ബോഡി ഫിറ്റാണോ എന്നറിയാം; ആമപ്പാറയിൽ നൂണ്ടു നോക്കൂ

aamapara-trip
SHARE

തടിയുള്ളവർ ഈ വഴി വന്നാൽ പെട്ടു പോകും. ഇതു പ്രകൃതി ഒരുക്കിയ ഫിറ്റ്നസ് ടെസ്റ്റ്. ആമപ്പാറയിലെ പാറയിടുക്കിലൂടെ ഒന്നു നൂണ്ട് അപ്പുറം കടന്നാൽ പിന്നെ മറ്റൊന്നും നോക്കേണ്ട. കട്ട ഫിറ്റാണ് ബോഡി എന്നു തെളിയും. 

ആമയെപ്പോലെ തന്നെ തോടിനുള്ളിൽ മറഞ്ഞിരുന്ന മഹാദ്ഭുതമാണ് ഇടുക്കി രാമക്കൽമേടിന് അടുത്തുള്ള ആമപ്പാറ. ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച പാറയിടുക്കിലെ നടപ്പാത. പുറത്തുനിന്നു നോക്കിയാൽ പമ്മിയിരിക്കുന്ന ആമ പോലെ തോന്നും. ചുറ്റും വേലി കെട്ടി സുരക്ഷിതമാക്കിയ സ്ഥലം. വീശിയടിക്കുന്ന തണുത്ത കാറ്റ്. ദൂരെ തമിഴ്നാട്ടിലെ കാറ്റാടിപ്പാടങ്ങൾ മെല്ലെ തിരിയുന്നു. പക്ഷേ പുറംകാഴ്ചയിലല്ല, അകത്താണ് അദ്ഭുതം ഒളിച്ചിരിക്കുന്നത്. 

ഒരു വലിയ പാറയ്ക്കു ചുവട്ടിൽ കുറെ ഉരുളൻ കല്ലുകൾ. പുറത്തു നിന്നു നോക്കിയാൽ അങ്ങനെയേ തോന്നൂ. ശരിക്കു നോക്കിയാൽ അതിൽ രണ്ട് ചെറിയ പൊത്തുകൾ കാണാം. അത് രണ്ട് വഴികളാണ്. ഇടത്തേ പൊത്തിലൂടെ കയറി വലത്തേ പൊത്തിലൂടെ ഇറങ്ങാം. പടം കണ്ടിട്ടു ഞെട്ടിയില്ലേ. എന്നാൽ ഞെട്ടൽ വരാനിരിക്കുന്നേ ഉളളൂ. 

aamapara1

ഇടത്തെ പൊത്തിലൂടെ കയറുന്നത് ഒരു ഇടനാഴിയിലേക്കാണ്. നടന്നു പോകാം. പക്ഷേ പതുക്കെ പോകണം. അല്ലെങ്കിൽ സ്റ്റക്ക് ആകും.  ചെല്ലുന്നത് പാറയുടെ മറുവശത്താണ്. ഇവിടെ ഇരിക്കാം. കാറ്റു കൊള്ളാം. പാറയിടുക്കിലിരുന്നു ഫോട്ടോ എടുക്കാം. ഇനി പുറത്തു കടക്കണമെങ്കിൽ മറ്റൊരു പാറയുടെ അടിയിലൂടെ നൂഴണം. കുറച്ചു ഭാഗം ഇരുന്നു നിരങ്ങിയും പിന്നെ കിടന്നുമൊക്കെയായി രണ്ടാമത്തെ പൊത്തിലൂടെ അപ്പുറം കടക്കാം. ഇനി നൂഴുന്നതോർത്ത് ടെൻഷനാണെങ്കിൽ പേടിക്കേണ്ട. വന്ന വഴിയേ തന്നെ തിരിച്ചു പോയാൽ മതി. 

∙ കാണാമറയത്ത്

രാമക്കൽമേടിന്റെ പ്രഭയിൽ മങ്ങി  ആരോരുമറിയാതെ കിടന്നിരുന്ന സ്ഥലമാണ് ഇന്ന് സാഹസിക സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിയിരിക്കുന്നത്. 2016ൽ നെടുങ്കണ്ടം പഞ്ചായത്ത് 11-ാം വാർഡ് മെംബർ വിജിമോൾ വിജയന്റെ നേതൃത്വത്തിൽ ആമപ്പാറ മലനിരകൾക്കു ചുറ്റും സ്റ്റീൽ കൊണ്ടുള്ള വേലി സ്ഥാപിച്ചു സുരക്ഷിതമാക്കി. ഇതോടെയാണ് കൂടുതൽ സഞ്ചാരികൾ എത്തിത്തുടങ്ങിയത്. 

aamapara

ഇരിപ്പിടങ്ങൾ ഇഷ്ടംപോലെയുണ്ട്.  തമിഴ്നാടിന്റെ ദൂരക്കാഴ്ച കണ്ട് വെറുതേ കാറ്റു കൊണ്ടു നടക്കാം. ടോയ്‌ലറ്റ് കോംപ്ലക്‌സ്, 20 മീറ്റർ ഉയരമുള്ള വാച്ച് ടവർ തുടങ്ങിയവയുടെ പണി നടക്കുന്നു.  അടുത്ത ഘട്ടത്തിൽ തൂക്കുപാലം ഉൾപ്പെടെ സ്ഥാപിക്കും. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്.

