മഞ്ഞ് മാത്രമല്ല, മറയൂറിൽ പോയാൽ തീര്‍ച്ചയായും കണ്ടിരിക്കേണ്ട 7 സ്ഥലങ്ങൾ

marayoor-trip
മഞ്ഞിൽ പൊതിഞ്ഞ മറയൂർ
SHARE

മൂടല്‍മഞ്ഞും മഴയുമൊക്കെയായി മികച്ച കാലാവസ്ഥയാണ് ഇപ്പോള്‍ മറയൂരില്‍. അതുകൊണ്ടുതന്നെ ഇവിടേക്കുള്ള വിനോദ സഞ്ചാരികളുടെ തിരക്കും കൂടിയിട്ടുണ്ട്. സന്ദര്‍ശകരുടെ തള്ളിക്കയറ്റം കാരണം അവധിദിവസങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്യാത്തവർക്ക് താമസസൗകര്യം കിട്ടാത്ത അവസ്ഥയാണ് മറയൂരിലും സമീപത്തുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലും എന്നാണ് റിപ്പോര്‍ട്ടുകള്‍.

marayoor1
മറയൂർ കാഴ്ച

മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമൊക്കെ യാത്ര പോയിരുന്നവര്‍ ഇപ്പോള്‍ നാട്ടിലുള്ള മനോഹര സ്ഥലങ്ങളിലേക്ക് ഒഴുക്കുന്ന കാഴ്ചയാണ് എല്ലായിടത്തും കാണാനാകുന്നത്. ഒരിടത്തേക്ക് യാത്രക്കൊരുങ്ങുമ്പോള്‍ തന്നെ അതിനു ചുറ്റുമുള്ള പ്രധാന സ്ഥലങ്ങള്‍ കൂടി സന്ദര്‍ശിക്കുന്നവരാണ് മിക്ക സഞ്ചാരികളും. ഇക്കുറി മഞ്ഞുകാലം അവിസ്മരണീയമാക്കാന്‍ മറയൂര്‍ യാത്രക്കൊരുങ്ങുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ചില സ്ഥലങ്ങള്‍ ഇതാ:

1. അമരാവതി ഡാം

മറയൂരിൽ നിന്ന് 36 കിലോമീറ്റർ അകലെയായി തമിഴ്‌നാട്ടിലെ അമരാവതി നഗറിലാണ് അമരാവതി അണക്കെട്ട്  സ്ഥിതിചെയ്യുന്നത്. പൊള്ളാച്ചിയിൽ നിന്ന് 50 കിലോമീറ്ററും കോയമ്പത്തൂരിൽ നിന്ന് 91 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ഇന്ദിരാഗാന്ധി വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ അണക്കെട്ട് മറയൂരിന് സമീപം സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ്.

അണ്ണാമലൈ ഹിൽസ്, പളനി ഹിൽസ് എന്നിവക്കിടയില്‍, അമരാവതി നദിക്ക് കുറുകെയായി 1957- ലാണ് ഈ ഡാം നിർമിച്ചത്. 9.31 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും 110 അടി ആഴവുമുള്ള ഡാം ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും വേണ്ടി നിര്‍മിച്ച അണക്കെട്ട് ഇപ്പോള്‍ വൈദ്യുതി ഉൽപാദനത്തിനും ഉപയോഗിക്കുന്നുണ്ട്. അരികിലായി സന്ദര്‍ശകര്‍ക്കു വേണ്ടിയുള്ള ഒരു പാര്‍ക്കും ഉണ്ട്.

മഗ്ഗർ മുതലകളുടെ വാസസ്ഥലമെന്ന രീതിയിലും പ്രശസ്തമാണ് ഇവിടം. ഇന്ത്യയിലെ ഏറ്റവും വലിയ മുതല നഴ്സറിയായ അമരാവതി സാഗർ മുതല ഫാം ഇവിടെയാണ്‌ ഉള്ളത്. 

2. ഏഴുതല ഗുഹാചിത്രങ്ങള്‍

മറയൂർ ബസ് സ്റ്റാൻഡിൽ നിന്ന് 4 കിലോമീറ്റർ അകലെയായി, ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ചരിത്രാതീത കാല ഗുഹയാണ് ഏഴുതല ഗുഹ. മറയൂരിലെ പ്രശസ്തമായ സ്ഥലങ്ങളിൽ ഒന്നാണ്. ഏകദേശം 90 ഓളം ശിലാചിത്രങ്ങള്‍ ഈ ഗുഹക്കുള്ളിലുണ്ട്. ഇവ കാണാനായി നിരവധി സഞ്ചാരികള്‍ ഇവിടേക്ക് എത്താറുണ്ട്.

Marayur-muniyara

3. ചന്ദനക്കാടുകള്‍

ചന്ദനമില്ലാതെ എന്തു മറയൂര്‍? മറയൂര്‍ യാത്രയില്‍ ഒരിക്കലും വിട്ടുപോകരുതാത്ത ഒരു കാര്യമാണ് ചന്ദനക്കാടുകള്‍ കാണുക എന്നത്. മറയൂർ ബസ് സ്റ്റേഷനിൽ നിന്ന് 5 കിലോമീറ്റർ അകലെയുള്ള ചന്ദനക്കാടുകള്‍ സന്ദര്‍ശിക്കാം. പ്രകൃതിദത്ത ചന്ദനമരങ്ങളുള്ള കേരളത്തിലെ ഒരേയൊരു സ്ഥലമാണിത്. ചന്ദനമരങ്ങളുടെ എണ്ണത്തില്‍ തമിഴ്‌നാട്ടിനേക്കാളും കർണാടകത്തേക്കാളും പിന്നിലാണെങ്കിലും മഴ കുറയുന്നതിനാൽ ചന്ദനമരങ്ങളുടെ ഗുണമേന്മ കേരളത്തില്‍ കൂടുതലാണ്. മറയൂരിലെ ചന്ദനക്കാട്ടില്‍ ഏകദേശം 65,000 മരങ്ങളുണ്ട്.

marayoor-sandalwood
മറയൂരിലെ ചന്ദനക്കാടുകള്‍

ചന്ദനമരങ്ങളെക്കുറിച്ച് കൂടുതൽ അറിവ് നല്‍കുന്നതിനായി സംസ്ഥാന വനംവകുപ്പിന്‍റെ പരിപാടിയില്‍ പങ്കെടുക്കാനും വനം വകുപ്പിൽ നിന്ന് അനുമതി നേടിയ ശേഷം കാട്ടിൽ ചുറ്റിക്കറങ്ങാനും ചന്ദന സംസ്കരണം കാണാനുമെല്ലാം സഞ്ചാരികള്‍ക്ക് അവസരമുണ്ട്. കൂടാതെ, ശുദ്ധമായ ചന്ദന എണ്ണയും കരകൗശല വസ്തുക്കളുമെല്ലാം വാങ്ങാം. ട്രെക്കിങ്ങിനു പറ്റിയ നിരവധി റൂട്ടുകളും ഇവിടെയുണ്ട്.

4. ചിന്നാര്‍ വന്യജീവി സങ്കേതം

മറയൂർ ബസ് സ്റ്റാൻഡിൽ നിന്ന് വെറും 12 കിലോമീറ്റര്‍ അകലെയായി, ദേവികുളം താലൂക്കിലെ മറയൂർ, കാന്തലൂർ പഞ്ചായത്തുകളിൽ സ്ഥിതിചെയ്യുന്ന ചിന്നാര്‍ വന്യജീവി സങ്കേതം തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഇടമാണ് എന്നതില്‍ സംശയമേതുമില്ല. ഇന്ത്യയില്‍ നക്ഷത്ര ആമയുടെ ഏക പുനരധിവാസ കേന്ദ്രമായ ഈ വന്യജീവി സങ്കേതത്തിനുള്ളില്‍ ആയിരത്തിലധികം ഇനം പൂച്ചെടികൾ, 34 ഇനം സസ്തനികൾ, 36 ഇനം ഉരഗങ്ങൾ, 22 ഇനം ഉഭയജീവികൾ, 42 ഇനം മത്സ്യങ്ങൾ എന്നിവയുണ്ട്. ആന, പാന്തർ, ഗൗർ, പുള്ളി മാൻ, കുരങ്ങൻ, സാമ്പാർ, ഗ്രിസ്ല്‍ഡ്  ജയന്റ് അണ്ണാൻ തുടങ്ങിയവയും പ്രത്യേകയിനം ബുള്‍ബുളുകള്‍ എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഔഷധ സസ്യങ്ങളുടെ കലവറ എന്ന നിലയിലും ഇവിടം പ്രസിദ്ധമാണ്.

വനം വകുപ്പും പ്രാദേശിക ആദിവാസി സമൂഹങ്ങളുടെ പരിസ്ഥിതി വികസന സമിതികളും സംയുക്തമായി സംഘടിപ്പിക്കുന്ന ഇക്കോ ടൂറിസം പ്രവർത്തനങ്ങൾക്ക് പേരുകേട്ടതാണ് ഇവിടം. സന്ദർശകർക്ക് എല്ലാ ദിവസവും രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ എലിഫന്‍റ് സഫാരിയും ഹണ്ടർ ജീപ്പ് സഫാരികളും ഇതിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ കാട്ടിലൂടെ ട്രെക്കിങ് നടത്താനും കഴിയും.

marayoor-muniyara
മുനിയറകള്‍

5. മുനിയറകള്‍

മറയൂർ ബസ് സ്റ്റാൻഡിൽ നിന്ന് 5 കിലോമീറ്റർ അകലെയായി കോവികടവ് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ചരിത്രാതീത ശ്മശാന അറകളാണ് മുനിയറകള്‍. കേരളത്തിലെ പ്രശസ്തമായ പൈതൃക കേന്ദ്രങ്ങളില്‍ ഒന്നാണ് ഇവ. കാന്തലൂർ, മറയൂർ, ചിന്നാർ എന്നിവിടങ്ങളിലായി 2500 ലധികം മുനിയറകളുണ്ട്.

6. തൂവാനം വെള്ളച്ചാട്ടം

മറയൂരിൽ നിന്ന് 8 കിലോമീറ്റര്‍ അകലെയായി ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന സുന്ദരമായ വെള്ളച്ചാട്ടമാണ് തൂവാനം. പാമ്പാര്‍ നദിയില്‍ നിന്നാണ് ഇത് ഉത്ഭവിക്കുന്നത്. പ്രശസ്തമായ ട്രെക്കിംഗ് റൂട്ട് കൂടിയാണിത്. വന്യമൃഗങ്ങളെ കണ്ടുകൊണ്ട് കാട്ടിലൂടെ നടക്കാം. പാമ്പാറില്‍ മുങ്ങി നിവരാം. നഗരത്തിരക്കുകളില്‍ നിന്നും ഒളിച്ചോടി എത്തുന്നവര്‍ക്ക് ഏറെ ആശ്വാസമായിരിക്കും ഈ യാത്ര.

7. ലക്കം വെള്ളച്ചാട്ടം

മൂന്നാറിൽനിന്നു മറയൂരിലേക്കുള്ള വഴിയിലാണ് ലക്കം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മൂന്നാറിൽ നിന്നും 24 കിലോമീറ്റർ ആണ് ഇവിടേക്കുള്ള ദൂരം. ഇരവികുളം വന്യജീവി വകുപ്പിന്‍റെ കീഴിലുള്ള ലക്കം വെള്ളച്ചാട്ടം സന്ദര്‍ശിക്കാന്‍ രാവിലെ 9 മുതൽ 5 മണിവരെയാണ് അനുവദിച്ച സമയം. സഞ്ചാരികള്‍ക്ക് ട്രെക്കിങ്ങിനുള്ള അവസരമുണ്ട്. അടുത്തുള്ള മനോഹരമായ വാഗവുറൈ താഴ്‌‌‌വരയും സന്ദര്‍ശിക്കാം.

സഞ്ചാരികള്‍ക്ക് താമസത്തിനും ഇവിടെ സൗകര്യം ഉണ്ട്. ലക്കം പുഴയ്ക്ക് അരികിലായി വനംവകുപ്പിന്‍റെ ലോഗ് ഹൗസില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം.

English Summary: Marayoor Travel Guide, Places to see

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA