കാഴ്ചകൾ നടന്നു കാണാൻ സൺഡേ വോക്കേഴ്സ്, നടത്തം 20 കിലോമീറ്റർ വരെ

chinnar-trip
SHARE

ഞായറാഴ്ചകളിൽ ടീം സൺഡേ വോക്കേഴ്സിന്റെ നടത്തം ഒന്നും രണ്ടും കിലോമീറ്ററല്ല. പത്തും പതിനഞ്ചും ഇരുപതും കിലോമീറ്ററാണ് ഓരോ യാത്രകളും ഓരോ നാട്ടിലേക്ക്. ആനാടിന്റെ ചരിത്രവും പൈതൃകവും ഒക്കെ അറിഞ്ഞും മനസ്സിലാക്കിയുമാണ് ഓരോ നടത്തവും.

chinnar-trip1

‘പല വഴി പോകുക, പലരെ കാണുക, പല കഥ കേൾക്കുക, പലതുപഠിക്കുക...’ ഇത് ഞായർ നടപ്പുകാരുടെ മുദ്രാവാക്യമാണ്. നടന്നു നടന്നു പോയി നാടിനെ അറിയാനുള്ള ഒരു കൂട്ടം സഞ്ചാര പ്രിയരുടെ കൂട്ടായ്മയാണ് ടീം സൺഡേ വോക്കേഴ്സ്. നടപ്പിനൊപ്പം ആ കൂട്ടായ്മയും വളർന്നു. നടന്നു നടന്ന് അവ്‍ നാടിനെ കണ്ടറിഞ്ഞു. ഊടുവഴികളിലൂടെയും ഗ്രാമാന്തരങ്ങളിലൂടെയും ചരിത്രഭൂമികളിലൂടെയും നടന്ന് അവർ നാടിനെ തൊട്ടറിഞ്ഞു. പഴമക്കാരുടെ നാവിലൂടെ കേട്ടറിഞ്ഞ കഥകൾ തേടി നടന്നു. നാട്ടു പേരുകളുടെ അർഥവും പെരുമയും തിരഞ്ഞുള്ള കാൽനടയാത്രകൾ. അവരുടെ ഓരോ ഞായറാഴ്ചകളുടെയും പുലരികൾ നടത്തത്തിനായി മാറ്റിവച്ചു. വെറുതേ രണ്ടും മൂന്നും കിലോമീറ്റർ നടക്കുകയല്ല. ഏതെങ്കിലും പേരുകേട്ട സ്ഥലമോ, പഴയ ഗ്രാമമോ തിരഞ്ഞെടുത്തതിനു ശേഷം അവിടം നടന്ന് കാണുന്നതാണ് രീതി. ഒരു ദിവസം 15 മുതൽ 25 കിലോമീറ്റർ വരെയൊക്കെ നടന്ന് ഉച്ചയോടെ തിരിച്ചെത്തും. 

2005 ൽ മലപ്പുറം ജില്ലയിലെ വാളക്കുളം ഹയർ സെക്കൻഡറി സ്കൂളിൽ മണ്ണുദിനാചരണത്തിന്റെ ഭാഗമായി വ്യത്യസ്തമായ ഒരു നടത്തം സംഘടിപ്പിച്ചു. ‘മണ്ണു നടത്തം’ എന്നാണ് അതിന് പേരിട്ടത്.ചെരുപ്പിടാതെ മണ്ണിലൂടെ നടന്ന് മണ്ണിനെ അറിയുക എന്നതായിരുന്ന ലക്ഷ്യം. സ്കൂളിലെ രണ്ടായിരത്തിലധികം കുട്ടികൾ ചെരുപ്പിടാതെ 5 കിലോമീറ്ററിലേറെ നടന്നു. മണ്ണറിവ് നടത്തം വിജയമായതോടെ  നാട്ടറിവ് എന്ന ലക്ഷ്യത്തിലേക്ക് നടക്കാനുള്ള ചിന്തയുണർന്നു. അങ്ങനെ വാളക്കുളം സ്കൂളിലെ അധ്യാപകൻ കെ.പി.ഷാനിയാസിന്റെയും ടി.മുഹമ്മദിന്റെയും നേതൃത്വത്തിൽ ആറ് പേർ ഒരു ഞായറാഴ്ച നടന്നു തുടങ്ങി. 

ചെരുപ്പിടാതെ 5 കിലോമീറ്റർ നടക്കാമെങ്കിൽ ചെരുപ്പിട്ട് 15 കിലോമീറ്ററെങ്കിലും നടക്കാം എന്ന ആശയം മുന്നിൽ വച്ച് നടപ്പ് തുടങ്ങി. ആദ്യ നടപ്പ് വിജയമായി.  അതാണ് ടീം സൺഡേ വോക്കേഴ്സ് എന്ന കൂട്ടായ്മയായത്. ഈ കൂട്ടായ്മ ഇന്ന് നൂറിലധികം അംഗങ്ങളിലേക്ക് വളർന്നു. ആദ്യ യാത്രകൾ ഒരു ദിവസം രാവിലെ പുറപ്പെട്ട് ഉച്ചയോടെ തിരിച്ചെത്താവുന്ന വിധം മലപ്പുറത്തിന്റെ ഊടുവഴികളിലൂടെയായിരുന്നു. 

village-trip

കോട്ടയ്ക്കൽ, മമ്പുറം, തുഞ്ചൻ പറമ്പ് .. അങ്ങനെ നീണ്ടു. പിന്നെ മലപ്പുറത്തിന്റെ  മറ്റ് ഉൾമേഖലകളിലേക്ക് ഓരോ ഞായർ പുലരികളിലെയും യാത്രകൾ നീണ്ടു. നിലമ്പൂർ തേക്ക് മ്യൂസിയം, അങ്ങാടിപ്പുറം ചാവേർത്തറ, തിരൂർ വാഗൺ ട്രാജഡി സ്മാരകം അങ്ങനെയങ്ങനെ. പിന്നീട് തൊട്ടടുത്ത ജില്ലകളിലേക്കായി, കോഴിക്കോട്ടെ കുറ്റിച്ചിറയും കക്കയം ഡാമും പാലക്കാട്ടെ തസ്രാക്കും മലമ്പുഴയും നെല്ലിയാമ്പതിയും ..വയനാട്ടിലെ ലക്കിടിയും പൂക്കോടും ഒക്കെ സന്ദർശിച്ചു. കേരളത്തിനു പുറത്തേയ്ക്ക് പിന്നെ യാത്ര നീണ്ടു. ചെന്നൈ, ശ്രീപെരുംപുത്തൂർ, ചെമ്പൈ ഗ്രാമം..അങ്ങനെയങ്ങനെ. പൂക്കോട്ടൂർ യുദ്ധ സ്മാരകത്തിനടുത്തു നിന്ന് തിരൂർ വാഗൺ ട്രാജഡി സ്മാരകം വരെ നടത്തിയ നടത്തമാണ് ഏറ്റവും ദൈർഘ്യമേറിയത്. ഏതാണ്ട് 35 കിലോ മീറ്ററോളം അന്ന് നടന്നു. 

സ്വാതന്ത്ര്യത്തിന്റെ മഹത്വമറിയുക എന്നതായിരുന്നു ആ യാത്രയുടെ ലക്ഷ്യം. മലബാറിന്റെ കടൽത്തീരം മുഴുവൻ നടന്ന് അറിവ് നേടിയതും ഇവരുടെ മറ്റൊരു നേട്ടം. ഓരോ യാത്രയുടെയും വിവരങ്ങൾ ഡോക്യുമെന്റ് ചെയ്തു വയ്ക്കുന്നതും പുതുതലമുറയ്ക്ക് ഉപകാരപ്പെടും. ഓരോ വെള്ളിയാഴ്ചകളിലും സൺഡേ വോക്കേഴ്സിന്റെ ഗ്രൂപ്പിൽ ഞായറാഴ്ച ഏതു സ്ഥലത്തേയ്ക്കാണ് നടപ്പെന്ന് അറിയിക്കും. താൽപര്യമുള്ളവരെല്ലാം ഞായറാഴ്ച പുലർച്ചെ എത്തും. ചിലപ്പോൾ ആളുകൾ കുറവാകും. ചിലപ്പോൾ കേട്ടറിഞ്ഞ് കൂടുതൽ ആളുകളെത്തും.

rajamala

ഓരോ സ്ഥലത്തേക്കുള്ള യാത്ര തീരുമാനിച്ചു കഴിഞ്ഞാൽ ആ മേഖലയിലെ പരിചയക്കാരുടെയോ സമാനചിന്താഗതിക്കാരുടെയോ സഹായം തേടും.  ദൂരസ്ഥലങ്ങളിലേക്ക് ട്രെയിനിലോ ബസിലോ പോകും. പിന്നെ അവിടെ നിന്ന് നടപ്പ് തുടങ്ങും ഓരോ സ്ഥലത്തിന്റെയും ചരിത്ര പ്രാധാന്യം തിരിച്ചറിഞ്ഞും കാഴ്ചകൾ കണ്ടും അറിവ് പുതുക്കിയും ആണ് ഓരോ യാത്രയും. ടി.മുഹമ്മദ്, കെ.പി.ഷാനിയാസ്, ഇ.കെ.ആത്തിക്ക്, ആദിത്യൻ നമ്പൂതിരി ,കെ.പി.അൻവർ തുടങ്ങിയവരാണ് ടീം സൺഡേ വോക്കേഴ്സിന് നേതൃത്വം നൽകുന്നത്. 

English Summary: Sunday Walkers Team

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA