ADVERTISEMENT

മൂന്നാര്‍ സബ്സീറോ താപനിലയില്‍ നിന്നും വീണ്ടും താഴേക്ക്. വ്യാഴാഴ്ച  -2°C താപനിലയാണ് മൂന്നാറിലെത്തിയ സഞ്ചാരികളെ വരവേറ്റത്. മൂന്നാറിനടുത്തുള്ള ലെച്ച്മിയിലാണ് വ്യാഴാഴ്ച രാവിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ഇതോടൊപ്പം, മൂന്നാറിന്‍റെ വിവിധ ഭാഗങ്ങളിൽ നേരിയ മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടു. 

യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യ (യുപി‌എസ്‌ഐ) ടീ റിസർച്ച് ഫൗണ്ടേഷന്‍റെ കണക്കനുസരിച്ച്, സൈലന്‍റ് വാലി -1 ° C, ചെണ്ടുവരായ് -1 ° C, മൂന്നാര്‍ UPASI -1 ° C, സെവൻ‌മലൈ 0 ° C, മാട്ടുപ്പെട്ടി 0 ° C എന്നിങ്ങനെയാണ് അടുത്തുള്ള മറ്റു പ്രദേശങ്ങളില്‍ അനുഭവപ്പെട്ട താപനില. 

4munnar-ice-image-845-440

മുന്‍പ്, മൺസൂണിനു ശേഷം ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ മൂർധന്യത്തിലെത്തി ഫെബ്രുവരിയിൽ അവസാനിക്കുന്നതായിരുന്നു ഇവിടത്തെ ശൈത്യകാല സീസൺ. ഏറ്റവും  കൂടുതല്‍ സഞ്ചാരികള്‍ ഇവിടേക്ക് എത്താന്‍ തുടങ്ങുന്നതും ഈ മാസങ്ങളിലാണ്. ജനുവരി ആദ്യ ആഴ്ചയിൽ താപനില പൂജ്യം ഡിഗ്രിയില്‍ നിന്നും താഴേക്ക് പോകുന്നതും പതിവാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ശൈത്യകാലത്തിന്‍റെ രീതികള്‍ക്ക് വലിയ മാറ്റം വന്നിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം, ജനുവരി 1 മുതൽ 13 വരെ താപനില തുടർച്ചയായി പൂജ്യത്തിനു താഴെയായിരുന്നു. ഒട്ടേറെ ടൂറിസ്റ്റുകൾ ആ ദിവസങ്ങളിൽ മൂന്നാർ സന്ദർശിച്ചിരുന്നു. എന്നാൽ ഈ വർഷം ഡിസംബറിൽ താപനില ശരാശരി 10 ഡിഗ്രി സെൽഷ്യസായിരുന്നു.

ടോപ്‌സ്റ്റേഷനിലെ മഞ്ഞു പുതച്ച പുൽമേടുകൾ
ടോപ്‌സ്റ്റേഷനിലെ മഞ്ഞു പുതച്ച പുൽമേടുകൾ

അപ്രതീക്ഷിതമായി പെയ്ത മഴ കാരണം ഇക്കുറി കൊടും തണുപ്പ് തുടങ്ങാന്‍ മൂന്നാഴ്ച താമസം നേരിട്ടു. ജനുവരി അവസാനമാണ് ഈ വര്‍ഷം തണുപ്പ് കൂടാന്‍ തുടങ്ങിയത്. ജനുവരിയിൽ ഒരു ദിവസം മാത്രം പൂജ്യത്തിനു താഴെ താപനില രേഖപ്പെടുത്തിയ ശേഷം, ഫെബ്രുവരി രണ്ടാം ആഴ്ചയിലാണ് കൊടും തണുപ്പായത്. ഇത് കാലാവസ്ഥാമാറ്റമായാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. 

munnar-cold

അഞ്ച് വര്‍ഷത്തിനു ശേഷം, മൂന്നാറിന്‍റെ വെജിറ്റബിള്‍ ഹബ് എന്നറിയപ്പെടുന്ന വട്ടവടയിലും താപനില പൂജ്യത്തില്‍ നിന്നും താഴ്ന്നു. ബുധനാഴ്ച -1°C ആയിരുന്നു വട്ടവടയില്‍ അനുഭവപ്പെട്ടത്. എന്നാല്‍, മഞ്ഞുവീഴ്ചയിൽ കൃഷികൾ കരിഞ്ഞുണങ്ങുന്നതിനൊപ്പം ഇനി വരുന്ന സീസണിൽ ഇത് വരള്‍ച്ചക്ക് കാരണമാകുമെന്ന ആശങ്കയിലാണ് ശീതകാല പച്ചക്കറിക്കർഷകർ. 

ഒരു കണക്കിന് നോക്കിയാല്‍ മൂന്നാറിന്‍റെ ടൂറിസം മേഖലയ്ക്ക് ഈ കാലാവസ്ഥാമാറ്റം ഏറെ ഗുണകരമായാണ് കാണുന്നത്. ലോക്ക്ഡൌണിനു ശേഷം ഇടുക്കി കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടിയിട്ടുണ്ട്. 2020 ഡിസംബർ 31 വരെയുള്ള പോസ്റ്റ്‌ ലോക്ക്ഡൌണ്‍ കാലയളവില്‍ ഏകദേശം ഒന്നര ലക്ഷം സന്ദര്‍ശകര്‍ ഇടുക്കിയിലേക്ക് എത്തിയതായാണ് കണക്ക്. ടോപ്‌സ്റ്റേഷനിലെ പുൽമേടുകൾ മഞ്ഞു പുതച്ചത് കാണാനായി എത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. 

 

English Summary: Frost in Munnar as temperature drops to -2°C again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com