ADVERTISEMENT

റാന്നി∙ മാടത്തരുവി വെള്ളച്ചാട്ടത്തിൽ സുരക്ഷിതത്വം ഉറപ്പാക്കി ടൂറിസം പദ്ധതി വരുന്നു. തമിഴ്നാട്ടിലെ കുറ്റാലം മാതൃകയിൽ പദ്ധതി നടപ്പാക്കാനാണ് നീക്കം. പത്തനംതിട്ട ജില്ലയിലെ പ്രധാന വെള്ളച്ചാട്ടങ്ങളിൽ ഒന്നാണിത്. തട്ടുകളായി കിടക്കുന്ന പാറക്കൂട്ടങ്ങളിൽ തട്ടി ചിതറിത്തെറിക്കുന്ന മുത്തുമണിപോലുള്ള ജല കണികകളാണ് ഇവിടുത്തെ ആകർഷണം. ഇടമുറി അമ്പലത്തിനു സമീപത്തുനിന്ന് ഉദ്‌ഭവിക്കുന്ന തോട്ടിലാണ് വെള്ളച്ചാട്ടം. മാടത്തരുവിയെ ജലസമൃദ്ധമാക്കിയാണ് തോട് പമ്പാനദിയിൽ സംഗമിക്കുന്നത്. മാടത്തരുവിയുടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ ത്രിതല പഞ്ചായത്തുകളോ ടൂറിസം വകുപ്പോ അടുത്ത കാലം വരെ നടപടി സ്വീകരിച്ചിരുന്നില്ല.

വൈദ്യുതപദ്ധതി

മാടത്തരുവി കേന്ദ്രീകരിച്ച് ചെറുകിട ജല വൈദ്യുത പദ്ധതി സ്ഥാപിക്കാൻ നീക്കം നടന്നിരുന്നു. എനർജി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ ഇതു സംബന്ധിച്ച് പഠനവും നടത്തി. ചൈനീസ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പദ്ധതി നടപ്പാക്കുകയായിരുന്നു ലക്ഷ്യം. ചൈനീസ് വിദഗ്ധ സംഘം ഇവിടെ എത്തി പരിശോധന നടത്തിയിരുന്നു. തുടർനടപടി ഉണ്ടായില്ല. സ്വകാര്യ മേഖലയിൽ പദ്ധതി യാഥാർഥ്യമാക്കാൻ പിന്നീട് നീക്കം നടന്നെങ്കിലും അതും ലക്ഷ്യത്തിലെത്തിയില്ല.

പഞ്ചായത്തിന്റെ ഇടപെടൽ

പഴവങ്ങാടി പഞ്ചായത്ത് മുൻ ഭരണസമിതിയുടെ ഇടപെടലാണ് ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ എത്തിച്ചത്. മന്ദമരുതി–സ്റ്റോറുംപടി റോഡിൽ നിന്ന് വെള്ളച്ചാട്ടത്തിന്റെ താഴെ ഭാഗത്ത് എത്താൻ റോഡ് ഉണ്ടായിരുന്നില്ല. റബർ തോട്ടത്തിലെ ഒറ്റയടി പാതയിലൂടെ നടന്നാണ് അരുവിയിൽ എത്തിയിരുന്നത്. പ‍ഞ്ചായത്ത് ഇടപെട്ട് റോഡിന് സ്ഥലം ലഭ്യമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ടൂറിസം പദ്ധതിക്കുള്ള ശുപാർശ രാജു ഏബ്രഹാം എംഎൽഎ സർക്കാരിന് നൽകിയതും അംഗീകാരം ലഭിച്ചതും.

Madatharuvy-Waterfalls1

പാർക്കിങ് സൗകര്യം

മാടത്തരുവിയോടു ചേർന്ന് ഒരേക്കർ സ്ഥലം വിലയ്ക്കു വാങ്ങും. ചെറിയ കുടിലുകൾ‌ ഇവിടെ നിർമിക്കും. വാഹന പാർക്കിങ്ങിനും സൗകര്യം ഒരുക്കും. അരുവിയിൽ എത്തുന്നവരിൽ അധികവും അപകട ഭീഷണിയില്ലാത്ത താഴെ ഭാഗത്തുനിന്നാണ് കുളിക്കുന്നത്. ഇവിടെ അതിനുള്ള സൗകര്യം വിപുലപ്പെടുത്തും. 2 കുട്ടികൾ കഴിഞ്ഞ ദിവസം ഒഴുക്കിൽപ്പെട്ടു മരിച്ച റബർ ബോർ‌ഡ് റോഡിൽ നിന്ന് അരുവിയിലേക്ക് ഇറങ്ങുന്ന ഭാഗങ്ങളും താഴെ നിന്ന് മുകളിലേക്കുള്ള ഭാഗങ്ങളും സുരക്ഷാ വേലി കെട്ടി അടയ്ക്കും. ഇവിടേക്ക് ആരേയും കടക്കാൻ അനുവദിക്കില്ല. അരുവിക്ക് അക്കരെയിക്കരെ കടക്കുന്നതിനു തൂക്കുപാലം നിർമിക്കാനും പദ്ധതിയുണ്ട്. പദ്ധതി യാഥാർഥ്യമാക്കിയതിനു ശേഷം നിർവഹണം കുടുംബശ്രീയെ ഏൽപിക്കാനാണു തീരുമാനം. 

English Summary: Pathanamthitta Madatharuvy waterfalls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com