ADVERTISEMENT

ചരിത്രത്തെ അവഗണിക്കുന്ന തലമുറയ്ക്കു ഭൂതകാലമോ ഭാവിയോ ഉണ്ടാകില്ല എന്നൊരു ചൊല്ലുണ്ട്. യാത്രികർക്കും ഇതു ബാധകമാണ്. നാടിന്റെ ചരിത്രം അറിഞ്ഞു യാത്ര ചെയ്യുന്നവർ ഓരോ നിമിഷവും ആസ്വദിക്കും. അല്ലാത്തവർ കടന്നുപോകും. നിരീക്ഷണമില്ലാത്ത യാത്ര ചിറകില്ലാത്ത പക്ഷിയെപ്പോലെയാണെന്നുമറ്റൊരു ചൊല്ല്. ചരിത്രനിരീക്ഷണത്തിനും യാത്രയ്ക്കും വല്ല മ്യൂസിയത്തിലും പോകേണ്ടേ... എന്നാകും ചോദ്യം. നമുക്കുചുറ്റും ചരിത്രമുണ്ട്. ഒന്നു കൺതുറന്നു നോക്കിയാൽ മതി. അങ്ങനെയൊരു സ്ഥലമാണു ചെപ്പാറ. 

C4

തൃശൂരിൽനിന്നു ഷൊർണൂരിലേക്കുള്ള പാതയിൽ വടക്കാഞ്ചേരിക്കടുത്താണ് ചെപ്പാറ.  പലതവണ അതിലെ പോകുമ്പോഴും ബോർഡിൽ കണ്ണുടക്കിയില്ല. പക്ഷേ, കൊറോണക്കാലത്തെ സമാധാനയാത്രകളിലൊന്നിൽ ബോർഡിലെ പേര് കാറിനെ വലിച്ചുകൊണ്ടുപോയി. ചെപ്പാറ ഗുഹകൾ എന്നായിരുന്നു വിനോദസഞ്ചാരവകുപ്പിന്റെ ചൂണ്ടുപലകയിൽ കണ്ടത്. അറിയാത്തൊരു ഗുഹയോ…?

ചെപ്പാറ, പേരു സൂചിപ്പിക്കുന്നതുപോലെ ഒരു പാറയാണ്. കുന്നോളം വലിയ കറുമ്പൻപാറ. വടക്കാഞ്ചേരിയിൽനിന്നു പത്തുകിലോമീറ്റർ ദൂരമേയുളളൂ. കാർ ചെറിയ നാട്ടുവഴിയിലേക്കു തിരിഞ്ഞു.  റോഡ് എത്തുന്നത് ചെപ്പാറ റോക് ഗാർഡന്റെ മുകളിലേക്ക്. വാഹനം താഴെ നിർത്തി, നടന്നുകയറാം. അല്ലെങ്കിൽ റോഡിലൂടെ മുന്നോട്ടുപോയി പാറപ്പുറത്തേക്കെത്താം. മുന്നിൽ പാർക്ക് ചെയ്തു നടന്നുകയറുന്നതാണ് ഉചിതം.   അത്യാവശ്യം കുത്തനെയാണ് കയറ്റം. കമ്പിക്കൈവരിയുണ്ട് പിടിക്കാൻ. പാറപ്പുറത്തു കയറിയെത്തിയാലോ… അതിവിശാലതയുടെ കാഴ്ചകൾ. 

C5

മനസ്സിനെ ആരോ തുറന്നുവിട്ടതുപോലെ…  തെളിവുള്ള ആകാശത്തിനു കീഴിൽ ഇരുണ്ട പാറപ്പുറത്തുകൂടി ചങ്ങാതിമാരോടൊന്നിച്ച് സംസാരിച്ചങ്ങു നടക്കാം. പാറയ്ക്ക് അവസാനമില്ലെന്നു തോന്നും. സായാഹ്നക്കാഴ്ചകളാണ് ഗംഭീരം എന്നു നാട്ടുകാർ.  ചെപ്പാറയുടെ പേരിന്റെ അർഥം ആർക്കും അറിയില്ല. ഒരു പക്ഷേ, ഒരു ചെപ്പിനോടു സാമ്യപ്പെടുത്താവുന്ന  മുനിയറകൾ ഉള്ള പാറ എന്നായിരിക്കും അർഥം. ചെപ്പാറ കേവ്സ് എന്നു പറയുന്നതും ഈ മുനിയറകളെയാകണം. ആണോ അല്ലയോ എന്നുചോദിക്കാൻ ആരുമില്ലവിടെ. ഔദ്യോഗികമായ കുറിപ്പുകളുമില്ല. എന്തായാലും മുനിയറകളൊന്നു കാണാം. 

ആറായിരം കൊല്ലം മുൻപിലേക്ക്

ഡോൾമെൻ- അഥവാ മുനിയറകൾക്ക് ആറായിരം വർഷത്തെ പഴക്കമെങ്കിലും കാണും എന്നാണ് വിദഗ്ധർ പറയുന്നത്.  ഒന്നാലോചിച്ചേ, അത്രയും പഴക്കമുള്ള സ്മാരകങ്ങളാണ് ചെപ്പാറയിലുള്ളത്. മുനിയറ കാണാൻ മറയൂരിലേക്കു ചെല്ലണം എന്ന ധാരണ ചെപ്പാറ തിരുത്തിക്കുറിച്ചു.  ലോകത്ത് പലയിടത്തും മുനിയറകളുണ്ട്. പാളികളായി ചെത്തിയ മൂന്നു കല്ലുകളാണ് മുനിയറയ്ക്കുള്ളത്. രണ്ടെണ്ണം കുത്തിനിർത്തും. മൂന്നാമത്തേത് മുകളിൽ മേൽക്കൂരപോലെ വയ്ക്കും. മഴയും വെയിലും കാറ്റും കാലവും ഈ നിർമിതികൾക്കുമേൽ നാശനഷ്ടം വിതയ്ക്കാറില്ല.  അതുകൊണ്ടാകാം, നോക്കാനാളില്ലാതായിട്ടും മുനിയറകൾ നശിക്കാതെ കിടക്കുന്നത്.  ചെപ്പാറയിൽ കമ്പികൊണ്ടൊരു വലയം തീർത്തിട്ടുണ്ട് മുനിയറകൾക്കുചുറ്റും. 

C3

മുനിയറയെന്താണ്

ആറായിരം വർഷം മുൻപുള്ള മനുഷ്യരുടെ ശവകുടീരങ്ങളാകാം മുനിയറകൾ. എന്തായാലും അവ ഒരു മനുഷ്യനെ ഉൾക്കൊള്ളാൻ തക്ക വിസ്താരമുള്ളതല്ല.  മൃതദേഹം സംസ്കരിച്ചശേഷം  സ്മൃതിമണ്ഡപമായി മുനിയറകൾക്കുള്ളിൽ മൃതാവശിഷ്ടങ്ങൾ സൂക്ഷിക്കുന്നതായിരിക്കാം അന്നത്തെ രീതി എന്നു മറയൂരിലെ ആദിവാസി വാച്ചർ പറഞ്ഞതോർമ വന്നു.  എന്തായാലും ചരിത്രപ്രേമികൾ ചെപ്പാറയിലെത്തുമ്പോൾ മതിമറക്കും. സഞ്ചാരികൾ വിശാലമായ പാറപ്പുറം കാണുമ്പോൾ ആഹ്ലാദിക്കും. അവിടെനിന്നു സായാഹ്നം ആസ്വദിക്കുന്നതിന്റെ രസം ഒന്നുവേറെയാണെന്ന് സഞ്ചാരികളുടെ സംഘം. അവർ വരിവരിയായി പാറയുടെ അങ്ങേച്ചെരുവിലേക്കു നടക്കുകയാണ്. ഇറങ്ങിച്ചെന്നാൽ ചെറുകാടിന്റെ പ്രതീതിയാണ്. പിന്നെയങ്ങോട്ടു താഴ് വാരം.  ചെറുതായി കാറ്റുപിടിക്കുന്നുണ്ട്. ബുൾബുൾ പക്ഷികൾ ജാഗ്രതയോടെ ശബ്ദമുണ്ടാക്കുന്നുണ്ട്. ശാന്തമായുറങ്ങുന്ന മുനിയറകളെ കാണുന്നതിൽ സഞ്ചാരികൾ വലിയ കൗതുകമൊന്നും കാണിക്കുന്നില്ല. ഇതിന്റെ പ്രാധാന്യം മനസ്സിലാക്കാത്തതു തന്നെ കാരണം.  പുതിയ ടൂറിസം മന്ത്രിയെങ്കിലും ചെപ്പാറയുടെ ചരിത്രം മനസ്സിലാക്കി കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നു കരുതാം. നമ്മുടെ പൂർവികരുടെ ഓർമകൾ ആണിവ. 

C6

ഒരു ചെറിയ കുളമുണ്ട് മുകളിൽ. അതിനും മുകളിൽ സഞ്ചാരികൾക്കിരിക്കാനായി ബഞ്ചുകളുണ്ട്. വിശാലമായ പാറപ്പുറത്ത് ഇരിക്കാനിഷ്ടപ്പെടുന്നവരാണു സഞ്ചാരികൾ എന്ന്ആ കാലിബഞ്ചുകൾ സൂചിപ്പിക്കുന്നു. 

C2

ചെപ്പാറയുടെ ചരിത്രപ്രാധാന്യം നാടിനെ ബോധ്യപ്പെടുത്തിയാൽ, ചരിത്രത്തോടൊപ്പം സായംസന്ധ്യയാസ്വദിക്കാൻ ആൾക്കാർ ഏറെയെത്തും ചെപ്പാറയിൽ. 

ശ്രദ്ധിക്കേണ്ടത്

പാറപ്പുറത്ത് നല്ല വെയിലുണ്ടാകുമ്പോൾ കയറരുത്. സന്ധ്യ കഴിഞ്ഞാൽ ഇറങ്ങുകയും വേണം. പാറപ്പുറത്തിനടുത്ത് വീടുകളുണ്ട്. അവരുടെ സ്വൈരജീവിതം തകർത്തുകൊണ്ടാകരുത് നമ്മുടെ സഞ്ചാരം. 

C1

വെള്ളം, ലഘുപാനീയങ്ങൾ എന്നിവ പട്ടണത്തിൽനിന്നു തന്നെ വാങ്ങിസൂക്ഷിക്കുക. ചെറിയ കടകളേ ഇവിടെയുള്ളൂ. മഴക്കാലത്ത് വഴുതലുള്ള ഇടങ്ങൾ ഒഴിവാക്കുക. 

അടുത്തുള്ള പട്ടണം, ആശുപത്രി, എടിഎം കൗണ്ടർ- വടക്കാഞ്ചേരി.

 

 English Summary: Cheppara A hidden place to visit in Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com