മഞ്ഞുകണ്ടുറങ്ങാൻ മരവീട് ;മൂന്നാറിനടുത്ത് ചെലവു കുറഞ്ഞ താമസം

Budget-Homestay-in-near-Munnar3
SHARE

വലിയൊരു മരത്തിന്റെ മുകളിലാണ് ആ വീട്.  മൂന്നാറിന്റെ കവാടമായ പള്ളിവാസലിൽ ഏലക്കാടുകൾക്കു തണൽ പരത്തിനിൽക്കുന്ന വൻമരങ്ങളിലൊന്നിൽ. ഉച്ചയോടെ ഞങ്ങളെത്തുമ്പോൾ കോടമഞ്ഞിന്റെ നാടകത്തിരശീല മാറ്റാനുള്ള ആദ്യബെൽ മുഴങ്ങിയിരുന്നു. കുന്നിൻചെരിവിൽനിന്ന് കാലാവസ്ഥയുടെ റിഹേഴ്സൽ കണ്ടുകൊണ്ട് ആ വടമരത്തിന്റെ മുന്നിലെ വിശാലമായ മുറ്റത്ത് ബാർബിക്യു ഗ്രില്ലുകൾക്കു താഴെ കനലെരിയാൻ തുടങ്ങി.  ഇത്രയും ആമുഖമായി പറഞ്ഞില്ലെങ്കിൽ ആ സുന്ദരമായ സ്ഥലത്തോടു ചെയ്യുന്ന അനീതിയാകും. 

Budget-Homestay-in-near-Munnar4

പള്ളിവാസലും മൂന്നാറും തമ്മിൽ വലിയ ദൂരവ്യത്യാസമില്ല. അതുകൊണ്ടുതന്നെ മൂന്നാറിന്റെ തിരക്കിൽനിന്നുമാറി താമസിക്കുമ്പോൾ തന്നെ അതേ കാലാവസ്ഥയും കാഴ്ചയും പള്ളിവാസലിലും ലഭ്യം. തേയിലക്കാടുകളുടെനിറഞ്ഞ പച്ചപ്പുകൾക്കിടയിലൂടെ ചാറ്റൽമഴയേറ്റു കിടന്നിരുന്ന റോഡിൽ സഞ്ചാരികളുടെ തിരക്ക്.  പള്ളിവാസൽ ഫോറസ്റ്റ് ഓഫീസിനു മുന്നിലൂടെയാണ് റിസോർട്ടിലേക്കുള്ള വഴി. കുത്തനെയാണിത്. അതുകൊണ്ടുതന്നെ ആദ്യമേ ഫസ്റ്റ്ഗീയറിൽ കയറണം. ചെറിയ വാഹനവും കയറും. 

കുന്നിൻചരുവിലെ ആ മൈതാനത്തു വാഹനം പാർക്ക് ചെയ്യാം.  മുപ്പതുപേരുടെ സംഘത്തിനു വരെ താമസിക്കാവുന്ന ഒരു വലിയ വീട് താഴെയുണ്ട്. ക്യാംപസുകളിൽനിന്നോ, ക്ലബുകളിൽനിന്നോ ഒക്കെയുള്ള വലിയ സംഘത്തിന്റെ യാത്രയ്ക്ക് അനുയോജ്യമാണ് ഈ സ്ഥലം.  അതിന്റെ മുറ്റത്തിരുന്നാൽ മൂന്നാറിലെ നീലമലകൾ കാണാം. 

Budget-Homestay-in-near-Munnar

മൈതാനത്തിന്റെ അങ്ങേയറ്റത്ത് തലയുയർത്തിനിൽക്കുന്നൊരു വടവൃക്ഷം. പാറയെ പുണർന്നു നിൽക്കുന്ന വൻമരത്തിന്റെ ഒരു ശിഖരത്തിനുമുകളിലാണ് മരവീട് അഥവാ മച്ചാൻ.  ഏലച്ചെടികൾക്കരികിലൂടെ നടന്ന് ഇരുമ്പുഗോവണി കയറി ചെറിയ പൂമുഖത്തുനിന്നാൽ അകലെ ഇടുക്കി ഡാമിന്റെ ലൈറ്റുകൾ കാണാം. ബെഡ്റൂമിനപ്പുറത്തെ ബാൽക്കണിയിൽ മച്ചാൻമാരുമായി സല്ലപിച്ചിരിക്കാം. യൂറോപ്യൻ രീതിയിൽ അറ്റാച്ച്ഡ് ബാത്ത്റൂം സൗകര്യവുമുണ്ട്. 

Budget-Homestay-in-near-Munnar5

ചിക്കൻ വേവുന്നതിന്റെ ഗന്ധം പിടിച്ചിട്ടാണോ എന്തോ മഞ്ഞ് ഇത്തവണ ബെല്ലടിച്ചു മുന്നറിയിപ്പു നൽകാതെയെത്തി.  കനത്ത മഞ്ഞ്. മരവീടും മരവും ഏതോ പെൻസിൽ ഡ്രോയിങ് ചെയ്തതുപോലെ കാണപ്പെട്ടു. പൂമുഖത്തെ നക്ഷത്രം മാത്രം വ്യക്തമായി കാണപ്പെട്ടിരുന്നു. മുടിഞ്ഞ തണുപ്പ് എന്നാരോ പറയുന്നുണ്ട്. തീയുടെ ചുറ്റുമിരുന്നിട്ടും തണുപ്പ് വിട്ടൊഴിയുന്നില്ല. മൂന്നാറിൽ ഒരു ഹോട്ടൽ മുറിയിൽ ഇരുന്നാൽഈ ഫീൽ കിട്ടുമോ…? സുഹൃത്ത് ക്രിസ്റ്റോയുടെ ചോദ്യം. ഇല്ലാശാനേ എന്നൊരു കോറസ് എല്ലാവരിൽനിന്നുമുയർന്നു. 

മലയുടെ മുകളിൽ ചെറുകാടിന്റെ പ്രതീതിയുണർത്തുന്ന ഏലത്തോട്ടത്തിനുള്ളിൽ, മഞ്ഞേറ്റ്, സംഘാംഗങ്ങളോടൊപ്പം ക്യാംപ് ഫയർ സജ്ജീകരിച്ച് രാപ്പാർക്കാൻ മൂന്നാറിനടുത്ത് ഇതിനെക്കാളും നല്ല സ്ഥലം വേറെയുണ്ടോഎന്നൊരു ചോദ്യം മരവീടിന്റെ മുതലാളി രാജീവേട്ടന്റെ രണ്ടാം ചോദ്യം.   

Budget-Homestay-Munnar

രണ്ടു ഗുണങ്ങളാണ് ഈ സ്ഥലത്തിനുള്ളത്. ഒന്ന് സ്വകാര്യത ഏറെയുള്ള മരവീട്ടിൽ രാപ്പാർക്കാം.  രണ്ട്-  വലിയൊരു സംഘത്തിന് താമസിക്കാനാണെങ്കിൽ നല്ല അടച്ചുറപ്പുള്ള, ഫർണിച്ചർ-അടുക്കളപാത്രങ്ങളുള്ള, ബെഡ്ഡുകളുള്ള ഒന്നാന്തരം വീടും അടുത്ത്. 

Budget-Homestay-in-near-Munnar2

മൂന്നാറിന്റെ തിരക്ക് അനുഭവിക്കേണ്ട, മഞ്ഞ് അനുഭവിക്കുകയും ചെയ്യാം. ഭക്ഷണം പാചകം ചെയ്യുന്ന സഞ്ചാരികൾക്ക് ആ വിശാലമായ മുറ്റം ഇഷ്ടപ്പെടും. 

ശ്രദ്ധിക്കേണ്ടത്-

ചെറിയ കുഞ്ഞുങ്ങളുമായി ഹട്ടിൽ താമസിക്കാം. പക്ഷേ, സൂക്ഷിക്കണം. 

ആഹാരം പള്ളിവാസലിൽനിന്നു വാങ്ങണം. വെള്ളവും ആവശ്യത്തിനു സംഭരിക്കണം. 

റൂം ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ

9947250878 (രാജീവ്)

English Summary: Munnar Budget Homestay

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA