ADVERTISEMENT

മലമുകളില്‍ സൂര്യരേണുക്കള്‍ ചെരിഞ്ഞിറങ്ങുമ്പോള്‍ താഴ്‌വാരം വെണ്‍മേഘപ്പട്ടു പുതച്ചു കിടക്കുകയാകും. മലയടിവാരത്തെ മരക്കൊമ്പുകളെ തൊട്ടുതലോടി പോകുന്നതുപോലെ മേഘങ്ങള്‍. നേരം വെളുക്കുന്നതിനു മുമ്പേ മലകയറിത്തുടങ്ങിയാല്‍ സൂര്യനുദിക്കുമ്പോഴേക്കും മുകളിലെത്താം. മഞ്ഞു പടലങ്ങള്‍ക്കിടയിലൂടെ സൂര്യരശ്മികള്‍ ഓരോന്നോരോന്നായി ഇറങ്ങി വരും. വഴിതെറ്റാതിരിക്കാന്‍ വെളുത്ത കൊടികള്‍ നാട്ടിവച്ചിരിക്കുന്നു. കുന്നിറങ്ങിവരുന്ന കാറ്റില്‍ വിദൂരതയിലേക്ക് വിരല്‍ ചൂണ്ടുന്നപോലെ ആ കൊടികള്‍ ആടുന്നുണ്ടാകും. തെരുവപ്പുല്ലുകള്‍ക്കും പാറക്കൂട്ടങ്ങള്‍ക്കും ഇടയിലൂടെ നടവഴി മുകളിലേക്ക് കയറിപ്പോകുന്നു. സൂര്യോദയവും അസ്തമയവും ഒരേ പോലെ ദൃശ്യഭംഗി ഒരുക്കുന്ന ഇടമാണ് ചീങ്ങേരി മല. അതിരാവിലെ എത്തിയാല്‍ സൂര്യോദയവും മലയടിവാരത്ത് പാല്‍ക്കടല്‍ പോലെ വെണ്‍മേഘക്കെട്ടുകളും കാണാം. 

cheengery3

വലിയ ആയാസമില്ലാതെ കയറാന്‍ സാധിക്കുന്ന മലയാണ് ചീങ്ങേരി. ചെറിയ മരങ്ങളും പുല്ലും വളര്‍ന്നു നില്‍ക്കുന്ന വലിയൊരു പാറക്കെട്ട്. സുല്‍ത്താന്‍ ബത്തേരി അമ്പലവയലില്‍നിന്നു കടുവാക്കുഴിയിലേക്കുള്ള വഴിയിലൂടെയാണ് ചീങ്ങേരി മലയിലേക്കു പോകുന്നത്. അടുത്തിടെയാണ് ടൂറിസം വകുപ്പ് മല ഏറ്റെടുത്ത് സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയത്. അതുവരെ പ്രദേശവാസികള്‍ മാത്രമായിരുന്നു മലകയറാന്‍ എത്തിയിരുന്നത്. വന്യമൃഗശല്യമോ കാടോ ഇല്ലാത്തതിനാല്‍ നേരം പുലരുന്നതിനു മുന്‍പു തന്നെ മലകയറാന്‍ തുടങ്ങാം. മല കയറി പകുതി എത്തിയാല്‍ കുറച്ച് നിരപ്പായ സ്ഥലമുണ്ട്. ഇവിടെ വിശ്രമിച്ച ശേഷം വീണ്ടും മല കയറാം. ടിക്കറ്റ് കൗണ്ടറിന് അല്‍പം മുകളിലായി പ്രത്യേകം ഇരിപ്പിടങ്ങളുണ്ടാക്കിയിട്ടുണ്ട്. അധിക ദൂരം നടക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇവിടെ ഇരുന്ന് പ്രകൃതി ഭംഗി ആസ്വദിക്കാം. 

ചീങ്ങേരി റോക്ക് അഡ്വഞ്ചര്‍ ടൂറിസം എന്നാണ് ടൂറിസം വകുപ്പ് ഇതിനു പേരു നല്‍കിയിരിക്കുന്നത്. പാറയില്‍കെട്ടിയിരിക്കുന്ന കയറിലൂടെ പിടിച്ച് സാഹസികമായി മുകളിലേക്കു കയറാം. അല്ലാതെതന്നെ അല്‍പം ചുറ്റിവളഞ്ഞ് നടന്നു കയറാനും വഴിയുണ്ട്. രാവിലെ 6 മണി മുതൽ സഞ്ചാരികളെ കയറ്റും. 9.30 വരെയാണ് പ്രവേശനം. ഉച്ചകഴിഞ്ഞ് രണ്ടിനു തുടങ്ങുന്ന പ്രവേശനം 4.30 വരെയാണ്. 6 മണിയാകുമ്പോഴേക്കും മലയിറങ്ങണം. മുതിര്‍ന്നവര്‍ക്ക് 80 രൂപയാണ് ടിക്കറ്റ് നിരക്ക്. കുട്ടികള്‍ക്ക് 50. ക്യാമറ ഉപയോഗിക്കണമെങ്കിൽ പ്രത്യേകം ടിക്കറ്റ് എടുക്കണം. 

cheengery2

മലകയറി മുകളിലെത്തിയാല്‍ വിശാലമായ പറയാണ്. ചിലയിടത്ത് വലിയ പാറ നാട്ടിവച്ചതുപോലെ തോന്നും. കള്ളിമുള്‍ച്ചെടികളും അങ്ങിങ്ങായി വളര്‍ന്നു നില്‍ക്കുന്നു. ഇവിടെ നിന്നാൽ കൊളഗപ്പാറ, മഞ്ഞപ്പാറ, ഫാന്റം റോക്ക് എന്നീ മലകളും കാരാപ്പുഴ ഡാമിന്റെ റിസര്‍വോയറും കാണാം. മലയുടെ മറുവശത്ത് ചെങ്കുത്തായ കൊക്കയാണ്. ഇവിടെയും വലിയ പാറകള്‍ നാട്ടിവച്ചതുപോലെയുണ്ട്.  അങ്ങ് ദൂരെ വളഞ്ഞും പുളഞ്ഞും കയറിപ്പോകുന്ന വഴി. സ്‌കൂളിന്റേതെന്നു തോന്നിക്കുന്ന ഒരു കെട്ടിടവും ഗ്രൗണ്ടും അതിനടുത്തിയ ഒരു വലിയ മരവും ഏതോ ജലച്ചായ ചിത്രം പോലെ തോന്നും. പാറക്കെട്ടിനിടയില്‍ ചെറിയൊരു ഗുഹയുമുണ്ട്. ഒരാള്‍ക്കു മാത്രം ഇറങ്ങിപ്പോകാവുന്ന ഗുഹ.

cheengery

അതിരാവിലെ മല കയറുന്നതാണു നല്ലത്. ഒന്‍പതു മണിയോടെ സൂര്യന്‍ ഉദിച്ചുയരും. പിന്നെ നല്ല ചൂടാകും. അതിനാല്‍ അധികം സമയം മലമുകളില്‍ നില്‍ക്കാന്‍ സാധിക്കല്ല. പാറ ചൂടാകാന്‍ തുടങ്ങുന്നതോടെ തലയും കാലും ഒരു പോലെ പൊള്ളാന്‍ തുടങ്ങും. വന്‍മരങ്ങളൊന്നുമില്ലാത്തതിനാല്‍ തണലുമുണ്ടാകില്ല. വൈകിട്ട് നാലു മണിക്ക് ശേഷം കയറിയാല്‍ വലിയ ചൂടേല്‍ക്കാതെ മലമുകളിലെത്തി സൂര്യാസ്തമയം കണ്ട് ഇരുട്ടുമ്പോഴേക്കും തിരിച്ചിറങ്ങാം. രാത്രിയില്‍ മലമുകളില്‍ ടെന്റ് കെട്ടി താമസിക്കാനുള്ള സൗകര്യവും ഡിടിപിസി ഒരുക്കുന്നുണ്ട്. ഇതിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.

English Summary: Cheengeri Hills in Wayanad 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com