മഞ്ഞും കുളിരുമായി കാന്തല്ലൂരും മറയൂരും; ക്രിസ്മസ് യാത്ര ഇവിടെയാക്കാം

kanthaloor-mmarayoor-trip
SHARE

മഴയും മഞ്ഞും ഇടചേര്‍ന്ന് കാഴ്ചയുടെയും കുളിരിന്‍റെയും ആഘോഷമൊരുക്കുകയാണ് കേരളത്തിലെ പ്രധാന ടൂറിസ്റ്റ് ഹില്‍സ്റ്റേഷനുകളായ മറയൂരും മൂന്നാറും കാന്തല്ലൂരുമെല്ലാം. സഞ്ചാരികള്‍ നിരവധിയാണ് ഇപ്പോള്‍ ഇവിടേക്ക് വന്നെത്തിക്കൊണ്ടിരിക്കുന്നത്. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ മാത്രമല്ല, ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ടൂറിസം പുനരാരംഭിച്ചതിന്‍റെ സന്തോഷത്തിലാണ് റിസോര്‍ട്ട്, ഹോംസ്റ്റേ ഹോട്ടലുകള്‍ മുതലായവയും. 

ഇടുക്കി ജില്ലയിലെ ലോക പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രവും മലയാളികളുടെ സ്വകാര്യ അഭിമാനവുമായ മൂന്നാറിൽ നിന്നും നാല്പത് കിലോമീറ്റർ അകലെയാണ് മറയൂർ. ശർക്കരയുടെയും ചന്ദനക്കാടുകളുടെയും നാട്. മൂന്നാർ വഴിയും പൊള്ളാച്ചിയിൽ നിന്നും ഉദുമൽപേട്ട ചിന്നാർ വഴിയും ഇവിടെ എത്തിച്ചേരാം. ചുറ്റും കോട്ട പോലെ ഉയർന്നു നിൽക്കുന്ന മലകളാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. എങ്ങും നിറയുന്ന പച്ചപ്പും ഗ്രാമീണതയുടെ വശ്യസൗന്ദര്യവും മൂടല്‍മഞ്ഞും മനസ്സു നിറയ്ക്കുന്ന അനുഭൂതിയാണ് സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്.

വിശാലമായ കരിമ്പിൻപാടങ്ങളും ചുറ്റും അതിരിടുന്ന കരിനീലമലകളും തട്ടുതട്ടായ കൃഷിയിടങ്ങളും ചന്ദനക്കാടുകളും ചരിത്ര ശേഷിപ്പുകളായ മുനിയറകളും ശർക്കര കുറുക്കിയെടുക്കുന്ന കുടിലുകളുമെല്ലാം മറയൂരിന്‍റെ മുഖമുദ്രയായ കാഴ്ചകളാണ്. ഒറ്റയ്ക്കോ കൂട്ടുകാര്‍ക്കൊപ്പമോ കുടുംബത്തിനൊപ്പമോ ഒക്കെയുള്ള യാത്രകള്‍ക്ക് അനുയോജ്യമാണ് ഇവിടം. 

പാണ്ടിനാട്ടിൽ നിന്നും രാജകോപം ഭയന്ന്‌ കൊടൈക്കാടുകൾ കയറി മറഞ്ഞിരിക്കാനൊരിടം തേടി അലഞ്ഞു തിരിഞ്ഞു നടന്ന പല ജാതികളിൽപ്പെട്ട ആളുകളായിരുന്നത്രേ മറയൂരിലെ പൂര്‍വികര്‍. അവര്‍ അഞ്ചുനാട്ടുപാറയിൽ ഒത്തുചേർന്ന്, ഇനി ഒരൊറ്റ ജാതിയായി ജീവിക്കുമെന്ന് പാലിൽതൊട്ട്‌ സത്യം ചെയ്തു. അങ്ങനെ ഒറ്റ ജാതിയായി മാറിയ അവർ അഞ്ച്‌ ഊരുകളുണ്ടാക്കി അഞ്ചുനാട്ടുകാരായി ജീവിച്ചു എന്നാണ് കഥ. മറയൂർ, കാരയൂർ, കീഴാന്തൂർ, കാന്തല്ലൂർ, കൊട്ടക്കുടി എന്നിവയാണ്‌ ഈ അഞ്ചുനാടുകൾ. അതുകൊണ്ടുതന്നെ അഞ്ചുനാട്‌ എന്നും മറയൂരിനു പേരുണ്ട്. മറയൂരിനെപ്പോലെ തന്നെ ജനപ്രീതിയാര്‍ജ്ജിച്ച ടൂറിസ്റ്റ് കേന്ദ്രമാണ് കാന്തല്ലൂരും.

മറയൂരിൽ നിന്നും ഏകദേശം മുപ്പത്തിരണ്ട് കിലോമീറ്റർ അകലെയാണ് കാന്തല്ലൂർ. ഓറഞ്ച് തോട്ടങ്ങളും ആപ്പിൾ കായ്ക്കുന്ന പറമ്പുകളും പാഷൻ ഫ്രൂട്ടും കാബേജും വെളുത്തുള്ളിയും വിളയുന്ന പാടങ്ങളുമെല്ലാം ഇവിടത്തെ കാഴ്ചകളാണ്. കരിമ്പിൻ നീര് ഊറ്റിയെടുത്ത് ശർക്കരയുണ്ടാക്കുന്ന ഫാക്ടറികളും ഇവിടെ കാണാം. മറയൂരില്‍ ഉള്ളതുപോലെ ഇവിടെയുമുണ്ട് മുനിയറകള്‍. വനംവകുപ്പിന്‍റെ സംരക്ഷണത്തിലാണ് ഇവ.

ചിന്നാർ ട്രക്കിങ്, മന്നവൻചോല ട്രക്കിങ്, തൂവാനം ട്രക്കിങ്, വ്യൂ പോയിന്റ്‌ ട്രക്കിങ് തുടങ്ങി വനം വന്യജീവി വകുപ്പിന്‍റെ വിവിധ യാത്രാ പരിപാടികളും മറയൂരില്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. മൂന്നാറിലും കാന്തല്ലൂരിലും മറയൂരിലുമെല്ലാം ക്രിസ്മസ്, പുതുവത്സര അവധിക്കാലവുമായി ബന്ധപ്പെട്ട് താമസസ്ഥലങ്ങള്‍ മിക്കതും മുന്‍കൂട്ടി ബുക്കിംഗ് ചെയ്ത് കഴിഞ്ഞു. സഞ്ചാരികള്‍ക്കായി വിവിധ ആഘോഷ പരിപാടികളും ഓഫറുകളും പലയിടങ്ങളിലും ഒരുക്കിയിട്ടുണ്ട്.

English Summary:Best Places to Spend Christmas: Kanthalloor and Marayoor

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA