ADVERTISEMENT

ഒരു കാട് മനുഷ്യനെ വിഭജിച്ചിരിക്കുന്നു. ഭാഷയും വേഷവും ഭക്ഷണവും ജീവിതരീതിയും കാടിനപ്പുറവും ഇപ്പുറവും രണ്ടാണ്. അപ്പുറവും ഇപ്പുറവുമുള്ള ആളുകള്‍ സംസാരിക്കുന്ന ഭാഷയില്‍ ഒരു വാക്കുപോലും പരസ്പരം മനസിലാക്കാന്‍ സാധിക്കാന്‍ വിധം അന്തരം. കാടിനിപ്പുറം കുന്നും മലകളും താഴ്‌വാരങ്ങളുമാണെങ്കില്‍ അപ്പുറം വിശാലമായി പരന്നു കിടക്കുന്ന കൃഷി ഭൂമി. ഇപ്പുറം തണുപ്പും കുളിരുമാണെങ്കില്‍ അപ്പുറം ചൂട്. ഓല ഷെഡ്ഡുകളിലും ചെറിയ കൂരകളിലും ആളുകള്‍ താമസിക്കുമ്പോള്‍ ഇപ്പുറത്ത് അധികവും കോണ്‍ക്രീറ്റ് വീടുകളാണ്.  

5

വയനാട് പൊന്‍കുഴിയില്‍ നിന്നും 20 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കര്‍ണാടകയായി. ഈ ചുരുങ്ങിയ ദൂരം മനുഷ്യരേയും ഭൂപ്രകൃതിയേയും വിചിത്രമായി വിഭജിച്ചിരിക്കുന്നു.  

20 കിലോമീറ്റര്‍ ബന്ദിപ്പൂര്‍ ദേശീയോദ്യാനമാണ്. വലിയ കയറ്റങ്ങളോ ഇറക്കങ്ങളോ ഇല്ലാത്ത നിബിഡ വനത്തിലൂടെയാണ് റോഡ്. വാഹനങ്ങളുടെ വേഗത കുറയ്ക്കാനായി വഴിനീളെ ഹംപ് നിര്‍മിച്ചിരിക്കുന്നു. അമിത വേഗത്തിലെത്തുന്ന വാഹനങ്ങള്‍ വന്യമൃഗങ്ങളെ ഇടിച്ചു കൊല്ലുന്നത് പതിവായതോടെയാണ് ഹംപ് നിര്‍മിച്ചത്. രാത്രി ഈ വഴി യാത്ര ചെയ്യാനുമാകില്ല. ഈ 20 കിലോമീറ്റര്‍ കാട് തീര്‍ക്കുന്ന അന്തരം ചെറുതല്ല. പൊന്‍കുഴിയിലെ ആളുകള്‍ ശുദ്ധമലയാളം പറയുകയും തനി മലയാളികളായി ജീവിക്കുകയും ചെയ്യുന്നു. കാടുകടന്ന് ഗുണ്ടില്‍പേട്ടയായാല്‍ കാഴ്ചകളും ജീവിതരീതിയും തികച്ചും വിഭിന്നമാകും. മലയാളത്തിലെ ഒരു വാക്കുപോലും മനസിലാകാത്ത ആളുകളാണ് കാടിനപ്പുറം. കുന്നും മലയും താഴ്‌വാരങ്ങളും നിറഞ്ഞ വയനാടന്‍ ഭൂമിയുമായി യാതൊരു ബന്ധവുമില്ലാതെ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കര്‍ണാടകയുടെ ചുവന്ന മണ്ണ്. 

7

കര്‍ണാടകയായും തമിഴ്‌നാടുമായും അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ലയാണ് വയനാട്. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളായ പാട്ടവയല്‍ താളൂര്‍ എന്നിവിടങ്ങളിലും മലയാളികളും തമിഴരും ഇടകലര്‍ന്ന് ജീവിക്കുന്നു. കേരളക്കാരായ തമിഴ് സംസാരിക്കുന്നവരേയും തമിഴ്‌നാട്ടുകരായ മലയാളികളേയും ഇവിടെ കാണാം. എന്നാല്‍ അത്തരത്തിലൊരു കലര്‍പ്പ് ഗുണ്ടില്‍പേട്ടയും പൊന്‍കുഴിയുമായി സംഭവിച്ചില്ല. നിബിഡവനം  ഇരു നാടുകളേയും തീര്‍ത്തും അന്യരാക്കിക്കളഞ്ഞു. 

8

വാഹനത്തിരക്കൊട്ടുമില്ലാതെ ദേശീയ പാത. ഓണക്കാലമാകുന്നതോടെ ഈ കൃഷിയിടമെല്ലാം പൂക്കളാല്‍ നിറയും. ഓണം കേരളത്തിലാണെങ്കിലും പൂക്കാലം ഗുണ്ടില്‍പേട്ടയാണ്. കടുത്ത വെയിലേറ്റ് കറുത്തുപോയ മനുഷ്യരെ കൃഷിയിടങ്ങളില്‍ അങ്ങിങ്ങ് കാണാം.  റോഡരികിലൂടെ കന്നുകാലികള്‍ കൂട്ടംകൂട്ടമായി നടന്നു പോകുന്നു. ഇടയ്ക്ക് കാളവണ്ടികളും. വലിയകൊമ്പുകളുള്ള കാളക്കൂറ്റന്‍മാര്‍ മണികിലുക്കി വണ്ടിയും വലിച്ച്  സാവധാനം നടന്നുനീങ്ങുന്നു. വണ്ടിയിലിരിക്കുന്ന ആളുടെ കയ്യില്‍ വലിയ വടിയുണ്ട്. കാടുകടന്നെത്തിയാല്‍ ആദ്യത്തെ നഗരമാണ് ഗുണ്ടില്‍പേട്ട. ഗുണ്ടില്‍പേട്ടയില്‍ നിന്നും വഴി രണ്ടായി പിരിയുന്നു. ഒന്ന് മൈസൂരേക്കും മറ്റൊന്ന് ഊട്ടിയിലേക്കും. 

7

ഊട്ടിയിലേക്കുള്ള വഴിക്ക് കുറച്ചുദൂരം പോയി, വലത്തേക്ക് തിരിഞ്ഞു പോകുന്ന മറ്റൊരുവഴിയിലൂടെയാണ് ഗോപാല്‍സ്വാമി പേട്ട ക്ഷേത്രത്തിലേക്ക് പോകുന്നത്. വീതി കുറഞ്ഞതാണെങ്കിലും നീണ്ടുകിടക്കുന്ന നല്ല റോഡ്. ഇരുവശത്തും വിശാലമായ കൃഷിയിടം. റോഡ് നീണ്ടുപോകുന്നത് വലിയൊരു കുന്നിന്‍താഴ്‌വാരത്തേക്കാണ്. ഏതാനും വര്‍ഷങ്ങളെ ആയുള്ളു റോഡ് നന്നാക്കിയിട്ട്. ക്ഷേത്രം പ്രധാന വിനോദ സഞ്ചാരകേന്ദ്രമായി മാറിയശേഷമാണ് റോഡും നന്നായത്. മലയടിവാരത്ത് വനംകുപ്പിന്റെ ഗേറ്റുണ്ട്. ഇവിടെ നിന്നും കെഎസ്ആര്‍ടിസിയിലോ വനം വകുപ്പിന്റെ വാഹനത്തിലോ മാത്രമേ മുകളിലേക്ക് പോകാന്‍ സാധിക്കൂ. ബസ് കാത്ത് നിരവധിപ്പേര്‍ വരി നില്‍ക്കുന്നു. നിറയെ ആളുകളുമായി ഒരു ബസ് പതിയെ കുന്നിറങ്ങി വന്നു. ആളുകളെ കയറ്റിയ ശേഷം ബസ് മടക്കയാത്ര തുടങ്ങി.

3

30 രൂപയാണ് ഒരു വശത്തേക്ക് ടിക്കറ്റ്. കുറച്ചു കാലം മുന്‍പ് വരെ സ്വകാര്യ വാഹനങ്ങള്‍ക്ക്  ഈ വഴി പ്രവേശനമുണ്ടായിരുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ കയറ്റം കയറുന്നത് ശ്രമകരവും ഒപ്പം രസകരവുമായിരുന്നു. റോഡ് നന്നാക്കി സര്‍ക്കാര്‍ തന്നെ ബസ് സര്‍വീസ് തുടങ്ങിയതോടെ മറ്റു വാഹനങ്ങള്‍ക്ക് ഇതുവഴി പ്രവേശനം നിരോധിച്ചു. ചെറിയ വഴിയിലൂടെ ബസ് വലിയ ശബ്ദത്തോടെ ഇഴഞ്ഞ് കയറ്റം കയറാന്‍ തുടങ്ങി. 15 മിനിറ്റോളം കുത്തനെ കയറ്റമാണ്. കയറ്റം കയറുന്തോറും താഴെ ദൂരെ വിശാലമായ കൃഷിയിടങ്ങളും വനവും കാണാന്‍ തുടങ്ങി. 

6

വളരെ ആയാസപ്പെട്ട് ബസ് മലമുകളിലെത്തി. ചുറ്റും വനഭൂമിയാണ്. ഉച്ചസമയമായിട്ടും തണുത്ത കാറ്റ് വീശുന്നു. രാവിലെയും വൈകിട്ടും ഇവിടെ കോടമഞ്ഞ് മൂടും. കുന്നിന് താഴെ കൊടും ചൂടാണെങ്കിലും മുകളിലെത്തിയാല്‍ തണുപ്പാണ്. മഴക്കാലത്തും മഞ്ഞുകാലത്തും മല മുഴുവനായും കോട മൂടും.  ബന്ദിപ്പുര്‍ ദേശീയോദ്യാനത്തിലെ ഏറ്റവും ഉയര്‍ന്ന മലയാണിത്. ഹിമവദ് ഗോപാല്‍സ്വാമി ബെട്ട എന്നാണ് മുഴുവന്‍ പേര്. ബെട്ട എന്നത് മലയാളികള്‍ പറഞ്ഞ് പേട്ടയാക്കി. അഗസ്ത്യ മുനി മലമുകളില്‍ തപസ് അനുഷ്ഠിച്ചുവെന്നാണ് ഐതിഹ്യം. തപസിന്റെ ഫലമായി വിഷ്ണു പ്രത്യക്ഷപ്പെട്ടുവെന്നും മലമുകളില്‍ വസിക്കാമെന്നും വാഗ്ദാനം ചെയ്‌തെന്നാണ് വിശ്വാസം. എഡി 1315ല്‍ ഹോസല രാജാവ് ബല്ലാലയാണ് ക്ഷേത്രം നിര്‍മിച്ചത്. പിന്നീട് വന്ന വോഡയാര്‍ രാജവംശവും ക്ഷേത്രം പരിപാലിച്ചു പോന്നു. അഞ്ചെട്ട് വര്‍ഷം മുന്‍പ് വരെ നാമമാത്രമായ ആള്‍ക്കാര്‍ മാത്രമെ ഇവിടെ എത്തിയിരുന്നുള്ളു. ചുറ്റും കാടായതിനാല്‍ ധാരാളം വന്യമൃഗങ്ങളുണ്ടാകും. മല കയറുമ്പോള്‍  താഴ്‌വാരത്ത് കാട്ടാനകള്‍മേയുന്നത് കണ്ടേക്കാം. അമ്പലത്തിന്റെ പരിസരത്ത് ഇടയ്ക്ക് ആനകള്‍ എത്തുന്നത് പ്രാര്‍ഥിക്കാനാണെന്നാണ് നാട്ടുകാരുടെ വിശ്വാസം. ഈ പ്രദേശത്ത് ധാരാളം കാട്ടാനകളുണ്ടെന്നതിന് തെളിവായി അങ്ങിങ്ങ് ആനപ്പിണ്ടമുണ്ടായിരുന്നു. 

2

അമ്പലത്തില്‍ പ്രവേശിക്കാന്‍ ചെരിപ്പ് അഴിച്ചുവയ്ക്കണം. നടകള്‍ കയറിവേണം അമ്പലമുറ്റത്തെത്താന്‍. ഈ പടവുകളില്‍ കണ്ണുകാണാത്തവര്‍ ഭിക്ഷാടനത്തിനിരിക്കുന്നു. അവര്‍ ഉച്ചത്തില്‍ ഗോവിന്ദ, ഗോവിന്ദ എന്ന വിളിച്ചുകൊണ്ടിരുന്നു. മറ്റൊരാള്‍ ഇവരുടെ അടുത്തിരുന്ന് ശംഖ് ഊതുന്നുണ്ട്. വലിയ കല്ലുകളുപയോഗിച്ചാണ് അമ്പലം പണിതിരിക്കുന്നത്. മെറൂണും വെള്ളയും പെയിന്റടിച്ചിരിക്കുന്നു. ചില കല്ലുകള്‍ക്ക് പെയിന്റ് അടിച്ചിട്ടില്ല. അമ്പലത്തിന് മുകളില്‍ വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന ദേവീദേവന്‍മാരുടെ ശില്‍പങ്ങള്‍. ശ്രീകോവിലിലേക്ക് കയറാന്‍ ആളുകള്‍ കാത്തുനില്‍ക്കുന്നു. മറ്റു ചിലര്‍ അമ്പലത്തിന് ചുറ്റും വെറുതെ നടക്കുന്നു. അമ്പലത്തിന് ഒരു വശം ചെങ്കുത്തായ ഇറക്കമാണ്. മറുവശത്ത് പുല്‍മേടുകളായ കുന്നുകള്‍ ഒന്നോടൊന്നു ചേര്‍ന്ന് നില്‍ക്കുന്നു. വലിയ പാറകളും അങ്ങിങ്ങായി കാണാം. അമ്പലത്തിന്റെ മുറ്റത്തിനടുത്തായി നില്‍ക്കുന്ന ഒറ്റമരച്ചുട്ടില്‍നിന്ന് ആളുകള്‍ ഫോട്ടോയെടുക്കുന്നു. 

4

കൊടും വനത്തിനുള്ളില്‍ നൂറ്റാണ്ടുകളായി നിലകൊള്ളുന്ന ക്ഷേത്രം ഇതിനകം ഏറെ പ്രസിദ്ധമായിക്കഴിഞ്ഞു. ഭൂരിഭാഗം ആളുകളും കുന്നിന്‍ മുകളിലെ മനോഹരമായ ക്ഷേത്രത്തിന്റെ സൗന്ദര്യം തേടി എത്തുന്നവരാണ്. പ്രാര്‍ഥിക്കാനായി എത്തുന്നവര്‍  കുറവാണ്. ഉള്‍ക്കാട്ടില്‍ നിന്നും മലകയറി അമ്പലമുറ്റത്തെത്തുന്ന കാറ്റ് വലിയ മരക്കൊമ്പുകളില്‍ ചേക്കേറുന്നു.

കാറ്റിന്റെ നേര്‍ത്ത ശബ്ദത്തിനിടെ ഗോവിന്ദ വിളിയും ശംഖുനാദവും ഉയര്‍ന്നു കേള്‍ക്കാം. കടുവയും പുലിയും കാട്ടുപോത്തുമെല്ലാം മേയുന്ന കാട്ടിലെ അമ്പലം വന്യമൃഗങ്ങള്‍ക്കു കൂടി അവകാശപ്പെട്ടതാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. കോടമഞ്ഞും കുളിരും പെയ്തിറങ്ങുന്ന മലയുടെ മുകളില്‍ വന്യമൃഗങ്ങള്‍ക്കും മനുഷ്യനും ആശ്രയമായി ഗോപാലസ്വാമി കുടികൊള്ളുന്നു. വലിയൊരു മരച്ചുവട്ടില്‍ അല്‍പ്പനേരം കാറ്റുകൊണ്ടിരുന്നു. വനം വകുപ്പിന്റെ പച്ചബസില്‍ ഏറെക്കുറെ ആള്‍ക്കാര്‍ നിറഞ്ഞു. മലയിറങ്ങാന്‍ തുടങ്ങുന്ന ആ ബസില്‍ കയറാന്‍ തീരുമാനിച്ചു. ബസ് പതിയെ ചലിച്ചു തുടങ്ങിയപ്പോള്‍ മെറൂണും വെള്ളയും നിറം ചാര്‍ത്തിയ കല്ലുകള്‍ നേര്‍ത്തുനേര്‍ത്ത് വരപോലെ ചെറുതാകുന്നുണ്ടായിരുന്നു.

English Summary: Himavad Gopalaswamy Betta Travel 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com