ADVERTISEMENT

തുടർച്ചയുടെ രൂപമാണ് പുഴ. തടഞ്ഞാലും ദിശമാറി ഒഴുക്കു തുടർന്നുകൊണ്ടേയിരിക്കും. പുഴപോലെ തുടർച്ചയുള്ളതാണ് യാത്രയും. അതുകൊണ്ടുതന്നെ പുഴയൊഴുകും വഴിയിലൂടെയുള്ള ഈ ട്രാവലോഗ് കഴിഞ്ഞ യാത്രയുടെ തുടർച്ചയാണ്. 

റോയൽ എൻഫീൽഡ് മിറ്റിയോറിൽ ലക്ഷ്മി എസ്റ്റേറ്റിലൂടെ, (പഴയ ആലുവ–മൂന്നാർ പാത) കഴിഞ്ഞ ട്രാവലോഗ് ആനക്കുളം വരെ എത്തിയിരുന്നു. മൂന്നാറിലേക്ക് കുതിരവണ്ടികൾക്കു പോകാൻ ബ്രിട്ടിഷുകാർ കണ്ടെത്തിയ കയറ്റം കുറഞ്ഞ പാതയായിരുന്നു അത്. ആനക്കുളം കഴിഞ്ഞാൽ കൊടുംകാട്ടിലൂടെയുള്ള വഴിയെത്തുന്നതോ? തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ മുകളിലുള്ള  കുട്ടമ്പുഴയിലും. ആ കാട് സ്കിപ് ചെയ്ത് നമ്മൾ കുട്ടമ്പുഴയിൽനിന്നു വീണ്ടും യാത്ര തുടരുന്നു. 

Pooyamkutty-travel10

വഴിയുടെ തുടർച്ച തേടി, പുഴക്കാഴ്ചകൾ പകർത്തി നിസ്സാൻ മാഗ്‌നൈറ്റ് എന്ന മാന്ത്രിക എസ്‌യുവിയിൽ.

പുലിമുരുകന്റെ നാട്ടിൽ

എറണാകുളത്തുനിന്ന് ഒന്നര മണിക്കൂർ യാത്രയുണ്ട് തട്ടേക്കാട്ടിലേക്ക്. കയാക്കിങ് ചെയ്യാൻ വേണ്ടി നാലു സുഹൃത്തുക്കൾ കൂടെച്ചേർന്നു. നിസ്സാനിൽനിന്നു ജിസൺ ആണ് വന്നത്. മാഗ്‌നൈറ്റ് ഓടിച്ച് ഇഷ്ടപ്പെട്ട് മാഗ്‌നൈറ്റ് തന്നെ ബുക്ക് ചെയ്ത ജിസൺ ഈ ചെറുവണ്ടിയെപ്പറ്റി വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു, തട്ടേക്കാട് എത്തുംവരെ.

Pooyamkutty-travel5

തട്ടേക്കാട് പാലം വിസ്മയങ്ങളാണ് അക്കരെ കാത്തുവച്ചിട്ടുള്ളത്. അതിലൊന്നാണ് പൂയംകുട്ടി. പുലിമുരുകന്റെ നാട്. നേരെ അങ്ങോട്ടു വച്ചുപിടിക്കാമെന്നു കരുതിയാണ് പാലത്തിലേറിയത്. പക്ഷേ, അറിയാതെ കാൽ ബ്രേക്കിലമർന്നു. ചുവപ്പിനെ വെള്ളത്തിൽ നേർപ്പിച്ചതുപോലെ ആകാശവും ഇരുട്ടിനെ വിടാതെ നിന്ന  മലനിരകളും നൽകിയ പ്രഭാതക്കാഴ്ച കാണാെതയെങ്ങനെ മുന്നോട്ടുപോകും? പെരിയാറിന്റെ കാഴ്ചകളാണിനി.

തട്ടേക്കാട് പക്ഷിസങ്കേതം കോവിഡ്ബാധയാൽ അടച്ചിട്ടിരിക്കുകയായിരുന്നു. അവിടെനിന്നു പെരിയാറിന്റെ ഒഴുക്കിനെതിരെയാണ് കുട്ടമ്പുഴയിലേക്കുള്ള റോഡ്. വീതി കൂട്ടിക്കൊണ്ടിരിക്കുന്ന റോഡിൽ മെറ്റൽ ക്രഷർ വിരിച്ചിട്ടുണ്ട്. മാഗ്‌നൈറ്റിന്റെ സസ്പെൻഷന് അതൊരു പ്രശ്നമേ ആയിരുന്നില്ല.അവിടെ വേഗത്തിൽ പോയിട്ടും വണ്ടി കയ്യിൽ നിൽക്കുന്നുണ്ടായിരുന്നു. 

പുലിമുരുകൻ സിനിമയിലെ ആ പാലം ഓർമയുണ്ടോ? മോഹൻലാൽ ഓടിക്കുന്ന മയിൽവാഹനം എന്ന ലോറി പൂയംകുട്ടിയിലെ പാലത്തിനുമുകളിലൂടെ പോകുന്നതൊക്കെ മനോഹര ദൃശ്യങ്ങളായിരുന്നു. പല സിനിമകളുടെയും ഷൂട്ടിങ് ലൊക്കേഷനാണ് പൂയംകുട്ടി എന്ന വനപ്രദേശം. ഭംഗിയാർന്ന കാടും പുഴയും ഭീകരതയുളവാക്കുന്നതുമാണ്. പൂയംകുട്ടി പാലത്തിനു താഴെ കുളിച്ചുല്ലസിക്കാൻ  കുടുംബങ്ങളേറെ എത്താറുണ്ട്. പാലത്തിനപ്പുറം മണികണ്ഠൻചാൽ. വൻമരങ്ങൾക്കിടയിൽ മാഗ്‌നൈറ്റ് റിവേഴ്സ് എടുത്തു തിരിയുമ്പോൾ ആനപിണ്ടങ്ങൾ കണ്ടു. വഴിയിലെല്ലാം വൈദ്യുതവേലികളുള്ളതു വെറുതേയല്ല!

Pooyamkutty-travel8

പ്രളയസമയത്ത് ഈ പാലത്തിനു മുകളിൽ വെള്ളംകുതിച്ചൊഴുകിയപ്പോൾ പൊലീസ് ബൊലേറോയിൽ നടത്തിയ രക്ഷാപ്രവർത്തനം ഓർമയില്ലേ? ഇങ്ങനെ ജനങ്ങൾക്കിടയിൽ താരമാണ് പൂയംകുട്ടി പാലം. അതിന്റെ അഹങ്കാരം കാണിക്കാതെ  താഴ്ന്നാണ് പാലത്തിന്റെ കിടപ്പ്.പാലത്തിന്റെ ഉയരമില്ല ഇതിന്.  ചപ്പാത്ത് എന്നാണ് നാട്ടുകാർ പറയുന്നത്. 

കരിന്തിരിയാറിന്റെ തുടർച്ച

ആനക്കുളത്തെ, ആനയിറങ്ങുന്ന നദിയായ കരിന്തിരിയാറാണ് കാട്ടിലൂടെയൊഴുകി പൂയംകുട്ടിയിലെത്തുന്നത്. പാലത്തിനുതാഴെ മുതിരപ്പുഴയാറും ചേർന്ന് വീതികൂടി ഒഴുകുന്നു. ഇനി നമുക്ക് ആ നദിയുടെ വഴിയേ താഴേക്കു തിരികെപ്പോകാം.  മാഗ്‌നൈറ്റിൽ 360 ഡിഗ്രി ക്യാമറയുള്ളതുകൊണ്ട് ഏതു കാട്ടിൽവച്ചു തിരിച്ചെടുക്കാനും പ്രയാസമില്ല. ചുറ്റുമുള്ളതെല്ലാം പക്ഷിയുടെ കണ്ണിൽനിന്നെന്നപോലെ മുകളിൽനിന്നു കാണാം. ക്യാമറയുടെ ക്ലാരിറ്റി കുറച്ചു കുറവാണ്. 

Pooyamkutty-travel6

കുട്ടമ്പുഴ, നദിയോരത്തെ ഒരു ചെറിയ അങ്ങാടിയാണ്. പല ഹോട്ടലുകളിൽനിന്നും ഒരു കയ്യകലം മാത്രമേ നദിയിലേക്കുള്ളൂ. ആഹാരം കുട്ടമ്പുഴയിൽനിന്നാകാം. ഹോട്ടൽ അശോകയിൽ നല്ല ഊണു കിട്ടും. ജോർജേട്ടന്റെ വിളമ്പൽ കൂടിയാകുമ്പോൾ മനസ്സും നിറയും. 

Pooyamkutty-travel4

ടർബോ കരുത്തിൽ ചങ്ങാടം

ആദ്യചിത്രം കണ്ടവർക്കൊരു സംശയമുണ്ടായിരിക്കും. എന്തിനാണ് മാഗ്‌നൈറ്റ് ചങ്ങാടത്തിൽ കയറിയതെന്ന്!. കുട്ടമ്പുഴ–തട്ടേക്കാട്   റൂട്ടിൽ മ്ലാവനയിൽ നിർത്തി. നദിയിലേക്കുള്ള വഴിയിലേക്കു മാഗ്‌നൈറ്റ് ഇറങ്ങി.

കല്ലേലിമേട്, കുഞ്ചിപ്പാറ, തലവച്ചുപാറ എന്നീ ആദിവാസിക്കുടികളിലേക്കുള്ള യാത്രികരെ അക്കരേക്കു കടത്താനുള്ള ചങ്ങാടവുമായി രാജീവേട്ടൻ അവിടെയുണ്ടാകാറുണ്ട്. ഇത്തവണ അദ്ദേഹത്തിന്റെ അച്ഛൻ കൃഷ്ണൻകുട്ടിച്ചേട്ടൻ ആണ് ചങ്ങാടം തുഴയുന്നത്. അദ്ദേഹം ഇരുമ്പുപാത്തികൾ എടുത്തുവച്ചു. സംഘാംഗം സരിൻ മാഗ്‌നൈറ്റിന്റെ വീതിയിൽ അവ ഒരുക്കി.   ജിസൺ അനായാസം മാഗ്‌നൈറ്റിനെ ചങ്ങാടത്തിലേക്ക് ഓടിച്ചുകയറ്റി. 

Pooyamkutty-travel

ബാക്ക്‌ലൈറ്റ് ഫൊട്ടോഗ്രഫി ഇഷ്ടപ്പെടുന്ന ലെനിൻ ആ കാഴ്ച പകർത്തി. യുവരാജാവിന്റെ എഴുന്നള്ളത്തു പോലെയുണ്ടായിരുന്നു മാഗ്‌നൈറ്റിന്റെ ചങ്ങാടയാത്ര. മാഗ്‌നൈറ്റിന്റെ വൺ ലീറ്റർ ടർബോ എൻജിൻ കരുത്താർന്നതാണ്. അതുപോലെ 73 വയസ്സുള്ള കൃഷ്ണൻകുട്ടിച്ചേട്ടന്റെ വൺമാൻ കരുത്താണ്  ചങ്ങാടത്തെ നിയന്ത്രിക്കുന്നത്. ആ മുളന്തണ്ടാണ് ചങ്ങാടത്തിന്റെ ടർബോയും എൻജിനും എല്ലാം. പതിനഞ്ചു 

വർഷമായി കൃഷ്ണൻകുട്ടിച്ചേട്ടൻ ഈ അവശ്യസർവീസുമായി രംഗത്തുണ്ട്. ഏതു സമയത്തും ചങ്ങാടം തയാറാണ്. തോണി കണ്ടപ്പോൾ തുഴയാനൊരു കൊതി. അതിനൊരു വഴിയുണ്ടെന്ന് അറിയിച്ചത്  റോയൽ എൻഫീൽഡ് ഷോറൂമിലെ സൂരജ്. അതാണ്  ഇഞ്ചത്തൊട്ടിയിൽ കയാക്കിങ്.

ഇഞ്ചത്തൊട്ടിയിലേക്ക് 

തട്ടേക്കാട് കടന്നു നമ്മൾ ഭൂതത്താൻ കെട്ടിനടുത്തേക്കു നീങ്ങുന്നു. നാടും കാടും തിരിച്ചറിയാത്തവിധം ഇടകലർന്നിരിക്കുന്ന പാതകൾ മാഗ്‌നൈറ്റിനെ അലോസരപ്പെടുത്തിയതേ ഇല്ല. ഒന്നാന്തരം സസ്പെൻ

ഷൻ. പിന്നിലിരുന്നവർക്കും മടുപ്പുണ്ടാക്കിയില്ല. വെയിൽ മൂക്കുന്നു. ഇനി കയാക്കിങ് പണിയാകും. സരിൻ മുന്നറിയിപ്പു നൽകി. മാഗ്‌നൈറ്റ് വേഗമെടുത്തു, ഞൊടിയിടയിൽ. മറ്റ്  ഓട്ടമാറ്റിക് വാഹനങ്ങൾപോലെ ഒന്നു മടിച്ചുനിന്നശേഷം പോകാമെന്ന തീരുമാനം എന്തായാലും മാഗ്‌നൈറ്റിന് ഇല്ല.

 ഇഞ്ചത്തൊട്ടി, ഭൂതത്താൻ കെട്ട് പെരിയാറിനെ കെട്ടിയിട്ടപ്പോൾ കിട്ടിയ വിശാലമായ പുഴയിടമാണ്. സഞ്ചാരികൾ ഇഞ്ചത്തൊട്ടിയിലെ തൂക്കുപാലം കയറാനും കയാക്കിങ് നടത്താനും എത്തിക്കൊണ്ടിരിക്കുന്നു. മരത്തണലിനടിയിലൊരിടത്ത് കഷ്ടപ്പെട്ടു മാഗ്‌നൈറ്റ് പാർക്ക് ചെയ്യുമ്പോൾ മനസ്സറിയാതെ പറഞ്ഞു– നന്ദി ‘360’ ഒരായിരം നന്ദി.

Pooyamkutty-travel7

ദേശാടനക്കിളികൾ

റോഡിൽനിന്ന് കഷ്ടിച്ച് പത്തുമീറ്റർ നടന്നാൽ കയാക്കിങ് പോയിന്റിൽ എത്തും. പെരിയാർ വാട്ടർ സ്പോർട്സ് എന്ന സംരംഭം നടത്തുന്നത് ഇരട്ടകളായ ബേസിലും എൽദോയുമാണ്. ഈ പേര് ശ്രദ്ധിക്കണേ– 

ഒരു രസമുണ്ട്. ബേസിൽ ഫാസ്റ്റ്ട്രാക്ക് ടീമിന്റെ ഗൈഡ് ആയി കൂടെവന്നു. ഈ തോണിയെ കയാക്ക് എന്നാണു വിളിക്കുന്നത്. പലതരം കയാക്കുകളുണ്ട്. ഇഞ്ചത്തൊട്ടിയിലുള്ളത് സീ കയാക്ക് ആണ്. 

മുകൾ തുറന്ന രൂപം അപകടം കുറവാണ്. ലൈഫ് ജാക്കറ്റ് ധരിച്ച് പങ്കായം കയ്യിലെടുത്ത് കയാക്കുമായി പെരിയാറിലേക്കിറങ്ങി.  കാലിൽ സൂര്യൻ ഉമ്മവയ്ക്കുന്നുണ്ട്. അതിരാവിലെയെത്താൻ പറഞ്ഞതല്ലേ 

എന്ന് സരിനും ധനേഷും കണ്ണുരുട്ടുന്നുണ്ട്. സാരമില്ല, കയാക്കിൽനിന്നു കൈപ്പത്തിയാഴം കാൽ പുറത്തേക്കിട്ടാൽ  ജലത്തിന്റെ കുളിർമ അനുഭവിക്കാം. 

കയാക്കിങ് ഒരു അനുഭവമാണ്. ഭൂതത്താൻ കെട്ട് നിശ്ചലമാക്കുന്ന പെരിയാറിലെ കയാക്കിങ് അപകടരഹിതവുമാണ്. തടയുമ്പോൾ നദി മാറിയൊഴുകുമെന്നു പറഞ്ഞല്ലോ... അങ്ങനെയുണ്ടാകുന്ന ചില കാട്ടുപോക്കറ്റുകൾ ഉണ്ട് പെരിയാറിൽ. വെള്ളം കാട്ടിലേക്കു കയറിക്കിടപ്പുണ്ട്. ഇല്ലിമുളകളുടെ നെഞ്ചറ്റം വരെയുണ്ട് വെള്ളം. അതായത്  നമ്മളൊരു കാടിന്റെ മുകളിലൂടെയാണു പോകുന്നത്. കയാക്കിന്റെ കൂട്ടം ദേശാടനക്കിളികളെപ്പോലെ നിശ്ശബ്ദം നീങ്ങി. നിർദേശങ്ങളുമായി ബേസിലും. ശരിക്കും ദേശാടനക്കിളികളെ കാണാനെത്തുന്നവർ ഏറെയുണ്ട് തട്ടേക്കാടിനടുത്ത ഈ സ്ഥലങ്ങളിൽ.  വീണ്ടും എൽദോ–ബേസിൽ സഖ്യം!

കോംപറ്റീഷൻ ഐറ്റമല്ലാത്തതുകൊണ്ട് ആരും  ആയാസപ്പെട്ടു തുഴഞ്ഞില്ല. ആവേശകമ്മിറ്റിക്കാരാണല്ലോ നമ്മളെല്ലാവരും. ആദ്യത്തെ ഉത്സാഹത്തിന് നല്ലൊരു ദൂരം തുഴഞ്ഞു. തിരിഞ്ഞുനോക്കിയപ്പോൾ തൂക്കു

പാലം കാണാനില്ല! എന്റെ ബേസിലേ, ഇനി അത്രയും ദൂരം തിരിച്ചും തുഴയണോ? ഇവിടെയെങ്ങാനും കയറി വല്ല വണ്ടിയും പിടിച്ചു ഞാൻ കാറിനടുത്തെത്തിക്കോളാം എന്നു ചിലർ പറയുന്നുണ്ട്. ചുറ്റിനും എസ്റ്റേറ്റുകളും കാടുമാണ്. വല്ല പുഷ്പകവിമാനവും കിട്ടുമോ എന്നു നോക്കേണ്ടിവരും എന്നു  മറുപടി. ബേസിൽ മരത്തലപ്പുകൾക്കടിയിൽ വിശ്രമിക്കാൻ നിർദേശം നൽകി.

നിഴൽവീണിരുണ്ട വെള്ളം. ആരാടാ ഞങ്ങളുടെ നെഞ്ചത്ത് എന്ന മട്ടിൽ അസഹിഷ്ണുത കാണിക്കുന്ന ഇല്ലിമുളകൾ. തലോടലുമായി ചെറുകാറ്റ്. കയാക്കുകൾ കൂട്ടിയിട്ട് വിശ്രമിക്കുമ്പോൾ മുന്നിലിരുന്ന ബോബിയാണ് ആ കാഴ്ച കാണിച്ചുതന്നത്– ദേ ചേട്ടാ, രണ്ടുപേർ!. ഒരു സാധാരണ തോണി, മരത്തലപ്പുകളെ വകഞ്ഞുമാറ്റി സിനിമാരംഗത്തിലെന്നപോലെ അവതരിച്ചു. അതിൽ  രണ്ടു യുവാക്കൾ! മീൻ പിടിക്കാനിറങ്ങിയതാണ്. പിന്നിൽ തുഴയുന്നവൻ ബേസിൽ. അപ്പോൾ മുന്നിലിരിക്കുന്നവൻ തീർച്ചയായും എൽദോ ആയിരിക്കും എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ ക്രിസ്റ്റോ ഊഹിച്ചു. അതിശയം! ആ പേര് എൽദോ എന്നുതന്നെയായിരുന്നു. ഊഹിക്കാനിവിടെ ഫോറസ്റ്റ്കാരുണ്ട് എന്ന മട്ട്. സത്യമെന്താ?   

കോതമംഗലം ബസ്‌സ്റ്റാൻഡിൽ ചെന്ന് എടാ എൽദോ, എടാ ബേസിലേ എന്നുവിളിച്ചാൽ ചുരുങ്ങിയത് ഇരുപതു പേർ എന്താ ചേട്ടാ എന്നു മറുപടി തരുമെന്ന് നമ്മുടെ എൽദോയുടെ സാക്ഷ്യം.  കോൺസ്റ്റബിളിനു കുട്ടൻപിള്ള എന്ന പേരുപോലെ സാധാരണമാണ് ഇവിടെ എൽദോ–ബേസിലുമാർ.

ഒരു മണിക്കൂർ തുഴഞ്ഞ് തിരികെയെത്തുമ്പോൾ ചെറുകടകളിൽനിന്ന് ഇഞ്ചിയുടെയും മുളകിന്റെയും  അരപ്പുചേർത്ത സോഡാ സർബത്ത് മാടിവിളിക്കുന്നു. ഭൂതത്താൻകെട്ടിൽനിന്ന് ഇഞ്ചത്തൊട്ടി കാണാനെത്തിയ ഉല്ലാസവഞ്ചി തിരികെ പോകാനൊരുങ്ങുകയാണ്. ഭൂതത്താൻകെട്ടുവരെ ഏതാണ്ട് എട്ടു കിലോമീറ്റർ ദൂരം ആ പുഴയിറമ്പുകണ്ടു യാത്ര ചെയ്യുക രസകരമല്ലേ? ഇഞ്ചത്തൊട്ടി നല്ലൊരു പഞ്ച് സ്ഥലമാണ്. ഇനിയൊരു കാട്ടുവഴിയിലേക്ക്. ഇരട്ടകളോട് വിടപറഞ്ഞു. 

വനഗ്രാമത്തിലേക്ക്

നമ്മുടെ യാത്ര ഒറ്റ റൂട്ടിൽ അല്ല. അതുകൊണ്ടുതന്നെ തിരിച്ച് തട്ടേക്കാട്–കുട്ടമ്പുഴയിലേക്ക് വണ്ടിയോടിച്ചു. മാമലക്കണ്ടം വനഗ്രാമത്തിലേക്കുള്ള കാട്ടുവഴി ആരെയും മോഹിപ്പിക്കും. കുട്ടമ്പുഴയിൽനിന്നു മുകളിലേക്കു കയറി കുറച്ചു സഞ്ചരിച്ചാൽ കാടായി. പുലിമുരുകൻ സിനിമയെ ഓർമിപ്പിക്കുന്ന കാട്. വീതികുറഞ്ഞ വഴി. ആദ്യസീനുകളിലെ ആദിവാസിക്കുടി–ലൊക്കേഷൻ ഇവിടെയാണ്. ആ കുടികൾ കഴിഞ്ഞാൽപിന്നെ കൊടുംകാട്. നല്ലൊരു കോൺക്രീറ്റ് വഴിയുണ്ടെന്നതാണ് സമാധാനം. എതിരെ ഒരു ഓട്ടോ വന്നാൽപ്പോലും  

കുറച്ചുഗതികെടും സൈഡ് കൊടുക്കാൻ. അല്ല, അങ്ങനെ ഓട്ടോ വരുന്ന റൂട്ടല്ല ഇത്. ഗ്രൗണ്ട് ക്ലിയറൻസ് കൂടിയതുകൊണ്ട് മാഗ്‌നൈറ്റിന് വഴിയൊരു പ്രശ്നമേയല്ല. പലയിടത്തുവച്ചും പാറപ്പുറത്തുകയറി മാഗ്‌നൈറ്റ് തന്റെ ശേഷി തെളിയിച്ചു.

ആറാംമൈലിലേക്ക് 

12 കിലോമീറ്റർ കാട്ടുവഴി താണ്ടിയെത്തുന്നത് ചെറിയ കവലയിലേക്ക്. ചൂടോടെ കട്ടനടിച്ച് യാത്ര തുടർന്നു. ആറാംമൈലിലേക്ക്. ഇനിയൊരു പതിനാലു കിലോമീറ്റർ കൂടി കാട്ടുവഴി. മൂന്നാർ പാതയിൽ നേര്യമംഗലം പാലത്തിനിപ്പുറം വന്നുചേരുന്നതാണ് ആ റോഡ്. പുഴയിലൊരു കുളി പാസാക്കി നിൽക്കുമ്പോഴാണ് ഓട്ടോക്കാരൻ വന്നു പറഞ്ഞത്– വേഗം ചെന്നാൽ ആനക്കൂട്ടത്തെ കാണാമെന്ന്. കേട്ടപാതി മാഗ്‌നൈറ്റുമായി കുതിച്ചു. ഇടതുവശത്ത് പുഴയുണ്ട്. വലതുവശത്ത് കൊടുംകാട്. 

വെള്ളം കുടിക്കാനെത്തിയ ആനക്കൂട്ടം പക്ഷേ, ഞങ്ങളെത്തുമ്പോഴേക്ക് ഇല്ലിക്കൂട്ടത്തിനിടയിൽ മറഞ്ഞിരുന്നു. കാടുംപടർപ്പും തല്ലുന്നതും പൊട്ടിക്കുന്നതും കണ്ടും കേട്ടും കുറച്ചുനേരം അവിടെ നിന്നു. സിവിടി ഗിയർ ആയതുകൊണ്ട് പെട്ടെന്നു മുന്നോട്ടെടുക്കേണ്ടിവന്നാലും ഓഫ് ആകില്ല എന്ന ആത്മവിശ്വാസത്തിലായിരുന്നു ജിസൺ. കാത്തിരിപ്പു വിഫലമാക്കി ആനക്കൂട്ടം കാട്ടിലേക്കു മറഞ്ഞു. ഞങ്ങൾ മാഗ്‌നൈറ്റുമായി നാട്ടിലേക്കും. ഇനി ആലുവ വഴി എറണാകുളത്തേക്ക്, സായിപ്പിന്റെ റൂട്ടിലെ നാട്ടുവഴിയിലൂടെ. ഓട്ടോ എസി ഓൺ ആക്കി നേര്യമംഗലം പാലം കടക്കുമ്പോൾ പിന്നിൽനിന്ന് ആത്മഗതം– ഇന്നുപോലും  അപകടം നിറഞ്ഞ പാതയാണിത്. അപ്പോൾ നൂറ്റാണ്ടുകൾക്കുമുൻപ് റോഡുണ്ടാക്കിയ സായിപ്പിനെ സമ്മതിക്കേണ്ടേ?

 

English Summary: Pooyamkutty Tourist Spot 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com