ചെങ്ങന്നൂരിലെ പുലിയൂരിൽ കുഴിച്ചെടുത്തത് സ്വർണാഭരണം, നാഗവിഗ്രങ്ങള്‍;‘വഴികാട്ടിയായ’ മെൻഹിറുകൾ

05
പുലിയൂർ കളീക്കൽ ഭാഗത്തെ മെൻഹിർ.
SHARE

ചെങ്ങന്നൂരിനടുത്ത് പുലിയൂർ ഗ്രാമത്തിൽ 2,500 വർഷത്തിനപ്പുറത്തെ ചരിത്രത്തിലേക്കു വഴികാട്ടി ശിലാസ്മാരകങ്ങൾ. നാട്ടിൽ പലയിടത്തായി മെൻഹിറുകൾ കാണാം.  പ്രാചീനകാലത്തെ വീരപുരുഷൻമാരുടെ മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്ത കല്ലറകൾക്കു മുകളിൽ നാട്ടിയ ഒറ്റക്കൽ ഫലകങ്ങളാണു മെൻഹിറുകൾ. രാജാക്കൻമാർ, സന്യാസിമാർ, ഗോത്രത്തലവൻമാർ തുടങ്ങിയവരുടെ ശവകുടീരങ്ങൾ തിരിച്ചറിയാനാണ് ഇവ സ്ഥാപിക്കുന്നതെന്നാണു കണ്ടെത്തൽ. 

∙പുലിയൂരിൽ കണ്ടെത്തിയ സ്മാരകങ്ങൾ കേരളത്തിൽ വളരെ അപൂർവമായി കണ്ടു വരുന്നതാണ്. 

മെൻഹിറുകൾ എന്ന ഗണത്തിൽ ഇവയെ പരിഗണിക്കാമെങ്കിലും ഇവയുടെ രൂപഘടന കൂടുതൽ പഠന വിധേയമാക്കണമെന്നാണ് ചരിത്രാന്വേഷകർ ആവശ്യപ്പെടുന്നത്. ഇടയിൽ നിന്നു കല്ലുകൾ നഷ്ടപ്പെട്ടതായും കാണുന്നു. നഷ്ടപ്പെട്ടവ കൂട്ടിച്ചേർക്കുമ്പോൾ സർക്കിൾ സ്റ്റോൺ ഘടന ലഭിക്കുന്നു. ഇത്ര വലിപ്പത്തിലുള്ള സർക്കിൾ സ്റ്റോണുകളും കേരളത്തിൽ അപൂർവമാണ്. അങ്ങനെയും ഈ ചരിത്രസ്മാരകം ശ്രദ്ധേയമാകുന്നു.

06
പുലിയൂരിൽ കണ്ടെത്തിയ മെൻഹിറിനു സമീപം ചരിത്ര ഗവേഷകൻ ഡോ.രാജീവ് പുലിയൂർ.

വന പ്രദേശങ്ങളിലും പശ്ചിമഘട്ട പ്രദേശങ്ങളിലുമാണ് മഹാശിലായുഗ അവശിഷ്ടങ്ങള്‍ കൂടുതലും കണ്ടെത്തിയിട്ടുള്ളത്. എന്നാൽ തീരദേശത്തിന്റെ സാമീപ്യമുള്ള, പുലിയൂർ പോലെയുള്ള അപ്പർകുട്ടനാടൻ മേഖലയിൽ വൻതോതിൽ ഇവ കണ്ടെത്താനുള്ള കാരണവും അന്വേഷിക്കപ്പെടേണ്ടതാണ്.  ശാസ്ത്രീയമായ പഠനം നടന്നാൽ അക്കാലത്തെ പ്രദേശത്തിന്റെ ചരിത്രത്തിലൂടെ ശ്രദ്ധേയമായ കൂടുതൽ കണ്ടെത്തലുകൾ ഉണ്ടായേക്കാം. 

∙1991 ലെ പര്യവേഷണത്തിൽ കണ്ടത്

പുലിയൂർ സ്വദേശിയായ ചരിത്രകാരന്‍ അന്തരിച്ച, ഡോ. എൻ.എം.നമ്പൂതിരിയാണു പുലിയൂരിന്റെ പ്രാധാന്യം   1991–ൽ പര്യവേഷകരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. 

പുലിയൂർ ഗണപതി ക്ഷേത്രത്തിനു സമീപം ഗണപതിയാമല എന്നു മു‍ൻപ് അറിയപ്പെട്ടിരുന്ന സ്ഥലത്തു നടത്തിയ പര്യവേഷണത്തിൽ  പെട്ടിക്കല്ലറകൾ, മെൻഹിറുകൾ (സ്മാരകശില) എന്നിവ കണ്ടെത്തി. 

CGR-PALUVAM-KALARI
പുലിയൂർ പാലുവം കളരിയിൽ കണ്ടെത്തിയ കമ്പക്കുഴികൾ.

∙2018–ല്‍ നെടുങ്കണ്ടം ബിഎഡ് കോളജ് പ്രിൻസിപ്പലും ചരിത്ര ഗവേഷകനുമായ രാജീവ് പുലിയൂർ നടത്തിയ അന്വേഷണത്തിൽ പുലിയൂർ ബ്ലോക്ക് ഓഫിസിനു സമീപം കരിമാണിക്കത്തുമലയിൽ 3മെന്‍ഹിറുകളും കളീയ്ക്കൽ കുളത്തിനു വടക്കു പാടത്ത് മഹാ ശിലാസ്മാരകവും കണ്ടെത്തി. പാലച്ചുവട് ജംക്‌ഷനു സമീപം പാലുവം കളരിയോടു ചേർന്നു പെട്ടിക്കല്ലറയും കണ്ടെത്തിയിരുന്നു. 

∙സ്വർണത്തിളക്കം 

മഹാശിലായുഗ കാലഘട്ടത്തിലെ സ്വർണാഭരണം ആദ്യമായി കണ്ടെടുത്തത് പുലിയൂരിൽ നിന്നാണ്. പുണെയിലെ ആർക്കിയോളജി ലാബിൽ നടത്തിയ പരിശോധനയിൽ 100 % ശുദ്ധമായ സ്വര്‍ണം ആണെന്നു കണ്ടെത്തിയിരുന്നു. 007 എംഎം കനത്തിലുള്ള സ്വർണമാണ് അന്നു കണ്ടെടുത്തതെന്നും  മൺപാത്ര അവശിഷ്ടങ്ങളും ഇരുമ്പായുധങ്ങളും കണ്ടെടുത്തവയിൽ പെടുന്നതായും പര്യവേഷണം നടത്തിയ ശാസ്ത്രജ്ഞൻ ഡോ.പി.രാജേന്ദ്രൻ പറഞ്ഞിരുന്നു. ഇവ പുരാവസ്തു വകുപ്പ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.

∙ചരിത്രത്തിലേക്കു ചുവടു വച്ചു പാലുവം കളരി 

‘ ചൊവടും ചവിട്ടിയവളു പാലുവം പെണ്ണ്

മൂന്നാം ചൊവടിട്ടേ ഒരു മുച്ചൊവടിട്ടേ, 

നാലാം ചൊവട്ടിലവളും കേറി നടന്നേ

ആലക്കം പാലക്കം അവൾ നടന്നു കളിച്ചേ’

ചെങ്ങന്നൂരാദിപ്പാട്ടുകളിലെ നായിക പാലുവം പെണ്ണിന്റെ വർണനയാണിത്. കടത്തനാടൻ മണ്ണിൽ ലോകനാർകാവ് എങ്ങനെയാണോ അതു പോലെ ഓണാട്ടുകരയിൽ  ഒരു കളരി, അതായിരുന്നു ചെങ്ങന്നൂർ കളരി. ഈ കളരിയുടെ പ്രധാന ഭാഗമായിരുന്ന പാലുവം കളരി ഇന്നും പുലിയൂരിലുണ്ട്. 

07
പുലിയൂർ പടി‍ഞ്ഞാറെ ഭാഗത്ത് കളരിയിൽ കളരിയിൽ ആരാധിക്കുന്ന, കായംകുളം വാളിന്റെ മാതൃകയിലുള്ള വാൾ.

മാന്നാർ–പുലിയൂർ റോഡില്‍ പുലിയൂർ പാലച്ചുവട് ജംക്‌ഷനിൽ നിന്നു വടക്കോട്ട് 200 മീറ്റർ മാറി പാലോട്ടിൽ പുരയിടത്തിലാണു പാലുവം കളരി. 

കളരി നിന്നിരുന്ന തറയിൽ തട്ടിയാൽ മുഴക്കം കേൾക്കാം. മഹാശിലായുഗ കാലഘട്ടത്തിലെ പെട്ടിക്കല്ലറ മണ്ണിനടിയിൽ ഉണ്ടെന്നാണു നിഗമനമെന്നു സ്ഥലപരിശോധന നടത്തിയ നെടുങ്കണ്ടം ബിഎഡ് കോളജ് പ്രിൻസിപ്പലും ചരിത്ര ഗവേഷകനുമായ രാജീവ് പുലിയൂർ പറ‌ഞ്ഞു. നിലവിൽ കുരിയാലയും നാഗവിഗ്രഹങ്ങളും ഇവിടെയുണ്ട്. നേരത്തെ മഹാ ശിലായുഗ സ്മാരകങ്ങൾ കണ്ടെത്തിയ കരിമാണിക്കത്തുമല, കളീയ്ക്കൽ കുളത്തിനടുത്ത പാടശേഖരം , ഗണപതിയാമല എന്നിവയൊക്കെ കളരിക്ക് അടുത്തായതിനാൽ 2500 വർഷത്തോളം പഴക്കമുള്ള അതേ കാലഘട്ടത്തിന്റെ പഴക്കം കളരി നിന്ന സ്ഥലത്തിനും കൽപിക്കാവുന്നതാണെന്നു ചരിത്രകാരൻമാർ പറയുന്നു. 

∙കമ്പക്കുഴികൾ

∙രാജീവ് പുലിയൂർ, പുലിയൂർ പാലുവം കളരിയില്‍ നടത്തിയ പരിശോധനയിൽ കമ്പക്കുഴികൾ (പോസ്റ്റ് ഹോൾസ്) കണ്ടെത്തി. മരക്കാൽ നാട്ടാനായി ചെങ്കല്ലു തുരന്നുണ്ടാക്കിയ കുഴികളാണ് ഇവ. മഹാശിലാ സ്മാരകങ്ങൾക്ക് അരികിൽ ഇത്തരം കമ്പക്കുഴികൾ കാണപ്പെടുന്നത് അക്കാലത്തെ ആരാധനാ അനുഷ്ഠാനങ്ങളുടെ വ്യക്തമായ തെളിവുകളാണെന്നു ചരിത്രകാരൻമാർ പറയുന്നു. നിയതമായ ജാമ്യതീയ ഘടന ഉണ്ടാകില്ല ഇവയ്ക്ക്. 7 മുതൽ 15 ഇഞ്ച് വരെ ആഴവും 4 ഇഞ്ച് മുതൽ 7 ഇഞ്ച് വരെ വ്യാസവും ഉള്ള അൻപതോളം കമ്പക്കുഴികളാണു പുലിയൂരിൽ കണ്ടെത്തിയത്. ചെങ്കല്ല് തുരക്കാൻ കഴിയുംവിധം മൂർച്ചയുള്ള ഇരുമ്പ് ആയുധങ്ങൾ നിർമിക്കാൻ അക്കാലത്തു കഴിഞ്ഞിരുന്നു എന്നതും ശ്രദ്ധേയമാണ്. 

നിലവിൽ മഹാശിലായുഗ കാലത്തെ ജീവിതരീതിയെക്കുറിച്ചു യാതൊരു തെളിവും പുരാവസ്തുപരമായി കേരളത്തിൽ നിന്നു ലഭിച്ചിട്ടില്ലെന്നിരിക്കെ പാലുവം കളരിയിൽ കാണപ്പെടുന്ന കമ്പക്കുഴികൾക്കു വളരെയേറെ ചരിത്ര പ്രാധാന്യമുണ്ട്. സംഘകാല കൃതിയായ ‘പട്ടിണിപ്പാല’യിൽ കള്ളി പാകിന കളരി എന്ന പരാമർശമുള്ളത് ഇത്തരം കളരി ആരാധനയെ സൂചിപ്പിക്കുന്നതാണെന്നു കരുതുന്നു. 

സാമൂഹികജീവിതത്തിന്റെ ആരംഭമായി കമ്പക്കുഴികൾ കണക്കാക്കപ്പെട്ടിട്ടുണ്ട്. 

∙ചെങ്ങന്നൂരാദിയും പാലുവം പെണ്ണും

സാംബവ വിഭാഗത്തിലെ വീരപുരുഷനാണു ചെങ്ങന്നൂരാദി. ജീവിച്ച കാലഘട്ടത്തെക്കുറിച്ചു പല അഭിപ്രായങ്ങൾ. നാട്ടുരാജാക്കൻമാരുടെ കാലത്താണു ജീവിച്ചതെന്നും അതല്ല അതിലും പഴക്കമുള്ള കാലത്താണു ജീവിച്ചതെന്നും വാദമുണ്ട്. 

ചെങ്ങന്നൂരാദിയുടെ ഭാര്യ ആയിരുന്ന പാലുവം പെണ്ണിന്റെ താമസസ്ഥലമായിരുന്നു പുലിയൂരിലെ പാലോട്ടിൽ വീട്. പിൻമുറക്കാർ ഇവിടെ ഇന്നും താമസിക്കുന്നു. 

∙അൻപത്തീരടിപ്പെരുമ 

വടക്കൻ കളരി നാൽപത്തീരടി ആണെങ്കിൽ ചെങ്ങന്നൂരാദി സമ്പ്രദായം അൻപത്തീരടിയാണ്.  അൻപത്തീരടി കളരി അഭ്യാസികളിലെ വീരപുരുഷൻ ആയിരുന്നു  ചെങ്ങന്നൂരാദി.  21 ആദിമാരിൽ പ്രമുഖൻ. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ഏറ്റുമുട്ടലാണു വടക്കൻ കളരിയെങ്കിൽ തെക്കൻ കളരി സമ്പ്രദായം മനുഷ്യനും മനുഷ്യനും തമ്മില്‍ മാത്രമല്ല മൃഗങ്ങളുമായുള്ള ഏറ്റുമുട്ടലിനും പ്രാധാന്യം നൽകുന്നു. പുലിയും (പുലിമുഖം) ആനയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ കീഴടക്കാനുള്ള മുറകൾ അൻപത്തീരടി കളരിയിൽ ഉൾപ്പെടുന്നു. 

പ്രകൃതിയുമായി ഏറെ ബന്ധപ്പെട്ടതാണ് തെക്കൻ കളരി. കിരിയാത്തൻ പുള്ള് എന്ന പക്ഷിയാണു ചെങ്ങന്നൂരാദിയുടെ ഗുരു എന്നാണു സങ്കൽപം. സംഘകാല കൃതികളിൽ തെക്കൻകളരിയെക്കുറിച്ചു പരാമർശമുണ്ട്. വീരക്കൽ ആരാധനയും കളരി പാരമ്പര്യവുമായി ബന്ധവുമുണ്ട്. 

2500 വർഷം പഴക്കമുള്ള മഹാശിലായുഗ കാലഘട്ടത്തിലെ അവശിഷ്ടങ്ങൾക്കൊപ്പം കളരി കണ്ടെത്തുന്നത് അപൂർവതയാണ്. 

∙പാണ്ടിമല്ലന്റെ കല്ലറ

യുദ്ധത്തിൽ പരാജയപ്പെടുന്ന എതിരാളിയുടെ തല അറുത്തു കൊണ്ടുവരിക എന്ന ആചാരം നിലനിന്നിരുന്ന കാലത്തു പുലിയൂരുകാരനായ അഭ്യാസി തമിഴനായ യോദ്ധാവിന്റെ (പാണ്ടിമല്ലൻ) തല അറുത്തെടുത്തു കൊണ്ടുവന്ന കഥയും പുലിയൂരിലുണ്ട്. പുലിയൂരിലെ പടി‍ഞ്ഞാറെ ഭാഗത്ത് കളരിയിൽ പാണ്ടിമല്ലന്റെ സ്മാരകം കാണാം. കളരിയിൽ ആരാധിക്കുന്ന പുരാതനമായ വാളും കാണാം. ഇരുവശത്തും മൂർച്ചയുള്ള കായംകുളം വാളിന്റെ മാതൃകയിലാണ് ഇതും. 

English Summary: Archaelogy Tourism 

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA