കോടമഞ്ഞണിഞ്ഞ മൈക്രോവേവ് വ്യൂ പോയിന്‍റ്; ഇത് ഇടുക്കിയിലെ അധികം അറിയാത്ത യാത്രയിടം

Image
Image of Captured from Youtube
SHARE

ഇടുക്കി എന്ന മിടുക്കി സഞ്ചാരികള്‍ക്കായി കാത്തുവച്ചിരിക്കുന്നത് അനന്തമായ കാഴ്ചകളാണ്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇടുക്കിയുടെ സുന്ദരമായ പ്രദേശങ്ങള്‍ ഏറെക്കുറെ എല്ലാം സന്ദര്‍ശകരെക്കൊണ്ട് നിറഞ്ഞുകഴിഞ്ഞു. അത്രയധികം പ്രശസ്തമല്ലാത്തതും എന്നാല്‍ അതിമനോഹരവുമായ നിരവധിയിടങ്ങള്‍ ഇനിയും ഇടുക്കിയിലുണ്ട്. അത്തരത്തിലൊരു പ്രദേശമാണ് മൈക്രോവേവ് വ്യൂ പോയിന്‍റ്.

ഇടുക്കി ജില്ലയിൽ തൊടുപുഴയ്ക്കും ചെറുതോണിക്കും ഇടയിലായാണ് മൈക്രോവേവ് വ്യൂ പോയിന്‍റ് സ്ഥിതിചെയ്യുന്നത്. പൈനാവിൽ നിന്നും 2 കിലോമീറ്റർ മാത്രമാണ് ഇവിടേക്കുള്ള ദൂരം എന്നതിനാല്‍ എത്തിച്ചേരാന്‍ എളുപ്പമാണ്. പുൽമേടുകൾ നിറഞ്ഞതും നിബിഡ വനങ്ങളാൽ ചുറ്റപ്പെട്ടതുമായ ഈ പ്രദേശത്തേക്ക് ഈയിടെയായി കേട്ടറിഞ്ഞ് നിരവധി സഞ്ചാരികള്‍ എത്തിച്ചേരുന്നുണ്ട്.

ഓഫ്റോഡ്‌ യാത്രക്കാര്‍ക്ക് പറ്റിയ യാത്രയാണ് ഇതെന്ന് പറയാം. പ്രത്യേകിച്ചും ബൈക്കില്‍. ഇടുക്കിയുടെ കുളിരും കാറ്റുമെല്ലാം ആസ്വദിച്ച് ഹൈറേഞ്ചിലൂടെ വണ്ടിയോടിച്ച് പോകാം. കുയിലിമല കളക്ട്രേറ്റിനും പൈനാവിനും ഇടയിലുള്ള എൻജിനീയറിംഗ് കോളേജ് ജംഗ്ഷനിൽ എത്തിയ ശേഷം ഇടത്തേയ്ക്ക് തിരിഞ്ഞ  ശേഷം ആദ്യത്തെ വലത്ത് തിരിഞ്ഞു പോയാൽ വ്യൂ പോയിന്‍റിൽ എത്തിച്ചേരാം.

സൂര്യോദയവും അസ്തമയവും ഇവിടെ വളരെ സുന്ദരമായ കാഴ്ചകളാണ്. ഇടക്ക് ഭാഗ്യമുണ്ടെങ്കില്‍ ആനകളെയും കാണാം. ദൂരെയായി കോടമഞ്ഞില്‍ പൊതിഞ്ഞ ഇടുക്കി ഡാമിന്‍റെയും പച്ച പുതച്ച പര്‍വ്വത നിരകളുടെയും വിദൂര ദൃശ്യം ആരുടെയും മനം മയക്കും! സഞ്ചാരികള്‍ക്ക് ഇവിടേക്ക് കടന്നുവരണമെങ്കില്‍ പ്രത്യേകം ഫീസോ എൻട്രി പാസുകളോ ഒന്നുമില്ല എന്നതും മൈക്രോവേവ് വ്യൂ പോയിന്‍റിനോടുള്ള പ്രിയം കൂട്ടുന്നു. 

ഇതിനടുത്ത് തന്നെയാണ് വൈശാലി വ്യൂ പോയിന്റ്, ഇടുക്കി വന്യ ജീവി സങ്കേതം, ഇടുക്കി ഡാം തുടങ്ങിയവയും സ്ഥിതി ചെയ്യുന്നത്. ചിന്നാര്‍ വന്യജീവി സങ്കേതം, ചെറുതോണി ഡാം, ആനക്കര, കീഴാര്‍കുത്ത് വെള്ളച്ചാട്ടം എന്നിവയും അധികം അകലെയല്ല. 

സെപ്റ്റംബര്‍ മുതല്‍ മേയ് വരെയുള്ള തണുപ്പു സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

English Summary: Microwave View Point Idukki

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA