ADVERTISEMENT

ഇടുക്കി എന്നും കാഴ്ചക്കാരിൽ കുളിർ നിറയ്ക്കുന്ന നാടാണ്. പുറംലോകത്തിന് അറിയാവുന്നതും അറിയാപ്പെടാത്തുമായ ഒരുപാടു സുന്ദര സ്‌ഥലങ്ങൾ ഇടുക്കിയുടെ പ്രത്യേകതയാണ്. സഞ്ചാരികളെ കാത്തുനിൽക്കുന്ന കാൽവരി മൗണ്ടും അഞ്ചുരുളിയും രാമക്കൽമേടും വാഗമണ്ണും എന്നിങ്ങനെ എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളാണ് ഇടുക്കിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇൗ സുന്ദരകാഴ്ചകൾക്കപ്പുറം സഞ്ചാരികളെ കാത്ത് അറിയപ്പെടാത്ത സുന്ദരയിടങ്ങളുമുണ്ട്. ദൂരക്കാഴ്ചകളുടെ വിരുന്നൊരുക്കി മാക്ക് പാറ സഞ്ചാരികൾക്കായി കാത്തിരിക്കുന്നു.

സദാസമയവും തഴുകുന്ന നേർത്ത കാറ്റും കാഴ്ചകളുടെ ഉത്സവവുമാണ് മാക്ക് പാറ വ്യൂ പോയിന്റ് സമ്മാനിക്കുന്നത്. കഞ്ഞിക്കുഴി വാഴത്തോപ്പ് പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന പാൽക്കുളം മേടും, ചുറ്റുവട്ടത്തുള്ള പഞ്ചായത്തിലെ ഗ്രാമങ്ങളിലെ ജനജീവിതത്തിന്റെ നേർക്കാഴ്ചയും പെരിയാർ തീരത്തെ കുടക്കല്ലും, കോടാലിപ്പാറയുമെല്ലാം സഞ്ചാരികളുടെ മനം കുളിർപ്പിക്കും.

അപൂർവ ഇനം കാട്ടുപൂക്കളുടെയും ഉരഗ വർഗത്തിൽ പെട്ട ജീവികളുടെയും ആവാസ കേന്ദ്രം കൂടിയാണ് മാക്ക് പാറ. ഇടുക്കി ജല വൈദ്യുതി പദ്ധതിയുടെ നിർമാണ കാലത്ത് കൂറ്റൻ യന്ത്രസാമഗ്രികളുമായി താരപരിവേഷത്തോടെ ഉച്ചത്തിലുള്ള ഹോൺ മുഴക്കി നിരന്തരം കിഴക്കൻ മല കയറി വന്ന ‘മാക്കിന്റെ’ രൂപസാദൃശ്യം ഉള്ളതു കൊണ്ടാണ് പാറയ്ക്ക് ഈ പേരു കിട്ടിയത്. ഇരുവശങ്ങളിലും അഗാധമായ ഗർത്തങ്ങളുള്ള മാക്ക് പാറയ്ക്കു ചുറ്റും വേലി സ്ഥാപിച്ച് സഞ്ചാരികൾക്ക് സുരക്ഷ ഒരുക്കണം. ഒപ്പം അടിസ്ഥാന സൗകര്യങ്ങളും ഒരുങ്ങിയാൽ ജില്ലയിലെ തന്നെ പ്രധാന ഗ്രാമീണ വിനോദ സഞ്ചാര കേന്ദ്രമായി മാറും.

എങ്ങനെ എത്താം

ആലപ്പുഴ – മധുര സംസ്ഥാന പാത കടന്നു പോകുന്ന കഞ്ഞിക്കുഴി വട്ടോൻ പാറയിൽ നിന്ന് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ വ്യൂ പോയിന്റിൽ എത്താം.

English Summary: Mak Rock View Point, a Hidden Gem in Idukki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com