ADVERTISEMENT

യാത്രകള്‍ക്ക് ഒരിക്കലും നമ്മള്‍ അതിര്‍വരമ്പുകള്‍ തീര്‍ക്കരുത്. ആ അതിരുകള്‍ക്കപ്പുറവും നമ്മെ കാത്ത് അനേകായിരം കാഴ്ചകള്‍ ഉണ്ട്. അതൊക്കെ തേടിപ്പോകുമ്പോഴാണ് നമ്മള്‍ ഒരു യഥാര്‍ത്ഥ സഞ്ചാരിയാകുന്നത്. ഇന്ന് മാർച്ച് 8 അതിരുകൾക്കപ്പുറത്ത്, ലോകമെമ്പാടുമുള്ള വനിതകൾക്കായുള്ള ഈ വനിതാ ദിനത്തില്‍  തുടങ്ങി വച്ച യാത്രാകൂട്ടായ്മയായ എസ്‌കേപ്പ് നൗ അഞ്ച് വർഷം തികയുകയാണ്. സന്തോഷവും അതിലേറെ അഭിമാനവും തോന്നിയ നിമിഷമാണ്.

യാത്രകളുടെ ലോകത്തേയ്ക്ക് സഞ്ചരിക്കുന്ന മിടുമിടുക്കിയാണ് ഇന്ദു കൃഷ്ണ. ഒറ്റയ്ക്ക് യാത്ര ചെയ്യാനാഗ്രഹിച്ച് ഒടുവില്‍ ഒരു ട്രാവല്‍ഗ്രൂപ്പുതന്നെ തുടങ്ങിയ ഇൗ പെൺയാത്രികയുടെ  വിശേഷങ്ങളും യാത്രാനുഭവങ്ങളും അറിയാം.

Womens-trip1

ഒറ്റയ്ക്കുള്ള യാത്ര

ഭൂരിഭാഗം സ്ത്രീകളും ആഗ്രഹിക്കുന്നതാണ് തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ് ഒറ്റയ്ക്ക് എങ്ങോട്ടെങ്കിലുമൊരു യാത്ര പോകണമെന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലോകത്ത് സോളോ യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കൂടിവരുന്നുമുണ്ട്.  എസ്‌കേപ്പ് നൗ എന്ന ട്രാവല്‍ഗ്രൂപ്പിന്റെ അമരക്കാരിയാണ് ഇന്ദു കൃഷ്ണ എന്ന കൊച്ചിക്കാരി സ്ഥിരം യാത്ര ചെയ്യുന്നയാളാണ്.വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃത്യമായി പറഞ്ഞാല്‍ 2015 ലാണ് ഇന്ദു ഈ യാത്രാ ഗ്രൂപ്പ് തുടങ്ങുന്നത്. എട്ടുപേര്‍ക്കൊപ്പം തുടങ്ങിയ ആ യാത്ര ഇന്ന് ഇന്ത്യയും കടന്ന് വിദേശ രാജ്യങ്ങളിലേക്ക് ട്രിപ്പ് പോകുന്ന രീതിയിലേക്ക് എത്തിയിരിക്കുകയാണ്. ഇൗ വിജയ യാത്രയ്ക്ക് പിന്നില്‍ ഇന്ദുവിന്റെ  യാത്രകളോടുള്ള അടങ്ങാത്ത ഇഷ്ടത്തിന്റെ മധുരമുണ്ട്. ആ കഥ ഇന്ദു തന്നെ പറയട്ടെ. 

പെൺയാത്ര

സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് എന്തോ മഹാസംഭവമാണെന്നാണ് എല്ലാവരുടെയും ചിന്ത. ആ കാഴ്ചപ്പാടുകളെ തിരുത്തിക്കുറിക്കുവാനുള്ള എന്റെ ആഗ്രഹമാണ് ഇങ്ങനെയൊരു യാത്രാഗ്രൂപ്പ് തുടങ്ങാന്‍ പ്രചോദനമായത്. ലേ ലഡാക്ക് പോകണമെന്ന എന്റെ അതിയായ ആഗ്രഹവും ആവേശവുമാണ് എന്നെ തനിച്ച് യാത്രകള്‍ ചെയ്യാൻ പ്രേരിപ്പിച്ചത്. തനിച്ച് പോകുന്നതിനേക്കാള്‍ ഒരു കൂട്ടുള്ളതു നല്ലതല്ലേ എന്ന തോന്നലില്‍ നിന്നും ഞാന്‍ സ്ത്രീകള്‍ മാത്രമുള്ള ട്രാവല്‍ ഗ്രൂപ്പ് തിരയാന്‍ തുടങ്ങി. കുറേ അന്വേഷിച്ചെങ്കിലും അങ്ങനെയൊരു ഗ്രൂപ്പ് കണ്ടെത്താനായില്ല. അപ്പോഴാണ് എന്തുകൊണ്ട് എനിക്കത് തുടങ്ങിക്കൂടാ എന്ന ചിന്ത വന്നത്. അങ്ങനെ ഫെയ്‌സ്ബുക്കില്‍ എസ്‌കേപ്പ് നൗ എന്ന പേരിലൊരു പേജ് തുടങ്ങി. പിന്നീട് സുഹൃത്തുക്കളും മറ്റുമെല്ലാം നല്ല അഭിപ്രായം പറഞ്ഞപ്പോള്‍ അതൊരു കമ്പനിയാക്കിയെടുക്കുകയായിരുന്നു. 

ഇലവിഴാപൂഞ്ചിറ മുതല്‍ മലേഷ്യ വരെ

ആദ്യമായി സംഘടിപ്പിച്ച യാത്ര ഇലവീഴാപൂഞ്ചിറയിലേക്കായിരുന്നു. സമൂഹമാധ്യമത്തിലൂടെ മാത്രം പരിചയമുള്ള പലയിടത്തുനിന്നുമുള്ളവര്‍ ഒന്നിച്ചുള്ളൊരു യാത്ര. എന്ത് വിശ്വാസ്യതയാണ് ഇതിനുള്ളതെന്നും ഒരു പരിചയവുമില്ലാത്തവര്‍ക്കൊപ്പം എങ്ങനെ പോകാനാണ് എന്നൊക്കെ പലരും ചോദിക്കുമായിരുന്നു എന്നാല്‍ ആദ്യ യാത്രയോടെ ആ സംശയങ്ങളൊക്കെ നാടുവിട്ടുമെന്നും ഇന്ദു.

8 പേരടങ്ങുന്ന സംഘമായിരുന്നു അന്ന് ഇലവീഴാപൂഞ്ചിറയ്ക്ക് പോയത്. അതില്‍ ചിലര്‍ എന്റെ സുഹൃത്തുക്കള്‍ തന്നെയായിരുന്നു. അവിടെ ഒരു വലിയ മലയുടെ മുകളിലുള്ള ഒരു ഒറ്റപ്പെട്ട വീട്ടിലായിരുന്നു താമസം. രാത്രിയില്‍ ആകാശത്തിന് കീഴെ നമ്മളും പ്രകൃതിയും മാത്രമുള്ളൊരു അവസ്ഥ ഒന്നു ആലോചിച്ചുനോക്കു.പറഞ്ഞറിയിക്കാനാവില്ല ആ അനുഭവം. എനിക്കൊപ്പം വന്ന ആ എട്ടുപേര്‍ക്കും  ആ യാത്ര ജീവിതത്തില്‍ മറക്കില്ല.

തങ്ങളെ ചുറ്റിനില്‍ക്കുന്ന തിരക്കുകളുടെ നൂലാമാലകളില്‍ നിന്നും ഒരല്‍പ്പം ആശ്വാസം കണ്ടെത്താന്‍ യാത്രയെ കൂട്ടുപിടിയ്ക്കുന്നവര്‍ക്ക് ഒരു കൂട്ട്. അതാണ് ഞാന്‍ ഈ യാത്രാഗ്രൂപ്പുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യയില്‍ പലയിടത്തേയ്ക്കും ഇന്ദുവിന്റെ എസ്‌കേപ്പ് നൗ യാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്. 18 പേരെ വരെ ഇന്ദു ഒറ്റയ്ക്ക് നയിച്ച് യാത്രാ പോയിട്ടുണ്ട്. സാധാരണ 10-12 വരെയുള്ള പേരടങ്ങുന്ന ഗ്രൂപ്പായിട്ടാണ് യാത്രകൾ. ഇന്ത്യയ്ക്ക് പുറത്ത് ദുബായ്, മലേഷ്യ എന്നിവിടങ്ങളിലേയ്ക്കും എസ്‌കേപ്പ് നൗ യാത്രകള്‍ സംഘടിപ്പിച്ചിരുന്നു. തനിക്കൊപ്പം യാത്ര വന്ന് പരിചയപ്പെട്ട പലരും പിന്നീട് ഒരുമിച്ച് ട്രിപ്പ് നടത്താറുണ്ടെന്നും അതൊക്കെ കേള്‍ക്കുമ്പോള്‍ ഒരു സന്തോഷമാണെന്നും ഇന്ദു കൃഷ്ണ പറയുന്നു. 

Womens-trip2

നമ്മുടെ നിലപാടുകളാണ് യാത്രയുടെ മൂലാധാരം

യാത്ര ചെയ്യാന്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഏറ്റവും അത്യാവശ്യം വേണ്ടത് സ്വയം ഒരു ബോധ്യമാണെന്ന് ഇന്ദു കൃഷ്ണ പറയുന്നു. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ ധൈര്യത്തേക്കാള്‍ നിങ്ങള്‍ക്ക് കൂട്ടാകുന്നത് ഒാരോത്തരും എടുക്കുന്ന നിലപാടുകള്‍ ആയിരിക്കും. ഏതു സന്ദര്‍ഭത്തിലും പതറാതെ നില്‍ക്കാനുള്ള മനശക്തിയാണ് വേണ്ടതെന്നും ഇന്ദു പറയുന്നു. 

ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ഞാന്‍ യാത്രകള്‍ നടത്തിയിട്ടുണ്ട്. ഇന്നുവരെ ഒരു മോശം അനുഭവം എനിക്കുണ്ടായിട്ടില്ല. യാത്രയില്‍ ആയിരിക്കുമ്പോള്‍ മറ്റുള്ളവര്‍ ശ്രദ്ധിക്കുക നമ്മുടെ പെരുമാറ്റമായിരിക്കും. പേടിച്ച മുഖത്തോടെയാണ് ഇരിക്കുന്നതെങ്കില്‍ വരുന്നവര്‍ അത് മുതലാക്കുക തന്നെചെയ്യും. ഒരിക്കലും ഒറ്റക്കാണെന്ന തോന്നല്‍ നമുക്കുണ്ടാവരുത്. 

കൊറോണക്കാലത്തെ യാത്ര

പല പ്ലാനുകളും കൊറോണയെന്ന വില്ലന്‍ തകര്‍ത്തുകളഞ്ഞു. എന്നാല്‍ വെറുതെയിരിക്കാന്‍ മനസ്സ് അനുവദിച്ചില്ല. അതുകൊണ്ട് ഒരു 25 ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയങ്ങ് പോയി. തന്റെ യാത്രകളൊന്നും പ്ലാന്‍ ചെയ്ത് നടത്തുന്നവയല്ലെന്നാണ് ഇന്ദു പറയുന്നത്. പേകേണ്ട സ്ഥലം മാത്രം മനസ്സിലുണ്ടാകും. ബാക്കിയെല്ലാം സാഹചര്യം പോലെയാണ്. ഈ യാത്രയില്‍ ഞാന്‍ റയില്‍വേ സ്‌റ്റേഷനില്‍ ഇരുന്ന് നേരം വെളുപ്പിച്ചിട്ടുണ്ട്. കിട്ടുന്ന ട്രെയിനില്‍, അല്ലെങ്കില്‍ ലോക്കല്‍ ബസില്‍ അങ്ങനെയൊക്കെയാണ് എന്റെ തനിച്ചുള്ള യാത്രകളൊക്കെയും. ലേ ലഡാക്കായിരുന്നു മനസ്സില്‍. പല വട്ടം പോയിട്ടുള്ളതാണെങ്കിലും അവിടേയ്ക്ക് പിന്നെയും പോകാന്‍ നമ്മുടെ മനസ്സ് കൊതിച്ചുകൊണ്ടിരിക്കും. ഈ യാത്രയ്ക്കിടെ ജയ്‌സാല്‍മീര്‍ റയില്‍വേ സ്‌റ്റേഷനിലാണ് ഞാന്‍ ഒരു രാത്രി തങ്ങിയത്. ഏറ്റവും അവസാനത്തെ സ്‌റ്റേഷനാണത്.അതിനപ്പുറം പാകിസ്ഥാനാണ്.അതിര്‍ത്തികളിലൂടെയുള്ള യാത്രകള്‍ക്ക് വല്ലാത്തൊരു രസമാണെന്നാണ് ഇന്ദുവിന്റെ അഭിപ്രായം. തനിക്കേറ്റവും ഇഷ്ടവും അത്തരം സ്ഥലങ്ങളിലൂടെയുള്ള യാത്രകളാണ്. ഞാൻ നടത്തിയ യാത്രകളൊക്കെയും എനിക്ക് ഒാർമകളുടെ നിധികുംഭമാണ്.

കൊറോണയുടെ കെട്ടൊന്നടങ്ങിയപ്പോള്‍ വയനാട് മുതല്‍ തിരുവനന്തപുരം വരെ സ്‌കൂട്ടറിലുള്ള യാത്രയും ഇന്ദു കൃഷ്ണ നടത്തിയിരുന്നു. യാത്രകള്‍ പുനരാരംഭിക്കുന്നതിന് മുമ്പ് സാഹചര്യങ്ങള്‍ ഒക്കെയൊന്ന് നേരിട്ട് കണ്ട് മനസ്സിലാക്കാനാണ് സ്വന്തം ആക്ടിവയില്‍ ഇന്ദു ഇറങ്ങിയത്.

മറക്കാനാവില്ല ആ യാത്ര

യാത്രകളോട് അടങ്ങാത്ത ആവേശമുള്ള ഇന്ദുവിന് മറക്കാനാവാത്ത ഓര്‍മകളും സഞ്ചാരം സമ്മാനിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും എടുത്തുപറയേണ്ടത് കച്ചിലെ ഉപ്പുമരുഭൂമിയില്‍ രാത്രി വാല്‍നക്ഷത്രങ്ങളെ കണ്ടതാണ്. ഒരു ഗ്രൂപ്പുമായി യാത്ര പോയതായിരുന്നു അവിടേയ്ക്ക്. അവിടെയെത്തി പരിചയപ്പെട്ട ദൂരദര്‍ശനിലെ ഒരു സുഹൃത്താണ് രാത്രിയില്‍ ഉപ്പുമൈതാനത്തേയ്ക്ക് കൂട്ടികൊണ്ടുപോയത്. അവിടെയത്തി അദ്ദേഹം ഞങ്ങള്‍ക്ക് നിലത്ത് ഒരു പുതപ്പ് വിരിച്ചുതന്നു. അവിടെ കിടന്ന് ആകാശത്തേയ്ക്ക് നോക്കിയ ഞങ്ങള്‍ എല്ലാവരും അമ്പരന്നുപോയി.

അഞ്ചുമിനിട്ടിനിടെ 4-5 വാല്‍നക്ഷത്രങ്ങള  കണ്ടു. മുമ്പ് ലേയില്‍ പോയപ്പോള്‍ ഇൗ കാഴ്ച കണ്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടായിരുന്നു ഇത്രയധികം നക്ഷത്രങ്ങളെ കാണുന്നത്. ആ ഉപ്പുമരുഭൂമിയ്ക്ക് അപ്പുറം പാകിസ്ഥാനണ്. ജീവിതത്തില്‍ ഒരിക്കലും മറക്കില്ല ആ കാഴ്ച. രാത്രിയിലെ ആകാശത്തോട് ഒരു പ്രത്യേക ഇഷ്ടമുള്ളതുകൊണ്ടാണോ എന്നറിയില്ല, ഇന്ദുവിന്റെ യാത്രാസ്വപ്‌നങ്ങളില്‍ ഒന്ന് നോര്‍ത്തേണ്‍ ലൈറ്റ്‌സ് കാണണമെന്നാണ്. അധികം വൈകാതെ താന്‍ ആ കാഴ്ച സ്വന്തമാക്കുവാനായി പോകുമെന്നും ഇന്ദു പറയുന്നു. 

കൊറോണ നിയന്ത്രണങ്ങളോടെ യാത്രകള്‍ പുനരാരംഭിച്ച സ്ഥിതിയ്ക്ക് എസ്‌കേപ്പ് നൗവും ട്രിപ്പ് പ്ലാനുകള്‍ ആരംഭിച്ചിട്ടുണ്ട്. എസ്കേപ്പ് നൗവിന്റെ അടുത്ത ട്രിപ്പ് ഗോവ, മനാലി, വാരണാസി എന്നിവയാണ്. അപ്പോൾ ഒരു ട്രിപ്പ് പോകാന്‍ പെണ്ണുങ്ങളെ നിങ്ങള്‍ക്ക് ഒരു കൂട്ടുവേണമെങ്കില്‍ ഇന്ദുവും എസ്‌കേപ്പ് നൗവും റെഡിയാണ്.

 

English Summary: Women Only Travel Group Escape Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com