∙ ഐതിഹ്യം

രാവണൻ തട്ടിക്കൊണ്ടുപോയ സീതയെ അന്വേഷിച്ച് രാമലക്ഷ്മണന്മാർ ഈ പ്രദേശത്ത് എത്തിയിട്ടുണ്ടെന്നാണു വിശ്വാസം. സമുദ്രനിരപ്പിൽനിന്ന് 3500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന രാമക്കൽമേട്, ടോപ്സ്റ്റേഷൻ, ആമപ്പാറ പ്രദേശങ്ങളിലും അവർ എത്തി. ഇവിടെനിന്നു നോക്കിയാണ് ഇന്നത്തെ തമിഴ്നാട് അടക്കമുളള ഭൂപ്രദേശം അവരുടെ ശ്രദ്ധയിൽപെടുന്നതും സമുദ്രഭാഗത്തേക്കു പോകാനുള്ള വഴി കണ്ടെത്തുന്നതും. 

ഇതു മനസ്സിലാക്കിയ രാവണൻ ലങ്കയിലേക്കുള്ള രാമന്റെ പ്രവേശനം തടയാൻ വേണ്ടി അസുരന്മാരെ അയച്ചു. രാമലക്ഷ്മണന്മാരും അസുരന്മാരും തമ്മിലുള്ള യുദ്ധത്തിൽ അസുരന്മാരുടെ നേതാവായ കൂർമാസുരനെ അടക്കം പരാജയപ്പെടുത്തി. കൂർമാസുരനെ ആമയുടെ രൂപത്തിലുള്ള പാറയാക്കി മാറ്റി. മറ്റ് അസുരന്മാരെ ചുറ്റുമുളള പാറക്കൂട്ടങ്ങളാക്കി മാറ്റി. ഇതാണ് ഇന്നു കാണുന്ന ആമപ്പാറ എന്നാണ് ഐതിഹ്യം. 

∙ആമപ്പാറയിലെത്താൻ

നെടുങ്കണ്ടം – രാമക്കൽമേട് റോഡിൽ തൂക്കുപാലത്തുനിന്ന് 4 കിലോമീറ്റർ സഞ്ചരിച്ചാൽ തോവാളപ്പടി ജംക്‌ഷനായി. (കോട്ടയത്തു നിന്ന് 130 കിലോമീറ്റർ). നമ്മൾ വന്ന കാർ ഇവിടെ നിർത്തിയിടണം. കാരണം ഇനിയങ്ങോട്ട് 4 കിലോമീറ്റർ കുത്തനെ കയറ്റമാണ്. പലയിടത്തും റോഡില്ല. അരുവിയും പാറയും ഒക്കെ ചാടിക്കടക്കാൻ ഓഫ് റോഡ് ജീപ്പ് തന്നെ വേണം. ഒറ്റ വണ്ടിക്കു പോകാനുള്ള വീതി മാത്രം. എതിരെ ഒരു വണ്ടി വന്നാൽ പെട്ടു. പക്ഷേ ഇവിടുത്തെ ജീപ്പ് ഡ്രൈവർമാർ  സർക്കസുകാരുടെ വഴക്കത്തോടെ ജീപ്പ് നിയന്ത്രിക്കുന്നതു കണ്ടു കണ്ണു തള്ളിയിരിക്കാനേ കഴിയൂ. 

തോവാളപ്പടിയിൽ ജീപ്പ് സൗകര്യമുണ്ട്. ഒരു ട്രിപ്പിന് 1300 രൂപയാണ് നിരക്ക്. തോവാളപ്പടിയിൽനിന്ന് 2 കിലോമീറ്റർ പോയാൽ രാമക്കൽമേട് കൂടി കണ്ടു മടങ്ങാം. അവിടെ നിന്ന് 40 കിലോമീറ്റർ പോയാൽ തേക്കടിയിലെത്താം. ബോട്ടിൽ പോയി ആനകളെ കണ്ടു രസിക്കാം.

English Summary: Travel to Aamapara  Idukki 

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA