താമരശ്ശേരി ചുരം കടന്ന് സുൽത്താന്റെ ആയുധപുരയിലേക്ക് ഹോണ്ടാ സിറ്റിയിൽ

Sulthan-Bathery-Travel4
SHARE

എളക്കുന്നോന്റടുത്ത് മൂന്നമ്പുകളുണ്ടാകും. കടവിൽ നിൽക്കുന്നോന്റടുത്ത് മൂന്നും- അമ്പലവയലിലെ അമ്പെയ്ത്തുവീരൻ കൊച്ചൻകോട് ഗോവിന്ദനാശാൻ മൂർച്ചയുള്ള ഓർമകൾ ആവനാഴിയിൽനിന്നെടുത്തു പ്രയോഗിക്കാൻ തുടങ്ങി. ആരാണ് എളക്കുന്നോൻ…. എന്താണു കടവ്?

Sulthan-Bathery-Travel2

ഹോണ്ട സിറ്റിയുമായിട്ടാണ് വയനാട്ടിലെ സുൽത്താൻ ബത്തേരി യാത്ര. ജപ്പാനിലെ കറ്റാന വാളിന്റെ ആകൃതിയിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണ് സിറ്റിയുടെ ഡിസൈൻ. സുൽത്താൻ ബത്തേരിയാകട്ടെ, ടിപ്പുസുൽത്താന്റെ ആയുധപ്പുരയായിരുന്നു എന്നു ചരിത്രം പറയുന്നു. സുൽത്താൻസ് ബാറ്ററിയാണ് സുൽത്താൻ ബത്തേരി ആയത് എന്നു പറയപ്പെടുന്നു.

Sulthan-Bathery-Travel

ഭാരതത്തിലെ ഏറ്റവും പുരാതനമായ പാതകളിലൊന്നാണ് ബത്തേരിയിലൂടെ കടന്നു മൈസുരുവിലേക്കു പോകുന്നത്. ഈ വഴിയിലൂടെ നൂറ്റാണ്ടുകൾക്കുമുൻപ് ജൈനർ വയനാട്ടിലേക്കു കുടിയേറിയപ്പോൾ തദ്ദേശീയർ മാത്രമേ ഇവിടെയുണ്ടായിരുന്നുള്ളൂ. പിന്നീട് ആ കാട്ടുവഴി വികസിപ്പിച്ചെടുത്ത് ടിപ്പുസുൽത്താൻ പടനയിച്ച് ഇങ്ങെത്തി. അങ്ങനെ സുൽത്താൻ സൈന്യത്തിന്റെ ആയുധശേഖരം ബത്തേരിയിൽ സൂക്ഷിച്ചു എന്നാണു പറയപ്പെടുന്നത്. ആ ബത്തേരിയിലെ രണ്ടു കൗതുകങ്ങൾ കണ്ടുവരാം.

വയനാടിനെ നന്നായി അറിയുന്ന സുഹൃത്ത് ജോമോനോട് ഒരു കാര്യം മാത്രമേ ആവശ്യപ്പെട്ടുള്ളൂ. ബത്തേരിയുടെ അറിയാക്കാഴ്ചകൾ വേണം ഇത്തവണ യാത്രയിൽ. ആവശ്യമറിഞ്ഞ് ജോമോൻ ഞങ്ങളെ എത്തിച്ചത് നെല്ലറച്ചാലിൽ. അതിസുന്ദരമായ തടാകമാണ് നെല്ലറച്ചാൽ.

Sulthan-Bathery-Travel5

കാരാപ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശമാണ് നെല്ലറച്ചാൽ. കാലികളെ മേയ്ക്കലും കൃഷിയും മീൻപിടിത്തവുമായി സഞ്ചാരികളെ കൊതിപ്പിക്കുന്ന ജീവിതക്കാഴ്ചകളുള്ള അതിസുന്ദര ഗ്രാമമാണ് ആ തടാകക്കരയിൽ. പച്ചപ്പുല്ലു നിറഞ്ഞ മൊട്ടക്കുന്നിന്റെ ചെരിവുകളിലൂടെ നടന്നിറങ്ങിയാൽ ആമ്പലുകൾ വിരിഞ്ഞുനിൽക്കുന്ന ജലാശയത്തിൽ കാൽതൊടാം. അട്ടപ്പാടിയുടെ പ്രകൃതിയെ ഓർമിപ്പിക്കും ആ ചെരിവുകൾ. സന്ദർശകർക്ക് അനുവാദം നൽകിത്തുടങ്ങിയിട്ടേയുള്ളൂ ഗ്രാമം. ആ ചെമ്മൺവഴിയിലൂടെ അലസമായി നടക്കുന്നുണ്ട് ചില സഞ്ചാരികൾ. ജലാശയത്തിനക്കെര പിടയ്ക്കുന്ന മീൻ കിട്ടുമെന്നു ജോമോൻ പറഞ്ഞു. നല്ലൊരു സായാഹ്നം കണ്ട് നെല്ലറച്ചാലിൽനിന്നു തിരികെ ബത്തേരിയിലേക്ക്…

വില്ലാളിവീരൻമാരുടെ കഥ

രണ്ടാംദിവസം ഗോവിന്ദനാശാനെ കാണാനാണു പോയത്. ആശാനെ ഫോണിൽ വിളിച്ചു. സന്തോഷത്തോടെ അദ്ദേഹം വരാൻ പറഞ്ഞു. ബത്തേരിയിൽനിന്ന് അമ്പലവയലിലേക്ക്. ആ വഴിപോകുമ്പോൾ ഫാന്റം റോക്ക് കാണാം. ആശാൻ റോഡിലിറങ്ങിനിന്നിരുന്നു ഞങ്ങളെ കാത്ത്. മരങ്ങൾ നിറഞ്ഞൊരു പറമ്പിലാണ് ആശാന്റെ വീട്. ചെറിയ വീടിനടുത്ത് അദ്ദേഹത്തിന്റെ ആയുധപ്പുര. പേരക്കുട്ടികളാണ് ഗോവിന്ദനാശാന്റെ സഹായികൾ ഇപ്പോൾ. ഗോവിന്ദനാശാനെ കാണാൻ സഞ്ചാരികളെത്തുമ്പോൾ അമ്പെയ്ത്തുനിർദേശം നൽകുന്നത് ഇവർ തന്നെയാണ്.

വയനാട്ടിലെ കുറുമ വിഭാഗക്കാരനാണ് ഗോവിന്ദനാശാൻ. ആ ഗോത്രത്തിന്റെ അമ്പെയ്ത്തു പെരുമ ലോകമെങ്ങും എത്തിയത് ആശാനിലൂടെയാണ്. പൂർവികർ വേട്ടക്കാരായിരുന്നു. കാട്ടിൽ പോകുമ്പോൾ മൃഗങ്ങളെ ഓടിക്കുന്നവരാണ് എളക്കുന്നോർ അഥവാ ഇളക്കുന്നോർ. കാടിളക്കി അവർ മൃഗങ്ങളെ മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്തേക്ക് എത്തിക്കും. ഈ സ്ഥലങ്ങളാണ് കടവുകൾ. കടവിൽ മൂന്നു അമ്പുകളുമായി മറ്റുവേട്ടക്കാർ കാത്തിരിക്കും. മൃഗങ്ങളെ എയ്തുവീഴ്ത്തും. ഇങ്ങനെ ജീവിച്ചവരുടെ പിൻഗാമിയായ ഗോവിന്ദനാശാൻ വില്ലാളിവീരൻ ആകാതിരിക്കുന്നതെങ്ങനെ… ആശാൻ രൂപകൽപ്പന ചെയ്ത ആയുധങ്ങൾ വീട്ടിൽ കാണാം. വിദേശത്തു നടന്ന പല പ്രകടനങ്ങളിലും മത്സരങ്ങളിലും ആശാനും അദ്ദേഹത്തിന്റെ ശിഷ്യരും അമ്പെയ്ത്തു പ്രകടനം നടത്തി വിസ്മയിപ്പിച്ചിട്ടുണ്ട്. വയനാട്ടിലെ പല പഴയ വീട്ടുപകരണങ്ങളും ഗോവിന്ദനാശാൻ സൂക്ഷിച്ചുവച്ചിട്ടുണ്ട്.

ബത്തേരിയിലെ മറ്റുകാഴ്ചകളായ ജൈനക്ഷേത്രം, മുത്തങ്ങവഴിയിലൂടെയുള്ള യാത്ര എന്നിവയോടൊപ്പം നെല്ലറച്ചാലും ഗോവിന്ദനാശാനും യാത്രാഭൂപടത്തിൽ ഇടം പിടിച്ചപ്പോൾ ജോമോനു നന്ദി പറഞ്ഞ് ഞങ്ങൾ താമരശ്ശേരി ചുരമിറങ്ങി.

English Summary: Sulthan Bathery Travel

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA