ടെന്റ് ക്യാംപിങ് ഇനി അഡ്വഞ്ചർ ടൂറിസം പരിധിയിൽ; ലൈസൻസിന് അപേക്ഷിക്കാം

image
SHARE

മേപ്പാടി സംഭവത്തിനു പിന്നാലെ ടെന്റ് ക്യാംപിങ്ങിനെ അഡ്വഞ്ചർ ടൂറിസത്തിന്റെ പരിധിയിലാക്കി മാർഗനിർദേശങ്ങൾ തയാറാക്കാൻ ഒരുങ്ങി സംസ്ഥാന ടൂറിസം വകുപ്പ്. ഇതിന് കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി(കാറ്റ്പ്സ്)യ്ക്ക് നിർദേശം ലഭിച്ചിട്ടുണ്ടെന്നും മാർഗനിർദേശങ്ങൾ വൈകാതെ പുറപ്പെടുവിക്കുമെന്നും സിഇഒ മനേഷ് ഭാസ്കർ മനോരമ ഓൺലൈനോടു പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ 30 അഡ്വഞ്ചർ ടൂറിസം ആക്ടിവിറ്റികൾ നിശ്ചയിച്ച് അതിനു വേണ്ട മാർഗനിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിൽ റോപ് ക്ലൈംബിങ്, റോക് ക്ലൈംബിങ്, ട്രക്കിങ്, വെള്ളത്തിലുള്ള ഇനങ്ങൾ, പാര ഗ്ലൈഡിങ് തുടങ്ങിയവയാണ് ഇതിലുള്ളത്. ഈ മാർഗനിർദേശം അനുസരിച്ചുള്ള ലൈസൻസ് ഇപ്പോൾ നൽകി വരുന്നുണ്ട്. ടൂറിസം ഡയറക്ടറാണ് ഈ രജിസ്ട്രേഷൻ നൽകുന്നത്. നിലവിൽ അഡ്വഞ്ചർ ടൂറിസത്തിനുള്ള ലൈസൻസ് നിർബന്ധമാക്കിയിട്ടില്ലെങ്കിലും ഈ മാർഗനിർദേശങ്ങൾ പാലിക്കാൻ ഓപ്പറേറ്റർമാർ ബാധ്യസ്ഥരാണെന്നും കാപ്റ്റ്സ് സിഇഒ പറയുന്നു.

tent-stay3

അതേ സമയം ടെന്റ് ക്യാംപിങ്ങിന്റെ കാര്യത്തിൽ നിലവിൽ ഒരു മാർഗ നിർദേശം നൽകിയിരുന്നില്ല. ഇത് വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ മാർഗനിർദേശങ്ങൾ ഇറക്കി ഇവയ്ക്ക് ലൈസൻസ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ടൂറിസം വകുപ്പിന്റെ നോഡൽ ഏജൻസിയായ കാറ്റ്പ്സിനാണ് ഇതിന്റെ ചുമതല. നടത്തിപ്പുക്കാർക്ക് ലൈസൻസിനായി ഓൺലൈനിൽ അപേക്ഷ നൽകാം. കാറ്റ്പ്സ് നിയോഗിക്കുന്ന കമ്മിറ്റിയിലുള്ള അംഗങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ടൂറിസം ഡയറക്ടർ ലൈസൻസ് നൽകുക. ഈ കമ്മിറ്റിയിൽ ഉദ്യോഗസ്ഥരും അനുബന്ധ മേഖലയിലെ വിധഗ്ധരും ഉൾപ്പെടുന്നതാണ്. ലൈസൻസിനായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും അനുബന്ധ വകുപ്പുകളിൽ നിന്നും വേണ്ട നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്(എൻഒസി) കൂടി സമർപ്പിക്കേണ്ടതുണ്ട്. വനത്തിന്റെ പരിധിയിലാണെങ്കിൽ വനം വകുപ്പിന്റെയൊ ബീച്ചിലാണെങ്കിൽ അനുബന്ധ വകുപ്പിന്റെയും ഏതെങ്കിലും ജലാശയങ്ങളിലാണെങ്കിൽ ഇറിഗേഷൻ വകുപ്പിന്റെയൊ ഉൾനാടൻ ജലഗതാഗത വകുപ്പിന്റെയൊ ഒക്കെ എൻഒസിയാണ് സമർപ്പിക്കേണ്ടത്. 

