ADVERTISEMENT

കുട്ടികളെയടക്കം വെള്ളത്തിൽ ഇറക്കാവുന്നത്ര സുരക്ഷിതത്വം. ആരെയും കൊതിപ്പിക്കുന്ന ജലത്തെളിമ. ആരും ശല്യപ്പെടുത്താനില്ലാത്ത പ്രകൃതി… ഇതൊക്കെയാണ് ടി കെ കോളനി എന്ന പ്രകൃതിഗ്രാമത്തിലെ പുഴകൾ നിങ്ങൾക്കു നൽകുക.  നിലമ്പൂരിലെ ചാലിയാറിലേക്കു വന്നുചേരുന്ന ചെറുപുഴകളുടെ ഉദ്ഭവസ്ഥാനത്തോടടുത്ത വിനോദസഞ്ചാരകേന്ദ്രമാണ് ടി.കെ കോളനിയും പരിസരങ്ങളും.  യഥാർഥ നിലമ്പൂരിന്റെ തനിമ അറിയാൻ ഈ കുളിരരുവികളിൽ ഒന്നു മുങ്ങിനിവർന്നാൽ മതി. 

Nilambur-Travel1

അമരമ്പലം വന്യജീവിസങ്കേതത്തിന്റെ അരുമകളാണ് ഈ അരുവികൾ. പാറക്കല്ലുകൾക്കിടയിലൂടെ നുരഞ്ഞുപതഞ്ഞൊഴുകി, മിക്കയിടത്തും സ്ഫടികതുല്യമായ കുളങ്ങൾ തീർത്ത്, അതിൽനിന്നും വീണ്ടും തെന്നിമാറി താഴോട്ടുകുതിക്കുന്ന  ഈ പുഴകളിൽ നീരാടാനായി എത്തുന്നവർ ഏറെ. അതിൽ കുടുംബങ്ങളാണ് അധികവും.  അതിനു കാരണവുമുണ്ട്.  സുരക്ഷിതമായി ജലം കാണാം എന്നത് ആദ്യത്തേത്. കാടിന്റെ വന്യത അത്രയില്ല എന്നതും സ്വകാര്യതയുണ്ട് എന്നതും മറ്റു കാരണങ്ങൾ. 

Nilambur-Travel3

നിലമ്പൂർ യാത്രാപദ്ധതിയിലുണ്ടെങ്കിൽ, പതിവുകാഴ്ചകൾ വിട്ട്  ടി.കെ കോളനിയും ചോക്കാടിനടുത്ത പെടയന്താളിലും ഒരു കുളി പാസാക്കാനായി വണ്ടിയെടുത്ത് ഇറങ്ങാം. അവിസ്മരണീമായ അനുഭവമാകുമത് തീർച്ച. അടിത്തട്ടു കാണിച്ചു മോഹിപ്പിക്കും ഈ അരുവികൾ.  സർഫിങ് വലിയൊരു ടൂറിസം മേഖലയാണല്ലോ. ഇവിടെ കുളി അതിനെക്കാൾ വലിയൊരു സംഭവമാണ്.  സൈലന്റ് വാലിയുടെയും മറ്റും കാടുകളിൽനിന്നു വരുന്ന ഈ ജലവാഹിനികളിലെ കുളി സംഭവമായില്ലെങ്കിലേ അദ്ഭുതമുള്ളൂ.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നാട്ടുകാരുടെ ഉപദേശം കേൾക്കണം. കാരണം അവർക്കറിയാം അപകടം എവിടെയാണെന്ന്. ഒറ്റനോട്ടത്തിൽ അടിത്തട്ടു കാണുമെങ്കിലും പല കയങ്ങളും നല്ല ആഴമുള്ളതാകും. എല്ലായിടത്തും കുടുംബവുമായി ഇറങ്ങരുത്. ആഴമില്ലെന്നു കരുതി എടുത്തു ചാടുകയുമരുത്. പാറക്കെട്ടുകൾക്കുമുകളിലൂടെ വളരെ സൂക്ഷിച്ചേ നടക്കാവൂ. മുതിർന്നവരെയും തണുപ്പ് ശരീരത്തിനു പറ്റാത്തവരെയും വെള്ളത്തിലിറക്കരുത്. നല്ല തണുപ്പാണ് വെള്ളത്തിന്. ഉച്ചയാകുമ്പോൾ ടി. കെ കോളനിയിലെത്തുകയാണുചിതം. തണുപ്പ് കുറച്ചു കുറയും. വനംവകുപ്പ് ചില പരിധികൾ വച്ചിട്ടുണ്ട്. അവ ലംഘിച്ചു മുകളിലേക്കു പോകുന്നത് നല്ലതല്ല. 

Nilambur-Travel4

ഇനിയൊരു പ്രധാന കാര്യം- പലരും ആഹാരം പാഴ്സൽ ചെയ്തു കൊണ്ടുവന്ന് പുഴയോരത്തെ പാറപ്പുറത്തിരുന്നു കഴിച്ച് പോകാറാണു പതിവ്. അങ്ങനെ ചെയ്യുകയാണെങ്കിൽ ഒരു തുണ്ട് മാലിന്യം പോലും ആ കുളിരരുവികളിലോഅടുത്തോ നിക്ഷേപിച്ചു പോരരുത്. അത്ര പവിത്രമാണ് ആ പുഴകൾ. 

Nilambur-Travel

നാട്ടുകാരുടെ ജലസ്രോതസ് ആണ് പുഴകൾ. അതിലെ പൈപ്പുകൾ പൊട്ടിക്കാതെയും ബഹളമുണ്ടാക്കാതെയും പുഴയാസ്വദിച്ചു പോരുക. (അല്ലാത്തവരെ നാട്ടുകാർ കൈകാര്യം ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്)

റൂട്ട്

നിലമ്പൂരിൽനിന്നു പൂക്കോട്ടുംപാടം- ചോക്കാട്- വഴി ഈ പുഴകളിലേക്കെത്താം. മുക്കാൽമണിക്കൂർ യാത്രയുണ്ട്. 23 km ആണ് ദൂരം. 

English Summary:  Nilambur T.K. Colony Travel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com