ADVERTISEMENT

കുന്നിൻ ചെരിവിൽ എത്തിയപ്പോൾ ആ സ്ഥലം അപരിചിതമായി തോന്നിയില്ല. വിശ്വനാഥനും, ഭാനുമതിയും, സഹോദരിമാരും, സ്വാമി വേലായുധയും, മുത്തശ്ശനും, മുത്തശ്ശിയും, ജോണിയുമൊക്കെ ജീവനോടെ ചുറ്റുമുണ്ടെന്ന് ആവർത്തിച്ച് തോന്നിപ്പിക്കുന്ന എഴുത്തിന്റെ മാസ്മരിക ശക്തി ലോഹിതദാസിന് സ്വന്തം. 1998-ൽ കന്മദം എന്ന സിനിമ കണ്ടപ്പോൾ മനസ്സിൽ ആഴത്തിൽ പതിഞ്ഞതാണ് അവിടുത്തെ ഭൂപ്രദേശവും മനുഷ്യരും. രണ്ടു പതിറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു. കന്മദത്തിന്റെ കഥാകാരൻ പഞ്ചഭൂതങ്ങളിൽ ലയിച്ചു. ഇന്നീ ജനുവരിയിൽ, മഞ്ഞുള്ള പ്രഭാതത്തിൽ ഈ പാറക്കെട്ടുകളുടെ താഴ്‌‌‌വരയിൽ എത്തിച്ചേരാനുള്ള നിയോഗം ഈ സ്ഥലത്തേക്കുള്ള ഒരു പ്രേക്ഷകന്റെ ആദ്യ യാത്രയാണെന്നത് എന്നെ ഏറെ സന്തോഷവാനാക്കുന്നു. 

kanmadam-movie-location7

താഴ്‌‌‌വരയിൽ വെയിൽ പരക്കുന്നു, ശക്തമായ പാലക്കാടൻ കാറ്റ് വീശുന്നു. കൊല്ലക്കുടിയുടെ മുന്നിൽ നിന്ന് ഭാനുമതി ആരോടോ കയർക്കുന്നുണ്ട്. ദൂരെ വയലിനപ്പുറം മറ്റൊരു കുന്നിൽ സ്വാമി വേലായുധയുടെ വീട്ടിൽ വിശ്വനാഥൻ വേലായുധയോട് കുശലം പറയുന്നു. 

sachidanandan

അൽപനേരം ആ ചിന്തകളിൽ വ്യാപൃതനായി നിൽക്കുമ്പോഴേക്കും പിന്നിൽ നിന്നും ആരോ വിളിച്ചു. ആ താഴ്‌‌‌വാരത്തിൽ നിന്നാൽ കാണാവുന്ന വീട്ടിലെ ചേട്ടനാണ്, പേര് സച്ചിദാനന്ദൻ. ശൂന്യമായ ആ കുന്നിൻ പുറത്ത് ആലോചനയിൽ മുഴുകി നിന്ന എന്നോട് അദ്ദേഹം ചോദിച്ചു, "കന്മദത്തിലെ വീടാണോ അന്വേഷിക്കുന്നത്? അതിന്നില്ല. എന്റെ വീടായിരുന്നു. കുറച്ചു വർഷങ്ങൾക്ക് മുമ്പ് പൊളിച്ചു. ഇപ്പോഴതാ, ആ കാണുന്ന വീട്ടിലാണ് താമസം". ഞങ്ങൾ ആ കുന്നിൻ പുറത്തിരുന്നു. മുമ്പ് വയൽ വരെ സമമായി കിടന്ന താഴ്‌‌‌വാരമായിരുന്നു. ഇപ്പോഴവിടെ വലിയൊരു പാറമടയാണ്. ചുറ്റും തെങ്ങും, കവുങ്ങും ഇടതിങ്ങി നിൽക്കുന്നു. ഇന്ന് ഭാനുമതിയുടെ കൊല്ലക്കുടിയിൽ നിന്ന് നോക്കിയാൽ വിശ്വനാഥന്റെ വീട് കാണില്ല. ആ വീടും ഇന്നില്ല. 

kanmadam-movie-location8

 കുന്നുകളിലാണ് കന്മദത്തിലെ മുഖ്യമായ എല്ലാ രംഗങ്ങളും ചിത്രീകരിച്ചത്." എതിർ വശത്തുള്ള മറ്റൊരു പാറമേലേക്ക് ചൂണ്ടി സച്ചിദാനന്ദൻ ചേട്ടൻ ഓർമകൾ പങ്കുവെച്ചു. "ഷൂട്ടിങ് സമയത്ത് ലാലേട്ടനും, മഞ്ജുവാര്യരും, മറ്റു നടീ നടന്മാരും, ആ ചിത്രത്തിന്റെ ഭാഗമായ എല്ലാവരും ഞങ്ങളെ ഏറെ സ്നേഹത്തോടെയും, കരുതലോടെയുമാണ് കൂടെ നിർത്തിയത്. അന്ന് ഞാൻ കണ്ണൂരിൽ ജോലി ചെയ്യുകയായിരുന്നു. ഇടയ്ക്കൊക്കെ ഇവിടെ വരും. ഇന്നും ആ സിനിമ കാണുമ്പോൾ ഒരു കൂട്ടു കുടുംബത്തോടൊപ്പം അമ്പത് ദിവസം ചെലവഴിച്ച ഹൃദ്യമായ ഓർമകളാണ് മനസ്സ് നിറയെ". 

kanmadam-movie-location1

അൽപനേരം കുശലം പറഞ്ഞു ഞങ്ങൾ പിരിഞ്ഞു. എതിർവശത്തുള്ള കുന്നിൻമുകളിലേക്ക് നടന്നു. ഇവിടെയാണ് കന്മദം സിനിമയിലെ ആദ്യ ക്ലൈമാക്സ് എന്ന് വേണമെങ്കിൽ പറയാം. ഒരു സന്ധ്യാ നേരത്ത് ഭാനുമതി ഇവിടെ വച്ച് വിശ്വനാഥനോട് തന്റെ ചേട്ടനെക്കുറിച്ച് ചോദിക്കുന്നു. അതുവരെ, പ്രേക്ഷകരും മനസ്സിൽ അടക്കിപ്പിടിച്ച ആ തിക്തമായ സത്യം വിശ്വനാഥൻ വെളിപ്പെടുത്തുന്നു, "ദാമു ഒരു ആക്സിഡന്റിൽ പെട്ട് മരിച്ചുപോയി". ഓരോ സായാഹ്‌നത്തിലും ആ താഴ്‍‍‍വരയിൽ വെന്തുരുകി കനലാകുന്ന സൂര്യനെ നോക്കി നെടുവീർപ്പിട്ട്  ദാമുവിന് വേണ്ടി കാത്തിരിക്കുന്ന മുത്തശ്ശിയെപ്പോലെ എല്ലാ പ്രാരാബ്ധങ്ങൾക്കും ഒരു പരിഹാരമുണ്ടാകുമെന്ന ഭാനുമതിയുടെയും, കുടുംബത്തിന്റെയും പ്രതീക്ഷകൾ തകർന്ന് വീഴുന്ന നിമിഷം. മഞ്ജു വാര്യരുടെ മുഖത്ത് അതെല്ലാമുണ്ട്. ഭാവ തീവ്ര്യമായ ആ രംഗം ചിത്രീകരിച്ച ഈ കുന്നിൻ മുകളിൽ നിന്ന് നോക്കിയാൽ കൊല്ലക്കുടി കുന്ന് കാണാം. 

kanmadam-movie-location4

പിന്നീടുള്ള യാത്ര സ്വാമി വേലായുധയും, വിശ്വനാഥനും ജോണിയും താമസിച്ച വീട്ടിലേക്കായിരുന്നു. ഇന്ന് ആ വീടിന്റെ തറ മാത്രമേയുള്ളൂ. അരികിൽ ഒരു ചെറു തോടുമുണ്ട്. അതിന് കുറുകെ ഒരു പാലം പോലെ വളഞ്ഞു നീണ്ടു നിൽക്കുന്ന ഒരു തെങ്ങും. സ്വന്തം അമ്മയെ കാണാനും, അറ്റുപോയ എല്ലാ ബന്ധങ്ങളെയും വിളക്കി ചേർക്കാനുമായി വിശ്വനാഥൻ പോകുന്നതിന് മുമ്പ് ഭാനുമതിയെ കാണുന്നത് ഈ തെങ്ങിനടുത്താണ്. കന്മദം എന്ന സിനിമയുടെ മറ്റൊരു സവിശേഷത അതിലെ മനം മയക്കുന്ന ഗാനങ്ങളും, അവയുടെ ചിത്രീകരണങ്ങളുമാണ്. 'മൂവന്തി താഴ‍‍‍്‌‌‌വരയിൽ..' എന്ന ഗാന രംഗത്ത് ഈ തെങ്ങിനടുത്ത് നിൽക്കുന്ന മഞ്ജുവിന്റെയും, ലാലേട്ടന്റെയും ദൃശ്യം ഓർത്തെടുക്കാൻ ഏതൊരു മലയാളിക്കും എളുപ്പം സാധിക്കും.

ആ താഴ്‌‌‌‌വാരത്തിൽ നിന്നും പോയത് കരിങ്കൽ ക്വാറിയിലേക്കാണ്. അവിടെ നിന്നും ഏറെ ദൂരമുണ്ട് ചിത്രത്തിൽ കുമാരനെ അടിച്ചു പഞ്ചറാക്കിയ ശേഷം വിശ്വനാഥൻ താക്കീത് കൊടുത്ത് വിട്ട ആ കരിങ്കൽ ക്വാറി. ഇവിടെ പാറപൊട്ടിക്കൽ നിർത്തിയിട്ട് വർഷങ്ങളേറെയായി. പാറമടയിൽ ധാരാളം വെള്ളമുണ്ട്. ആ പ്രദേശത്തിരുന്നാൽ ആദ്യം മനസ്സിൽ വരുന്നത് ജോണിയും, വിശ്വനാഥനുമാണ്. മോഹൻലാലും, ലാലും മത്സരിച്ചഭിനയിച്ച കഥാപാത്രങ്ങൾ. സ്നേഹരഹിതമായ ബാല്യത്തിന്റെ ഇരയാണ് ജോണി. അതുകൊണ്ടു തന്നെ കിട്ടുന്ന സ്നേഹത്തോട് വല്ലാത്ത പിടിവാശിയും. ജോണിയും, വിശ്വനാഥനും ചേരുമ്പോൾ ഒരു മനസ്സിൻന്റെ ചിത്രം പൂർണമാകുന്നു. ജോണിയില്ലാതെ വിശ്വനാഥനില്ല, വിശ്വനാഥനില്ലാതെ ജോണിയും.

കടുത്ത വേനലിലാണത്രെ കന്മദം ചിത്രീകരിച്ചത്. "കന്മദം ഉരുകുന്നത്ര ചൂടുള്ള സമയം" എന്നാണ് സച്ചിദാനന്ദൻ ചേട്ടൻ പറഞ്ഞത്. എത്ര അർത്ഥവത്തായ പേരാണ് ആ സിനിമയ്ക്ക് എന്ന് ചിന്തിച്ചപ്പോൾ എന്തോ ഒരു കുളിർമ. പ്രത്യക്ഷത്തിൽ പാറപോലെ പരുക്കരായ കുറച്ചു മനുഷ്യരുടെ  ഉള്ളിൽ സൂക്ഷിച്ചു വെച്ച സ്നേഹത്തിന്റെ കന്മദം വിശ്വനാഥന്റെ വരവോടെ കണ്ടെത്തപ്പെടുന്ന ജീവിതഗന്ധിയായ കഥയാണ് കന്മദം. ലോഹിതദാസിന്റെ കഥകളും, കഥാപാത്രങ്ങളും ഇന്നും ജീവിക്കുന്നത് പച്ചയായ സ്വഭാവ രീതികൾ  കൊണ്ടും, ജീവിതത്തിൽ വേരൂന്നി നില്കുന്നതുകൊണ്ടുമാണ്. 

കന്മദം ലൊക്കേഷന് എന്തോ ഒരു അവാച്യമായ സൗന്ദര്യമുണ്ട്. വീട്ടിലെത്തി  ആ ചിത്രം ഒരു തവണ കൂടി കണ്ടു.  സ്നേഹത്തിന്റെ ആർദ്രത യാന്ത്രികമായിക്കൊണ്ടിരിക്കുന്ന ബന്ധങ്ങളുടെ ലോകത്ത് വറ്റാത്തൊരു ജലാശയം പോലെ, കണ്ണിനും മനസ്സിനും കുളിർമയേകുന്ന  മരുപ്പച്ച പോലെ ആ ജീവിതനാടകം വീണ്ടും അരങ്ങേറി. ഇതെല്ലാം കണ്ട് ധ്യാനനിരതനായ ഒരു യോഗിയെപ്പോലെ പുഞ്ചിരി തൂകി ആ പാലക്കാടൻ കുന്നുകളിലൊന്നിൽ ലോഹിതദാസ് ഇരുന്നു. 

 

English Summary: kanmadam Movie shooting Location

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com