tent

പുതിയ ആക്ടിവിറ്റികൾ ആവശ്യാനുസരണം ഉൾപ്പെടുത്തുന്നതാണ് ഇപ്പോൾ കാറ്റ്സ് ചെയ്തു വരുന്നത്. നിലവിൽ സർക്കാർ ഉത്തരവായി ഇറക്കിയിട്ടുള്ളത് 30 എണ്ണമാണ്. ഇതോടൊപ്പമാണ് ടെന്റിങ്ങിന് നിർദേശം ലഭിച്ചിരിക്കുന്നത്. വൈകാതെ ഇതും പുറത്തിറങ്ങും. കേന്ദ്രസർക്കാരിന്റെ ടൂറിസം മിനിസ്ട്രിയുടെ മാർഗനിർദേശമാണ് മറ്റൊന്ന്. ഇതിലും ടെന്റ് ക്യാംപിങ് എടുത്തു പറയുന്നില്ല. അതേ സമയം പൊതുവായി ചില അഡ്വഞ്ചർ ആക്ടിവിറ്റികളുടെ കാര്യം പറയുന്നുണ്ട്. ഓരോന്നിന്റെയും അപകട സാധ്യത കൃത്യമായ വിലയിരുത്തിട്ടുണ്ടാകണം എന്നതാണ് ഇതിലുള്ളത്. ഓരോ ആക്ടിവിറ്റികളുടെയും അപകട സാധ്യത സംബന്ധിച്ച് അതിൽ പങ്കെടുക്കുന്ന അതിഥിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടാകണം എന്നും പറയുന്നുണ്ട്. 

പലപ്പോഴും തദ്ദേശ സ്ഥാപനങ്ങളുടെയൊ അനുബന്ധ വകുപ്പുകളുടെയൊ എൻഒസി ലഭിക്കാത്തതിനാൽ ലൈസൻസ് നൽകാൻ സാധിക്കാത്ത പ്രശ്നമുണ്ട്. പഞ്ചായത്തുകൾക്ക് ഇക്കാര്യത്തിലുള്ള അവ്യക്തത നിലനിൽക്കുന്നതാണ് പ്രധാന കാരണം. നിയമം നടപ്പാക്കുന്നതിനു വേഗതക്കുറവിനും ഇതു കാരണമാകുന്നു. അതേ സമയം ഇത്തരം ആക്ടിവിറ്റികൾ നടത്തുന്നതിന് നിലവിൽ ലൈസൻസ് നിർബന്ധമല്ല. സുരക്ഷിത സൗകര്യങ്ങൾ ഒരുക്കാതെ ഇത്തരം സ്ഥാപനങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ ലൈസൻസ് നിർബന്ധമാക്കുന്നത് പരിഗണനയിലുണ്ട്. എന്നാൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുമ്പോഴും നിർദേശങ്ങൾ പൂർണമായും പാലിച്ചാവണം പ്രവർത്തിക്കേണ്ടത് എന്നാണ് കേരളത്തിലെ പ്രധാന അഡ്വഞ്ചർ ടൂർ ഓപ്പറേറ്റേഴ്സിനോടും അറിയിച്ചിട്ടുള്ളത്. പുതിയതായി ആളുകൾ ബന്ധപ്പെടുമ്പോഴും ഇതനുസരിച്ചു പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുകയും നിർദേശങ്ങൾ ഇവർക്ക് അയച്ചു നൽകുന്നതുമാണ് പതിവെന്ന് മനേഷ് ഭാസ്കർ പറയുന്നു.

English Summary: Tent camping is part of adventure tourism

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA