പത്തനംതിട്ട ഒറ്റ ഫ്രെയിമിൽ ഒതുക്കാം; അതിമനോഹരമാണ് ചുട്ടിപ്പാറ കാഴ്ച

Chuttippara
SHARE

രാമായണവുമായി ചുറ്റിപ്പറ്റി ഏറെ കഥകളുള്ള നാട്, പത്തനംതിട്ടയുടെ പ്രധാന അടയാളങ്ങളിലൊന്ന്, ഇവിടെ നിന്നാല്‍ പത്തനംതിട്ട മുഴുവന്‍ കാണാം. വിശേഷണങ്ങളും പ്രത്യേകതകളും ഏറെയുള്ള ആ സ്ഥലത്തിന്റെ പേരാണ് ചുട്ടിപ്പാറ. മേഘങ്ങളെ തൊട്ടുനില്‍ക്കുന്ന ഈ പാറ പത്തനംതിട്ട ടൗണില്‍ തന്നെയാണ് സ്ഥിതിചെയ്യുന്നത്. കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ നിന്നു ഏറ്റവും അടുത്തായതിനാൽ എത്തിച്ചേരാനും വളരെ എളുപ്പമാണ്.

പത്തനംതിട്ട ജില്ലയുടെ ആകാശകാഴ്ച

പത്തനംതിട്ട ജില്ലയുടെ ആകാശകാഴ്ച, അതാണ് ഈ സ്ഥലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വൈകുന്നേരങ്ങളില്‍ സമയം ചെലവഴിക്കാനായി ഇവിടെ നിരവധിപ്പേര്‍ എത്താറുണ്ട്. പാറ കാണുമ്പോള്‍ കയറാനും ഇറങ്ങാനുമെല്ലാം ബുദ്ധിമുട്ട് തോന്നുമെങ്കിലും വളരെ അനായാസമായി കയറിയിറങ്ങാന്‍ സാധിക്കുന്ന ഒരിടം കൂടിയാണിത്. പാറകള്‍ക്കിടയിലെല്ലാം മണ്ണായതിനാല്‍ നല്ല പച്ചപ്പാണ്. ഓരോ പാറയിലും ഓരോ ചെറിയ വിഗ്രഹങ്ങളും സ്ഥാപിച്ചിരിക്കുന്നു. ഇതിനിടയില്‍ ഒരു ചെറിയ ഗുഹയും കാണാം. അതിലൂടെ അകത്തേയ്ക്ക് കയറാന്‍ ഇപ്പോള്‍ സാധിക്കില്ല. പ്രകൃതികൊണ്ട് സമ്പന്നമായ പത്തനംതിട്ടയുടെ ഹൃദയഭാഗത്ത് തന്നെ ഇത്രയും മനോഹരമായൊരിടമുണ്ടെന്ന് അധികമാർക്കും അറിയില്ല. പച്ചപ്പും പ്രകൃതിയുമെല്ലാം ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്, വൈകുന്നേരങ്ങളില്‍ നല്ല തണുത്ത കാറ്റേറ്റ് സമയം ചെലവഴിക്കാന്‍  പറ്റിയ സ്ഥലമാണ് ചുട്ടിപ്പാറയടങ്ങുന്ന ഈ പാറക്കൂട്ടം.

സമുദ്രനിരപ്പില്‍ നിന്നും 400 അടിയോളം ഉയരത്തില്‍ മൂന്ന് പാറകളുടെ കൂട്ടമാണിത്. താഴെ നിന്നും കുത്തനെയുള്ള പടികള്‍ കയറിവേണം മുകളിലേക്ക് എത്താൻ. ഇവിടെ നിന്നുള്ള കാഴ്ച അവിസ്മരണീയമാണ്. പാറയുടെ മുകളില്‍ നിന്നും നോക്കുമ്പോള്‍ അച്ചന്‍കോവിലാറും താഴെ പത്തനംതിട്ട നഗരവുമെല്ലാം ഏറ്റവും സുന്ദരമായി കാണാനാകും. 

പാറയ്ക്ക് മുകളിലായി ഒരു മഹാദേവ ക്ഷേത്രവുമുണ്ട്. ധാരാളം രാമായണ കഥകള്‍ ഈ പാറയ്ക്ക് പറയാനുണ്ട്. ഐതിഹ്യം അനുസരിച്ച്, രാമനും അദ്ദേഹത്തിന്റെ പരിചാരകരും അവരുടെ നിരവധി യാത്രകളില്‍ ഇവിടെ വിശ്രമിച്ചുവെന്ന് കരുതപ്പെടുന്നു. ഇവിടത്തെ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹമാണ് രാമന്‍ ആരാധിച്ചിരുന്നതെന്നും പറയപ്പെടുന്നു.താഴെ നിന്ന് നോക്കിയാല്‍ രണ്ട് പാറമാത്രമേ കാണുകയുള്ളൂ. മുകളിലെത്തുമ്പോഴാണ് മൂന്നാമതൊരു പാറ കൂടിയുണ്ടെന്ന് മനസ്സിലാവുക. ചേലവരിപ്പാറ, കാറ്റാടിപ്പാറ, പുലിപ്പാറ എന്നിവയാണ്.  വനവാസക്കാലത്ത് ചേലവിരിപ്പാറയിലാണ് സീത തന്റെ വസ്ത്രങ്ങള്‍ കഴുകി വിരിച്ചിരുന്നത് എ്ന്നാണ് ഐതിഹ്യം. അതുപോലെ കാറ്റാടിപ്പാറയിലെ ഗുഹയായിരുന്നു അവരുടെ താമസസ്ഥലമെന്നും പറയപ്പെടുന്നു.

English Summary: The Legend of Chuttipara in Pathanamthitta

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA