ADVERTISEMENT

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് ടോവിനോ തോമസ്. കുടുംബവുമൊത്തും അല്ലാതെയുമൊക്കെ യാത്രകൾ നടത്താറുണ്ട്. സുന്ദരയിടങ്ങളിൽ നിന്നുള്ള ചിത്രങ്ങളും സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വാഗമണ്ണില്‍ പാരാഗ്ലൈഡിങ് നടത്തിയ പഴയ യാത്രാ വിഡിയോ പങ്കുവച്ചിരിക്കുകയാണ് ടോവിനോ. പാരച്യൂട്ടില്‍ പറന്നുയരുന്നതും ആകാശത്ത് പറന്നു നടക്കുന്നതും തിരിച്ചിറങ്ങുന്നതുമായ എല്ലാ ദൃശ്യങ്ങളും വിഡിയോയില്‍ കാണാം. കോടമഞ്ഞില്‍ മൂടിയ വാഗമണ്ണിന്‍റെ മനോഹരമായ കാഴ്ചയും പശ്ചാത്തലത്തില്‍ കാണാം.

പക്ഷികളെപ്പോലെ ആകാശത്ത് പറക്കുക എന്ന, പുരാതന കാലം മുതല്‍ക്കേയുള്ള സ്വപ്നം, താരതമ്യേന കുറഞ്ഞ ചെലവില്‍ സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാക്കുന്ന സാഹസിക വിനോദമാണ്‌ പാരാഗ്ലൈഡിങ്. ഹൃദയം പെരുമ്പറ പോലെ ഉള്ളില്‍ നിന്നും കൊട്ടിത്തുടങ്ങുമ്പോഴേക്കും, മുഖത്ത് വന്നുതൊടുന്ന മേഘങ്ങളുടെ കാണാക്കൈകള്‍ പകര്‍ന്നു നല്‍കുന്ന അനുഭൂതി വാക്കുകളില്‍ വിവരിക്കാനാവില്ല. അപ്പോഴേക്കും പേടി മാറി ഒരുതരം രസകരമായ അനുഭവമായി മാറിക്കഴിഞ്ഞിട്ടുണ്ടാകും ഈ പറക്കല്‍. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ അനുഭവം ആസ്വദിക്കണമെന്ന് ചിന്തികാത്ത സാഹസിക സഞ്ചാരികള്‍ ഉണ്ടാവില്ല. ഹിമാചൽ പ്രദേശിലെ മണാലിയിലെ ഹിൽ സ്റ്റേഷനുകൾ, നന്ദി കുന്നുകൾ, പൂനെ, മുംബൈ എന്നിവിടങ്ങളിലെല്ലാം ഇതിനുള്ള അവസരമുണ്ട്. 

vagamon-paragliding

പാരാഗ്ലൈഡിങ് ചെയ്യാനായി കേരളത്തില്‍ പോകാന്‍ പറ്റാവുന്ന ഏറ്റവും മികച്ച സ്ഥലങ്ങളില്‍ ഒന്നാണ് വാഗമണ്‍. പറക്കുന്നതോടൊപ്പം തന്നെ വാഗമണ്ണിന്‍റെ മനോഹരമായ ഭൂപ്രകൃതി ആസ്വദിക്കുകയും കൂടിയാകുമ്പോള്‍ തികച്ചും അഭൗമമായ ഒരു മായികലോകത്തില്‍ ചെന്നെത്തിയ പോലെയാണ് സഞ്ചാരികള്‍ക്ക് തോന്നുക. സമുദ്രനിരപ്പിൽ നിന്ന് 6,000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന വാഗമണ്‍ ഹിൽസ്റ്റേഷന്‍ പാരാഗ്ലൈഡിങ് കാരണം ഇന്ന് രാജ്യാന്തര ടൂറിസം ഭൂപടത്തിൽ വരെ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.

Vagamon-trip1

വാഗമൺ കുന്നുകളിൽ നടക്കുന്ന വാർഷിക പാരാഗ്ലൈഡിങ് മത്സരത്തിൽ പങ്കെടുക്കാനായി രാജ്യമെങ്ങും നിന്നുമുള്ള സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. വാഗമണ്ണില്‍ നിന്ന് 4 കിലോമീറ്റർ അകലെയുള്ള കോലാഹലമേട്ടിലാണ് പാരാഗ്ലൈഡിങ് സ്പോട്ട് ഉള്ളത്. ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ അമൃതമേടിന്‍റെ ഭാഗമാണിത്. പാരാഗ്ലൈഡിങ് സീസൺ സെപ്റ്റംബർ മുതൽ ആരംഭിച്ച് ജനുവരി വരെയും വീണ്ടും മാർച്ച് മുതൽ മെയ് വരെയുമാണ്. സീസണിലുടനീളം തെക്ക് പടിഞ്ഞാറൻ ദിശയിൽ സ്ഥിരമായ കാറ്റ് വീശുന്നത് ഈ വിനോദത്തിന് ഏറെ സഹായകമാകുന്നു. വർഷത്തിന്‍റെ ഭൂരിഭാഗവും തണുത്ത കാലാവസ്ഥയായതിനാല്‍ ചൂടിനെ പേടിക്കേണ്ടതില്ല എന്നതും ഒരു മേന്മയാണ്. 

പാരാഗ്ലൈഡിങ് പഠിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക്, ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും നല്ല പാരാഗ്ലൈഡിങ് സ്കൂളുകളും ഇപ്പോള്‍ ഉണ്ട്. ഇൗ വിനോദത്തിൽ ഏർപ്പെടുന്നതിനു മുന്‍പ് അപകടസാധ്യതകൾ മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. ഇതിനായി പരിശീലനം നല്‍കുന്ന വിദഗ്ധര്‍ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് പ്രത്യേക തരം സാങ്കേതിക വിദ്യകളും പരിശീലന രീതികളും ആവിഷ്കരിച്ചിട്ടുണ്ട്. ലോക്കല്‍ സോറിംങ്, റിഡ്ജ് സോറിങ്, തെർമലിങ്, ക്രോസ് കൺട്രി ഫ്ലൈയിങ്, പാരാമോട്ടറിങ്, ഏരിയൽ ഫോട്ടോഗ്രഫി, ജോയ്‌റൈഡുകൾ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ ഇങ്ങനെ പരിശീലനം ലഭ്യമാണ്.

English Summary: Celebrity Travel , Paragliding in Vagamon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com