കാസർകോടിനെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ ചന്ദ്രഗിരിക്കോട്ട കാക്കണം... പ്ലീസ്

HIGHLIGHTS
  • ചന്ദ്രഗിരിക്കോട്ട അധികൃതരുടെ പിടിപ്പുകേടുകൊണ്ട് വിസ്മൃതിയിൽ
protect-chandragiri-fort
SHARE

സമയം കിട്ടുമെങ്കിൽ അധികൃതർ ദയവായി ഇതു വഴി ഒന്നു വരണം, ഇവിടെ ഒരു കോട്ടയുണ്ട്. കാസർകോടിനു ചരിത്രത്തിൽ ഇടം നേടിക്കൊടുത്ത  ചന്ദ്രഗിരിക്കോട്ട.  ഈ കോട്ട ഇപ്പോൾ അധികൃതരുടെ അനാസ്ഥയിൽ നശിക്കുകയാണ് അല്ല, നശിപ്പിക്കുകയാണ്. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഈ കോട്ടയുടെ നവീകരണത്തിനായി ലക്ഷങ്ങൾ ചെലവഴിക്കുന്നുണ്ടെങ്കിലും ഇപ്പോൾ കോട്ട കാണുമ്പോൾ  പ്രേതാലയം പോലെയാണ്. ചരിത്ര പുസ്തകങ്ങളിലും ടൂറിസ്റ്റ് ഗൈഡുകളിലുമായി  നിറഞ്ഞിരിക്കുന്ന  ചന്ദ്രഗിരിക്കോട്ടയെ നേരിൽ കാണാൻ വിവിധ ദേശങ്ങളിൽ നിന്നായി സഞ്ചാരികൾ  ഇവിടേക്ക്  എത്തുന്നുവെങ്കിലും  തകർന്നിരിക്കുന്ന കോട്ടയുടെ കവാടം കണ്ട് നിരാശയോടെ മടങ്ങുകയാണ്.  ഇനിയെങ്കിലും ഇതു ശ്രദ്ധിച്ചില്ലെങ്കിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ കോട്ട  ഓർമകളിൽ മാത്രമാകും. 

∙ കാടുകയറി നശിക്കുന്നു

കോട്ടയുടെ അകത്തേക്ക് കയറിയാൽ നടപ്പാതയിൽ വരെ  കാടുകളാണ്. കാട് നിറഞ്ഞിരിക്കുന്നതിനാൽ ഒരു ഭാഗത്ത് നിന്നു നോക്കിയാൽ മറുഭാഗം കാണാൻ സാധിക്കില്ല. കോവിഡിനു മുൻപ് നിറയെ  ചെടികൾ വച്ചുപിടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം നശിച്ചു.  ആഴ്ചയിൽ 3 ദിവസം കോട്ടയുടെ അകവും പുറവും ശുചീകരിക്കുന്നതിനായി കുടുംബശ്രീയെ എൽപ്പിച്ചിരുന്നു. എന്നാൽ കോട്ടയുടെ അകത്ത് നിറയെ പ്ലാസ്റ്റിക് കുപ്പികളാണുള്ളത്.  കാട് നിറഞ്ഞിരിക്കുന്നതിനാൽ കുടുംബസമേതം കോട്ട കാണാനെത്തുന്നവർക്കും  ഭയമാണ്. കാടുകൾ വൃത്തിയാക്കണമെന്നാണ് സഞ്ചാരികളുടെ ആവശ്യം. വൈദ്യുതി കണക്ഷൻ ഉണ്ടെങ്കിലും ബൾബുകൾ ഒന്നുമില്ല. രാവിലെ 9 മുതൽ 5 വരെയാണ് കോട്ടയിലേക്കുള്ള  പ്രവേശന സമയം.

chandragiri-fort-entrance

∙ ഒരു ഭാഗം തകർന്നിട്ട് മാസങ്ങളായി

ചന്ദ്രഗിരിക്കോട്ടയുടെ കവാടം മഴയിൽ തകർന്നിട്ട്  മാസങ്ങളായി. 2006–ൽ നവീകരണത്തിന്റെ ഭാഗമായി കെട്ടിയ ഭാഗമാണ് തകർന്നിട്ടുള്ളത്. കോവിഡിനെ തുടർന്നു അടച്ചുപൂട്ടിയ സമയത്താണ് കോട്ടയുടെ കവാടത്തിന്റെ ഒരു ഭാഗം മഴയിൽ പാടെ തകർന്നത്. 10 മീറ്റർ നീളത്തിൽ തകർന്ന് കല്ലുകൾ  നിലം പൊത്തിയിട്ടുണ്ട്. ഗേറ്റും തകർന്നിരുന്നു.  ജനുവരി മുതലാണ് കോട്ട വിനോദ സഞ്ചാരികൾക്കായി തുറന്നു കൊടുത്തത്. കോട്ടയുടെ തകർന്ന ഭാഗം അപകടാവസ്ഥയിലാണ്. ഇതിനോട് ചേർന്നുള്ള മറ്റു ഭാഗങ്ങളും നിലംപൊത്താൻ പാകത്തിലുണ്ട്. 

chandragiri-fort-inside-1

∙ ചന്ദ്രഗിരിക്കോട്ടയെക്കുറിച്ച്...

കാസർകോട് നഗരത്തിൽ നിന്ന് 5 കിലോമീറ്റർ മാത്രമാണ് ചന്ദ്രഗിരിക്കോട്ടയിലേക്കുള്ളത്. കാസർകോട്–കാഞ്ഞങ്ങാട് കെഎസ്ടിപി തീരദേശപാതയിൽ മേൽപറമ്പിൽ നിന്നു അര കിലോമീറ്റർ അകലെയാണ് കോട്ട. ചന്ദ്രഗിരിപ്പുഴയുടെയും അറബിക്കടലിന്റെയും സംഗമസ്ഥാനത്തിനരികിലുള്ള ചന്ദ്രഗിരി ഗ്രാമം  ഏറെ പ്രശസ്തമായത് ചന്ദ്രഗിരിക്കോട്ടയിലൂടെയാണ്. 

chandragiri-fort-inside-2

17–ാം നൂറ്റാണ്ടിൽ നിർമിച്ച കോട്ടകളിൽ ഒന്നാണിത്.സമുദ്രനിരപ്പിൽ നിന്നു ഏകദേശം 150 അടിയോളം ഉയരത്തിൽ ചതുരാകൃതിയിലാണ് കോട്ട വ്യാപിച്ചു കിടക്കുന്നത്.

English Summary: Heritage Monuments Chandragiri Fort

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA