വേനല്‍ക്കാലമെത്തി, നട്ടുച്ചക്ക് പുറത്തിറങ്ങിയാല്‍ ചുട്ടു പൊള്ളുന്ന അവസ്ഥയാണ്. കേരളത്തില്‍ വേനലിനെ വെല്ലാന്‍ കാടുകളും പുഴകളും മലകളുമെല്ലാം നിറയെയുള്ളത് ഒരു അനുഗ്രഹമായി മാറുന്നത് ഈ സമയത്താണ്. ചൂടില്‍ നിന്ന് അല്‍പ്പം ആശ്വാസം കിട്ടാന്‍ പോകാന്‍ പറ്റിയ നിരവധി ഇടങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. പല സ്ഥലങ്ങളും ഇന്ന് ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞെങ്കിലും അധികമാര്‍കും അറിയാതെ കാടിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന സ്ഥലങ്ങള്‍ വേറെയുമുണ്ട്. അത്തരത്തിലൊരു സ്ഥലമാണ് കോഴിക്കോട് ജില്ലയിലുള്ള നാരങ്ങാത്തോട് വെള്ളച്ചാട്ടം.
കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിനും പുല്ലൂരാംപാറയ്ക്കും അടുത്തായാണ് നാരങ്ങാത്തോട് എന്ന മലയോരഗ്രാമം. പ്രശസ്തമായ തുഷാരഗിരി വെള്ളച്ചാട്ടത്തിനടുത്ത്. മലകളും കാടുകളും ചോലകളുമെല്ലാമായി പ്രകൃതി ആവോളം കനിഞ്ഞനുഗ്രഹിച്ച പ്രദേശമാണിവിടം. വാട്ടര്‍ തീം പാര്‍ക്കുകള്‍ പോലും തോറ്റ് പോകുന്ന മായിക അനുഭവമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. പ്രവേശനം തികച്ചും സൗജന്യവും.
കോഴിക്കോട് – തിരുവമ്പാടി – പുല്ലൂരാംപാറ – എലന്തുകടവ് പാലം – നാരങ്ങാത്തോട് (ആനക്കാംപൊയിൽ റൂട്ട്) ആണ് ഇവിടേക്കുള്ള റൂട്ട്. മനോഹരമായ കാടിനും കൊക്കോ തോട്ടങ്ങള്‍ക്കുമിടയില്‍ പാറക്കെട്ടുകളില്‍ നിന്നും പാല്‍നുര പോലെ തുള്ളിച്ചിതറി വരുന്ന വെള്ളം കാണുമ്പോള്‍ തന്നെ മനസ്സില്‍ ഒരു മഴ പെയ്ത പ്രതീതിയാണ്. നീലയും പച്ചയും കലര്‍ന്ന വെള്ളത്തില്‍ ധാരാളം മത്സ്യങ്ങളെയും കാണാം. ഒപ്പം പശ്ചാത്തലത്തില്‍ കാട്ടുകിളികളുടെ ഗാനമേള കൂടിയാകുമ്പോള്‍ ഏതോ സ്വര്‍ഗീയാരാമത്തിലാണോ വന്നെത്തിയതെന്ന് വരെ സംശയം തോന്നും.
ചെറിയൊരു തോട് നീന്തിക്കടന്നു വേണം വെള്ളച്ചാട്ടത്തിലെത്താന്‍. ഈ വെള്ളത്തിലിറങ്ങി മുങ്ങി നിവർന്നാൽ കാട്ടരുവിയുടെ കുളിർമ മുഴുവനായും ആസ്വദിക്കാം. എന്നാല്‍, ഇടയ്ക്കിടെ അപകടം ഉണ്ടാകുന്നതിനാല്‍ നീന്തല്‍ വശമില്ലാത്ത ആളുകള്‍ വെള്ളത്തില്‍ ഇറങ്ങാതിരിക്കുന്നതാണ് നല്ലത്.
അരിപ്പാറ വെള്ളച്ചാട്ടം, മറിപ്പുഴ, വെള്ളരിമല, തുഷാരഗിരി തുടങ്ങിയവ ഇതിനടുത്താണ്. തുഷാരഗിരി യാത്രക്ക് പോകുമ്പോള്‍ തന്നെ നാരങ്ങാത്തോടും സന്ദര്‍ശിക്കാം. മഴക്കാലമാകുമ്പോള്‍ പാറകളില്‍ വഴുക്കല്‍ ഉണ്ടാകും എന്നതിനാല്‍ വേനല്‍ക്കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.
English Summary: Travel to Narangathode Waterfall