ഇത് വനം വകുപ്പിന്റെ ലോട്ടറി; നട്ടുച്ചയ്ക്കു മഞ്ഞുമൂടുന്ന മൂടൽ മല ട്രെക്കിങ്

moodal-mala-trekking-peechi
SHARE

ആരുടെയും കണ്ണിൽപ്പെടാതെ ഒളിച്ചിരുന്നിടത്തു നിന്ന് പെട്ടെന്ന് ഒരു മല കാടിറങ്ങി വന്നപോലെയായിരുന്നു അത്; തൃശൂർ പീച്ചിയിലെ മൂടൽ മലയിലേക്ക് ട്രെക്കിങ് തുടങ്ങിക്കൊണ്ടുള്ള വനം വകുപ്പിന്റെ അറിയിപ്പു വന്നപ്പോൾ നാട്ടുകാർ പോലും അമ്പരന്നു. ‘‘ ഇവിടെ ഇങ്ങനെയൊരു മലയോ’’?

കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ട്രെക്കിങ് റൂട്ട് (14നാണ് ഇവിടെ ട്രെക്കിങ് ഉദ്ഘാടനം ചെയ്തത്) മുന്നോട്ടുവയ്ക്കുന്നത് പക്ഷേ, കാഴ്ചയുടെയും സാഹസികതയുടെയും അനന്തസാധ്യതകൾ. പദ്ധതി ആരംഭിച്ചു ദിവസങ്ങൾക്കകം വന്ന അന്വേഷണങ്ങളും ബുക്കിങ്ങും ഇതിന് അടിവരയിടുന്നു. മലകയറിയറങ്ങിയവർ പറഞ്ഞഞ്ഞറിഞ്ഞ് മുടൽ മല ഇപ്പോഴും എല്ലാ മൂടുപടവും മാറ്റി സ്വയം വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. നട്ടുച്ചയ്ക്കുപോലും മഞ്ഞുമൂടിക്കുന്നിതനാലാണത്രെ മലയ്ക്ക് ഈ പേരുവന്നത്. 

moodal-mala-trekking1

ഇതര ഹിൽ സ്റ്റേഷനുകളിൽ  നിന്നു മൂടൽ മലയെ വ്യത്യസ്തമാക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. നടന്നുതീർക്കുന്ന വഴി അധികവും ആനത്താരയാണെന്നതാണ് അതിൽ പ്രധാനം. ആനകളുടെ വിഹാരകേന്ദ്രമാണ് ഈ മല. ജോലിയുടെ ഭാഗമായുള്ള പരിശോധനയ്ക്കു പോകുന്ന വനംജീവനക്കാരോ വനവിഭവങ്ങൾ ശേഖരിക്കാൻ വരുന്ന ആദിവാസികളോ മാത്രമാണ് ഇതു വഴി കടന്നുപോകാറുള്ളത്. അതുകൊണ്ടു തന്നെ ആളുകൾ നടന്നുരൂപപ്പെട്ട വഴി തീരെ കുറവാണ്. കാടും മലയും കയറ്റവും പാറക്കെട്ടുകളും കാട്ടുപൂക്കളുമൊക്കെ ഒറ്റയിടിക്ക് അനുഭവിക്കാവുന്ന വേറെ വഴികൾ ഉണ്ടോ എന്നതും സശയം. 

നടന്നു തുടങ്ങിയോലോ? 

പീച്ചി ഡാമിന്റെ വ്യൂ പോയിന്റിന് അടുത്തുള്ള വള്ളിക്കയത്തെ വനം വന്യജീവി വകുപ്പ് ഓഫിസ് ആണ് യാത്രയുടെ ബേസ് ക്യാംപ്. 10നും 60നും ഇടയ്ക്ക് പ്രായമുള്ള, സ്വന്തം ഫിറ്റ്നസിൽ ആത്മവിശ്വാസമുള്ള ആരും ഈ യാത്രയ്ക്ക് യോഗ്യരാണ്. പീച്ചി ഡാമിന്റെ റിസർവോയറിന് അടുത്തുകൂടെയാണ് യാത്രയുടെ തുടക്കം. ജലാശയത്തിൽ കരയിൽ നിന്നും ഏറെ മാറി ഒരു വഞ്ചി ഓളങ്ങളിൽ ആടിയുലയുന്നു. അതു കെട്ടിയിട്ടിരിക്കുന്നത് കരയിലാണ്.

ഇതെന്താ ഇങ്ങനെ? വഞ്ചി കരയ്ക്കല്ലേ കയറ്റിയിടുക?

‘‘ആനയെപ്പേടിച്ചാണ് ഇങ്ങനെ കെട്ടിയിട്ടിരിക്കുന്നത്.വെള്ളം കുടിക്കാൻ  ആനയിറങ്ങുന്ന സ്ഥലമാണ്. കണ്ണിൽപ്പെട്ടാൽ അപ്പോൾത്തന്നെ ചവിട്ടിപ്പൊളിക്കും’’ – വനംജീവനക്കാരന്റെ ഈ വിശദീകരണം ഒരു മുന്നറിയിപ്പുകൂടിയാണ്. കാട്ടിലെ ആ വലിയ ആതിഥേയൻ യാത്രയുടെ തുടക്കത്തിൽതന്നെ അദൃശ്യസാന്നിധ്യമായി നിങ്ങളുടെ കൂടെ ഉണ്ട്. 

വനത്തിലേക്കു കയറുന്ന നടപ്പാതയുടെ വശങ്ങളിൽ ഇടിച്ചിട്ട മതിലാണ് ആന വന്നതിന്റെ മറ്റൊരു ലക്ഷണം. അവിടുന്നങ്ങോട്ട് , ആന ബാക്കി വച്ച അടയാളങ്ങളാണ് യാത്രയിലെ വഴികാട്ടികൾ. ചിലയിടത്ത് ആവി പറക്കുന്ന പിണ്ടം, മറ്റുചിലത്ത് ഒടിച്ചിട്ട മരച്ചിലകൾ.  ചവിട്ടിമെതിക്കപ്പെട്ട  വഴികളിലെ പുല്ലുകൾ സൂക്ഷിച്ചു നോക്കിയാൽ കാണാം, ഭാരമുള്ള ആരോ കടന്നുപോയതിനുശേഷം അവ പതുക്കെ തലയുയർത്തുന്നതേയുള്ളൂ. ഒരു കൂട്ടം അതുവഴി കടന്നുപോയിട്ട് അധികം സമയമായിട്ടില്ലെന്നർഥം.

ജയാശയവും പിന്നിട്ട് കുറച്ചു നടന്നാൽ  അവിടെ കാടുതുടങ്ങുന്നു. പ്രധാനലക്ഷ്യമായ മൂടൽ അപ്പോഴും കൺമുന്നിൽ വന്നുതുടങ്ങില്ല. പിന്നെയും മുന്നോട്ട് നിങ്ങി പൊന്തക്കാടുകൾ ഒതുങ്ങിന്നിടത്തേ മല കണ്ടുതുടങ്ങൂ. അപ്പോഴേക്കും യാത്ര തുടങ്ങി ഒരു കിലോമീറ്റർ പിന്നിട്ടിരിക്കും. അതാണ് മലയുടെ അടിവാരം. അവിടുന്നങ്ങോട്ട് കയറ്റം തുടങ്ങുകയായി. 

moodal-mala-trekking

യാത്രയുടെ ഏറ്റവും ദുഷ്കരമായ ഭാഗം ഇതാണ്. കയറ്റം ഏറെക്കുറെ കുത്തനെയാണ്. പലപ്പോഴും മുന്നിൽ നടന്നയാൾ വഴി വെട്ടിത്തെളിക്കേണ്ടിവന്നു. പിടിച്ചു കയറേണ്ടസ്ഥലങ്ങളും ഉണ്ടായിരുന്നു. 

നടന്നകയറി ചളിക്കുഴി എന്ന സ്ഥലത്തെത്തിയാൽ പ്രകൃതി ഒരുക്കിയ പാറ കൊണ്ടുള്ള ഇരിപ്പിടങ്ങൾ കാണാം. കിതപ്പാറ്റാനുള്ള സമയമായി. യാത്ര തുടങ്ങിയിട്ട് ഇപ്പോൾ 3 കിലോമീറ്റോറം പിന്നിട്ടിരിക്കുന്നു. യാത്ര ഒന്നുകൂടി സാഹസികമാക്കണെന്നാഗ്രഹിക്കുന്നവർക്ക് പാറയിൽ  പിടിച്ചുകയറ്റം പരീക്ഷിക്കാവുന്നതാണ്. അൽപ്പംകൂടി മുന്നോട്ട് കയറിയാൽ മൂടൽ പച്ച എന്ന സ്ഥലമായി. ഇതുവരെ വന്ന കാടിന്റെ പൊതിസ്വാഭത്തിന് വിഭിന്നാണ് ഈ സ്ഥലം. പേരിലെ പച്ച സൂചിപ്പിക്കുന്നതുപോലെ, ചോലവനത്തിന്റെ പ്രതീതി. നല്ല തണുപ്പും. അതിനും മുകളിലേക്കു കയറി ഏകദേശം നാലുകിലോമീറ്റർ പിന്നിടുന്നതോടെ ഹിൽടോപ്പിലെത്തി. ഇവിടം നാടുകാണി എന്നറിയപ്പെടുന്നു. കാരണം നാലുഭാഗത്തുമുള്ള നാട് അവിടെ നിന്നുകാണാം. 

മലയിലെ കാറ്റ്

ആരവം അൽപം താഴെ കേൾക്കാമെങ്കിലും മലമുകളിൽ വീശിയടിക്കുന്ന കാറ്റിന്റെ ശക്തി ബോധ്യപ്പെടാൻ നാടുകാണിയിലേക്ക് നടന്നുകയറുക തന്നെവേണം. അടുത്തു നിൽക്കുന്നവർ  സംസാരിക്കുന്നതുപോലും വ്യക്താമാവാത്ത അത്ര കാറ്റ്. പൊതുവെ തൃശൂർ ഭാഗത്ത്  കാറ്റുള്ള സമയമാണ്. എന്നാൽ നാടുകാണിയിൽ ഈ കാറ്റ് എല്ലാ സീസണിലുമുള്ളതാണെന്നു വനം ജീവനക്കാർ പറയുന്നു.

നാടുകാണി എത്തുന്നതിനു തൊട്ടമുൻപാണ് വഴിയിൽ നിന്നു അൽപംമാറി ഒരു ഗുഹ. കടുവ ഉപേക്ഷിച്ചതായിരിക്കാം എന്നു പറയുന്നു. മൃഗങ്ങളുടെ സെൻസസ് എടുക്കാൻ സ്ഥാപിച്ച ക്യാമറാ ട്രാപ്പിൽ  ഇവുടെ കടുവകൾ പെട്ടിരുന്നു.

.കൂടെയുണ്ടായിരുന്ന വനം വാച്ചർമാരായ  മുകുന്ദനും ഷിജിലും  ഗുഹാകവാടം പരിശോധിച്ചശേഷം ചെറിയൊരു സംശയം പ്രകടിപ്പിക്കുന്നു. ഉപേക്ഷിച്ച ഗുഹയാണെങ്കിൽ അവിടം മാറാലകെട്ടിയിരിക്കും. ഇപ്പോഴത് വൃത്തിയായിരിക്കുന്നു. പുറത്തേക്കും അകത്തേക്കും മൃഗം സഞ്ചരിച്ച ലക്ഷണം. കടുവയാണെന്നതിന് ഉറപ്പില്ല; അല്ലെന്നതിനും.

ഈ വാച്ചർമാരുടെയും ട്രെക്കിങ്ങിന്റെ കോ ഓർഡിനേറ്ററായ ഫോറസ്റ്റർ എ. സതീഷ് കുമാറിന്റെയും കാടറിവുകൾ യാത്രികർക്ക് ഏറെപ്രയോജനപ്പെടും.

മലയിറക്കം

നാടുകാണിയിൽ നിന്ന് നാലുപാടും കണ്ട് അൽപം വിശ്രമിച്ചാൽ മലയിറക്കിത്തിനു സമയമായി. ഇപ്പോൾ ദൂരം നാലര കിലോമീറ്റർ പിന്നിട്ടിരിക്കും. സമുദ്ര നിരപ്പിൽ 430 ഉയരത്തിലാണ് ഈ പ്രദേശം. മലയിറങ്ങുന്നത് മറുവശത്തേക്കാണ്. ഇവിടെ മൂടിലിന്റെ സൗമ്യഭാവം കാണാം. അവിടെവിടെ കാട്ടുപൂക്കളും വള്ളിപ്പടർപ്പുകളും. കയറ്റം കഴിഞ്ഞ് ആശ്വാസം തോന്നുമെങ്കിലും ഇറക്കം അത്ര എളുപ്പമല്ല. കുറച്ചുദൂരം കുത്തനെയുള്ള ഇറക്കമാണ്. കാട്ടുതീ തടയാനുള്ള ഫയൽലൈനിന്റെ ജോലികൾ നടക്കുന്നിതിനാൽ വഴികുറച്ചുകൂടി വൃത്തിയായി കിടക്കുന്നു. 

പാലക്കാട്– തൃശൂർ ദേശീയപാതയിൽ കുതിരാനിലുള്ള ധർമശാസ്താ ക്ഷേത്രത്തിനു സമീപമാണ് യാത്ര അവസാനിക്കുന്നത്. അവസാനപോയിന്റിൽ ഒന്നു തിരിഞ്ഞു നോക്കുകയാണെങ്കിൽ മൂടൽ ഒന്നുകൂടി മാടിവിളിക്കുന്നത് കാണാതിരിക്കില്ല. 

പൂർണമായും ആനത്തരായിലൂടെ എട്ടു കീലോമീറ്ററോളം ഇപ്പോൾ നടന്നു കഴിഞ്ഞു. നടത്തത്തിന്റെ വേഗമനുസരിച്ച് 4 മുതൽ 6 മണിക്കൂർ വരെ സമയമെടുക്കാം. വിശ്രമിക്കാനും ലക്ഷുഭക്ഷണം കഴിക്കാനും ഇടയ്ക്ക സൗകര്യമുണ്ട്.  ട്രെക്കിങ് ഇത്രതന്നെ സാഹസികമാക്കേണ്ട എന്നുള്ളവർക്കായി മൂന്നു റൂട്ടുകൾ വെറെയുമുണ്ട്. 6, 3,2 കിലോമീറ്ററുകൾ താണ്ടുന്ന ഈ ട്രെക്കിങ് വനത്തിലുടെ തന്നെയാണ്. 

യാത്രാ സൗകര്യം

ബുക്ക് ചെയ്തശേഷം വേണം വരാൻ. പീച്ചിയിൽ വിശാലാമായ പാർക്കിങ് സൗകര്യമുണ്ട്. മൂടൽ ട്രെക്കിങ് കഴിഞ്ഞ് മലയിറങ്ങുന്നത് കുതിരാനിലായിതാൻ സമയം കണക്കാക്കി വാഹനം അങ്ങോട്ട് കൊണ്ടുവരാനുള്ള ഏർപ്പാടുകൾ വേണ്ടിവരും. 

മൂടൽ മലയിലേക്ക് 4 പേർക്കു 2000 രൂപയാണ് ഈടാക്കുന്നത്. സ്റ്റിൽ ക്യാമറയ്ക്കും വിഡിയോ ക്യാമറയ്ക്കും പ്രത്യേകം പാസ് എടുക്കണം. 

പ്രത്യേക പ്രവേശന ഫീസുമുണ്ട്. ഫോൺ 8547603473,8547603470.

English Summary: Trekking In Moodalmala Thrissur

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA