ADVERTISEMENT

ആലപ്പുഴ∙ലോകമേ തറവാട് കലാപ്രദർശനത്തിൽ ഒരുങ്ങുന്നതു മലയാളി വേരുകളുള്ള 279 കലാകാരന്മാരുടെ 3400 സൃഷ്ടികൾ. ചിത്രം, ശിൽപം, ന്യൂമീഡിയ, വുഡ് കാർവിങ്, കൺസെപ്ച്വൽ ആർട് തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് ഇവ ഒരുക്കുന്നത്. ഇൻസ്റ്റലേഷനുകളും വിഡിയോ ആർട്ടുകളും ഇതിനൊപ്പം അണിനിരക്കുന്നുണ്ട്. ആലപ്പുഴ പൈതൃകപദ്ധതിയും കൊച്ചിമുസിരിസ് ബിനാലെ ഫൗണ്ടേഷനും ചേർന്നാണു പ്രദർശനം ഒരുക്കുന്നത്. ഇത്രയേറെ കലാകാരന്മാരും സൃഷ്ടികളും ഒരുമിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ കലാപ്രദർശനമാണിതെന്നു ക്യുറേറ്റർ ബോസ് കൃഷ്ണമാചാരി പറയുന്നു. 

alappuzha-trip2

∙മുഖംമിനുക്കുന്ന പഴമ

പ്രദർശനത്തിനുശേഷം ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി മ്യൂസിയമാക്കി മാറ്റാവുന്നരീതിയിലാണു വേദികൾ നവീകരിച്ചെടുത്തിരിക്കുന്നത്. ആറു വേദികളിലായി ഒരുലക്ഷത്തോളം ചതുരശ്രയടി സ്ഥലത്താണു പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയി‍ൽത്തന്നെ ഇത്രയധികം സ്ഥലത്ത് കലാസൃഷ്ടികൾ ഒരുക്കുന്നത് ആദ്യമായാണ്.   കലാപ്രദർശനത്തിനായി രണ്ടുകോടിയാണു സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചത്. അടുത്തവർഷമേ ഇതു ലഭിക്കൂ. ഇടയിൽ സ്ഥാപിച്ചിരിക്കുന്ന ചുവരുകൾ നീക്കിയാൽ മ്യൂസിയമായി സംവിധാനം ചെയ്യാവുന്ന തരത്തിലാണു വേദികളിൽ മിക്കതും. കയർകോർപറേഷൻ ആസ്ഥാനത്തെ ഷെഡ് ബി,ഡി, പോർട്ട് മ്യൂസിയം കെട്ടിടം തുടങ്ങിയവ അടിമുടി മാറ്റിയാണു വേദികൾ ഒരുക്കിയത്.

alappuzha-trip3

ഭാവിയിൽ പൈതൃകമ്യൂസിയമോ സ്ഥിരം പ്രദർശനവേദിയോ ആക്കാവുന്ന തരത്തിൽ പഴമയും തനിമയും നിലനിർത്തിയാണു നവീകരണം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ചർ, ഇന്ത്യൻഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റീരിയർഡിസൈൻ എന്നിവിടങ്ങളിലെ വിദ്യാർഥികളും വേദികളൊരുക്കുന്നതിനു സന്നദ്ധപ്രവർത്തകരായി എത്തിയിട്ടുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്ഓഫ് ഇന്റീരിയർ ഡിസൈൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ചർ തുടങ്ങിയ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും സഹകരണത്തോടെയാണു  പ്രദർശനം ഒരുക്കിയത്. 2020 നവംബർ മുതലാണു വേദികൾ കണ്ടെത്തുന്നതടക്കമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. 

alappuzha-trip6

∙ചിത്രങ്ങൾമുതൽ ഓഗ്‍മെന്റഡ് റിയാലിറ്റിവരെ

അമൂർത്ത ചിത്രങ്ങളും ശിൽപങ്ങളും മുതൽ ഓഗ്‍മെന്റഡ് റിയാലിറ്റി ഇൻസ്റ്റലേഷനുകളും പ്രദർശനങ്ങളുമടക്കം ലോകമേ തറവാട് പ്രദർശനത്തിലുണ്ട്. 

alappuzha-trip5

ബ്രദേഴ്സ്,ഫാദേഴ്സ് ആൻഡ് അങ്കിൾസ് എന്ന പേരിൽ ചിത്രകാരി ദേവി സീതാറാം ഒരുക്കിയ അക്രിലിക് പെയിന്റിങ്ങുകളും കേരളത്തിലെ പഴയ വീടുകളുടെ നിർമാണത്തിൽനിന്നു പ്രചോദനമുൾക്കൊണ്ട് അരുൺ എഎസ് ഒരുക്കിയ ഇൻസ്റ്റലേഷനും ശ്രദ്ധേയമാണ്. 

alappuzha-trip1

കൈനറ്റിക് ആർട് എന്ന രീതിയിൽ ജിജി സ്കറിയ ഒരുക്കിയ വെങ്കല ശിൽപങ്ങളും പ്രദർശനത്തിലുണ്ട്. പ്രത്യേക തരത്തിൽ ചലിക്കുന്ന രീതിയിലാണു ശിൽപങ്ങൾ ഒരുക്കിയത്. കേരളത്തിന്റെ വിവിധ മുഖങ്ങൾ വ്യക്തമാക്കുന്ന ചിത്രങ്ങളും ഫൊട്ടോഗ്രഫി ആർട്ടുകളും ഇതിനൊപ്പമുണ്ട്. പരിസ്ഥിതി പ്രശ്നങ്ങളും നിലവിലെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളും പ്രതിഫലിപ്പിക്കുന്ന ശിൽപങ്ങളും ഇൻസ്റ്റലേഷനുകളും പ്രദർശനത്തിനുണ്ട്. പ്രകൃതിയെക്കുറിച്ചും പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചും പ്രമുഖ ചിത്രകാരൻ ടെൻസിങ് ഒരുക്കിയ ഇൻസ്റ്റലേഷനുകൾ പ്രദർശനത്തിന്റെ ഭാഗമായി ഒരുങ്ങുന്നുണ്ട്.

∙പെണ്ണുങ്ങളുടെ ലോകം

ഏറ്റവുമധികം വനിതകൾ ഒരുമിച്ച് അണിനിരക്കുന്ന കലാപ്രദർശനം കൂടിയാണു ലോകമേ തറവാട്. പ്രമുഖ ചിത്രകാരി സിജി ആർ കൃഷ്ണൻ, ഗ്രാഫിറ്റി ആർടിസ്റ്റ് അൻപു വർക്കി,പൂർണിമ കൊല്ലേരി, ജലജ പിഎസ്, സ്മിത ജി.എസ്,ചിത്ര എം.ജി, ദീപ,പാർവതി നായർ തുടങ്ങിയവരടക്കം 56 വനിതകളുടെ സൃഷ്ടികളാണ് 5 വേദികളിലായി നിറഞ്ഞുനിൽക്കുന്നത്.

കോഴിക്കോട് സ്വദേശിനി ശാന്ത ചിത്രകല പഠിക്കാതെ വരച്ചുതുടങ്ങിയ ആളാണ്. ശാന്തയുടെ ചിത്രങ്ങളുടെ മികവു നേരിട്ടുകണ്ടാണു ബോസ് കൃഷ്ണമാചാരി പ്രദർശനത്തിലേക്കു സൃഷ്ടികൾ തിരഞ്ഞെടുത്തത്. അബ്സ്ട്രാക്ട് പെയിന്റിങ്ങുകൾ അടക്കം ഇവരുടെ പത്തോളം ചിത്രങ്ങളാണു പ്രദർശനത്തിനുള്ളത്. 

∙കൈത്തറി, ഫെമിനിസം

ബാലരാമപുരം കൈത്തറിയിൽ നെയ്തെടുത്ത ഇൻസ്റ്റലേഷനുമായാണു ലക്ഷ്മി മാധവൻ പ്രദർശനത്തിൽ പങ്കെടുക്കുന്നത്. ഫെമിനിസം, ലിംഗവിവേചനം, വേർതിരിവ്, തുല്യത തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വാക്കുകളും വരികളും ബാലരാമപുരം കൈത്തറിയുടെ തനിമ നിലനിർത്തിയാണു കസവുസാരികളിൽ നെയ്തെടുത്തത്.

ഇതിനുപുറമെ വാക്കുകൾ എഴുതി, വെട്ടിയെടുത്തു കസവുനൂലുചുറ്റിയും കറുപ്പിന്റെ പശ്ചാത്തലത്തിൽ ചേർത്തുവച്ചിട്ടുണ്ട്. തറിയുടെ പ്രതീകാത്മക ചിത്രീകരണവും ഇതിനൊപ്പമുണ്ട്. 

∙ഓർമത്തിളക്കമായി വാഗീശ്വരി ക്യാമറ

വാഗീശ്വരി ക്യാമറയിൽ എടുത്ത ചിത്രങ്ങൾക്കു പ്രത്യേക രീതിയിൽ നിറം നൽകിയാണ് ആലപ്പുഴ സ്വദേശി അനു ജോൺ ഡേവിഡിന്റെ ചിത്രങ്ങൾ. ആലപ്പുഴയിൽ നിർമിക്കപ്പെട്ട ക്യാമറയാണു വാഗീശ്വരി ക്യാമറ. ഇപ്പോൾ ഉപയോഗത്തിലില്ലെങ്കിലും ഇവ ശേഖരിക്കുന്നവരിൽ നിന്നു വാങ്ങിയാണ് അനു ജോൺ ചിത്രങ്ങൾ ഒരുക്കിയത്. ആലപ്പുഴയുടെ മാത്രമല്ല, വേമ്പനാടുകായലുമായി ബന്ധപ്പെട്ട മേഖലകളെ കോർത്തിണക്കിയാണു ചിത്രങ്ങൾ. തങ്കിപള്ളി, വാടക്കനാൽ,കടൽപ്പാലം,അമ്പലപ്പുഴ ക്ഷേത്രക്കുളം തുടങ്ങിയവ ചിത്രങ്ങളിലുണ്ട്. 

ഒരു കാലഘട്ടത്തിന്റെ തന്നെ അടയാളമായിരുന്ന ഈ ക്യാമറയുടെ നിര്‍മിതിക്ക് പിന്നില്‍ കെ. കരുണാകരന്‍ എന്ന ആലപ്പുഴക്കാരനാണ്. തേക്കിന്‍ തടിയില്‍ പ്രാദേശികമായി കിട്ടുന്ന വസ്തുക്കളും വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ലെന്‍സും കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കിയ വാഗീശ്വരി ക്യാമറ 1942 മുതല്‍ ഏകദേശം 40 വര്‍ഷത്തോളം ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ കടന്നുവരവോടെ കൈപ്പിടിയില്‍ ഒതുങ്ങുന്ന ക്യാമറകളും നൂതന ടെക്‌നോളജികളും വാഗീശ്വരി ക്യാമറയുടെ സ്ഥാനം കയ്യടക്കിയെങ്കിലും ചരിത്രത്തില്‍ ഇന്നും ആലപ്പുഴയുടെ അടയാളപ്പെടുത്തലായി വാഗീശ്വരി ക്യാമറ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

ആലപ്പുഴയിലെ ആളുകളെയും സ്ഥലങ്ങളെയും ചിത്രീകരിക്കുന്ന സുനിൽ ലൈനസ് ഡേയുടെ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. ഇവരടക്കം  ആലപ്പുഴയിൽ നിന്നുള്ള പത്തോളം കലാകാരന്മാർ ലോകമേ തറവാട് പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.

 

English Summary: Biggest Art Exhibition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com