മൈനസ് ഡിഗ്രി തണുപ്പിൽ ഗോഡ്സ് ഓൺ കൺട്രിയിലെ കശ്മീർ, മഞ്ഞിൽ മുങ്ങി മൂന്നാർ

1munnar-sunrise
മൂന്നാറിലെ സൂര്യോദയം.
SHARE

പുൽമേടുകളിൽ ഗ്ലാസ് പോലെ ഐസ് കട്ടപിടിച്ചു കിടക്കുന്നതു കാണണോ, എന്നാൽ ഉടനെ വണ്ടിയെടുക്കാം, മൂന്നാറിലേക്ക്. കോവിഡ് കാലത്ത് ഏറെനാൾ സഞ്ചാരികൾ എത്താതിരുന്നെങ്കിലും ഇപ്പോൾ വൻ തിരക്കാണിവിടെ. ഒരു ദിവസം മുഴുവൻ ആസ്വദിച്ച് സഞ്ചരിക്കാനുള്ള സ്ഥലങ്ങളുണ്ട് മൂന്നാറിൽ. കഴിഞ്ഞ ആഴ്ച ‍താപനില മൈനസിലെത്തിയതോടെ മൂന്നാർ മൊത്തത്തിൽ ഒന്നു വിറച്ചു. മരംകോച്ചും തണുപ്പും മഞ്ഞുമായി മൂന്നാർ ഇപ്പോൾ അതിസുന്ദരിയാണ്.

4munnar-ice
താപനില മൈനസായതിനെ തുടർന്ന് മൂന്നാർ പെരിയവരയിൽ‍ ചെടിയിൽ ഐസ് കട്ടപിടിച്ചിരിക്കുന്നു.

∙ മൈനസ് ഡിഗ്രിയും സഞ്ചാരികളും

മൂന്നാറിൽ താപനില മൈനസ് ആകുന്നതോടെ മഞ്ഞുവീഴ്ച തുടങ്ങും. ഇതു കാണാനായി ഒട്ടേറെ സഞ്ചാരികളാണ് എത്തുന്നത്. പക്ഷേ, ഏറെ പേരും മഞ്ഞു വീഴ്ച കാണാനാകാതെ നിരാശയാണു മടങ്ങുന്നത്.

3munnar-maatupetty-dam
കോടമഞ്ഞൊഴുകുന്ന മാട്ടുപ്പെട്ടി ജലാശയം

താപനില മൈനസാകുന്നതും മഞ്ഞു വീഴ്ചയുണ്ടാകുന്നതും എല്ലാ ദിവസവും കാണാനാവില്ല, കാലാവസ്ഥ മാറുന്നതനുസരിച്ചു താപനിലയിൽ വ്യത്യാസമുണ്ടാകും പിന്നെ ഒരൽപം ഭാഗ്യവും കൂട്ടുവേണം. മൂന്നാറിലെ പെരിയവരൈ, ദേവികുളം, മാട്ടുപെട്ടി മേഖലകളിലാണു മഞ്ഞു വീഴ്ച കൂടുതൽ. പുലർ വെയിൽ വീഴുന്നതിനു മുൻപ് എത്തിയാൽ മാത്രമേ മഞ്ഞിന്റെ ഈ മാസ്മരിക കാഴ്ച  കാണാൻ സാധിക്കൂ.

∙ മാട്ടുപെട്ടിയിലെ കാട്ടാനകൾ

8maatupetty-wild-elephants
മാട്ടുപ്പെട്ടിയിലെ പുൽമെട്ടിലെത്തിയ കാട്ടാനകൾ

മൂന്നാറിൽ ഏറ്റവും അധികം സഞ്ചാരികളെത്തുന്ന സ്ഥലമാണു മാട്ടുപെട്ടി. ഇക്കോ പോയിന്റ്, ബോട്ടിങ് എന്നിവയാണ് പ്രധാന ആകർഷണം. മാട്ടുപെട്ടിയിലെ പുൽമേട്ടിൽ കൂട്ടത്തോടെ എത്തുന്ന കാട്ടാനകളാണ് ഇവിടുത്തെ പ്രധാന കാഴ്ച. കൊമ്പന്മാർ മുതൽ കുട്ടിയാനകൾ വരെ കാണും, പുൽമെട്ടിനു മുകളിൽ ഇവയുടെ കളിയും കുറുമ്പുമൊക്കെ‍ കണ്ടിരിക്കാൻ പ്രത്യേക രസമാണ്. പക്ഷേ, ഇവർ കാട്ടാനകളാണെന്ന് ഓ‍ർമ വേണം. അടുത്തു പോകാനോ അവയെ ശല്യം ചെയ്യാനോ പാടില്ല.

