ADVERTISEMENT

പ്രകൃതിയെ അറിയാൻ ഒരല്പം സാഹസികത നിറഞ്ഞ യാത്ര പോകാൻ ഒരുങ്ങുന്നവർക്കു മടിക്കാതെ തിരഞ്ഞെടുക്കാവുന്നൊരിടമാണ് ഉറുമ്പിക്കര. കോട്ടയത്തിന്റെയും ഇടുക്കിയുടെയും അതിർത്തി ഗ്രാമമായ ഏന്തയാറിലാണ് ഉറുമ്പിക്കര സ്ഥിതി ചെയ്യുന്നത്. കോടമഞ്ഞും മഴയും മലകളും ചെറു വെള്ളച്ചാട്ടങ്ങളും കാട്ടരുവികളുമൊക്കെ കൂട്ടുവരുന്ന ഇവിടം സഞ്ചാരികളുടെ ഇഷ്ടയിടങ്ങളിലൊന്നാണ്.  ദുർഘടമായ പാത താണ്ടി വേണം മനോഹര കാഴ്ചകൾ നിറഞ്ഞ ആ സ്വപ്നഭൂമികയിലേക്കെത്താൻ. അതുകൊണ്ടു തന്നെ വഴികൾ ഏറെ പരിചിതമുള്ള ഒരു ഗൈഡിനെ കൂട്ടുവിളിക്കുന്നത് യാത്ര എളുപ്പമുള്ളതാക്കും. 

urumbikkara7-image-845-440

കോട്ടയം ജില്ലയിലെ മുണ്ടക്കയത്തു നിന്നും 12 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ഏന്തയാറിലെത്താം. അവിടെ നിന്നും ജീപ്പിൽ ഉറുമ്പിക്കരയിലേയ്ക്ക് യാത്ര തിരിക്കാം. കുണ്ടും കുഴിയും നിറഞ്ഞ റോഡ് ആയതു കൊണ്ടുതന്നെ സാഹസപ്രിയർക്കു ഏറെ ഇഷ്ടപ്പെടും ജീപ്പ് യാത്ര. ടാറിട്ട പാത അവസാനിക്കുന്നിടത്തു നിന്നുമാണ് യഥാർത്ഥ ഓഫ് റോഡ് യാത്ര ആരംഭിക്കുന്നത്. കുലുങ്ങിയും ചാടിയുമൊക്കെയുള്ള യാത്ര മുകളിലേക്കെത്തുമ്പോൾ ഏന്തയാർ - കൂട്ടിക്കൽ പാതയുടെ താഴ്‌‌വാരത്തെ കാഴ്ചകൾ വ്യക്തമാകും. വാഗമണ്ണിനിപ്പുറമാണെങ്കിലും അവിടെയുള്ളതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഭൂപ്രദേശമാണ് ഉറുമ്പിക്കര.ഒരു ചിത്രകാരന്റെ കാൻവാസിൽ വിരിഞ്ഞ അപൂർവ ചിത്രം പോലെ ആരെയും മോഹിപ്പിക്കും ആ കാഴ്ച. യാത്ര കുറച്ചു ദൂരം പിന്നിടുമ്പോൾ ഒരു വെള്ളച്ചാട്ടം ദൃശ്യമാകും. പാപ്പാഞ്ഞി വെള്ളച്ചാട്ടം, ജീപ്പിലെ യാത്രയുടെ ക്ഷീണം മാറാൻ ഉച്ചിയിൽ ആ ജലപാതത്തിന്റെ ഒരു തുള്ളി മതിയാകും. 

urumbikkara2-image-845-440

ചൂടോടെ ഒരു ചായ കിട്ടിയാൽ കൊള്ളാമെന്നു മനസിൽ വിചാരിക്കുമ്പോഴേ ഉറുമ്പിക്കരയിലെ ഏക ചായക്കടയുടെ മുമ്പിൽ ജീപ്പ് എത്തും. തേയിലത്തോട്ടങ്ങളാണ്  ഉറുമ്പിക്കരയിലെ ആദ്യകാഴ്ച. ബ്രിട്ടീഷ് കാലത്തെ തേയില ഫാക്ടറിയുടെ ഓർമ്മകൾ അവശേഷിപ്പിച്ചു കൊണ്ട് ഒരു പഴയ കെട്ടിടം ആളൊഴിഞ്ഞു ഭൂതകാല ഓർമകളും പേറി നിൽക്കുന്നത് കാണാം. ജീപ്പ് മുന്നോട്ടു പോകുമ്പോൾ ബ്രിട്ടീഷ് കൊളോണിയൽ മാതൃകയിൽ പണിതീർത്ത സായിപ്പൻ ബംഗ്ലാവ് കൺമുമ്പിലെത്തും. ഉറുമ്പിക്കര അറിയപ്പെടുന്നത് മർഫി സായിപ്പിന്റെ പേരിലാണെങ്കിലും സായിപ്പിന് ഉറുമ്പിക്കരയുടെ ചരിത്രവുമായി വലിയ ബന്ധമൊന്നുമില്ല. കോളനി ഭരണകാലത്തു 300 ഓളം തൊഴിലാളി കുടുംബങ്ങൾ ഇവിടെയുണ്ടായിരുന്നു. അവരുടെ കാര്യങ്ങളെല്ലാം നോക്കി നടത്തിയിരുന്നത് രാമൻ എന്നയാളായിരുന്നു. സ്കൂൾ, ആശുപത്രി പോലുള്ള അടിസ്ഥാന ആവശ്യങ്ങൾക്കു വേണ്ട സൗകര്യങ്ങളെല്ലാം അക്കാലത്തു രാമൻ അവർക്കായി ഒരുക്കിയിരുന്നു. അന്നാളുകളിൽ തേയില കയറ്റുമതി ചെയ്യണമെങ്കിൽ  ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ അനുമതി ആവശ്യമായിരുന്നു. ഇൻസ്പെക്ഷനു വന്ന മഫേഴ്സൺ സായിപ്പിനു താമസിക്കാനായി രാമൻ പണിതു നൽകിയതാണ്  സായിപ്പൻ ബംഗ്ലാവ്.

urumbikkara9-image-845-440

കാട്ടുപാത നീണ്ടു നിവർന്നു കിടക്കുകയാണ്. കിതച്ചു കിതച്ചാണ് ജീപ്പിന്റെ യാത്ര. കാട്ടുഞാവൽ പഴത്തിന്റെ മണം നാസികയ്ക്കു ചുറ്റും മൂളിപറക്കാൻ തുടങ്ങി. ഇരുഭാഗത്തും പുൽമേടുകൾ ഉള്ള ഒരു ഭാഗത്തു ജീപ്പ് നിർത്തി. മുമ്പിൽ രണ്ടു വലിയ പാറകൾ. അതിലൊന്നിന്റെ മുകളിലേക്ക് കയറിയാൽ 360 ഡിഗ്രി വ്യൂ പോയിന്റ്. കാഴ്ചയുടെ വസന്തം ഇതാ കൺമുമ്പിൽ ! 

അടുത്ത ലക്‌ഷ്യം മലമുകളിലെ കൊച്ചു ക്ഷേത്രമാണ്. മലയാള മാസത്തിലെ ആദ്യ ദിനത്തിൽ മാത്രമാണ് അവിടെ പ്രത്യേക പൂജയും വഴിപാടുകളുമൊക്കെ ഉണ്ടാകാറ്. ബാക്കിയുള്ള സമയം ക്ഷേത്രം അടച്ചിടുകയാണ് പതിവ്. ക്ഷേത്രം കഴിഞ്ഞു മുന്നോട്ടു പോകുമ്പോൾ വിശാലമായി പരന്നു കിടക്കുന്ന ഒരു പാറയാണ്. ട്രക്കിങ് കഴിഞ്ഞു വരുന്നവരും രാത്രി താമസിക്കാൻ വരുന്നവരും വിശ്രമിക്കുന്നതും ടെന്റ് കെട്ടുന്നതും ഈ പാറപുറത്താണ്. 

മദാമ്മകുളം, ഗൈഡ് ഒപ്പമില്ലാതെ അവിടേക്കെത്തുക പ്രയാസമാണ്. മർഫി സായിപ്പിന്റെ ഭാര്യയായ മദാമ്മ കുളിക്കാൻ വന്ന കുളം പിന്നീട് മദാമ്മ കുളമായതാണെന്നാണ് പറയപ്പെടുന്നത്. കാഴ്ചകൾ അവസാനിക്കാത്തയിടമാണ് ഉറുമ്പിക്കര. രാത്രിയിൽ അവിടെ താമസിക്കാൻ പദ്ധതിയില്ലെങ്കിൽ ഇരുട്ടുന്നതിനു മുൻപ് മലയിറങ്ങണം. ചെറുചാറ്റൽ മഴയുടെ കൂട്ടും കോടയും വന്നു മൂടിയാൽ തിരിച്ചിറക്കം ദുഷ്കരമാകും.  കോട്ടയത്തു നിന്നും 73 കിലോമീറ്റർ യാത്ര ചെയ്താൽ ഉറുമ്പിക്കരയിലെത്തി ചേരാം.

English Summary: Urumbikkara Idukki Trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com