പ്രത്യേകത. പുലര്‍മഞ്ഞും ചുറ്റുമുള്ള പച്ചപിടിച്ച മലനിരകളുടെ മനോഹരമായ കാഴ്ചയും അതിന്‍റെ പൂര്‍ണ്ണതയില്‍ ആസ്വദിക്കാനുള്ള അവസരമാണ് ഇതിലൂടെ സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്. സ്വിമ്മിംഗ് പൂള്‍, സ്പാ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്.

 

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ടൂറിസം പുനരാരംഭിച്ചതോടെ സഞ്ചാരികള്‍ വീണ്ടും ഉണര്‍വിലാണ്. ശൈത്യകാലം ആരംഭിക്കുകയും കൂടി ചെയ്തതോടെ മൂന്നാറിലേക്ക് സന്ദര്‍ശകര്‍ എത്തിത്തുടങ്ങി. മൂന്നാറിലെ ഏറ്റവും തിരക്കേറിയ സീസണാണ് ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മഞ്ഞുകാലം. ഈ സമയത്ത് വിദേശികൾ അടക്കമുള്ള ധാരാളം വിനോദസഞ്ചാരികൾ ഇവിടെയെത്തുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള സന്ദർശകരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്, മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ മൂന്നാറിലെത്താൻ തുടങ്ങി എന്നതിന്‍റെ സൂചനയാണ് ഇത്.

 

English Summary: Celebrity Travel Anusree,Munnar Trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com