രാജകുമാരിയുടെ സ്വന്തം പ്ലെയിൻപാറ; മഞ്ഞും മലകളും വരവേല്‍ക്കുന്ന ഇടുക്കിയുടെ പുതുകാഴ്ച

plane-para
SHARE

ഇടുക്കിയുടെ പൊന്നിന്‍കിരീടം തലയിലേറ്റി പ്രൗഡിയോടെ അതിഥികളെ വരവേല്‍ക്കുന്ന മിടുക്കികളിലൊന്നാണ് രാജകുമാരി ഗ്രാമം. നെടുംകണ്ടം ബ്ലോക്കിലുള്ള ഈ മനോഹര പ്രദേശത്തിന് ചുറ്റുമായി ശാന്തന്‍പാറ, ബൈസന്‍വാലി, ചിന്നക്കനാല്‍, രാജാക്കാട്, ഉടുമ്പന്‍ചോല, വാല്‍പ്പാറ, മൂന്നാര്‍, പൈനാവ്, വാഗമണ്‍ തുടങ്ങി സഞ്ചാരികള്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട അനവധി ഇടങ്ങളുണ്ട്.  എന്നാല്‍ അധികമാരുടെയും കണ്ണില്‍പ്പെടാതെ കിടക്കുന്ന ഒട്ടേറെ വശ്യമനോഹാരിതയാര്‍ന്ന സുന്ദരപ്രദേശങ്ങളും രാജകുമാരിയില്‍ ഒളിഞ്ഞിരിപ്പുണ്ട്. 

സോഷ്യല്‍ മീഡിയയിലെ യാത്രാവേട്ടക്കാരുടെ കാമറക്കണ്ണില്‍പ്പെട്ട്, അവയോരോന്നും ലോകത്തിനു മുന്നിലേക്ക് പതിയെ വെളിപ്പെട്ടു കൊണ്ടിരിക്കുകയാണ്. അത്തരത്തിലൊരു സ്ഥലമാണ് ഇടുക്കി അടിമാലി ഹൈറേഞ്ചിലെ പ്ലെയിൻപാറ.  

രാജകുമാരിയിൽ നിന്നു 4 കിലോമീറ്റർ സഞ്ചരിച്ചാൽ സേനാപതി പഞ്ചായത്തിലെ കാന്തിപ്പാറയിലുള്ള പ്ലെയിൻപാറയിൽ എത്താം. പ്ലെയിൻപാറ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രവും യഥാര്‍ത്ഥകാഴ്ചയും തമ്മില്‍ അധികം അന്തരം കാണില്ല. ആകാശക്കാഴ്ചയില്‍, മലമുകളിൽ ലാൻഡ് ചെയ്ത ഒരു വിമാനത്തിന്‍റെ  രൂപമാണ് ഈ പാറയ്ക്കുള്ളത്. അങ്ങനെയാണ് പ്രദേശവാസികള്‍ ഈ പാറയ്ക്ക് ആ പേരിട്ടത്. 

വിമാനത്തിന്‍റെ ആകൃതിയുള്ള പാറയുടെ ചിറകുകള്‍ പോലെയുള്ള ഭാഗങ്ങള്‍ രണ്ടും ഇപ്പോള്‍ അടര്‍ന്നു വീണ നിലയിലാണ്. പാറമുകളില്‍ നിന്നാല്‍ പശ്ചിമഘട്ടത്തെ തഴുകിയെത്തുന്ന മന്ദമാരുതന്‍റെ തലോടലും മഞ്ഞിന്‍റെ കമ്പളം വിരിച്ചുറങ്ങുന്ന മലനിരകളുടെ കാഴ്ചയും സഞ്ചാരികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് സമ്മാനിക്കുക. 

പാറയുടെ പരിസരത്ത് നിറയെ കള്ളിമുള്‍ച്ചെടികള്‍ കാണാം. രാജകുമാരി ദേവമാതാ പള്ളിയും, അരിവിളംചാൽ സിറ്റിയും, മാങ്ങാത്തൊട്ടിയും, രാജകുമാരിയിലേക്കുള്ള റോഡും, ചെമ്മണ്ണാർ - നെടുംകണ്ടം റോഡുമെല്ലാം ഇവിടെ നിന്ന് നോക്കിയാല്‍ കാണാം. കൂടാതെ, മനോഹരമായ മലയടിവാരത്തെ പാടങ്ങളുടെയും ഏലത്തോട്ടങ്ങൾ നിറഞ്ഞ കൃഷിയിടങ്ങളുടെയും കാഴ്ച പ്രകൃതി തന്നെ ചായം ചാലിച്ച് വരച്ച ഒരു ചിത്രം പോലെ അതിമനോഹരമായ കാഴ്ചയാണ്.

പ്ലെയിൻപാറയെ ജില്ലയുടെ ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്തി ഇവിടെ വരുന്ന സഞ്ചാരികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യമൊരുക്കണം എന്നാണു നാട്ടുകാരുടെ ആവശ്യം.

English Summary: Plane Para in Idukki

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA