ADVERTISEMENT

ഗൂഗിളിന് അറിയില്ലെന്നു പറയുന്നത് വെറുതേയല്ല. മാമ്പഴത്തറ വ്യൂ പോയിന്റ് എന്ന് ഗൂഗിൾ മാപ്പിൽ ഒന്നു ടൈപ് ചെയ്തു നോക്കുക. റൂട്ട് എന്തെങ്കിലും കാണുന്നുണ്ടോ… ഇല്ല.  എന്നാൽ അതിസുന്ദരമായ ഒരു കാട്ടുപാതയുണ്ട് മാമ്പഴത്തറ എന്ന വനഗ്രാമത്തിലേക്ക്. ഒരു ദിവസം കൊണ്ടു പോയിവരാവുന്ന അതിസുന്ദരമായ പ്രദേശമാണ് മാമ്പഴത്തറ. കൊല്ലം ജില്ലയിൽ തെൻമലയ്ക്കടുത്താണ് ഈ അറിയാഗ്രാമം. 

Mampazhathara-travel

കൊല്ലം- പുനലൂർ-തെൻമല വഴിയിലെ കാഴ്ചകൾ പറയാതെ അറിയാമല്ലോ… പുനലൂരിലെ തൂക്കുപാലം, പുനലൂർ- ചെങ്കോട്ട റയിൽപ്പാതയിലെ കണ്ണറപ്പാലങ്ങൾ, തെൻമലയിലെ കാടുംഇക്കോടൂറിസം സെന്ററും തുടങ്ങി കാഴ്ചകൾ ഒട്ടേറെയുണ്ട് ഈ റൂട്ടിൽ. അതുകൊണ്ടുതന്നെ രണ്ടുദിവസത്തെ യാത്ര പ്ലാൻ ചെയ്ത് തെൻമലയിലെത്തുന്നവർ മാമ്പഴത്തറയിലേക്കൊരു ഡ്രൈവ് കൂടി നടത്തുന്നത് രസകരമായിരിക്കും. 

മുൻപു മീറ്റർഗേജ് ആയിരുന്ന തീവണ്ടിപ്പാത ഇപ്പോൾ സാധാരണമട്ടിലാക്കിയിട്ടുണ്ട്. അതിസുന്ദരമായ കണ്ണറപ്പാലങ്ങൾ സിമന്റ് തേച്ച് കുളമാക്കിയിട്ടുമുണ്ട്. 

Mampazhathara-travel3

വഴിയിങ്ങനെ 

തെൻമലയിൽനിന്നു കേരള-തമിഴ്നാട് അതിർത്തിയിലേക്കുള്ള വഴിയിൽ കഴുതുരുട്ടി റയിൽവെസ്റ്റേഷനു താഴെയുള്ള ടണലിലൂടെ അപ്പുറം കടന്ന് അമ്പനാട് ഹിൽസ് റോഡിൽത്തന്നെ പോകുക. എസ്റ്റേറ്റുകളിലൂടെയുള്ള വഴിയാണിത്. വാഹനം നെടുമ്പാറ എന്ന ചെറിയ മുക്കവലയിലെത്തും. അവിടെനിന്ന് ഇടത്തോട്ട്.   ഇനിയാണ് മാമ്പഴത്തറയുടെ കാഴ്ചകൾ കണ്ടുതുടങ്ങുക. 

Mampazhathara-travel8

ഇരുവശത്തും പൈനാപ്പിൾ കൃഷിയുള്ള കുന്നുകൾ. അകലെ പച്ചപ്പാർന്ന മല.  സന്യാസിമലയാണത്.     ഓടുമേഞ്ഞ കെട്ടിടങ്ങൾക്കുപിന്നിൽ മൂന്നാറിനെയൊക്കെ അനുസ്മരിപ്പിക്കുന്ന പച്ചച്ചെരിവുകൾ.  ഇസ്ഫീൽഡ് എസ്റ്റേറ്റിന്റെ ഭാഗമാണിവ. വാഗമണ്ണിലെയോ ഊട്ടിയിലെയോ മൊട്ടക്കുന്നുകൾ പോലെയുണ്ട് ഇവിടത്തെ പ്രകൃതി. 

മാമ്പഴത്തറയിലെ കാഴ്ചകളെക്കാൾ ആസ്വദിക്കാനുള്ളത് അങ്ങോട്ടേക്കുള്ള വഴിയിലെ കാഴ്ചകളാണ് . റോഡിന്റെ ഇടതുവശത്ത് ചെറിയൊരു അരുവി. ഇരുവശത്തും കുന്നുകൾ… അരുവിക്ക് ആഴമില്ല. അതുകൊണ്ടുതന്നെ ഇറങ്ങിക്കുളിക്കാം. ശുദ്ധജലമാണ്.ആരുമുണ്ടാകാറില്ല ഈ റോഡിൽ. എന്നാൽ… മുൻപ് ആര്യങ്കാവുനിന്ന് തിരുവനന്തപുരത്തേക്ക് ഇതായിരുന്നു പ്രധാനവഴി.  തെൻമല-പുനലൂർ റോഡ് അന്നില്ലായിരുന്നു. 

Mampazhathara-travel4

ആ പ്രതാപകാലത്ത് വഴിയരുകിൽ ഒട്ടേറെ മാവുകൾ നിന്നിരുന്നു എന്നൊരു നാട്ടുകാരൻ ഓർത്തെടുത്തു. അതുകൊണ്ടാണ് മാമ്പഴത്തറ എന്ന പേരുവന്നതത്രേ.റോഡ് പിന്നെയും എസ്റ്റേറ്റുകളിലൂടെയാണ് പോകുന്നത്. 

ഗൂഗിളിൽ ഈ റൂട്ട് കാണിക്കുകയില്ലെങ്കിലും മാമ്പഴത്തറ എന്ന വ്യൂപോയിന്റ് കാണാം. മാമ്പഴത്തറ യാത്രയിൽ ഏറ്റവും മനോഹരമായ സ്ഥലമാണിത്.    ഒരു ചെറിയ ചുരം പോലെ ഉയർന്ന സ്ഥലം. ഇടതുവശത്ത് കൊടും കാട്. അവിടെനിന്ന്  ആന ഇല്ലിക്കാട് ഒടിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. ഒരു ഓട്ടോക്കാരൻ ആനയുണ്ടാകും എന്നു മുന്നറിയിപ്പും തന്നു. ആ വളവിനപ്പുറം വഴി താഴേക്കു പോകുന്നു. അകലെ പൈനാപ്പിൾ കൃഷിക്കായി വെട്ടിത്തെളിച്ചിട്ട സ്ഥലം കാണാം. 

Mampazhathara-travel10

നീലമലകൾക്കിടയിൽ കാണുന്ന മൺനിറമാണ്  മാമ്പഴത്തറ ഗ്രാമത്തിന്റെ സൂചന.   മറ്റുള്ളിടത്തെല്ലാം മണ്ണിനെ പൊതിഞ്ഞുപിടിക്കുന്ന പച്ചപ്പ്.  വിഡിയോയിൽ ഈ പാതയുടെ മനോഹാരിത കണ്ടറിയാം.

കാടിനോടു ചേർന്നാണ് റോഡ്. ആന വന്നാൽപ്പോലും കാണാത്തത്ര  ഉയരത്തിലാണ് വള്ളിപ്പടർപ്പുകൾ.   കാടിനോടു ചേർന്ന   നാട്ടുവഴി. ഇടയ്ക്ക് ചോലക്കാടുകളിലൂടെയാണ് റോഡ് പോകുന്നത്. അന്നേരം  ഇരുട്ടും കുളിർമയും  നമ്മളെ മൂടും. അവിടെ ഇറങ്ങരുത്. 

Mampazhathara-travel7

പലയിടത്തും മരങ്ങളും  വൻപാറകളും മറിഞ്ഞ് റോഡിലേക്കു കിടപ്പുണ്ടായിരുന്നു.    കാടിനുള്ളിലെ വഴി കഴിഞ്ഞാൽ നമ്മൾ   മുകളിൽനിന്നു കണ്ട മൺനിറമുള്ള സ്ഥലത്തെത്തും.   മലകൾക്കു നടുവിലൊരു കൃഷിസ്ഥലം.  പൈനാപ്പിൾ കൃഷി തന്നെയാണിവിടെയും.  ആനകളെ തടയാൻ വൈദ്യുതവേലിയുണ്ട്. ഓടുമേഞ്ഞ ലായങ്ങൾ കണ്ട് വീണ്ടും എസ്റ്റേറ്റ് വഴിയിലൂടെ നമുക്കു പോകാം.  റബർ എസ്റ്റേറ്റിനു പോലും അതീവ ഭംഗിയുണ്ട്.  നാഗമലൈ എന്ന എസ്റ്റേറ്റിനുള്ളിലൂടെയാണു റോഡ്.  മാമ്പഴത്തറയിൽ എസ്റ്റേറ്റുകളാണ് കാഴ്ച.  അവയ്ക്കുള്ളിൽ അവിടവിടെയായി ചിതറിക്കിടപ്പാണ് ഗ്രാമം. കുറവൻതാവളം,  നെടുമ്പാറ എന്നിങ്ങനെ കൗതുകമുള്ള പേരുകൾ ബോർഡുകളിൽ കാണാം. 

ശ്രീ ഭഗവതി അമ്മൻ കോവിൽ എന്ന കൽക്ഷേത്രം കാണാതെ പോരരുത്.  രണ്ടായിരം പഴക്കമുണ്ടാകുമെന്നു ചുറ്റുപാടുള്ളവർ അനുമാനിക്കുന്നു.  അമ്പലത്തിന്റെ മുന്നിൽ കാടാണ്. അമ്പലത്തിനുള്ളിലേക്കു കയറിയാലോ….   കൽനിർമിതികൾക്കുള്ളിൽ ചതുരത്തിൽ ശ്രീകോവിൽ. ഭിത്തികളോടു ചേർന്ന് കൽത്തൂണുകളുള്ള ചെറുവരാന്തകൾ… 

കാടിനെ പേടിക്കാതെ ഇതിനുള്ളിൽ കഴിയാം. കൽഭിത്തിയിൽ കൊത്തുപണികളുണ്ട്.  

ജനൽപോലും കല്ലുകൊണ്ടു കൊത്തിയവയാണ്. 

പ്രാചീനലിപികൾ രേഖപ്പെടുത്തിയിട്ടുണ്ട് പലയിടങ്ങളിലും. പുരാവസ്തുവകുപ്പിന്റെ ശ്രദ്ധ പതിയേണ്ട സ്ഥലമാണിത്. പഠനങ്ങൾ നടക്കുകയും വേണം. തമിഴ്നാട്ടിൽ വന്നുകൂടിയ സൗരാഷ്ട്രക്കാരുടെതായിരുന്നു ക്ഷേത്രംഎന്നു നാട്ടുകാർ. ശ്രീ അയ്യപ്പന്റെ വധുവാണെന്നു സങ്കൽപ്പമുള്ള പുഷ്കലാദേവിയാണ് പ്രതിഷ്ഠ എന്നും അവർ കൂട്ടിച്ചേർക്കുന്നു. അമ്പത്തിൽനിന്നു മുന്നോട്ടുപോയാൽ കാടാണ്. അതിലൂടെയാണ് പഴയ വഴി പോകുന്നത്. നമ്മൾക്കു തിരിച്ചുപോരാം. കാരണം, സാഹസികമായ യാത്രയാകും ആ കാട്ടിലൂടെ. അച്ചൻകോവിൽ കാടാണ് അപ്പുറത്തുള്ളത്.  

ഫൊട്ടോഗ്രഫർമാർക്ക് ഇതൊരു ഇഷ്ടസ്ഥലമായിരിക്കും. കാരണം അമ്പലത്തിനടുത്തു തന്നെയുണ്ട് കോഴിവേഴാമ്പൽ അടക്കമുള്ള പക്ഷികൾ… 

ഒരു ചെറു ഡ്രൈവ് കൊണ്ടു മനസ്സുനിറയ്ക്കുന്ന സ്ഥലമാണ് മാമ്പഴത്തറ. തിരികെ കഴുതുരുട്ടിയിൽചെന്ന് നിങ്ങളുടെ പതിവു സെന്ററുകളായ പാലരുവി വെള്ളച്ചാട്ടം, തെൻമല ഇക്കോ ടൂറിസം സെന്റർ എന്നിവ കാണാൻപോകാം. 

 

റൂട്ട് 

Mampazhathara-travel2

എറണാകുളം- പുനലൂർ  165 കിലോമീറ്റർ

പുനലൂർ- കഴുതുരുട്ടി 26 കിലോമീറ്റർ

കഴുതുരുട്ടി-മാമ്പഴത്തറ- 8 കിലോമീറ്റർ

കൊല്ലം ജില്ലയിൽ തെൻമല ഗ്രാമപഞ്ചായത്തിലാണ് മാമ്പഴത്തറ. 

നല്ല യാത്രാപദ്ധതി

എവിടെയും ഇറങ്ങാതെ ഒരു ഡ്രൈവ് പോകണം എന്നാഗ്രഹമുള്ളവർക്ക് മാമ്പഴത്തറ നല്ലൊരു ഡെസ്റ്റിനേഷൻ ആയിരിക്കും.  ഒരു ദിവസം കൊണ്ടു പോയിവരാം. മാന്ന്പഴത്തറയിൽ താമസസൗകര്യമില്ല. തെൻമലയിലോ മറ്റോ താമസിക്കാം. 

ആഹാരം തെൻമലയിൽനിന്നു വാങ്ങിപ്പോകണം.  പിന്നെ മാമ്പഴത്തറയിൽ വേസ്റ്റ് ഇട്ടു പോരരുത് എന്നു പ്രത്യേകം പറയുന്നില്ല. ശ്രദ്ധിക്കേണ്ട കാര്യം-  ഉച്ചകഴിഞ്ഞ് മാമ്പഴത്തറയിൽനിന്നു തിരിച്ചുപോരുംവിധം യാത്ര പ്ലാൻ ചെയ്യുക. എസ്റ്റേറ്റ് റോഡിലൂടെ വൈകിയുള്ള യാത്ര അപകടകരമാണ്. ഇന്ധനം ആവശ്യത്തിനു തെൻമലയിൽനിന്നോ മറ്റോ നിറയ്ക്കുക. 

 

English Summary: Best Road Trip in Kerala Thenmala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com