അപകടങ്ങൾ പാഠമാകട്ടെ; നെല്ലിയാമ്പതിയിലേക്ക് പോകും മുമ്പ് ശ്രദ്ധിക്കാം

Nelliyampathy
SHARE

മേഘങ്ങളാല്‍ വലയം ചെയ്യപ്പെട്ട കൊടുമുടികള്‍ കാവല്‍ നില്‍ക്കുന്ന മനോഹര ഇടം. ഗംഭീരമായ പത്ത് ഹെയര്‍പിന്‍ വളവുകള്‍ കയറിച്ചെന്നാല്‍ കാണുന്നത് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഏറ്റവും മനോഹരമായ ദൃശ്യങ്ങളിലൊന്നാണ്. തേയിലയും കാപ്പിയും ഓറഞ്ചും വിളഞ്ഞുനില്‍ക്കുന്ന എസ്‌റ്റേറ്റുകളുടെ നടുവിലൂടെ തണുത്ത കാറ്റേറ്റ് ഒരു യാത്ര നടത്തണമെന്ന് തോന്നിയാല്‍ നേരെ വിട്ടോ നെല്ലിയാമ്പതിയിലേക്ക്. സഞ്ചാരപ്രിയരായ മലയാളികള്‍ക്ക് നെല്ലിയാമ്പതിയെക്കുറിച്ച് അധികം പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. തണുപ്പുകാലം ആരംഭിച്ചതിനാല്‍ ഇപ്പോഴാണ് ഇവിടേക്ക് പോകാന്‍ ഏറ്റവും മികച്ച സമയം. അവധിദിവസങ്ങള്‍ മനോഹരമാക്കാന്‍ നെല്ലിയാമ്പതിയിലേക്ക് ഒരു ട്രിപ്പടിച്ചാലോ. 

പോകും മുമ്പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കാം   

നെല്ലിയാമ്പതി വര്‍ഷം മുഴുവന്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന വിനോദസഞ്ചാരകേന്ദ്രമാണ്. സീതാര്‍ കുണ്ടാണ് നെല്ലിയാമ്പതിയുടെ മറ്റൊരു പ്രധാന ആകര്‍ഷണം. ഈയടുത്തകാലത്തായി ഇവിടെ നടന്ന അപകടങ്ങളുടെ പേരില്‍ ഇവിടം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ശരിക്കുമിത് ഒരു വെള്ളച്ചാട്ടവും വ്യൂപോയിന്റും ചേര്‍ന്നയിടമാണ്. ഒരു തേയിലത്തോട്ടത്തിന് അറ്റത്തായി സ്ഥിതിചെയ്യുന്ന സീതാര്‍കുണ്ട്, അത്യന്തം അപകടം നിറഞ്ഞ സ്ഥലമാണ്. സീതാര്‍കുണ്ട് വ്യൂപോയിന്റ് മുതല്‍ ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ എവിടെ നിന്നാലും താഴ്വരയുടെ ഭംഗിയാസ്വദിക്കാം. കൊക്കയോട് അടുത്ത് പോയി നിന്ന് കാഴ്ച്ചകള്‍ കാണരുത്.ചാഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ക്കൊന്നും ബലമില്ലാത്തതിനാല്‍ അതില്‍ ചാരിനിന്നുള്ള ഫോട്ടോയെടുക്കലും ഒഴിവാക്കുക. 

Nelliyampathy1

നെല്ലിയാമ്പതിയിലെ കാഴ്ചകൾ

ഈ ഹില്‍ സ്റ്റേഷന്‍ സമുദ്രനിരപ്പില്‍ നിന്ന് 1,600 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. 10 ഹെയര്‍പിന്‍ വളവുകള്‍ കടന്നുവേണം ഇവിടെയെത്താന്‍. ഈ വളവുകളിലൂടെയുള്ള യാത്രയില്‍, പോത്തുണ്ടി ഡാമിന്റെ വിസ്മയകരമായ കാഴ്ചകളും ഒപ്പം സമീപത്തെ വന്യജീവികളുടെ സമൃദ്ധിയുടെ നേര്‍ക്കാഴ്ചയും ആസ്വദിക്കാനാകും.

റോഡ് മാര്‍ഗം നെല്ലിയാമ്പതിയില്‍ എത്താന്‍ ആഗ്രഹിക്കുന്ന സന്ദര്‍ശകര്‍ക്ക്, ഈ മനോഹരമായ ഹില്‍ സ്റ്റേഷന്റെ അടുത്തുള്ള പട്ടണമായ നെന്‍മാറയിലൂടെ കടന്നുപോകുന്ന എന്‍എച്ച് 47 പിന്തുടരാം. കേരളത്തിലെ പ്രധാന നഗരങ്ങളുമായും വിനോദസഞ്ചാര കേന്ദ്രങ്ങളുമായും നെല്ലിയാമ്പതിയ്ക്ക് നല്ല ബന്ധമുണ്ട്. അടുത്തുള്ള അന്യസംസ്ഥാന നഗരങ്ങളായ ബെംഗളൂർ, ചെന്നൈ, കോയമ്പത്തൂര്‍, മൈസൂര്‍, എന്നിവിടങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് സ്ഥിരമായി ഈ റൂട്ടില്‍ പോകുന്ന സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ ബസുകള്‍ വഴിയും നെല്ലിയാമ്പതിയില്‍ എത്തിച്ചേരാം.

ഇടതൂര്‍ന്ന കന്യകാവനങ്ങള്‍, മേഘം ചുംബിച്ച കൊടുമുടികള്‍, ഹൃദയസ്പര്‍ശിയായ തേയില ഓറഞ്ച് തോട്ടങ്ങള്‍ എന്നിവയാല്‍ അലങ്കരിച്ച നെല്ലിയാമ്പതി മറ്റൊരു ഊട്ടിയായും സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുന്നു.നെല്ലിയാമ്പതി ഒരു സാഹസിക കേന്ദ്രം കൂടിയാണ്. ബോട്ടിംഗ്, ട്രെക്കിംഗ് തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ഇവിടെയത്തുന്ന സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

പ്ലാന്റേഷന്‍ വാക്ക്: മനോഹരമായ തേയില, കോഫി, സുഗന്ധവ്യഞ്ജന തോട്ടങ്ങള്‍ എന്നിവയാല്‍ സമ്പന്നമായ ഈ ഹില്‍ സ്റ്റേഷന്‍ പ്ലാന്റേഷന്‍ നടത്തം ആരംഭിക്കുന്നതിനുള്ള ഒരു മികച്ച സ്ഥലമാണ്. ഈ നടത്തങ്ങളിലൂടെ സന്ദര്‍ശകര്‍ക്ക് നെല്ലിയാമ്പതിയുടെ സൗന്ദര്യത്തോട് കൂടുതല്‍ അടുക്കാന്‍ കഴിയും.നല്ല വിളഞ്ഞുനില്‍ക്കുന്ന ഓറഞ്ച് തോട്ടത്തിലൂടെ നടക്കുന്നത് ഒന്ന് സങ്കല്‍പ്പിച്ചുനോക്കിയാല്‍ തന്നെ ഈ മനോഹരയിടത്തിന്റെ അവര്‍ണ്ണനീയമായ സൗന്ദര്യം മനസ്സിലേക്ക് ഒഴുകിയെത്തും. 

നെല്ലിയാമ്പതിയിലെ തേയിലതോട്ടം കഴിഞ്ഞാല്‍ പിന്നെ വനമേഖലയാണ്. വ്യൂപോയിന്റിലും കേശവന്‍പാറയിലും മാന്‍പാറയിലും സുരക്ഷ ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ അപകടം മുന്നില്‍ കണ്ടുവേണം പ്രകൃതിഭംഗി ആസ്വദിക്കാന്‍. പശ്ചിമഘട്ടത്തിന്റെ മടിയില്‍ വിദാനിച്ചുകിടക്കുന്ന നെല്ലിയാമ്പതി കുന്നുകളുടേയും താഴ്വാരങ്ങളുടേയും അതിഗംഭീരമായ ദൃശ്യം ആസ്വദിക്കാന്‍ വേണ്ടത് ഒരല്‍പ്പം ജാഗ്രതയും പ്രകൃതിയോടുള്ള അടങ്ങാത്ത പ്രണയവും മാത്രമാണ്.

English Summary: Nelliyampathy Travel Guide

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA