ADVERTISEMENT

കിഴക്കൻ മേഖലയുടെ മിനി മൂന്നാറായി വിശേഷിപ്പിക്കുന്ന പിനാക്കിൾ വ്യൂ പോയിന്റിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നതിന് പദ്ധതിയുമായി കരവാളൂർ പഞ്ചായത്ത്. സമുദ്ര നിരപ്പിൽ നിന്നും എണ്ണൂറ് അടിയിലേറെ ഉയരത്തിലാണ് പിനാക്കിൾ വ്യൂ പോയിന്റ് . ഇവിടുത്തെ സൂര്യോദയക്കാഴ്ചകൾ ഏറെ ഹൃദ്യമെന്ന് അനുഭവ സാക്ഷ്യം. 15 കിലോമീറ്ററോളം വരുന്ന ദൂരക്കാഴ്ച ഏറെ ആകർഷണം.

 

സഹ്യപർവതനിരകളും ചുറ്റിപ്പറ്റിയുള്ള മലനിരകളും കണ്ട് മനം നിറഞ്ഞ് സഞ്ചാരികൾക്കു മടങ്ങാം. റബർ മരങ്ങളാൽ ചുറ്റപ്പെട്ട ഇവിടെ നിന്നാൽ വിളക്കുപാറയിലെ പാങ്ങുപ്പാറ, ഉറുകുന്നിലെ പാണ്ഡവൻ പാറ തുടങ്ങിയ പ്രദേശങ്ങളും പശ്ചിമഘട്ട മലനിരകളും കാണാം. സായാഹ്ന കാഴ്ചകളും ആനന്ദം പകരുന്നു. രാത്രി ദൃശ്യങ്ങളും ആകർഷിക്കും. മറ്റു ജില്ലകളിൽ നിന്നും സഞ്ചാരികൾ ഇവിടെ കൂട്ടമായി എത്തുക പതിവാണ്.

 

തെന്മല ഇക്കോ ടൂറിസം, പുനലൂർ തൂക്കുപാലം, ചടയമംഗലം ജഡായുപ്പാറ എന്നീ കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി പദ്ധതി നടപ്പാക്കിയാൽ ടൂറിസം രംഗത്ത് വലിയ മാറ്റത്തിന് പിനാക്കിൾ വ്യൂ പോയിന്റ് വഴിതുറക്കുമെന്ന് സഞ്ചാരികൾ അഭിപ്രായപ്പെടുന്നു. എന്നാൽ സർക്കാർ ഏജൻസികൾ പിനാക്കിൾ വ്യൂ പോയിന്റ് വികസിപ്പിക്കുന്നതിന് ഇപ്പോഴും കാര്യമായ പരിഗണന നൽകുന്നില്ല.

 

‘ദൃശ്യഗോപുരം സ്ഥാപിക്കണം’

 

പ്രദേശത്തെ ടൂറിസം മേഖല ആക്കി മാറ്റുന്നതിനുള്ള നടപടി ഇതുവരെയും കൈക്കൊണ്ടിട്ടില്ല.തെരുവു വിളക്കു സംവിധാനം ഇല്ല. സഞ്ചാരികൾക്കായി ഇരിപ്പിടങ്ങൾ ഇല്ല. പ്രദേശത്തെ മനോഹാരിത ദർശിക്കുന്നതിനായി ദൃശ്യ ഗോപുരം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്‌. ശുചി മുറികളും പാർക്കിങ് സംവിധാനവും വിശ്രമ കേന്ദ്രവും വേണം. സഞ്ചാരികളുടെ സുരക്ഷ മുൻനിർത്തി

 

പൊലീസ് പട്രോളിങ് ഏർപ്പെടുത്തണം

 

പിനാക്കിൾ വ്യൂ പോയിന്റിൽ എത്താൻ വഴികളേറെ:

∙ കൊല്ലം കോട്ടയം ഭാഗത്തുനിന്ന് വരുന്നവർ കൊട്ടാരക്കര എത്തി അവിടെ നിന്നും ചെങ്ങമനാട്, ചിരട്ടകോണം, തലച്ചിറ,വെഞ്ചേമ്പ് വഴി എത്താം.

∙ അഞ്ചൽ പുനലൂർ റൂട്ടിൽ കുരുവി കോണം അരി പ്ലാച്ചി വഴിയും, മാവിള അരി പ്ലാച്ചി വഴി സ്വീകരിക്കാം. 

∙ കരവാളൂരിൽ നിന്നും കുഞ്ഞാണ്ടി മുക്ക് റോഡിൽ സഞ്ചരിച്ച് വേലാംകോണം വഴിയും എത്താം.

∙ പുനലൂരിൽ നിന്നും അടുക്കള മൂല വഴി മാത്രയിലൂടെ വേഞ്ചേമ്പിൽ എത്തി അവിടെ നിന്നും ഇവിടെയെത്താം.

 

English Summary: Pinnacle View Point Hill station in chettukuzhi, Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com