വാഗമൺ മനോഹരമെങ്കിൽ അതിമനോഹരിയാണ് ഈ സുന്ദരയിടം

Ilaveezhapoonchira
By Vinu Sebastian/shutterstock
SHARE

നീലാകാശത്തെ ധ്യാനിച്ച്‌ നില്‍ക്കുന്ന പുല്‍മേടുകള്‍. മുടിയിഴകളില്‍ താളമിടുന്ന നനുത്ത കാറ്റ്... പരസ്പരം ചുംബിച്ച് ആടിയുലഞ്ഞു അലഞ്ഞു നടക്കുന്ന നൂല്‍മഴയും കോടമഞ്ഞും... ദൂരെയായി നീലയോ പച്ചയോ എന്നറിയാത്ത നിറത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന മലനിരകള്‍... ഇലവീഴാപൂഞ്ചിറയെക്കുറിച്ച് എത്ര വര്‍ണിച്ചാലും തീരില്ല, അത്രയ്ക്ക് സുന്ദരിയാണ് കോട്ടയത്തെ ഈ മലയോര പ്രദേശം. അതുകൊണ്ടുതന്നെ കുറച്ചു വര്‍ഷങ്ങളായി ഇവിടെ സഞ്ചാരികള്‍ ഒഴിഞ്ഞ നേരമില്ല. സഞ്ചാരികളുടെ പ്രിയയിടമായ വാഗമണ് മനോഹരമെങ്കിൽ അതിമനോഹരിയാണ് ഇലവീഴാപൂഞ്ചിറ.

ഇടുക്കി, കോട്ടയം ജില്ലകളുടെ അതിർത്തിയിലാണ് ഇലവീഴാപൂഞ്ചിറ. മാങ്കുന്നത്ത്, കടയന്നൂർമല, താന്നിപ്പാറ എന്നീ മലനിരകൾക്കിടയിൽ സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 3200 അടി ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ധാരാളം ടൂറിസ്റ്റുകള്‍ എത്തിച്ചേരുന്ന ഇല്ലിക്കല്‍ കല്ല്‌ കൊടുമുടിയും ഇതിനടുത്താണ്. 

ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്നും 20 കിലോമീറ്റർ യാത്രയാണ് ഇവിടേക്ക്. തൊടുപുഴയില്‍ നിന്നും മൂലമറ്റം ഭാഗത്തേയ്ക് സഞ്ചരിച്ച് കാ‍‍ഞ്ഞാർ ഗ്രാമത്തിലെത്തി, അവിടെനിന്നും വലത്തോട്ട് 7 കിലോമീറ്റർ സഞ്ചരിച്ചാൽ ഇലവീഴാപൂഞ്ചിറയിലെത്താം. ഇവിടെ നിന്നും ജീപ്പുകളുണ്ട്. ഏകദേശം അറുന്നൂറ് രൂപ വരും ചാര്‍ജ്. പാലായിൽ നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് എത്തിച്ചേരാവുന്നതാണ്. കോട്ടയത്തു നിന്നും 55 കിലോമീറ്റർ അകലെയാണ് ഇലവീഴാപൂഞ്ചിറ. 

Ilaveezhapoonchira1
By PREJU SURESH/shutterstock

പാണ്ഡവരുടെ വനവാസക്കാലത്ത് അവർ ഈ ഇലവീഴാപൂഞ്ചിറയില്‍ താമസിച്ചതായി പറയപ്പെടുന്നു. ഭീമസേനൻ, പാഞ്ചാലിക്ക് കുളിക്കാനായി നിർമ്മിച്ചതെന്നു പറയപ്പെടുന്ന ഒരു ചിറ ഇന്നും ഇവിടെ കാണാം. പാഞ്ചാലി കുളിക്കുമ്പോള്‍ ചില ദേവന്മാര്‍ കണ്ടുനില്‍ക്കുമായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഇന്ദ്രന്‍ അവരുടെ കണ്ണുകളില്‍ നിന്ന് പാഞ്ചാലിയെ മറച്ചുപിടിക്കാനായി പുഷ്പങ്ങള്‍ നിറഞ്ഞ  മരങ്ങളുമായി മൂന്ന് മലകള്‍ സൃഷ്ടിച്ചു എന്നും പറയുന്നു. എന്നാല്‍, ചിറയുള്ള ഈ പ്രദേശത്ത് വൃക്ഷങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഇലകള്‍ വീഴാന്‍ സാധ്യതയില്ലാത്തതിനാലാകാം ഇലവീഴാപ്പൂഞ്ചിറ എന്ന പേര് വന്നത്. ഈ ഐതിഹ്യത്തിനു ഉപോല്‍ബലകമായി അടുത്തൊരു ക്ഷേത്രവും കാണാം. 

ഉദയാസ്തമനങ്ങള്‍ കാണാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഇലവീഴാപൂഞ്ചിറ. കേരളത്തിൽ ആദ്യം ഇടിമിന്നൽ പതിക്കുന്ന ഇടങ്ങളിൽ ഒന്നുകൂടിയാണ് ഇവിടം. മലമുകളിലെ കാഴ്ചകളുടെ മനോഹാരിതയില്‍ മയങ്ങി നിൽക്കുമ്പോൾ പലപ്പോഴും അപ്രതീക്ഷിതമായാകും മിന്നലിന്‍റെ വരവ്. ഇതുമൂലമുള്ള അപകടം ഒഴിവാക്കാന്‍ ഇപ്പോൾ അധിക നേരം ഇവിടെ ചിലവിടുന്നതിൽ നിയന്ത്രണമുണ്ട്.

ഇലവീഴാപൂഞ്ചിറയില്‍ നിന്നും നോക്കിയാല്‍ അൽപം ദൂരെയായി ഇല്ലിക്കൽ കല്ല് കാണാം. ഇവിടേക്ക് നടന്നു പോകാൻ ഒരൊറ്റയടി പാതയുണ്ട്. നരകപ്പാലമെന്നാണ് ഇതിന്‍റെ പേര്. ഇതിലൂടെ നടക്കുമ്പോള്‍ കാൽ തെറ്റി താഴേക്ക് പതിച്ച് അപകടം പതിവായതോടെ അങ്ങോട്ടേക്കുള്ള പ്രവേശനം ഇപ്പോൾ പൂർണമായും നിർത്തി വെച്ചിരിക്കുകയാണ്.

ഈ പ്രദേശത്തെ ഒരു ട്രക്കിങ് കേന്ദ്രമായി ഡി.റ്റി.പി.സി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. 15 പേർക്ക് വരെ താമസസൗകര്യമുള്ള ഒരു ഡോർമെറ്ററി ഡി.റ്റി.പി.സി ഇവിടെ നിർമിച്ചിട്ടുണ്ട്. 

English Summary: Ilaveezha poonchira Hill Station Kottayam

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA