30 കിലോമീറ്റർ ചുറ്റളവിൽ 7 വിനോദ സഞ്ചാരകേന്ദ്രങ്ങൾ: സംഭവമാണ് കാഞ്ഞിരപ്പള്ളി

tourist-destination-kanjirapalli3
SHARE

കാഞ്ഞിരപ്പള്ളി താലൂക്കിലെ മലയോര മേഖലയിലെ ജനങ്ങൾക്ക് പ്രകൃതിഭംഗി ആസ്വദിക്കാൻ ദൂരേക്ക് ഒന്നും പോകണമെന്നില്ല. ഒന്ന് കറങ്ങിത്തിരിഞ്ഞാൽ മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, എരുമേലി, പെരുവന്താനം, കൊക്കയാർ എന്നീ സ്ഥലങ്ങളിൽ 30 കിലോമീറ്റർ ചുറ്റളവിൽ ഏഴിലധികം വിനോദ സഞ്ചാര സ്ഥലങ്ങളുണ്ട്. വിവിധ പഞ്ചായത്തുകളിലായി കടലാസിൽ ഒതുങ്ങിയ ടൂറിസം പദ്ധതി വേറെയും. ഇവിടെ എന്തൊക്കെ കാണാനാകും? എന്തൊക്കെ സൗകര്യങ്ങൾ, അസൗകര്യങ്ങൾ? ഇവ തേടി ഒരു യാത്ര...

∙ ഹൈറേഞ്ചിന്റെ കവാടം തുറന്ന് തുടക്കം

മുണ്ടക്കയം ടൗണിൽ നിന്നു ദേശീയപാതയിൽ ഒരു കിലോമീറ്റർ സഞ്ചരിച്ച് 35–ാം മൈൽ മെഡിക്കൽ ട്രസ്റ്റ് റോഡിലൂടെ പോയാൽ രണ്ടു കിലോമീറ്റർ കഴിയുമ്പോൾ എസ്റ്റേറ്റിനു നടുവിലുള്ള ഗ്രാമമാണ് മണിക്കൽ. ആറു മാസങ്ങൾക്കു മുൻപ് ഇവിടെ വന്നിട്ട് വീണ്ടും വരുന്നവർ ആദ്യം ഒന്ന് ചോദിച്ചു പോകും ഇതേതാ സ്ഥലം? 

   അത്രയ്ക്ക് മാറി മണിക്കൽ. മൂന്നു റോഡുകൾ സംഗമിക്കുന്ന കവലയിൽ നടുവിൽ ഒരു ഗാന്ധി പ്രതിമ. കാട് പിടിച്ചു കിടന്ന പാലത്തിന്റെ വശങ്ങളിൽ പുതിയ വ്യാപാര സ്ഥാപനങ്ങൾ. അതിനു പിന്നിലായാണ് ഗ്രാമത്തിന്റെ വികസന സ്വപ്നങ്ങൾ തുറന്ന ലേക്ക് ആൻഡ് പാർക്ക്. ചെറിയ ആറ്റിൽ പെരുവന്താനം പഞ്ചായത്ത് തൊഴിലുറപ്പ് ജോലി വഴി നിർമിച്ച വലിയ തടയണയിൽ കായൽ പോലെ കെട്ടിനിൽക്കുന്ന ജലാശയം, അതിൽ പെഡൽ ബോട്ടും, കുട്ടവഞ്ചിയും ഒക്കെയാണ് ഇപ്പോൾ സഞ്ചാരികളുടെ ആകർഷണം.

tourist-destination-kanjirapalli1

അവഗണിക്കപ്പെട്ട് ഈ വെള്ളച്ചാട്ടങ്ങൾ

35–ാം മൈലിൽ നിന്നു കൊക്കയാർ വെംബ്ലി റൂട്ടിൽ സഞ്ചരിച്ചാൽ ഉറുമ്പിക്കര മലനിരകളുടെ താഴെ പാറക്കെട്ടുകളിൽ തഴുകി താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടമാണ് സഞ്ചാരികളുടെ സ്വർഗം. പാപ്പാനി, വെള്ളാപ്പാറ എന്നീ വെള്ളച്ചാട്ടങ്ങൾ കാടിനു നടുവിലെ അതിശയിപ്പിക്കുന്ന കാഴ്ചയാണ്. കോട്ടയം ജില്ലയുടെ അതിർത്തിയിൽ ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്തിലാണ് ഇൗ സ്ഥലം. വിനോദ സഞ്ചാരത്തിനുപരി സാഹസിക കളിസ്ഥലമാക്കാവുന്ന ഇവിടം പക്ഷേ, നാളുകളായി അവഗണനയിലാണ്. പാപ്പാനിയും വെള്ളാപ്പാറയും ഉറുമ്പിക്കര വിനോദസഞ്ചാര പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും തുടർനടപടികൾ ഇപ്പോഴും കാട് മൂടിക്കിടക്കുന്നു. സഞ്ചാരികളുടെ സുരക്ഷയ്ക്കായി പദ്ധതിയൊന്നും ഇവിടെയില്ല. മുണ്ടക്കയത്തു നിന്ന് 10 കിലോമീറ്റർ സഞ്ചരിച്ച് കൂട്ടിക്കൽ ചപ്പാത്ത് വഴിയും കൊക്കയാർ വെംബ്ലിയിൽ എത്താം.

ഉൗട്ടുപാറയിൽകാഴ്ചയുടെ വിരുന്ന്

എരുമേലിയിൽ നിന്നു പൊന്തൻപുഴ മേലേക്കവലയിലെത്തി ഇവിടെ നിന്ന് രണ്ടു കിലോമീറ്റർ നടന്നാൽ മലമുകളിലെ ഉൗട്ടുപാറയിലെത്താം. പേര് ഉൗട്ടുപാറ എന്നാണെങ്കിലും സഞ്ചാരികൾക്ക് ഇവിടം കാഴ്ചയുടെ വിരുന്നാണ് നൽകുന്നത്. മലമുകളിൽ പാറയുടെ മുകളിൽ നിന്നാൽ താഴ്‌വാരത്ത് കാണുന്ന കാഴ്ചകൾ എല്ലാം കൗതുകം തന്നെ. ചെറുവള്ളി എസ്റ്റേറ്റിലെ നിർദിഷ്ട വിമാനത്താവളം വരുന്ന സ്ഥലവും ഇവിടെ നിന്നു കാണാം. വൈകുന്നേരങ്ങളിൽ ഇപ്പോൾ സഞ്ചാരികളുടെ തിരക്കുണ്ട്. 

tourist-destination-kanjirapalli

സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ ടൂറിസം പ്രമോഷൻ കൗൺസിൽ ശ്രമം ആരംഭിച്ചു കഴിഞ്ഞു. വനം വകുപ്പിന്റെ നേതൃത്വത്തിൽ ട്രെക്കിങ് സൗകര്യവും ഒരുക്കിയാൽ ശ്രദ്ധിക്കപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രമാകും ഇൗ സ്ഥലം. ഇവിടെ നിന്നു തിരികെയുള്ള വഴിയിൽ എരുമേലിയിൽ നിന്നു 11 കിലോമീറ്റർ സഞ്ചരിച്ചാൽ പെരുന്തേനരുവിയിൽ എത്താം. കെഎസ്ഇബിയുടെ ഡാം, വൈദ്യുതി ഉൽപാദനം എന്നിവയാണ് പെരുന്തേനരുവിയുടെ പ്രത്യേകത എങ്കിലും സഞ്ചാരികൾക്ക് എന്നും ഇവിടം ജല കാഴ്ചകളിൽ സമ്പന്നമാണ്. ഇവിടെ നിന്നു ശബരിമല വനത്തിലൂടെ രണ്ട് കിലോമീറ്റർ സഞ്ചരിച്ചാലുള്ള പനംകുടന്ത അരുവികളും ഇപ്പോൾ സഞ്ചാരികളുടെ ഇഷ്ട സ്ഥലമായി മാറി. ആളുകൾ കൂടുതലായെത്തുന്നതോടെ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ വേണമെന്നും ആവശ്യമുണ്ട്.

∙ വാളക്കയം;

ഉല്ലാസത്തിന്റെ ഓളക്കയം

മണിമലയാറിന്റെ ഓളങ്ങൾക്കു മുകളിലൂടെ 

വഞ്ചിപ്പാട്ട് പാടി ഉല്ലസിക്കാൻ വഴി തുറക്കുകയാണ് വാളക്കയം ടൂറിസം പദ്ധതി. പൊൻകുന്നം ചിറക്കടവ് പഞ്ചായത്തിന്റെ 10–ാം വാർഡ് വാളക്കയത്താണ്‌ വിസ്മയമായി സായാഹ്ന പാർക്ക്. 

 മണിമല റോഡിൽ വാളക്കയം കവലയിൽ നിന്നു മണിമലയാറിന്റെ തീരത്തുള്ള പാതയുടെ ഇരുവശത്തുമാണ് പാർക്ക്. മണിമലയാറിന്റെ ഓളങ്ങൾക്കു മേൽ കരിമ്പുകയം ചെക് ഡാം വരെ തോണിയിൽ സഞ്ചരിക്കാ‍ൻ സൗകര്യം നടപ്പാക്കി വരികയാണ് ടൂറിസം വകുപ്പ്. 

അടുത്ത ബജറ്റിൽ പാർക്കിന് കൂടുതൽ തുക അനുവദിക്കുമെന്ന് എംഎൽഎ അറിയിച്ചു. കോവിഡ് കാലത്തിനു ശേഷം പാർക്ക് വീണ്ടും സജീവമായി. കുട്ടികൾക്കുള്ള വിനോദ സഞ്ചാരത്തിനായി കൂടുതൽ പദ്ധതികൾ തയാറാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പാമ്പൂരി അറിയിച്ചു.

English Summary: 7 Tourist Destinations in 30 km Radius

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA