ADVERTISEMENT

തമാശ കൗണ്ടറുമായി പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിച്ചു കൊല്ലുന്ന ബിനു അടിമാലിയുടെ പേരു കേട്ടാൽത്തന്നെ ആളുകൾ പൊട്ടിച്ചിരിക്കാൻ തുടങ്ങും. മിമിക്രി വേദികളിലും ചാനൽ ഫ്ലോറുകളിലും ചിരിയുടെ മാലപ്പടക്കവുമായി എത്തുന്ന ബിനു സിനിമയിലും വരവറിയിച്ചുഴിഞ്ഞു. നർമം കലർന്ന സംസാരശൈലിയാണ് ബിനുവിന്റെ ഹൈലൈറ്റ്. ഇപ്പോഴിതാ ആരാധകര്‍ക്കായി സ്വന്തം നാടിന്റെ മനോഹാരിതയും വിശേഷങ്ങളും തന്‍റെ യുട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയാണ്. 

തൂക്കുപാലവും കാടും വെള്ളച്ചാട്ടവും; സ്വന്തം നാടിനെ പരിചയപ്പെടുത്തി ബിനു അടിമാലി

ഇടുക്കി ജില്ലയുടെ മനോഹാരിതയിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടുപോകുകയാണ് ബിനു അടിമാലി. എറണാകുളം ജില്ലയില്‍ നിന്നും ഇടുക്കിയിലേക്കുള്ള യാത്രാമദ്ധ്യേ കാണുന്ന മനോഹരമായ കാഴ്ചകളും വിശേഷങ്ങളുമാണ് അടിമാലി സ്വദേശിയായ നടന്‍ തന്‍റെ യുട്യൂബ് ചാനലിൽ പങ്കുവച്ചിരിക്കുന്നത്. 

കാറിലാണ് ബിനുവിന്‍റെ യാത്ര. ആദ്യം തന്നെ പ്രിയപ്പെട്ട ബേക്കറിയില്‍ കയറി സ്നാക്സ് വാങ്ങിച്ചാണ് യാത്ര തുടങ്ങുന്നത്. മനോഹരമായ തൂക്കുപാലവും ഹരിതാഭയാര്‍ന്ന പ്രകൃതിയുമെല്ലാം ചാരുത ഒട്ടും ചോര്‍ന്നുപോകാതെ തന്നെ ക്യാമറയില്‍ ഒപ്പിയെടുത്തിട്ടുണ്ട്. കേരളത്തിലെ ഏറ്റവും നീളമേറിയ തൂക്കുപാലത്തിന്‍റെ മുകളില്‍ നിന്നും അതിന്‍റെ ചരിത്രവും ബിനു പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കുന്നുണ്ട്. 

തൂക്കുപാലത്തിനരികില്‍ നിന്നും നേരെ പോകുന്നത് ഏറണാകുളത്തെയും ഇടുക്കിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നേരിയമംഗലം പാലത്തിലേക്കാണ്. നിരവധി സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഈ പാലം ബ്രിട്ടീഷുകാരുടെ കാലത്താണ് നിര്‍മിച്ചത്. ദക്ഷിണേന്ത്യയിലെ പ്രഥമ ആർച്ച് പാലമായ ഇത് തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന സേതു ലക്ഷ്മി ഭായിയുടെ കാലത്ത് 1924-ലാണ് പാലം നിർാണം ആരംഭിച്ചത്. 1935 മാർച്ച് 2-നാണ് ശ്രീചിത്തിരതിരുനാൾ രാമവർമ്മ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ചുണ്ണാമ്പും ശര്‍ക്കരയും ചേര്‍ത്ത സുർഖി മിശ്രിതം ഉപയോഗിച്ചാണ് പാലം നിർമിച്ചിരിക്കുന്നത്. പെരിയാറിനു കുറുകെയുള്ള ഈ പാലത്തിനു  214 മീറ്റര്‍ നീളവും 4.9 മീറ്റര്‍ വീതിയും  ഉണ്ട്. ഈ പാലത്തിന്‍റെ മനോഹരമായ ഹെലിക്യാം ദൃശ്യങ്ങളും വിഡിയോയിലുണ്ട്.

വനപ്രദേശത്തു കൂടിയുള്ള ഡ്രൈവിങ്ങിനിടെ തന്‍റെ നാടിനെക്കുറിച്ചും ബിനു സംസാരിക്കുന്നുണ്ട്. മഴക്കാലത്ത് ഈ വഴിയെല്ലാം ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ യാത്രക്കാര്‍ നന്നായി ശ്രദ്ധിക്കണമെന്നും പറയുന്നുണ്ട്. വഴിയരികില്‍ നിന്നും ചെറിയ പൈപ്പിലൂടെ ഒഴുകി വരുന്ന തണുത്ത വെള്ളം കുടിച്ചും റോഡരികില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന വനവിഭവങ്ങള്‍ പരിചയപ്പെടുത്തിയും മുളയരി പായസം കുടിച്ചുമൊക്കെ ഏറെ ആസ്വദിച്ചാണ് ബിനു യാത്ര ചെയ്യുന്നത്.

binu-travel

ഇടുക്കി ജില്ലയിലെ മറ്റൊരു മനോഹര കാഴ്ചയായ ചീയപ്പാറ വെള്ളച്ചാട്ടത്തിന്‍റെ ദൃശ്യങ്ങളും വിഡിയോയിലുണ്ട്. മൂന്നാറിലേക്ക് പോകുന്ന സഞ്ചാരികളുടെ ഒരു പ്രധാന ഇടത്താവളമാണ് ഇവിടം. ഏഴു തട്ടുകളിലായി ജലം താഴേക്ക് പതിക്കുന്ന അതിസുന്ദരമായ കാഴ്ച ഇവിടെ കാണാം. 

കൂടുതല്‍ കാഴ്ചകളുമായി ഉടന്‍ വരാമെന്ന വാഗ്ദാനത്തോടെയാണ് ബിനു വിഡിയോ അവസാനിപ്പിക്കുന്നത്. 

 

കഷ്ടപ്പെട്ട് യാത്രയെ പ്രണയിച്ചു

കഷ്ടപ്പെട്ട് യാത്രയെ പ്രണയിച്ചയാളാണ് ബിനു. കാരണം മറ്റൊന്നുമല്ല. പണ്ടുമുതലേ യാത്രകൾ അത്ര പ്രിയമല്ലായിരുന്നു. ‘എറിയാൻ അറിയാത്തവന്റെ കൈയിൽ വടി കൊടുക്കരുത് എന്നു പറയുംപോലെയായിരുന്നു എനിക്കു യാത്രകൾ എന്നും ബിനു പറയുന്നത്. പക്ഷേ ഇന്ന് ഒരുപാട് രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഭാഗ്യം തനിക്കുണ്ടായിട്ടുണ്ടെന്നും ബിനു പറയുന്നു.

ഷോയുടെ ഭാഗമായി നിരവധി യാത്ര ചെയ്യാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ടെന്നും ബിനു പറയുന്നു. വിദേശരാജ്യങ്ങളിലേക്ക് ഒരുപാട് യാത്ര പോയിട്ടുണ്ട്. ജർമനി, അമേരിക്ക, കാനഡ, ബ്രിട്ടൻ, മറ്റു യൂറോപ്യൻ രാജ്യങ്ങൾ അങ്ങനെ നീളുന്നു. ഷോയുടെ ഭാഗമായി ഒരുമാസം വിദേശത്ത് തങ്ങാറുണ്ട്. പ്രോഗ്രാം കഴിഞ്ഞ് അവിടുത്തെ കാഴ്ചകൾ കാണാനായി പോകും. 

binu-travel1

നയാഗ്രാ വെള്ളച്ചാട്ടം  ഒരുപാട് ഇഷ്ടമായി. ടൂ കണ്‍ട്രീസിൽ ദിലീപും മംമ്തയും അഭിനയിച്ച പാട്ട് സീൻ ചിത്രീകരിച്ച ഇടത്തേക്കും പോയിട്ടുണ്ട്. വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആരെയും ആകർഷിക്കും. കുത്തിയൊലിച്ചു താഴേക്ക് വീഴുന്ന ജലം ചിതറിത്തെറിക്കുന്നതും ആ കുളിരും തണുപ്പുമൊക്കെ സമ്മാനിക്കുന്ന സുഖവും  വാക്കുകളിൽ വർണിക്കുന്നതിനുമപ്പുറമാണ്.

അടുത്ത യാത്രയിൽ എനിക്കിഷ്‍ടമായത് യൂണിവേഴ്സല്‍ സ്റ്റുഡിയോ ആയിരുന്നു. ലോകത്തെ വിസ്മയിപ്പിച്ച സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഈറ്റില്ലമായ ഹോളിവുഡിലെ യൂണിവേഴ്‌സല്‍ സ്റ്റുഡിയോ അദ്ഭുതമായി തോന്നി. ഇറ്റലിയിലെ ബസിലിക്ക പള്ളിയും സന്ദർശിച്ചിട്ടുണ്ട്.

 

English Summary: Celebrity Travel Experience Binu Adimali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com