∙ കൊളുക്കുമലയിലെ സൂര്യോദയം

5munnar-kolukkumalai
കൊളുക്കുമലയിലെ കോടമഞ്ഞ് ആസ്വദിക്കുന്ന സഞ്ചാരി.

കൊളുക്കുമലയാണു മൂന്നാറിലെ മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം. കൊളുക്കുമലയിലെ സൂര്യോദയം കാണാനാണു സഞ്ചാരികൾ ഇവിടെയെത്തുന്നത്. മലനിരകൾക്കു താഴെ വെള്ളമെത്ത വിരിച്ചപോലെ നിൽക്കുന്ന മേഘങ്ങൾക്കിടയിലൂടെ ഉദിച്ചുയരുന്ന സൂര്യൻ, അതൊരു ഒന്നൊന്നര കാഴ്ചയാണ്, ഒറ്റവാക്കിൽ പറഞ്ഞാൽ ‘മാജിക്കൽ’.

8munnar-tea-plantation
മൂന്നാറിലെ തേയിലത്തോട്ടത്തിൽ നിന്ന് ജോലി കഴിഞ്ഞു മടങ്ങുന്ന തൊഴിലാളികൾ.

എന്നാൽ മൂടൽമഞ്ഞുള്ള ദിവസവും മഴക്കാലങ്ങളിലും സുര്യോദയം കാണാൻ സാധിക്കില്ല. കൊച്ചി - ധനുഷ്ക്കോടി ദേശീയപാത മണ്ണിടിച്ചിലിൽ തകർന്നു കിടക്കുന്നതിനാൽ മൂന്നാർ വഴി കൊളുക്കുമലയിൽ എത്താൻ സാധിക്കില്ല. അടിമാലി വഴി വരുമ്പോൾ ആനച്ചാൽ വഴി രാ‍ജാക്കാട്- ആനയിറങ്കൽ സൂര്യനെല്ലി വഴിയെ കൊളുക്കുമലയിൽ എത്താൻ സാധിക്കു. സൂര്യനെല്ലിയിൽ നിന്ന് ഓഫ്റോഡ് ജീപ്പിലാണ് കൊളുക്കുമലയിലേക്കു പോകേണ്ടത്.

7munnar-garden
മൂന്നാർ ഡെയറിനു സമീപത്തെ പൂന്തോട്ടം.

∙ രാജമലയിലെ വരയാടുകൾ

രാ‍ജമലയിലാണ് ഇരവികുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. വരയാടുകളുടേയും 12 വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലകുറിഞ്ഞി പൂക്കളുടെയും മല. വംശനാശ ഭീഷണി നേരിടുന്ന വരയാടുകൾ ഏറ്റവും കൂടുതലുള്ളത് രാജമലയിലാണ്.

2munnar-nilgiri-thar
രാജമലയിലെ വരയാടും കുഞ്ഞും.

വനം വകുപ്പിന്റെ ബസിൽ‍ മാത്രമേ സാഞ്ചാരികൾക്ക് രാജമലയിലേക്കു പോകാൻ സാധിക്കൂ (പ്രവേശന ഫീസ് ഉണ്ടാകും). കൂട്ടത്തോടെ എത്തുന്ന വരയാടുകളെ സഞ്ചാരികൾക്ക് വളരെ അടുത്ത് കാണാൻ സാധിക്കും. രാ‍ജമലയിൽ വനം വകുപ്പ് പലതരം ട്രക്കിങ്ങുകളും സംഘടിപ്പിക്കുന്നുണ്ട്.

6munnar-helicopter-REJU-ARNOLD
മൂന്നാറിലെ തെയിലത്തോട്ടങ്ങൾക്കു നടുവിൽ സ്ഥിതി ചെയ്യുന്ന ലയങ്ങൾ.

പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ് മൂന്നാറിലെ വിശേഷങ്ങളും കാഴ്ചയും.  ഗോഡ്സ് ഓൺ കൺട്രിയിലെ കശ്മീരിലേക്ക്, സ്വന്തം മൂന്നാറിലേക്കു ഒരു യാത്ര പോയാലോ?

English Summary:  Munnar Turns Into Winter Wonderland

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA