മൂന്നാറിൽ ചുറ്റിയടിക്കാൻ 250 രൂപ, താമസത്തിന് 100; കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഓഫര്‍

ksrtc-sleeper-bus
SHARE

പുല്‍മേടുകളും പര്‍വതനിരകളും മഞ്ഞു പുതച്ച്, അതി മനോഹരിയായി സഞ്ചാരികളെ വരവേല്‍ക്കുന്ന തിരക്കിലാണ് കേരളത്തിന്‍റെ കശ്മീര്‍ ഇപ്പോള്‍. വടക്കിനെ വെല്ലുന്ന കുളിരാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി മൂന്നാറിലെങ്ങും അനുഭവപ്പെടുന്നത്. അതിശൈത്യത്തിന്, സന്തോഷത്തിന്‍റെ നിറമുള്ള പുലരികളെ തേടിയെത്തുന്ന അതിഥികളുടെ ആഘോഷശബ്ദങ്ങളുടെയും അകമ്പടിയോടെ, പുതിയൊരു മുഖച്ഛായയാണ് മൂന്നാറിന്. കൊറോണ കാരണം കഴിഞ്ഞ കൊല്ലത്തിന്‍റെ ഭീകരതയൊന്നും മൂന്നാര്‍ പ്രേമികളെ ബാധിച്ചിട്ടേയില്ല എന്ന് തോന്നും ഓരോ ദിനവും ഇവിടെയെത്തുന്നവരുടെ എണ്ണം കണ്ടാല്‍. തേയിലത്തോട്ടങ്ങള്‍ക്കിടയിലെങ്ങും അവരുടെ സന്തോഷപ്പുഞ്ചിരികള്‍ വസന്തം വിടര്‍ത്തുന്ന സുന്ദരകാലം വീണ്ടുമെത്തി. അതിനിടെ മൂന്നാറിൽ ചുറ്റിയടിക്കാൻ സൂപ്പർ ഓഫറുമായി എത്തുകയാണ് കെഎസ്ആര്‍ടിസി.

കുറഞ്ഞ ചെലവില്‍ ചുറ്റി കറങ്ങാം

കുറഞ്ഞ ചെലവില്‍ മൂന്നാറും മറയൂരും കാന്തല്ലൂരുമെല്ലാം ചുറ്റിക്കാണാന്‍ മൂന്നാര്‍ കെഎസ്ആര്‍ടിസിയുടെ കിടിലന്‍ പാക്കേജ് ഇപ്പോള്‍ ലഭ്യമാണ്. മാത്രമല്ല, ഹോട്ടലുകളിലെ 'കത്തി ചാര്‍ജ്' പേടിച്ച്, യാത്ര ഒരു ദിവസത്തേക്ക് മാത്രമായി ഒതുക്കേണ്ട, ഒരു ബിരിയാണിയുടെ പോലും ചെലവില്ലാതെ രാത്രി സുഖമായി കിടന്നുറങ്ങാം.

കെഎസ്ആര്‍ടിസി മൂന്നാര്‍ പാക്കേജ് ഇങ്ങനെ

ഈ വര്‍ഷം തുടക്കത്തിലാണ്‌ മൂന്നാര്‍ ട്രാവല്‍ പാക്കേജ് കെഎസ്ആര്‍ടിസി ആരംഭിക്കുന്നത്. ഇതിനായി, ഒരാള്‍ക്ക് ടിക്കറ്റിനു വെറും 250 രൂപ മാത്രമാണ് ഈടാക്കുന്നത്. പാക്കേജ് തുടങ്ങിയത് മുതല്‍ ഇതുവരെ, സഞ്ചാരികളുടെ വന്‍ തള്ളിക്കയറ്റമാണ് അനുഭവപ്പെടുന്നതെന്ന് മൂന്നാര്‍ കെഎസ്ആര്‍ടിസി ഇന്‍സ്പെക്ടര്‍ ഇന്‍ചാര്‍ജ് സേവി ജോര്‍ജ് പറയുന്നു.

buss

മൂന്നാര്‍ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നു രാവിലെ ഒൻപതു മണിക്കാണ് ബസ് പുറപ്പെടുന്നത്. ടോപ്പ് സ്റ്റേഷൻ, കുണ്ടള ഡാം, എക്കോ പോയിന്‍റ്, ടീ മ്യൂസിയം, ടീ ഫാക്ടറി, മാട്ടുപ്പെട്ടി, ബോട്ടാണിക്കൽ ഫ്ലവർ ഗാർഡൻ എന്നിവിടങ്ങളിലേക്ക് സഞ്ചാരികളെയും കൊണ്ട് പോകുന്ന ബസ് ഓരോ ഇടങ്ങളിലും കുറച്ചു സമയം നിര്‍ത്തും.

ഉച്ചക്ക് കുണ്ടള ഡാമില്‍ എത്തുന്ന ബസ്, ഉച്ചക്ഷഭണത്തിനായി അവിടെ കുറച്ചു നേരം തങ്ങും. ടാറ്റയുടെ റസ്‌റ്റോറന്റില്‍ നിന്നും സഞ്ചാരികള്‍ക്ക് ഭക്ഷണം ഒാർഡർ ചെയ്യാം. അതിനായി ഹോട്ടലിൽ നിന്നുമുള്ളവർ യാത്രക്കാർക്ക് ആവശ്യമായ ഭക്ഷണത്തിന് ഒാർഡർ എടുക്കുവാന്‍ എത്തും. ഉച്ചക്ക് കുണ്ടള ഡാം പ്രദേശത്ത് ഭക്ഷണം എത്തിക്കും. ഭക്ഷണത്തിന് വേറെ തുക നല്‍കണം. കുണ്ടള ഡാമിൽ ബോട്ടിങ്ങ് നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

savy
കെഎസ്ആര്‍ടിസി ഇന്‍സ്പെക്ടര്‍ ഇന്‍ചാര്‍ജ് സേവി ജോര്‍ജ്

യാത്രയ്ക്കിടക്ക് സഞ്ചാരികള്‍ക്ക് വിശ്രമിക്കുവാനായി മൂന്നാറിലെ ടാറ്റ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സൗകര്യവും പലയിടങ്ങളിലും ഒരുക്കിയിട്ടുണ്ട്. യാത്രക്കാരെ വൈകുന്നേരം അഞ്ചരയോടെ തിരിച്ചു മൂന്നാർ കെഎസ്ആർടിസി സ്റ്റാന്റില്‍ത്തന്നെ എത്തിക്കുന്ന രീതിയിലാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്. . കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറായ ബിജു പ്രഭാകര്‍ ഐ എ എസ് ആണ് സൂപ്പര്‍ഹിറ്റായ ഈ ആശയത്തിന് പിന്നില്‍. 

മൂന്നാര്‍ മാത്രമല്ല, മറയൂരും കാന്തല്ലൂരും കാണാം

കുറഞ്ഞ ചെലവില്‍ മൂന്നാര്‍ മാത്രമല്ല, മറയൂരും കാന്തല്ലൂരും ട്രിപ്പടിക്കാനുള്ള സൗകര്യവും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ചകളിലാണ് ഈ സ്പെഷ്ല്‍ സര്‍വീസ് നടത്തുന്നത്. ഒരാള്‍ക്ക് ടിക്കറ്റ് നിരക്ക് വെറും 300 രൂപ മാത്രമാണ് ഇതിനായി ഈടാക്കുന്നത്. എട്ടാം മൈല്‍, മറയൂര്‍ ചന്ദനക്കാടുകള്‍, മുനിയറകള്‍ എന്നിവയെല്ലാം കാണാം. എല്ലാ ഞായറാഴ്ചയും രാവിലെ ഒന്‍പതരയ്ക്ക്‌ പുറപ്പെടുന്ന ബസ്, വൈകീട്ട് ആറു മണിയോടെ തുടങ്ങിയിടത്തു തന്നെ തിരിച്ചെത്തും.

ksrtc-bus..jpg.image.845.440

രാത്രി പൂര്‍ണ സുരക്ഷ, പോക്കറ്റ് കീറാതെ

സഞ്ചാരികൾക്ക് കുറഞ്ഞ ചെലവില്‍ സുരക്ഷിതമായി തന്നെ താമസിക്കാം. ഇതിനായി 16 കിടക്കകൾ വീതമുള്ള 4 ഏസി ബസുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഒരാള്‍ക്ക് രാത്രി കിടന്നുറങ്ങാന്‍, ഒരു ബര്‍ത്തിനു വെറും 100 രൂപയാണ് ഈടാക്കുന്നത്. കമ്പിളി വേണ്ടവര്‍ക്ക് 50 രൂപ അധികം നല്‍കിയാല്‍ അതും കിട്ടും. ഇതു, കൂടാതെ ഒരു ടീമിന് മൊത്തമായോ, ഒന്നോ രണ്ടോ പേർക്ക് മാത്രമായോ 1600 രൂപ നൽകിയും ബസ് മുഴുവനും ബുക്ക് ചെയ്യാനും പറ്റും.

സ്ത്രീകള്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ യാതൊരു പേടിയും വേണ്ടെന്ന് സേവി ജോര്‍ജ്, "സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് താമസിക്കാന്‍ യാതൊരുവിധ ബുദ്ധിമുട്ടോ പ്രയാസമോ ഉണ്ടാവില്ല. രാത്രിയില്‍ സെക്യൂരിറ്റിയുടെ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ സ്റ്റേഷന്‍ മാസ്റ്ററും ഡ്യൂട്ടിയില്‍ ഉണ്ട്, അതുപോലെതന്നെ ഒരു സി എല്‍ ആര്‍ നെയും ഡ്യൂട്ടിക്ക് വെച്ചിട്ടുണ്ട്. യാതൊരു കാരണവശാലും പേടിക്കണ്ട, സ്ത്രീകള്‍ക്ക് ധൈര്യമായി വന്നു താമസിക്കാവുന്നതാണ്" സേവി ജോര്‍ജ് പറയുന്നു.

രണ്ട് ബസുകളിലായിരുന്നു ആദ്യം താമസസൗകര്യം ഒരുക്കിയിരുന്നത്. പിന്നീട് സഞ്ചാരികളുടെ എണ്ണം കൂടിയപ്പോള്‍, രണ്ടു ബസുകള്‍ കൂടി തുടങ്ങി. മൂന്നാർ ഡിപ്പോയിലെ കൗണ്ടറിൽ ബുക്ക് ചെയ്തു പണമടച്ചാല്‍ വൈകിട്ട് അഞ്ചു മണിക്ക് ബസിൽ കയറാം. അടുത്തു തന്നെ ബാത്ത്റൂം സൗകര്യവും ഉണ്ട്.

സ്ലീപ്പര്‍ ബസ് താമസം തിരഞ്ഞെടുക്കുന്നവര്‍ക്ക് മൂന്നാര്‍ യാത്ര ടിക്കറ്റിന് 50 രൂപ കിഴിവുമുണ്ട്.

എങ്ങനെ ബുക്ക് ചെയ്യാം?

നിലവില്‍ ഓണ്‍ലൈനിലൂടെയോ ഫോണ്‍ വഴിയോ മൂന്നാര്‍ ട്രിപ്പ് ബുക്ക് ചെയ്യാനാവില്ല. അതിനായി നേരിട്ട് മൂന്നാര്‍ കെഎസ്ആർടിസി സ്റ്റാന്റില്‍ത്തന്നെ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മൂന്നാർ കെഎസ്ആർടിസിയുടെ 04865 230201 എന്ന നമ്പറില്‍ ബന്ധപ്പെടാം.

English Summary: KSRTC's Sleeper Buses

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA