പെട്ടെന്ന് മുന്നിലൊരു ആന വന്നാൽ എന്തുചെയ്യും? നടി പ്രിയങ്കയുടെ യാത്രാവിശേഷങ്ങൾ

Priyanka-travel
SHARE

ഏറെനാളായുള്ള സ്വപ്‌നസാക്ഷാത്കാരത്തിന്റെ നിറവിലാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായ പ്രിയങ്ക. കൗമാരപ്രായത്തില്‍ത്തന്നെ മനസ്സില്‍ കയറിക്കൂടിയ ആഗ്രഹമായിരുന്നു അഗസ്ത്യകൂട മലനിരകള്‍ കയറണമെന്നത്. 2021 ല്‍ ആ സ്വപ്നം സഫലമായി. അഗസ്ത്യകൂട മലനിരകള്‍ കീഴടക്കിയ വിശേഷങ്ങള്‍ മനോരമ ഓണ്‍ലൈനിനോട് പങ്കുവയ്ക്കുകയാണ് താരസുന്ദരി പ്രിയങ്ക. 

agasthyarkoodam-trekking12

അതികഠിനം ഈ യാത്ര

കഠിനമെന്നു പറഞ്ഞാല്‍ പോരാ, അതികഠിനമായിരുന്നു യാത്ര. മനസ്സും ശരീരവും ഒരേപോലെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ അഗസ്ത്യാര്‍കൂടമെന്ന വിജയത്തെ കീഴടക്കാനാവൂ. ശാരീരിക ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടായിരുന്നിട്ടും, മനസ്സ് നല്‍കിയ ശക്തിയും ഊർജവുമാണ് തനിക്ക് ഇൗ യാത്ര പൂര്‍ത്തിയാക്കാൻ സഹായിച്ചതെന്നു പ്രിയങ്ക പറയുന്നു. ആരോഗ്യമുള്ളവർക്കേ ട്രെക്കിങ് പൂര്‍ത്തിയാക്കാൻ പറ്റൂ. കുത്തനെയുള്ള വലിയ പാറകളിലൂടെ കയറില്‍ തൂങ്ങിയൊക്കെയാണ് യാത്ര. കാട്ടിൽ ധാരാളം വന്യജീവികളുമുണ്ട്.

agasthyarkoodam-trekking

പെട്ടെന്ന് ആനയൊക്കെ മുന്നില്‍ വന്നാല്‍ ഓടണമെങ്കില്‍ നല്ല സ്റ്റാമിന കൂടി വേണം. യാത്രയ്ക്കു ദിവസങ്ങള്‍ മുമ്പ് ശാരീരികമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നുവെങ്കിലും അഗസ്ത്യാര്‍കൂടം കയറണം എന്ന ആഗ്രഹം ആവേശം നൽകി.

agasthyarkoodam-trekking10

‘പുൽമേടുകളും പാറക്കെട്ടുകളും കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും പിന്നിട്ട് അതിരുമലയും പൊങ്കാലപ്പാറയും കടന്ന് വന്യമൃഗങ്ങൾ വിഹരിക്കുന്ന കൊടുംവനത്തിനുള്ളിലൂടെ 27 കിലോമീറ്റർ കാൽനടയായി വേണം അഗസ്ത്യന്റെ ഗിരിമകുടത്തിലെത്താൻ. കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിങ് വഴികളാണിവിടം. ആന, പുലി, കടുവ, കരടി, കാട്ടുപോത്ത് തുടങ്ങി എൺപതിലധികം വന്യമൃഗങ്ങളുടെയും പലയിനം വിഷപ്പാമ്പുകളുടെയും താവളം. അതുകൊണ്ടുതന്നെ മലകയറ്റം കഠിനവും അതിസാഹസികവുമാണ്. എത്ര മുൻകരുതലെടുത്താലും ചോരയൂറ്റുന്ന കുളയട്ടകൾ ധാരാളമുണ്ടിവിടെ. പക്ഷേ ആ മലകൾ കയറി പ്രകൃതിയോടലിഞ്ഞു ചേരാൻ ഇതൊന്നും തടസ്സമാവില്ല എന്റെ അനുഭവം എനിക്ക് നൽകിയത് അതാണ്.'

agasthyarkoodam-trekking1

അഗസ്ത്യാര്‍കൂടത്തിലേക്കുള്ള ട്രക്കിങ് വനിതകള്‍ക്കു സാധ്യമാകാന്‍ കോടതി വിധി തന്നെ വേണ്ടി വന്നു. അതിനുശേഷം അഗസ്ത്യ മലനിരകളില്‍ പതിഞ്ഞ പെണ്‍പാദങ്ങൾ നിരവിധിയുണ്ട്. അക്കൂട്ടത്തിലാണ് പ്രിയങ്കയും. 

agasthyarkoodam-trekking2

എന്റെ സ്വപ്നയാത്രയ്ക്ക് ചിറകുവിരിച്ചു 

‘ആദ്യതവണ അഗസ്ത്യാർകൂട യാത്രയ്ക്കുള്ള പാസ് എടുത്ത സമയത്ത് അമ്മൂമ്മയ്ക്ക് സുഖമില്ലാതെ വന്നതോടെ ആ യാത്ര മുടങ്ങി. പിന്നീട് അമ്മൂമ്മയുടെ മരണവും കൊറോണയുടെ വരവും എല്ലാമായി ആ യാത്ര അങ്ങനെ നീണ്ടുപോയി. നീണ്ട നാളുകൾക്കു ശേഷം ആ സ്വപ്നം എന്നെ തേടിയെത്തി. ഈ വര്‍ഷം ആദ്യമായിരുന്നു യാത്ര. സ്‌പെഷല്‍ പാസ് വഴി 5, 10 പേര്‍ അടങ്ങുന്ന ഗ്രൂപ്പുകളായിട്ടായിരുന്നു യാത്ര. ഒപ്പം രണ്ട് ഗൈഡുകളും ഉണ്ടായിരുന്നു. ശാരീരികമായി ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്ന സമയത്തായിരുന്നു യാത്രയ്ക്കായി ഒരുങ്ങിയത്. ചില ഘട്ടങ്ങളില്‍ എനിക്ക് ഈ യാത്ര പൂര്‍ത്തിയാക്കാനാകുമോ എന്നുപോലും ചിന്തിച്ചിരുന്നു. അപ്പോഴൊക്കെ മനസ്സ് തന്ന ധൈര്യമാണ് മുന്നോട്ട് നയിച്ചത്. പിന്നെ എനിക്കൊപ്പമുണ്ടായിരുന്നവരുടെ പിന്തുണയും. മികച്ച ടീമിനൊപ്പം അഗസ്ത്യകൂടം ട്രെക്ക് നടത്താനായതും എനിക്ക് ലഭിച്ച മറ്റൊരു ഭാഗ്യമാണ്. ധന്യ സനൽ, അനിഷ്, ഹേമന്ത്, മധുപാല എന്നിവർ ആയിരുന്നു എന്റെ ടീം അംഗങ്ങൾ. ഇവർ ഏറ്റവും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്.

agasthyarkoodam-trekking7

മൂന്നു ദിവസത്തെ ട്രക്കിങ്ങാണിത്. ആദ്യദിവസം ബോണക്കാടു നിന്ന് ആരംഭിച്ച് ബേസ് ക്യാംപായ അതിരുമലയിലേക്കുള്ള നടത്തമാണ്. ഏകദേശം 18 കിലോമീറ്റർ നടന്നു വേണം ഇവിടെയെത്താൻ. അന്നു രാത്രി അവിടെ തങ്ങി പിറ്റേന്ന് രാവിലെ അഗസ്ത്യാർകൂടം മലകയറാൻ ആരംഭിക്കും. 8 കിലോമീറ്റർ കയറ്റമുണ്ട്. വിവിധതരത്തിലുള്ള  ട്രെക്കിങ് ആണിത്. 40 കിലോമീറ്ററോളം നടന്നുവേണം മൂന്നുദിവസത്തെ  ഈ ട്രക്കിങ് പൂർത്തിയാക്കാൻ.’

agasthyarkoodam-trekking9

സാധാരണ മണ്‍സൂണ്‍ ട്രെക്കിങ്  നടത്തിയിട്ടുണ്ടെങ്കിലും ജനുവരിയിലെ മഴ ശരിക്കും വലച്ചു എന്നുതന്നെ  പ്രിയങ്ക പറയുന്നു. ഒപ്പം മഞ്ഞും ശക്തമായ കാറ്റും. ‌

agasthyarkoodam-trekking5

‘മുന്നില്‍ പോകുന്ന ആളെപ്പോലും കാണാനാകാത്തവിധം മഞ്ഞുവന്നുമൂടി. പലരും യാത്ര പൂര്‍ത്തിയാക്കാനാകാതെ തിരികെപ്പോകുന്നതു കണ്ടപ്പോള്‍ ഞങ്ങള്‍ ആകെ വിഷമത്തിലായി. മടങ്ങണോ എന്നുവരെ ചിന്തിച്ചു. എന്തുവന്നാലും ആഗ്രഹിച്ച യാത്ര പൂർത്തിയാക്കണമെന്നു മനസ്സ് നൽകിയ ഉൗർജമായിരുന്നു മുന്നോട്ട് നയിച്ചത്. യാത്രയുടെ അവസാനം സ്വര്‍ഗഭൂമിയിൽ എത്തിച്ചേർന്ന പോലെയായിരുന്നു. അങ്ങനെ വലിയൊരു സ്വപ്‌നം ഞാന്‍ സാക്ഷാത്കരിച്ചു. മുകളിലെത്തിയപ്പോള്‍ എനിക്ക് എന്തു ലഭിച്ചു എന്നുചോദിച്ചാല്‍ ഒറ്റയുത്തരമേയുള്ളൂ, ആത്മസംതൃപ്തി. എന്റെ പോരായ്മകളും കുറവുകളും കണ്ടെത്താനും സ്വയം ഉത്തേജിപ്പിക്കാനും ഈ യാത്ര സഹായകരമായി.’

agasthyarkoodam-trekking8

തിരിച്ചിറക്കം ശരിക്കും ഭയന്നു

‘തിരിച്ചിറങ്ങുന്ന ഞങ്ങളെ കാത്ത് വലിയൊരു പ്രതിസന്ധി ഉണ്ടായിരുന്നു. അങ്ങോട്ടുപോയപ്പോള്‍ കാലുകള്‍ നനയാന്‍ മാത്രം വെള്ളമുണ്ടായിരുന്ന നദികളൊക്കെ കവിഞ്ഞൊഴുകുന്നു. ശക്തമായ കുത്തൊഴുക്കും അടിയൊഴുക്കും. മലവെള്ളം ഇരച്ചിറങ്ങുകയാണ് താഴേയ്ക്ക്. വല്ലാത്തൊരു അവസ്ഥയായിരുന്നു. വെറും ഒരു മിനിറ്റുകൊണ്ട് കയറിപ്പോയ പുഴകൾ കടക്കാന്‍ ഞങ്ങള്‍ക്ക് അരമണിക്കൂര്‍ വരെ എടുത്തു. നെഞ്ചറ്റം വരെ വെള്ളത്തില്‍ മുങ്ങി പുഴ മുറിച്ചുകടക്കുമ്പോള്‍ കുഞ്ഞുപാമ്പുകള്‍ വരെ അടുത്തുകൂടി ഒഴുകിപ്പോകുന്നുണ്ടായിരുന്നു. ശരിക്കും ഭയം തോന്നി. സാഹസങ്ങളിലൂടെയല്ലേ യാത്ര കൂടുതൽ ത്രില്ല് അടിപ്പിക്കുന്നത്. എനിക്ക് ഒരിക്കലും മറക്കാനാവാത്ത യാത്രയാണത്.’

പ്രണയമാണ് യാത്ര

‘ഒറ്റയ്ക്കുള്ള യാത്രകളോടാണ് എനിക്ക് പ്രിയം. നമ്മുടെ ചിന്തകള്‍, രീതികള്‍, കാഴ്ചപ്പാടുകള്‍ അങ്ങനെ എല്ലാത്തിലും വളരെ പോസിറ്റീവായ മാറ്റം വരുത്തുവാന്‍ യാത്രകള്‍ക്ക് കഴിയും. ഞാന്‍ അനുഭവിച്ച് അറിഞ്ഞിട്ടുള്ളതാണ് അക്കാര്യം. എന്റെ ജീവിതത്തിലെ പല മാറ്റങ്ങള്‍ക്കും കാരണം യാത്രകള്‍ തന്നെയായിരുന്നു. വീടിനപ്പുറത്തേക്ക് അതിനോളം ഭംഗിയുള്ള ഒരു അനുഭവവും ജീവിതത്തിലില്ല എന്നാണെനിക്ക് തോന്നിയിട്ടുള്ളത്.’

English Summary: Actress Priyanka Nair Agasthyarkoodam Travel

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA