200 വർഷത്തെ പ്രൗഢിയുമായി കോട്ടയത്തെ മനയത്താറ്റ് മനയിലുണ്ട് 'പട്ടിണി അകറ്റുന്ന ചട്ടുകം'

manayahtattu-mana1
SHARE

പല വിധത്തിലുള്ള കിളികളുടെയും നിര്‍ത്താതെ ചിലയ്ക്കുന്ന ചീവീടുകളുടെയും ശബ്ദത്താല്‍ മുഖരിതമായ അന്തരീക്ഷം. അരികിലൂടെ കിലുകിലെ ചിരിച്ചുകൊണ്ട് ഒഴുകി നീങ്ങുന്ന മീനച്ചിലാര്‍... ഇടയ്ക്കിടെ കരയിലേക്ക് എത്തി നോക്കുന്ന മീന്‍കൂട്ടങ്ങള്‍, വെള്ളത്തിലൊന്നു കാല്‍വെച്ചാല്‍ അവ ചിന്നി നാലുപാടും പരന്നോടും, പിന്നെ മെല്ലെ വന്നുമ്മ വെയ്ക്കും. നട്ടുച്ച വെയിലില്‍ പോലും എങ്ങും പടരുന്ന കുളിര്. നൂറായിരം കഥകള്‍ ഒളിച്ചുവെച്ച് ആകാശത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന മനയത്താറ്റ് മന ഏതു സഞ്ചാരിയെയും മോഹിപ്പിക്കും. രണ്ടു നൂറ്റാണ്ടിന്‍റെ ജീവിതത്തഴക്കവും പഴമയുടെ പ്രൗഢിയും വഴിഞ്ഞൊഴുകുന്ന ഈ എട്ടുകെട്ട് മുത്തശ്ശിയാകട്ടെ, അതിഥികളെ നിറചിരിയോടെയാണ് സ്വീകരിക്കുന്നത്.

പരശുരാമന്‍ നല്‍കിയ താന്ത്രികാവകാശം

ഇരുന്നൂറോളം വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും മനയ്ക്ക് ഇന്നും യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല. കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിനടുത്ത് മിഠായിക്കുന്നം ദേശത്താണ് മനയത്താറ്റ് മന  സ്ഥിതിചെയ്യുന്നത്. 

കിഴക്കേ മനയത്താറ്റ്, പടിഞ്ഞാറെ മനയത്താറ്റ് എന്നിങ്ങനെ രണ്ടു ഭാഗങ്ങളായാണ് മന നിര്‍മ്മിച്ചിട്ടുള്ളത്. മനക്കുള്ളില്‍ രണ്ടു വലിയ നടുമുറ്റങ്ങളുണ്ട്‌. ഇവിടെ സീരിയലുകളും ആൽബം, ഷോർട്ട് ഫിലിം എന്നിവയും ചിത്രീകരിച്ചിട്ടുണ്ട്.

കേരളത്തിലെ നൂറുകണക്കിന് ക്ഷേത്രങ്ങളുടെ താന്ത്രികാവകാശമുണ്ട് ഈ മനയിലെ കുടുംബാംഗങ്ങള്‍ക്ക്. കേരളത്തിലെ ക്ഷേത്രങ്ങളുടെ താന്ത്രികാവകാശം പരശുരാമന്‍, 12 കുടുംബങ്ങള്‍ക്ക് നല്‍കിയെന്നാണ് വിശ്വാസം. ഇതില്‍ മനയത്താറ്റ് മനയും ഉള്‍പ്പെടും. പാണ്ഡ്യഭരണ കാലത്ത് മധുരമീനാക്ഷി ക്ഷേത്രത്തിന്‍റെ തന്ത്രികാവകാശം പോലും മനയത്താറ്റ് മനയ്ക്കായിരുന്നുവെന്ന് പറയപ്പെടുന്നു. താന്ത്രികാചാര്യനായ മനയത്താറ്റ് ചന്ദ്രശേഖരന്‍ നമ്പൂതിരി അതിപ്രശസ്തനാണ്. 

manayahtattu-mana

ദേവിയെ തൊഴുതാല്‍ മനംപോലെ മാംഗല്യം 

മനയ്ക്കുള്ളില്‍ ഒരു ക്ഷേത്രമുണ്ട്. ദുർഗ്ഗാദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ഇതിന്‍റെ അതിമനോഹരമായ വാസ്തുവിദ്യ അത്യധികം ആകര്‍ഷണീയമാണ്. വൃശ്ചികമാസത്തിലെ കാർത്തിക നാളിൽ ദേവിക്ക് പന്തീരായിരം പുഷ്പാജ്ഞലിയും കലശവും സമര്‍പ്പിക്കുന്ന ഉത്സവം നടക്കാറുണ്ട്. വിവാഹം നടക്കാത്തവർ ദേവിയെ തൊഴുതാല്‍ വിവാഹം ഉടന്‍ നടക്കും എന്നാണു വിശ്വാസം. 

പട്ടിണി അകറ്റുന്ന ചട്ടുകം

മനയ്ക്കുള്ളില്‍ ഒരു വിശിഷ്ട ചട്ടുകമുണ്ട്. കാലങ്ങളായി മനയിലെ കാരണവന്മാര്‍ ഈ ചട്ടുകം പൂജിച്ചുവരുന്നു. ഇതിനു പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. പണ്ടൊരു കാലത്ത് തൃക്കരായികുളം എന്ന ക്ഷേത്രത്തിൽ ഒരു സ്വാമിയാർ ഭിക്ഷ യാചിച്ചെത്തി. എന്നാല്‍ അവിടത്തുകാര്‍ അദ്ദേഹത്തെ വെറും കയ്യോടെ മടക്കി അയച്ചു. അദ്ദേഹം പരിസരത്ത് നിന്നും പോയ ഉടനെ തൃക്കരായികുളം ക്ഷേത്രം കത്തി നശിച്ചത്രേ. 

അവിടെ നിന്നും അദ്ദേഹം നേരെ വന്നത് മനയത്താറ്റേക്കായിരുന്നു. മനയത്താറ്റ് മുറ്റത്തെത്തിയ സ്വാമിയാരെ കുടുംബാംഗങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. അദ്ദേഹത്തിനു ഉണ്ണാന്‍ വിശിഷ്ടഭോജ്യങ്ങളും ഉടുക്കാന്‍ വൃത്തിയുള്ള തുണിയും ഭിക്ഷയും നൽകി. ഏറെ സന്തുഷ്ടനായ സ്വാമിയാര്‍ ഒരു ചട്ടുകം മനയിലെ കാരണവര്‍ക്ക് നല്‍കി. ഈ ചട്ടുകം മനയില്‍ സൂക്ഷിക്കുന്നിടത്തോളം ഇവിടെ ദാരിദ്ര്യം ഉണ്ടാവില്ലെന്ന് പറഞ്ഞ് അദ്ദേഹം മറഞ്ഞു. കാലങ്ങളായി മനയിൽ ഈ ചട്ടുകവും ഇവിടെ പൂജിച്ചു വരുന്നു. 

English Summary: Ettukettu Traditional House Manayahtattu mana

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഓഫിസിനു മുമ്പിലെ മരത്തിലെ നീർകാക്കകളെക്കുറിച്ച് കോട്ടയം പ്രദീപ്

MORE VIDEOS
FROM ONMANORAMA