165 രൂപ മുതൽ സെറ്റും മുണ്ടും 700 രൂപയ്ക്ക് ഡിസൈനർ സാരി;കേരളത്തിന്റെ സ്വന്തം നെയ്ത്തുഗ്രാമം

kuthampully-handloom-village3
കുത്താമ്പുള്ളിയിലെ വസ്ത്രവ്യാപാര ശാലയുടെ ഉൾവശം.
SHARE

തിരിവുകളുള്ള നാട്ടുവഴി പിന്നിടുമ്പോൾ വീടുകളിൽനിന്ന് ഉയർന്നു കേൾക്കുന്ന തറികളുടെ ഇമ്പമുള്ള താളം. വീതികുറഞ്ഞ റോഡിന് ഇരുവശവും ടൗണുകളെപ്പോലും വെല്ലുന്ന അൻപതോളം ബഹുനില തുണിക്കടകൾ. അവിടെ കൈത്തറി വസ്ത്രങ്ങളുടെയും ഡിസൈനർ സാരികളുടെയും കമനീയ ശേഖരം. ഒപ്പം, 200 രൂപ മുതൽ ഡബിൾ മുണ്ടും 165 രൂപ മുതൽ സെറ്റും മുണ്ടും 700 രൂപ മുതൽ ഡിസൈനർ സാരിയും കിട്ടുന്ന വിലക്കുറവിന്റെ പൊടിപൂരവും... തൃശൂർ തിരുവില്വാമലയ്ക്കു സമീപത്തെ കുത്താമ്പുള്ളി എന്ന കേരളത്തിന്റെ സ്വന്തം നെയ്ത്തുഗ്രാമം കൗതുകങ്ങളുടെ കലവറയാണ്.

ഗ്രാമക്കാഴ്ചകളും ഷോപ്പിങ്ങും

ഗുണനിലവാരമുള്ള തുണിത്തരങ്ങൾ ഇടനിലക്കാരില്ലാതെ കുറഞ്ഞ വിലയിൽ വാങ്ങാമെന്നതും ഭാരതപ്പുഴയുടെ തീരത്തെ തനത് നെയ്ത്തുഗ്രാമത്തിലെ കാഴ്ചകൾ ആസ്വദിക്കാമെന്നതും കുത്താമ്പുള്ളിയിലേക്കുള്ള യാത്ര രസകരമാക്കുന്നു. കൈത്തറിയിൽ നെയ്തെടുക്കുന്ന വസ്ത്രങ്ങളും മെഷീൻ തറിയിൽ നെയ്തെടുക്കുന്ന വസ്ത്രങ്ങളും ഇവിടെ ലഭിക്കും. മൂന്നിഞ്ച് കരയുള്ള കൈത്തറി മുണ്ടിന് 2500 രൂപ വിലയുള്ളപ്പോൾ മെഷീൻ തറിയിൽ നെയ്തെടുക്കുന്ന ഇതേ കരയുള്ള മുണ്ടിന് 600 രൂപ മുതൽ 700 രൂപ വരെയേ വിലയുള്ളൂ. 

kuthampully-handloom-village5
പ്രിന്റഡ് സാരികൾ

കൈത്തറിയുടെ പ്രൗഢി വേണ്ടവർക്ക് അതും വിലക്കുറവ് വേണ്ടവർക്ക് അങ്ങനെയും തിരഞ്ഞെടുക്കാനുള്ള ശേഖരം ഇവിടെയുണ്ട്. കുറഞ്ഞ വിലയ്ക്ക് ഫാമിലി ഷോപ്പിങ് നടത്താനെത്തുന്നവരെ കുത്താമ്പുള്ളിയിലെ പ്രൈസ് ടാഗ് അമ്പരപ്പിക്കുമെന്നതിൽ സംശയമില്ല. മികച്ച വിപണി കണ്ടെത്താനും വ്യാപാരം പരിപോഷിപ്പിക്കാനുമായി തനിമയും സവിശേഷതയുമുള്ള ഉൽപന്നങ്ങൾക്ക് നൽകുന്ന ‘ഭൗമസൂചികാ പദവി’(Geographical Indication) സ്വന്തമാക്കിയവയാണ് കുത്താമ്പുള്ളി സാരിയും കുത്താമ്പുള്ളി സെറ്റും മുണ്ടും. 

200 രൂപ മുതൽ ഡബിൾ മുണ്ട്

കോടി മുണ്ടുകൾക്ക് 200 രൂപ മുതലും കസവു കരയുള്ള ഹൈക്വാളിറ്റി ഡബിൾ മുണ്ടിന് 475 രൂപ മുതലുമാണ് വില ആരംഭിക്കുന്നത്. കസവില്ലാത്ത, കര മാത്രമുള്ള മുണ്ടിന് 400 രൂപ. വിവാഹ ആവശ്യങ്ങൾക്കും മറ്റു ഉപയോഗിക്കാവുന്ന ഗോൾഡൻ, സിൽവർ കരയുള്ള കോട്ടൺ മുണ്ടുകൾ 350 രൂപ മുതൽ, കൈത്തറി കാവിമുണ്ട് 175 രൂപ മുതൽ എന്നിങ്ങനെ പോകുന്നു മലയാളിയുടെ പ്രിയപ്പെട്ട മുണ്ടുകളുടെ വിലനിലവാരം. 165 രൂപ മുതൽ കുത്താമ്പുള്ളി സ്പെഷൽ സെറ്റും മുണ്ടും ലഭിക്കും. കോട്ടൺ സാരികൾ 550 രൂപ മുതൽ, കൈത്തറി ഫാൻസി സാരികൾ 900 രൂപ മുതൽ, പ്രിന്റഡ് ചുരിദാർ മെറ്റീരിയൽ 650 രൂപ മുതൽ, സ്റ്റിച്ച് ചെയ്ത പാവാടയോടുകൂടിയ ദാവണി സെറ്റ് 1200 രൂപ മുതൽ. പെൺകുട്ടികൾക്കുള്ള പട്ടുപാവാടയും ബ്ലൗസും 280 രൂപയ്ക്കും ആൺകുട്ടികൾക്കുള്ള മുണ്ടും ഷർട്ടും ചേർന്ന സെറ്റ് 240 രൂപയ്ക്കും വാങ്ങാം.

kuthampully-handloom-village
പ്രിന്റഡ് സാരികൾ

400 വർഷത്തെ പാരമ്പര്യം

കുത്താമ്പുള്ളിയിൽ സാരികൾ പ്രധാനമായും നെയ്തെടുക്കുന്നത് പഴയ മൈസൂർ സംസ്ഥാനത്ത് വേരുകളുള്ള നെയ്ത്തുകുലമായ ദേവാംഗ സമുദായത്തിൽപെട്ടവരാണ്. 400 വർഷം മുൻപു കൊച്ചി രാജകുടുംബത്തിനു വസ്ത്രം നെയ്യാനായി മഹാരാജാവിന്റെ പ്രത്യേക ക്ഷണപ്രകാരം എത്തി ഇവിടെ താമസമാക്കിയ ദേവാംഗരുടെ പിൻമുറക്കാരായ കുടുംബങ്ങളാണ് ഇപ്പോൾ കുത്താമ്പുള്ളി സാരികൾ നെയ്യുന്നത്. ഡിസൈനർ സാരികളിലാണു കുത്താമ്പുള്ളിയുടെ പെരുമ. മയിൽ, പൂവ്, കൃഷ്‌ണൻ, ആന, കഥകളി അങ്ങനെ ഏതു ഡിസൈനും അനായാസം കുത്താമ്പുള്ളിക്കു വഴങ്ങും. സൂറത്തിൽ നിന്ന് കസവും സേലം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നു പാവും കോണും എത്തിച്ചാണ് വസ്ത്രങ്ങൾ നെയ്യുന്നത്. കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിൽപോലും ഇന്ന് കുത്താമ്പുള്ളി സാരികളും സെറ്റും മുണ്ടും പ്രശസ്തമാണ്.

kuthampully-handloom-village1
കുത്താമ്പുള്ളിയിലെ വസ്ത്രവ്യാപാര ശാല

കാലത്തിനൊത്ത മാറ്റം

വീടുകളിൽ നെയ്തെടുക്കുന്ന തുണികൾ തലച്ചുമടായി തൃശൂരിലും മറ്റും കൊണ്ടുപോയി വിൽക്കുകയായിരുന്നു പഴയ രീതി. പിന്നീട് കാലത്തിനനുസരിച്ച് നെയ്ത്തു വ്യവസായം വളർന്നു. കേരളത്തിലെമ്പാടുമുള്ള വിവിധ തുണിക്കടകളിലേക്ക് ഇപ്പോൾ ഹോൾസെയിലായി കുത്താമ്പുള്ളിയിൽനിന്നു വസ്ത്രങ്ങളെത്തുന്നുണ്ട്. കുത്താമ്പുള്ളി എന്ന ബ്രാൻഡിൽ തുണികൾ വിൽപന തുടങ്ങിയിട്ട് ഏകദേശം 35 വർഷമായി. നേരത്തേ അയ്യായിരത്തോളം തറികൾ ഉണ്ടായിരുത് ഇപ്പോൾ രണ്ടായിരത്തോളമായി ചുരുങ്ങിയെങ്കിലും കുത്താമ്പുള്ളി വസ്ത്രങ്ങൾക്ക് ആവശ്യക്കാർ കൂടിയിട്ടുണ്ടെന്ന് വസ്ത്രവ്യാപാരിയായ ജയരാജ് പറയുന്നു. കഴിഞ്ഞ അഞ്ചാറുവർഷത്തിനുള്ളിലെ മാറ്റമാണ് വഴിയോരങ്ങളിലെ തുണിക്കടകളും മറ്റുമായി ഇന്നു കാണുന്ന കുത്താമ്പുള്ളിയുടെ മുഖം. ഇപ്പോൾ അതും കടന്ന് വസ്ത്രവിൽപന ഇൻസ്റ്റഗ്രാമും ഫെയ്സ്ബുക്കും വഴിയായിട്ടുണ്ട്. 

English Summary: Kuthampully Handlooms Thrissur

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA