ഇത് വയനാട്ടിലെ അറിയപ്പെടാത്ത കടുവാക്കുഴി; ചങ്കൂറ്റമുള്ളവർ പോരൂ

kaduvakuzhi-cave1
SHARE

ഇരുളിനെ ഭയക്കാത്തവർ കുറവായിരിക്കും. വെളിച്ചം ഒരു കണികപോലും ഇല്ലാത്ത, ശബ്ദം പോലും പേടിച്ച് സഞ്ചരിക്കുന്ന, ഇടുങ്ങിയ, വഴുക്കൽ ഉള്ള, അവസ്ഥയിലേക്ക് ഇറങ്ങിയ അനുഭവമാണിത്. പച്ചപ്പും വിശാലമായ വയലുകളും മാത്രമല്ല വയനാട്ടിൽ ആസ്വദിക്കാൻ ഉള്ളത്, ഇരുളിന്റെ അകത്തളങ്ങളിലേക്ക് സാഹസിക യാത്രയ്ക്കുള്ള ഇടങ്ങളും വയനാട് നമുക്കായി ഒരുക്കിയിട്ടുണ്ട്. അത്തരത്തിൽ ഉള്ള ഒരു അനുഭവമാണ് അമ്പലവയിലെ കടുവാക്കുഴി എന്ന ഗുഹ ഒരു സാഹസിക സഞ്ചാരിക്കു നൽകുക. കുടുംബത്തോടൊപ്പം രസിക്കാനുള്ള സ്ഥലമായി കടുവക്കുഴിയെ കാണരുത്. മനോധൈര്യം ഉള്ള, ഇരുട്ടിനെ പേടിയില്ലാത്ത ആളുകൾക്കു മാത്രം ലഭിക്കുന്ന ഒരു ഗുഹാനുഭവമാണിത്.

kaduvakuzhi-cave2

നീണ്ട കയർ, ഹെൽമറ്റ്, മുട്ടുകൾക്കുള്ള പാഡ്, കയ്യുറകൾ, ഹെഡ് ലാംപ് എന്നിവ നിർബന്ധമായും ഉണ്ടാവണം. ഇരുളിനെ ആസ്വദിക്കാൻ തുടങ്ങുന്നത് തറനിരപ്പിൽനിന്ന് ഏകദേശം പത്തു മീറ്റർ താഴേക്ക് ഇറങ്ങുമ്പോൾ ആണ്. വെളിച്ചത്തിൽനിന്ന് പതിയെ ഇരുളിന്റെ കൂടാരം തേടിയുള്ള യാത്ര. വവ്വാലുകൾ, മറ്റ് ചെറു ജീവികൾ, പ്രാണികൾ എന്നിവയുണ്ടാവാൻ സാധ്യതയുള്ളതിനാൽ അലർജിയും മറ്റുമുള്ളവർ വളരെ ശ്രദ്ധിച്ചു മാത്രം ഇതിനിറങ്ങുക. കൂടാതെ ഇവിടുത്തെ അന്തരീക്ഷവായുവിന് അല്പം കട്ടികൂടിയതായും മണം ഉള്ളതായും തോന്നാം. 

kaduvakuzhi-cave4

ആദ്യം കാണുന്ന ഭാഗത്ത് ഇറങ്ങി, അതിന് ശേഷം വളരെ ഇടുങ്ങിയ, ചരിഞ്ഞ, വഴുതുന്ന പാറയിലൂടെ കയറിൽ തൂങ്ങി വീണ്ടും താഴേക്ക് ഇറങ്ങണം. നിവർന്നു നിൽക്കാൻ തോന്നുമെങ്കിലും, തൽക്കാലം ഒരു മൂന്നു മണിക്കൂർ ആ ആഗ്രഹം കളയുന്നതാണു നല്ലത്. തലയും മുതുകും അധികം ഉയർത്താതെ പോയാൽ നല്ലത്. മുകളിലെ പാറയുടെ കൂർത്ത അഗ്രങ്ങൾ ഒരു പക്ഷേ പ്രശ്നമാവാം. അങ്ങനെ ശ്രദ്ധയോടെ ഒരു 35-40 മീറ്റർ താഴെക്ക് ഇറങ്ങുമ്പോൾ മുകളിലെ പാറ, നമ്മൾ ഇറങ്ങുന്ന പാറയിലേക്കു ചേർന്ന് അമരുന്ന ഭാഗമെത്തിയതായി കാണാൻ പറ്റും. അവിടെ നമ്മുടെ വലത് ഭാഗത്തേക്ക് ഏകദേശം 40 മീറ്റർ ലൈറ്റിൽ കാണുവാൻ സാധിക്കും. വളരെ ഇടുങ്ങിയ, നമ്മെ അസ്വസ്ഥരാക്കുന്ന ഇടുങ്ങിയ ഇടം. നടക്കാനോ നിൽക്കാനോ സാധിക്കാതെ, ഇഴഞ്ഞ് മാത്രം നീങ്ങേണ്ട അനുഭവം. ഇരുട്ടിന്റെ അസുര ഭാവം വെളിപ്പെടുന്നത് ഇവിടെ മാത്രമല്ല. മുകളിൽനിന്ന് ഇറങ്ങിവന്ന് ആദ്യത്തെ ലാൻഡിങ് ഉള്ള ഈ ഭാഗത്ത് നല്ല വായു സഞ്ചാരമുണ്ട്. ഗുഹാമുഖവുമായി 40 മീറ്റർ വ്യത്യാസവും അല്പം വിസ്താരവും ഉള്ള ഇവിടെ ശ്വസനം ബുദ്ധിമുട്ടായി തോന്നില്ല. പക്ഷേ ഭയം വന്നാൽ പ്രശ്നമാണ്. 

kaduvakuzhi-cave3

അടുത്ത നടപടി പതിയെ ശരീരം ചെരിച്ച്, മലർന്ന് കിടന്ന് നിരങ്ങി പോവുക എന്നുള്ളതാണ്. എന്നാൽ കുറച്ച് ദൂരം കഴിയുമ്പോൾ നമ്മുടെ മൂക്ക് മുകളിലെ പാറയിൽ മുട്ടുന്ന അനുഭവം തോന്നാം, വയർ വലിച്ച് പിടിച്ച് ശ്രമകരമായി അങ്ങനെ പോവുമ്പോൾ ഒരു കാരണവശാലും ദ് ലാസ്റ്റ് ഡിസന്റ് എന്ന് ഹോളിവുഡ് സിനിമയിലെ രംഗങ്ങൾ ഓർക്കരുത്. ആവശ്യത്തിന് വെള്ളം കുടിക്കുക, മനസ്സ് ശാന്തമാക്കി, ഏകാഗ്രതയോടെ മാത്രം ഗൈഡിനെ പിന്തുടരുക. അനാവശ്യമായി സംസാരിക്കാതിരിക്കുക. 

kaduvakuzhi-cave1

ഇരുട്ട്. അതൊരു അനുഭവമാണ്. നമ്മുടെ തലയിലെ ടോർച്ച് അണച്ച് കഴിഞ്ഞാൽ ആ ഇരുട്ടിനെ നമുക്ക് അനുഭവഭേദ്യമാക്കാം. അനിർവചനീയമായ അനുഭവം. ആരുടെയും ശബ്ദമില്ലാതെ, മൊബൈൽ വെളിച്ചമില്ലാതെ, കനത്ത ഇരുട്ടിൽ അങ്ങനെ നിൽക്കുന്നതും ഇരിക്കുന്നതും മറക്കാനാവാത്ത അനുഭവമാണ്. ശക്തിയേറിയ ടോർച്ചിനു പോലും പരിധിയിൽ കവിഞ്ഞ് ഇരുട്ടിനെ കീറാൻ സാധിക്കാതെ വരുന്നു. 

kaduvakuzhi-cave

നിലവിൽ ഗുഹയുടെ പകുതിയിൽ മണ്ണിടിഞ്ഞ് വഴി തടസ്സപ്പെട്ടതിനാൽ കേവിങ് പൂർത്തികരിക്കാൻ സാധ്യമല്ല, ഏകദേശം 800 അടിയാണ് ഗുഹയുടെ നീളം. എന്നാൽ ഇതിന് അകത്തെ ഗുഹകൾ മൊത്തം സഞ്ചരിക്കണമെന്ന് തോന്നുന്നുവെങ്കിൽ 10 മണിക്കൂർ എങ്കിലും വേണ്ടിവരും. ഒരു കാരണവശാലും ഒറ്റയ്ക്കോ ഗൈഡ് ഇല്ലാതെയോ ഗുഹയിൽ ഇറങ്ങരുതെന്ന് ഓർമിപ്പിക്കുന്നു. ഒരുപക്ഷേ മരണമെന്ന ഇരുട്ട് നമ്മെയും കാത്ത് അവിടെയുണ്ടാകും. ഡിടിപിസി വയനാട് ആവശ്യത്തിന് സുരക്ഷാ ക്രമീകരണങ്ങൾ നടത്തി ഗുഹ സാഹസിക സഞ്ചാരികൾക്കായി തുറക്കുന്നതു വരെ കാത്തിരിക്കുക. അതിനാൽ അനുമതിയോ സുരക്ഷയോ ഇല്ലാതെ സാഹസത്തിന് മുതിരരുത്. 

English Summary: Wayanad Tourist Attraction Kaduvakuzhi 

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA