ADVERTISEMENT

വേമ്പനാട്ടു കായലിനു കുറുകെ, കോട്ടയത്തെയും ആലപ്പുഴയെയും ചേർത്ത് കെട്ടിയ ഒരു കയറാണ് തണ്ണീർമുക്കം ബണ്ട് എന്ന് തോന്നും മുകളിൽനിന്നു കാണുമ്പോൾ.തണ്ണീർമുക്കം ബണ്ട് ഇപ്പോൾ പഴയ ബണ്ടല്ല. കായലിന്റെ വിശാലത ആസ്വദിക്കാൻ തണ്ണീർമുക്കം ബണ്ടിൽ സഞ്ചാരികളേറുന്നു.

Thanneermukkom1

എന്തൊരു മനോഹരിയാണ് വേമ്പനാട്ടുകായൽ! കോട്ടയത്തുനിന്നു തണ്ണീർമുക്കം ബണ്ടിലെ പാലത്തിലൂടെ യാത്ര ചെയ്ത ആരും ഇങ്ങനെ പറയാതിരിക്കില്ല.  അത്ര വിശാലതയിൽ, ഉയരക്കാഴ്ചയിൽ കായൽക്കാഴ്ച കാണുന്നതു രസകരം തന്നെ. കോട്ടയം-ചേർത്തല റൂട്ടിലെ ഒരു സാധാരണ കാഴ്ച മാത്രമാണു തണ്ണീർമുക്കം ബണ്ട്, പലർക്കും. എന്നാൽ ലോകോത്തര കാഴ്ചകളും കുടുംബസഞ്ചാരികൾക്കുള്ള ബോട്ടിങ്ങും തണ്ണീർമുക്കം ബണ്ടിന്റെ പ്രത്യേകതകളാണ്. നഗരത്തിരക്കിൽനിന്നു മാറി സായാഹ്നം ചെലവിടാനും ബോട്ടിൽ കായൽക്കാറ്റേറ്റ് സഞ്ചരിക്കാനും ഇവിടെയെത്തുന്നവർ ഏറെ.

ബണ്ടിന്റെ സുന്ദരകാഴ്ചകളിലേക്കു നമുക്കുമൊന്നു പോയിവന്നാലോ?

thanneermukkom3

കോട്ടയത്തുനിന്നു ചേർത്തലയിലേക്കുള്ള വഴിയിലെ പ്രധാന ആകർഷണം ഈ ബണ്ട് തന്നെയാണ്. ഇരുവശവും കായലിന്റെ ഭംഗികണ്ടു യാത്ര ചെയ്യാം. ഒരു യാത്രാവഴി മാത്രമല്ല ബണ്ട്. മറിച്ച് വിനോദസഞ്ചാരികളുടെ ഇഷ്ടസ്ഥലം കൂടിയാണ്.

കുട്ടനാട് സമുദ്രജലനിരപ്പിനു താഴെയാണെന്ന് അറിയാമല്ലോ. കുട്ടനാടൻ പാടങ്ങളിൽ ഉപ്പുവെള്ളം കയറുന്നതു തടയാനാണ് തണ്ണീർമുക്കം ബണ്ട് സ്ഥാപിച്ചത്. ഇപ്പോൾ ബണ്ടിന് 63 വയസ്സായി. പഴയ ബണ്ട് റോഡ് നിന്നിരുന്ന സ്ഥലങ്ങൾ ഇപ്പോൾ വ്യുപോയിന്റുകളായി മാറിയിട്ടുണ്ട്.

thanneermukkom6

ബോട്ട് യാത്ര

ത്രില്ലടിപ്പിക്കാൻ ബോട്ട് യാത്രയുമുണ്ട്.  വാഹനങ്ങൾ പാർക്ക് ചെയ്ത്  യാത്രികർ വേമ്പനാട്ടു കായലിനെ കാണാനും പകർത്താനും സമയം ചെലവിടുന്നുണ്ട്. അവർക്ക് കായലിലൂടെ കറങ്ങാൻ സ്വകാര്യബോട്ട് സർവീസുകളുമുണ്ട്. സ്പീഡ് ബോട്ടും സാധാരണ ബോട്ടും ഒരേ നിരക്കിൽ ലഭിക്കും. 500 രൂപയാണ് ഒരു കറക്കത്തിന്. ത്രില്ലടിച്ചു കായൽപ്പരപ്പിലൂടെ പോകണമെങ്കിൽ സ്പീഡ് ബോട്ടിൽ കയറാം. ബണ്ടിനടിയിലൂടെ ജയിംസ്ബോണ്ട് ചിത്രങ്ങളിലേതു പോലെയൊന്നു പാഞ്ഞ്, കായൽപ്പരപ്പിന്റെ വിശാലതയിൽ  ചാഞ്ഞും ചെരിഞ്ഞും  സ്പീഡ് ബോട്ടങ്ങനെ നമ്മളെ വേമ്പനാട്ടു കായലിലൂടെ കറക്കും. പെട്ടെന്നു തീരും ഈ യാത്ര.

thanneermukkom7

ഇനി കുടുംബത്തോടൊപ്പമാണ് പോകുന്നതെങ്കിൽ, കുറച്ചു മുതിർന്നവർ കൂടെയുണ്ടെങ്കിൽ സാധാരണ ബോട്ടിൽ കയറുന്നതാണുചിതം. മിതവേഗത്തിൽ കായലിന്റെ ഭംഗിയാസ്വദിച്ചു തിരികെപ്പോരാം. കായൽക്കരകളോടു ചേർന്ന് മീൻവാരാൻ നിൽക്കുന്ന ചീനവലകളുടെ ധ്യാനം കാണാം.  അകലെ പാതിരാമണൽദ്വീപിന്റെ കാഴ്ചയുണ്ട്. അവിടേക്കു പോകണമെങ്കിൽ ചാർജ് കൂടും. ആർത്തുല്ലസിക്കുന്ന സഞ്ചാരികളെ വഹിക്കുന്ന പുരവഞ്ചികൾ നമ്മളെ കടന്നുപോകും. ചെറിയ യാത്രയാണെങ്കിലും മനസ്സു കുളിർപ്പിക്കാം തണ്ണീർമുക്കത്തെത്തിയാൽ.  

ചൂണ്ടയിടാം

കരയിലെത്തിയാലോ, വെറുതേ കായലിലേക്കൊന്നു നോക്കുമ്പോൾ തന്നെ കരിമീനുകൾ പായുന്നതു കാണാം. ചൂണ്ടയുണ്ടെങ്കിൽ കുറച്ചുനേരം കരിമീനുകളെ കാത്തിരിക്കാം.

വൈകുന്നേരമാണു തണ്ണീർമുക്കം ശരിക്കും ത്രില്ലടിപ്പിക്കുക.  അതിമനോഹരമാണ് സായാഹ്നം. മഴപെയ്തു പൊടിയില്ലാത്ത ആകാശമാണെങ്കിൽ എത്ര നിറങ്ങളുണ്ട് ആകാശത്ത് എന്നു നോക്കിയാൽ മതിയാകില്ല. സൂര്യൻ അസ്തമിക്കുന്നതു വരെ നിന്നാൽ കായൽ ശരിക്കും ചെഞ്ചായത്തിൽ കുളിക്കുന്നതു കാണാം. ചെറു കടകളിൽനിന്നുള്ള പാനീയങ്ങൾ രുചിച്ചു തിരികെ മടങ്ങാം. കോട്ടയത്തുനിന്നോ ചേർത്തലയിൽനിന്നോ ഈ കായൽപരപ്പ് ആസ്വദിക്കാനെത്താം. ഉച്ച കഴിഞ്ഞെത്തുകയാണുചിതം. ബോട്ടിങ് കഴിഞ്ഞാൽ അസ്തമയവും കണ്ട് തിരികെപ്പോകാം. 

ദൂരം

ചേർത്തലയിൽനിന്ന് 8 കിലോമീറ്റർ, കോട്ടയത്തുനിന്ന് 24 കിലോമീറ്റർ.

English Summary: Thanneermukkom Bund is now a Tourist spot and a Favorite Evening out Location

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com