വാഗമണ്ണും കൊച്ചിയും ആലപ്പുഴയും ദൂരക്കാഴ്ചയായി ആസ്വദിക്കാം, കോടമഞ്ഞില്‍ പൊതിഞ്ഞ കൂരുമല

ernakulam-ilanji-kurumala-trip
SHARE

കൺമുന്നിൽ വെൺമേഘങ്ങൾ പോലെ കോടമഞ്ഞു ദൃശ്യഭംഗിയൊരുക്കി എറണാകുളം ജില്ലയിലെ ഇലഞ്ഞി കൂരുമല സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ്. തണുപ്പുള്ള പ്രഭാതങ്ങളിലെ കുളിരുള്ള കാഴ്ചൾ ആസ്വദിക്കാൻ ദിവസവും ഇവിടെ എത്തുന്നതു നൂറുകണക്കിന് ആളുകളാണ്. മഴയില്ലാത്ത പ്രഭാതങ്ങളിൽ 5.30നു മുൻപ് എത്തിയാൽ പശ്ചിമഘട്ട മലനിരകളിലെ സൂര്യോദയവും താഴ്ചയിലെ മരക്കൂട്ടങ്ങൾക്കു മുകളിൽ വെൺപട്ടു വിരിച്ച മഞ്ഞിൻ കാഴ്ച ആസ്വദിക്കാം. ഡിസംബർ, ജനുവരി മാസങ്ങളിൽ മഞ്ഞുകാലത്തെ സായാഹ്നക്കാഴ്ചകളും ആകർഷകമാണ്.

മറ്റു മാസങ്ങളിൽ മഴയും മിന്നലും ഇല്ലാത്ത സായാഹ്നങ്ങളിൽ അസ്തമയ സൂര്യനും രാത്രി ആകാശത്തെ നക്ഷത്രക്കൂട്ടങ്ങൾക്കു കീഴിലിരുന്നു വിദൂര പ്രകാശക്കാഴ്ചകളും കണ്ടു മടങ്ങാം. ഇലഞ്ഞി ടൗണിൽ നിന്നു നെല്ലൂരുപാറ റൂട്ടിൽ 3 കിലോമീറ്റർ സഞ്ചരിച്ചാൽ കൂരുമലയുടെ അടിവാരത്ത് എത്താം. ഇവിടെ വാഹനം നിർത്തി 500 മീറ്ററോളം നടപ്പാതയിലൂടെ കാഴ്ചകൾ ആസ്വദിച്ചു നടന്നു മുകൾഭാഗത്ത് എത്താം. ഇവിടെ മണ്ഡപത്തിൽ വിശ്രമിക്കാം, നിരീക്ഷണഗോപുരത്തിൽ കയറി വിദൂരക്കാഴ്ചകൾ കാണാം.

വാഗമൺ മലനിരകളും കൊച്ചി നഗരവും ആലപ്പുഴയും വ്യത്യസ്ത കോണുകളിൽ നിന്നു ദൂരക്കാഴ്ചയായി ആസ്വദിക്കാം. സാഹസികർക്കു നടപ്പാത വിട്ടു പാറപ്പുറത്തു കൂടി സുരക്ഷിത മാർഗങ്ങൾ അവംലബിച്ചു മുകളിൽ എത്താനാകും. മലമുകളിലേക്കു 10 രൂപയാണു ഡിടിപിസിയുടെ പ്രവേശന ഫീസ്. കോടമഞ്ഞു കാണാൻ ജില്ലാ ഇൻഫൻമേഷൻ ഓഫിസ് സഞ്ചാരികളെ നവമാധ്യമങ്ങളിലൂടെ ക്ഷണിച്ചു തുടങ്ങി. ജില്ലയിലെ രണ്ടാമത്തെ കൊടുമുടിയായി അറിയപ്പെടുന്ന കൂരുമല പശ്ചിമഘട്ട മലനിരകളിലൊന്നാണ്. ജില്ലയിൽ മലയാറ്റൂർ കുരിശുമുടി കഴിഞ്ഞാൽ ഉയരമുള്ള പ്രദേശം കൂരുമലയാണ്. 

English Summary: Kurumala the Beautiful Hill in Ernakulam

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA