ADVERTISEMENT

കോഴിക്കോട് ∙ മുഖം മിനുക്കി മ്മളെ കോയിക്കോട് ബീച്ച് ! ഐസൊരതിയും കല്ലുമ്മക്കായയും തിന്ന് വൈകിട്ട് കാറ്റുംകൊണ്ട് നമ്മളിരുന്ന ആ കോഴിക്കോട് കടപ്പുറം മൊഞ്ചത്തിയായങ്ങനെ അണിഞ്ഞൊരുങ്ങി നിൽക്കുകയാണ്. രാജ്യാന്തര നിലവാരത്തിൽ നവീകരിച്ച കോഴിക്കോട് ബീച്ചിന്റെ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു. 

Kozhikode-South-Beach
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം

മലബാറിന്റെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള കോഴിക്കോടിന്റെ പ്രൗഢി എക്കാലവും നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണു ബീച്ച് നവീകരണം നടത്തിയത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ചെയർമാൻ കൂടിയായ കലക്ടർ എസ്.സാംബശിവ റാവുവിന്റെ നേതൃത്വത്തിലാണു സൗത്ത് ബീച്ച് മുതൽ വടക്കോട്ടു ഫ്രീഡം സ്ക്വയർ വരെ ഭാഗം നവീകരിച്ചത്.

Kozhikode-South-Beach1
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം

വിനോദസഞ്ചാരികൾക്കും, കടൽത്തീരത്ത് സായാഹ്നം ചെലവഴിക്കാൻ എത്തുന്നവർക്കും പുതിയ അനുഭവം സമ്മാനിക്കും വിധമാണു നവീകരണം നടത്തിയതെന്നു ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി സി.പി.ബീന പറഞ്ഞു.

Kozhikode-South-Beach5
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം

സോളസ് ആഡ് സോലൂഷൻ എന്ന സ്ഥാപനവുമായി ചേർന്നു ഡിടിപിസി നടത്തിയ നവീകരണം ബീച്ചിനു പുതുമോടി മാത്രമല്ല സാംസ്കാരിക തനിമയും പകർന്നു. പുതിയ കാലത്തിനനുസരിച്ചു സെൽഫി പോയിന്റുകൾ ഗെയിം സോൺ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. സാംസ്കാരിക പൈതൃകത്തെ അടുത്തറിയാൻ ചുമർ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. 2018 ൽ ഈന്തപ്പനകളും തണൽമരങ്ങളും വച്ചു പിടിപ്പിച്ച സൗത്ത് ബീച്ചിൽ ഇപ്പോൾ ചുമർ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. 

Kozhikode-South-Beach3
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം

കോർപറേഷൻ ഓഫിസിനു മുൻവശം ബീച്ചിൽ ഐ ലവ് കാലിക്കറ്റ് എന്ന ലൈറ്റ് ബോർഡ് സ്ഥാപിച്ച സെൽഫി പോയിന്റും അൽപം തെക്കോട്ടു മാറി നമ്മുടെ കോഴിക്കോട് എന്ന ലൈറ്റ് ബോർഡ് സെൽഫി പോയിന്റും ഉണ്ട്. കുട്ടികൾക്കായി വലിയ ചെസ് ബോർഡും പാമ്പും കോണിയും ഉണ്ട്. സൗത്ത് ബീച്ചിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും 2 വീതം ശുചിമുറി, ബീച്ചിന്റെ പല ഭാഗത്തായി 3 റാംപുകൾ തുടങ്ങിയവയും നിർമിച്ചിട്ടുണ്ട്. രാത്രി ബീച്ചിൽ 176 ആധുനിക ലൈറ്റുകൾ പ്രഭ ചൊരിയും. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായി നിരീക്ഷണ ക്യാമറകൾ സദാ പ്രവർത്തിക്കും.

English Summary: Renovated Kozhikode South Beach Opened

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com